
ഭർത്താവിനെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കർണാടകയിലെ മൈസൂരിലാണ് സംഭവം. ചിക്കമംഗളൂരു താലൂക്കിലെ എൻആർ പുര താലൂക്കിലെ കരഗുണ്ടയിലെ സുദർശൻ എന്ന മുപ്പത്തഞ്ചുകാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളുടെ ഭാര്യ കമല അറസ്റ്റിലായത്. യുവാവിനെ കൊലപ്പെടുത്തിയ മൂന്ന് വാടകഗുണ്ടകളും അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദർശനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പത്തു വർഷം മുമ്പാണ് കമലയും സുദർശനും വിവാഹം കഴിക്കുന്നത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം യുവതി മറ്റൊരാളുമായി പ്രണയത്തിലാകുകയായിരുന്നു.
ഇയാളോടൊപ്പം ജീവിക്കുന്നതിനായാണ് ഭർത്താവിനെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചത്.
ഇതിനായി ഭർത്താവ് സുദർശന് കമല മദ്യത്തിൽ ഉറക്കഗുളിക കലർത്തി നൽകുകയായിരുന്നു. തുടർന്ന് ബോധരഹിതനായ സുദർശനെ മൂന്ന് വാടക കൊലയാളികൾ ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കരഗുണ്ട ബസ് സ്റ്റാൻഡിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യ കമല പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയിരുന്നു. മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കമല കുറ്റം സമ്മതിക്കുകയായിരുന്നു.











