04:11pm 07 November 2026
NEWS
സബ് ഇൻസ്‌പെക്ടറെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ; കൂട്ടാളിക്കായി തിരച്ചിൽ
22/09/2026  08:15 AM IST
nila
സബ് ഇൻസ്‌പെക്ടറെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ; കൂട്ടാളിക്കായി തിരച്ചിൽ

ചെന്നൈയിൽ സായുധസേനയിലെ സബ് ഇൻസ്‌പെക്ടറെ ഭാര്യ ഉറക്കഗുളിക നൽകി മയക്കിയശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശിനിയായ ഭാര്യ സെൽവറാണി (32) അറസ്റ്റിലായി. തമിഴ്നാട് പൊലീസിൽ എസ്ഐയായ രാജ് (58) ആണ് മരിച്ചത്.

രാജിനെ കൊലപ്പെടുത്താൻ സെൽവറാണി പരിചയക്കാരനായ ദേവയുടെ സഹായം തേടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ ദേവയ്ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

കഴിഞ്ഞ ദിവസം സെൽവറാണിയും രാജും ഒരുമിച്ച് പുറത്തുപോയി വസ്ത്രങ്ങൾ വാങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും വീട്ടിലെത്തി ഉറങ്ങുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം രാജ് കിടന്നിരുന്ന മുറിയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മുറി പരിശോധിച്ചപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ രാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നുംഗംപാക്കം പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മൃതദേഹത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.

പൊലീസ് സെൽവറാണിയെ ചോദ്യം ചെയ്തപ്പോൾ രാജ് അടുത്തിടെ ഒരു പോക്‌സോ കേസിൽ ഉൾപ്പെട്ടിരുന്നെന്നും ഇതിന്റെ മാനസിക സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്നുമായിരുന്നു ആദ്യ വിശദീകരണം.

എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ മൊഴിയിൽ സംശയം തോന്നി. അയൽവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ രാജും സെൽവറാണിയും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് സെൽവറാണിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

രാജിന് ഉറക്കഗുളിക നൽകി മയക്കിയശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി സെൽവറാണി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാൻ ദേവിന്റെ സഹായം ലഭിച്ചെന്നും മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി. രാജിന്റെ വീടിന് സമീപം കൊലപാതകം നടന്ന സമയത്ത് ബൈക്കിൽ ഒരാൾ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാൾ ദേവാണെന്നാണ് സെൽവറാണി മൊഴി നൽകിയതെന്നാണ് വിവരം.

അതേസമയം, ദേവുമായുള്ള ബന്ധത്തെക്കുറിച്ച് സെൽവറാണി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് പറയുന്നു. ദേവിനെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന്റെ പിന്നിലെ മുഴുവൻ വിവരങ്ങളും വ്യക്തമാകൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img