
ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ യുവതി കാമുകനൊപ്പം ഒളിച്ചോടി. പൊലീസിന്റെ സഹായത്തോടെ ഭാര്യയെ കണ്ടെത്തി ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് കൗതുകമുണർത്തുന്ന സംഭവം. പ്രാന്തിയ രക്ഷക് ദൾ (പിആർഡി) ജവാനായ വിക്കിയാണ് ഭാര്യ സൊണാലിയെ അവളുടെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. മാത്രമല്ല, പിന്നീട് ഇരുവരുടെയും വിവാഹത്തിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കാനും വിക്കി തന്നെയാണ് മുൻകൈ എടുത്തത്.
ഈ മാസം അഞ്ചിനാണ് സൊണാലിയെ ഭർതൃഗൃഹത്തിൽനിന്ന് കാണാതായത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ആശങ്കയിലായ വിക്കി പൊലീസിൽ പരാതി നൽകി. തുടർന്ന് സമീപ ജില്ലകളിലും പൊലീസ് തിരച്ചിൽ ശക്തമാക്കി.
അന്വേഷണത്തിനിടെ സൊണാലിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഹർദോയിയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച സൊണാലിയെ കാമുകനൊപ്പം പൊലീസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് വിക്കിയും ബന്ധുക്കളും സൊണാലിയുടെ കുടുംബാംഗങ്ങളും പൊലീസ് സ്റ്റേഷനിലെത്തി.
എന്നാൽ അവിടെ വിക്കിയെ കാത്തിരുന്നത് മറ്റൊരു വെളിപ്പെടുത്തലായിരുന്നു. സ്‌കൂൾകാലം മുതൽ തന്നെ സൊണാലി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒരുമിച്ച് പഠിച്ച ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
ഏകദേശം ഒരു വർഷം മുമ്പാണ് സൊണാലിയുടെ വീട്ടുകാർ പിആർഡി ജവാനായ വിക്കിയുമായി അവളുടെ വിവാഹം നടത്തിയത്. വിവാഹശേഷവും സൊണാലി കാമുകനുമായുള്ള ബന്ധം തുടർന്നു. ഫോണിലൂടെയും ഇരുവരും നിരന്തരം സംസാരിച്ചിരുന്നതായാണ് വിവരം.
ഒടുവിൽ കാമുകനൊപ്പം ഒളിച്ചോടാൻ സൊണാലി തീരുമാനിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഇരുവിഭാഗങ്ങളെയും ഇരുത്തി മണിക്കൂറുകളോളം ചർച്ച നടത്തി. ഭർത്താവിനൊപ്പം മടങ്ങിപ്പോകാൻ സൊണാലിയെ കുടുംബാംഗങ്ങളും പൊലീസുകാരും പലതവണ പ്രേരിപ്പിച്ചെങ്കിലും അവർ വഴങ്ങിയില്ല.
“ഭർത്താവിനൊപ്പം ഇനി ജീവിക്കാൻ താൽപര്യമില്ല. കാമുകനൊപ്പം ജീവിതം തുടരാനാണ് ആഗ്രഹം” എന്ന നിലപാടിൽ സൊണാലി ഉറച്ചുനിന്നു.
ഭാര്യയുടെ വാക്കുകൾ കേട്ട് വിക്കി ആദ്യം ഞെട്ടിയെങ്കിലും പിന്നീട് സ്ഥിതിഗതികൾ മനസ്സിലാക്കി. ഭാര്യയെ നിർബന്ധിച്ച് വിവാഹബന്ധത്തിൽ തുടരാൻ തനിക്ക് താൽപര്യമില്ലെന്ന് വിക്കിയും വ്യക്തമാക്കി.
“നിർബന്ധമൊന്നുമില്ല. ആരുടെ കൂടെയാണോ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നത്, അവരുടെ കൂടെ ജീവിക്കൂ” എന്നായിരുന്നു വിക്കിയുടെ നിലപാട്.
ഇതോടെ ബന്ധുക്കളും എതിർപ്പ് ഉപേക്ഷിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളുടെയും സമ്മതത്തോടെ സൊണാലിയുടെയും കാമുകന്റെയും വിവാഹത്തിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കി.
ശേഷം പ്രദേശത്തെ ക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായി. സപ്തപദി പൂർത്തിയാക്കിയ ശേഷം സൊണാലിയെ കാമുകന് കൈപിടിച്ചേൽപ്പിച്ചതും ഭർത്താവായ വിക്കി തന്നെയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നതോടെ സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.










