
ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തി സ്വന്തം വീടിന്റെ ശുചിമുറിക്കടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. നാൽപ്പത്തിനാലുകാരനായ സുരേന്ദ്രകുമാറിനെയാണ് ഭാര്യ റൂബി കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചുമൂടിയത്. ശുചിമുറിയിൽ പുതുതായി പാകിയ ടൈലുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
മേയ് 18 മുതൽ സുരേന്ദ്ര കുമാറിനെ കാണാതായിരുന്നു. അദ്ദേഹം എവിടെയെങ്കിലും പോയതാകാമെന്നും ഉടൻ തിരിച്ചെത്തുമെന്നും റൂബി ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന വിവരം പൊലീസിലും വീട്ടുകാരിലും അറിയിച്ചതും റൂബിയായിരുന്നു. തുടർന്ന് മേയ് 26ന് കാണാതായ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ റൂബിയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ് കൂടുതൽ പരിശോധന നടത്തി. ഇതിനിടെ സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയും റൂബിയെക്കുറിച്ച് സംശയം അറിയിച്ചതോടെ പൊലീസ് വീട് വിശദമായി പരിശോധിച്ചു. പരിശോധനയിൽ ശുചിമുറിയിലെ പുതുതായി പാകിയ ടൈലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവ പൊളിച്ചുനോക്കിയപ്പോഴാണ് മണ്ണിനടിയിൽ മറവ് ചെയ്ത നിലയിൽ സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നാലെ മൃതദേഹം ശുചിമുറിക്കടിയിൽ കുഴിച്ചുമൂടി മണ്ണിട്ട് മൂടിയശേഷം ടൈൽ പാകിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ റൂബി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ വ്യക്തമല്ല.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സുരേന്ദ്ര പതിവായി മദ്യപിച്ചിരുന്നതും ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതോടൊപ്പം ഫൊറൻസിക് സംഘം വീട്ടിൽ നിന്ന് തെളിവുകളും ശേഖരിച്ചു.










