
ബെംഗളൂരു: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ. ബെംഗളൂരുവിലെ ദൊഡ്ഡതൊഗുരുവിലാണ് സംഭവം. കൊല്ലപ്പെട്ട ഉപേന്ദ്രയുടെ (41) ഭാര്യ അനിത (36), കാമുകൻ തലസാനി മധുസൂദൻ റെഡ്ഡി (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഒക്ടോബർ 12നാണ് ഉപേന്ദ്ര മരിച്ചത്. ശുചിമുറിയിൽ വീണ് ഹൃദയാഘാതം സംഭവിച്ചാണ് മരണമെന്നായിരുന്നു പ്രതികൾ മറ്റുള്ളവരെ വിശ്വസിപ്പിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ ഉപേന്ദ്രയുടെ സഹോദരൻ ഇതേ ദിവസം പൊലീസിൽ പരാതി നൽകി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംശയം വർധിപ്പിച്ചതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
നവംബർ അഞ്ചിന് മധുസൂദൻ റെഡ്ഡിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഉപേന്ദ്രയുടെ ഭാര്യ അനിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഉപേന്ദ്ര ഇരുവർക്കും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റെഡ്ഡി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
ബന്ധത്തിന് ഉപേന്ദ്ര തടസ്സമാകുമെന്ന് കരുതിയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 12ന് പുലർച്ചെ ഉപേന്ദ്രയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരണം സ്വാഭാവികമാണെന്ന് തോന്നിപ്പിക്കാൻ മൃതദേഹം ശുചിമുറിയിൽ വീണ നിലയിലാക്കി ഹൃദയാഘാതമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡതൊഗുരുവിലെ വീട്ടിൽനിന്ന് അനിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.










