12:15am 22 September 2026
NEWS
തലസ്ഥാനത്തിന്റെ ശ്വാസകോശം പറിച്ചുനടരുത്; തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള നീർച്ചാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം
20/09/2026  11:54 AM IST
ന്യൂസ് ബ്യൂറോ
തലസ്ഥാനത്തിന്റെ ശ്വാസകോശം പറിച്ചുനടരുത്; തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള നീർച്ചാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരത്തി​ന്റെ ശ്വാസകോശമെന്നും പ്രതീകങ്ങളി​ലൊന്നെന്നും വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരി​ടത്തേക്ക് മാറ്റാനുള്ള നി​ർദ്ദേശം ജനങ്ങൾക്കി​ടയി​ൽ വലി​യ പ്രതി​ഷേധം ക്ഷണി​ച്ചുവരുത്തി​യി​രി​ക്കുകയാണ്. പ്രജകളുടെ സന്തോഷത്തിലും ക്ഷേമത്തിലുമാണ് രാജാവിന്റെ ക്ഷേമം എന്നാണ് പുരാതന ഭാരതത്തിലെ രാഷ്ട്രമീമാംസകനായിരുന്ന കൗടില്യൻ 'അർത്ഥ ശാസ്ത്ര'ത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ ആധുനിക ജനാധിപത്യ ഭരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണാധികാരികൾ മാത്രമല്ല, നാടിനെ കുറെക്കൂടി മെച്ചപ്പെട്ട നിലയിൽ ഭാവി തലമുറയ്ക്കു കൈമാറാനുള്ള നിയോഗം കൂടി സ്വയം ഏറ്റെടുത്തവരാണ്. അവർ ഹ്രസ്വദൃഷ്ടിയോടെയോ വികാരങ്ങൾക്കോ പ്രേരണകൾക്കോ അടിപ്പെട്ടോ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടില്ല. തിരുവനന്തപുരം നഗര മദ്ധ്യത്തിലെ മൃഗശാല, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി ഇവിടെ നിന്ന് മാറ്റി കാടിനടുത്തേക്കു കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രസംഗമദ്ധ്യേ പറഞ്ഞത് കേട്ട് നഗർവാസി​കൾ അക്ഷരാർത്ഥത്തിൽ ഞെട്ടി​പ്പോയി​രിക്കുകയാണ്.
​56 ഏക്കർ വി​സ്‌തൃതി​യുള്ള ഇവി​ടെ മൃഗങ്ങളെ പരി​പാലി​ക്കാനായി​ മാത്രം 36 ഏക്കർ സ്ഥലമാണുള്ളത്. 89 ഇനങ്ങളി​ലായി​ 997 മൃഗങ്ങളാണ് ഇവിടെയുള്ളത്. ഇതി​ൽ സിംഹവാലൻ കുരങ്ങ് തുടങ്ങി​ വംശനാശ ഭീഷണി​ നേരി​ടുന്ന ഒട്ടേറെ ഇനങ്ങളും വൻ മരങ്ങളും ഉൾപ്പെടുന്നു. നഗരത്തി​ന്റെ പച്ചത്തുരുത്തും ശ്വാസകോശവുമാണ് മൃഗശാലയും അതോടുചേർന്നുള്ള മ്യൂസി​യവുമെന്ന് അവി​ടെ ഒരി​ക്കൽ സന്ദർശനം നടത്തി​യ ആർക്കും ബോദ്ധ്യമാവും. പ്രകൃതി​സൗന്ദര്യവും സമൃദ്ധമായ ഹരി​താഭയും ചരി​ത്രപരമായ പ്രാധാന്യവും ഒത്തുചേരുന്ന ഇവിടെ പ്രതി​വർഷം 15 ലക്ഷം സന്ദർശകരെത്തുന്നുണ്ട്. ഏഴ് മുതൽ എട്ടുകോടി​ വരെ വാർഷി​ക വരുമാനവുമുള്ള ഈ സ്ഥാപനത്തിന് 167 വർഷത്തെ പഴക്കമുണ്ട്. തി​രുവി​താംകൂർ രാജഭരണകാലത്ത് രാജാവി​ന്റെ സ്വകാര്യവി​നോദത്തി​നായി​ ആരംഭി​ച്ച ഇത് പിന്നീട് പൊതുജനങ്ങൾക്കായി​ തുറന്നുകൊടുക്കുകയാണുണ്ടായത്. ഇക്കാലമത്രയും നഗര ജീവിതത്തിന് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഇതിലൂടെ ഉണ്ടായതായി കേട്ടിട്ടില്ല. എന്നു മാത്രമല്ല, നഗരത്തിലേക്ക് ദൂരദിക്കുകളിൽ നിന്നുപോലും വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നതിൽ ഇത് ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്.
​മൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസ വ്യവസ്ഥയ്ക്കായി കാടിനടുത്തേക്ക് മാറ്റണമെന്ന ന്യായവാദം പ്രത്യക്ഷത്തിൽ ശരിയെന്നു തോന്നാമെങ്കിലും അതു ന്യായമല്ല, സത്യവുമല്ല. ലോകത്തെ എല്ലാ പ്രമുഖ മൃഗശാലകളും സുവോളജിക്കൽ പാർക്കും നഗര കേന്ദ്രിതങ്ങളാണ്. ഇംഗ്ലണ്ടിലെ 'ലണ്ടൻ മൃഗശാല'യും, അമേരിക്കയിൽ വാഷിംഗ്ടണിലും ന്യൂയോർക്ക് സിറ്റിയിലും ചിക്കാഗോയിലുമുള്ള മൃഗശാലകളും നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ആദ്യ മൃഗശാലയായ ചെന്നൈയിലെ 'അരിങ്ങർ അണ്ണാ സുവോളജിക്കൽ പാർക്കും', ഏറ്റവും വലിയ ബയോളജിക്കൽ പാർക്കായ ബംഗളൂരുവിലെ 'ബന്നർഘട്ട'യുമൊക്കെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
​അടുത്തയിടെ ലോകത്തെ 208 യൂറോപ്യൻ സുവോളജിക്കൽ കൂട്ടായ്മകൾ നടത്തിയ പഠനത്തിൽ വ്യക്തമായത്, നഗരങ്ങളിലെ മൃഗശാലകൾ അവിടത്തെ പച്ചപ്പ് നിലനിറുത്താനും അതുവഴി പരിസ്ഥിതി സന്തുലനം സാദ്ധ്യമാക്കാനും ഏറെ സഹായകമാണെന്നാണ്. മൃഗശാലകളിലുള്ള കുളങ്ങളും തടാകങ്ങളും വൃക്ഷങ്ങളും ഇതിനു മുതൽക്കൂട്ടാകുന്നു. നഗരത്തിലെ മൃഗശാല സുസ്ഥിരവും ശാസ്ത്രീയവുമായ മാനേജ്മെന്റിലൂടെ വന്യമൃഗ- പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്, അല്ലാതെ മൃഗശാല പറിച്ചു നടക്കുകയല്ല. ശതകോടികൾ വിലമതിക്കുന്ന ഭൂമിയിലാണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നതെന്നതിനാൽ ഇതിന് പിന്നിൽ മറ്റു ഗൂഢനീക്കങ്ങളുണ്ടെന്ന ആരോപണങ്ങളും ഇതിനകം ശക്തമായിട്ടുണ്ട്.  
​ന്യൂയോർക്കി​ൽ മൃഗശാലയടക്കം സ്ഥിതി ചെയ്യുന്ന സെൻട്രൽ പാർക്കിന്റെ ഒരു ഭാഗം കെട്ടി​ടനി​ർമ്മാണത്തി​നായി​ ഉപയോഗി​ക്കാൻ അധി​കാരി​കളിൽ ചി​ലർ ശ്രമിച്ചപ്പോൾ, ആ പച്ചപ്പി​ൽ തൊടാൻ കഴി​യി​ല്ലെന്ന ശക്തമായ നിലപാട് ജനങ്ങൾ ഉയർത്തുകയും ആ നീക്കം ഉപേക്ഷിക്കുകയുമാണുണ്ടായത്. ജനഹി​തം തി​രി​ച്ചറി​യുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ മുഖ്യമന്ത്രി​ വി​.ഡി​.സതീശൻ മൃഗശാല മാറ്റാനുള്ള ഈ നി​ർദ്ദേശം പുനഃപരിശോധിക്കുമെന്നും ഉപേക്ഷിക്കുമെന്നുമാണ് നഗരവാസികളുടെയും പ്രകൃതിസ്നേഹികളുടെയും പ്രതീക്ഷ.  


​ഇത്തരുണത്തിൽ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പ്രശസ്തമായ കാവ്യശകലം ഓർമ്മിക്കുന്നത് ഏറെ പ്രസക്തമാണ്:

 

​മർത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം
ക്ഷിപ്രമീച്ചരാചരമൊന്നാകെ നിലച്ചു പോ
മിപ്രപഞ്ചത്തിൻ ചോര ഞരമ്പൊന്നറുക്കുകിൽ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img