01:06am 03 July 2026
NEWS
ഗൃഹജ്യോതിയ്ക്കെതിരെ വ്യാപകമായ പരാതി; സമഗ്ര പരിശോധനയ്ക്ക് കർണാടകം
02/07/2026  02:23 PM IST
വിഷ്ണുമംഗലം കുമാർ
ഗൃഹജ്യോതിയ്ക്കെതിരെ വ്യാപകമായ പരാതി; സമഗ്ര പരിശോധനയ്ക്ക് കർണാടകം

ബംഗളുരു: കർണാടകത്തിൽ ഗവണ്മെന്റ് നൽകിപ്പോരുന്ന അഞ്ചു സൗജന്യങ്ങളിൽ ഒന്നാണ് ഗൃഹജ്യോതി. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സ് പഞ്ച സൗജന്യങ്ങൾ പ്രഖ്യാപിച്ചത്. 2023 മേയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ സിദ്ധരാമയ്യ ഗവണ്മെന്റ് ആ വർഷം ആഗസ്റ്റ്  മുതലാണ് ഗൃഹജ്യോതി സൗജന്യപദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. പ്രതിമാസം 200 യൂണിറ്റ് വരെ  ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കുന്ന പദ്ധതിയാണിത്. ഏതാണ്ട് രണ്ടുകോടിയോളം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഒരു വർഷം വൈദ്യുതി ഉപയോഗിച്ചതിന്റെ ശരാശരി എടുത്താണ് അർഹതപ്പെട്ടവരെ കണക്കാക്കുന്നത്. അർഹതയുള്ള പലർക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും അനർഹരായ നിരവധി കുടുംബങ്ങൾ ഗുണഭോക്ത പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്നുമുള്ള ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയും മലയാളിയായ കെ ജെ ജോർജ്ജ് വൈദ്യുതി മന്ത്രിയുമായിരിക്കെ പരിശോധനയുടെ പേരിൽ ഈ പദ്ധതി പലപ്പോഴും തടസ്സപ്പെട്ടിരുന്നു. ഒരുമാസം 880 മുതൽ 900 കോടി രൂപ വരെ ഗൃഹജ്യോതി പദ്ധതിയ്ക്കായി ഗവണ്മെന്റിന് ചെലവ് വരുന്നുണ്ട്. ആരംഭിച്ചതുമുതൽ ഈ വർഷം മാർച്ച്‌ വരെ 28000 കോടി രൂപ ഗവണ്മെന്റ് ഈ പദ്ധതിയ്ക്കായി ചെലവിട്ടിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മറ്റു സൗജന്യങ്ങൾ പോലെ ഗൃഹജ്യോതിയും സംസ്ഥാന ഗവണ്മെന്റിന് വൻ ബാധ്യതയായി മാറിയിട്ടുണ്ട്. ഡി കെ ശിവകുമാർ മന്ത്രിസഭയിലും വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത് കെ ജെ ജോർജ്ജ് തന്നെയാണ്. ഗൃഹജ്യോതി പദ്ധതിയിൽ വ്യാപകമായ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടർന്ന് വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുകയാണ് ഗവണ്മെന്റ്. വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥന്മാർ മീറ്റർ റീഡേഴ്‌സ് അടക്കം സംസ്ഥാനമൊട്ടുക്ക് എല്ലാ വീടുകളിലും നേരിട്ട് പരിശോധന നടത്തും. യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി അനർഹരെ ഒഴിവാക്കാണ് ശ്രമം. പരിശോധനാ കാലഘട്ടത്തിൽ സൗജന്യ വിതരണം നിലച്ചേക്കും. സംസ്ഥാനമൊട്ടാകെയുള്ള വീടുകളിലെ സമഗ്ര പരിശോധന പൂർത്തിയാകാൻ ദിവസങ്ങളെടുക്കും. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ ആവശ്യമായ രേഖകളും തെളിവുകളും നൽകാൻ ഗവണ്മെന്റ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img