
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളപ്പള്ളി നടേശന് 2026-ലെ പദ്മഭൂഷൺ ലഭിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ രാജ്യം ആദരിക്കുകയല്ല, മറിച്ച്, കേരളത്തിലെ വലിയൊരു വോട്ട് ബാങ്കായ ഈഴവ വിഭാഗത്തെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കൊപ്പം നിർത്താനുള്ള പാരിതോഷികമാണ് ഈ പത്മഭൂഷൺ എന്ന ആരോപണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. കേരളത്തിലെ ഈഴവ സമൂഹത്തിന്റെ നേതൃത്വം വളരെ കാലമായി വെള്ളാപ്പള്ളി നടേശനാണ്. ഓരോ സമയങ്ങളിലും വ്യത്യസ്തങ്ങളായ രാഷ്ട്രീയ നിലപാടെടുക്കാനും തന്റെ സമുദായത്തിന് അർഹമായതും അല്ലാത്തതും വാങ്ങിയെടുക്കാനും ശ്രമിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി.
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല എന്നതാണ് പൊതു തത്വമെങ്കിൽ തനിക്ക് രാഷ്ട്രീയത്തിൽ ഉറച്ച നിലപാടില്ല എന്നതാണ് വെള്ളാപ്പള്ളിയുടെ ലൈൻ. താൻ കൊടിഉയർത്തി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനമായ ബിഡിജെഎസ് സ്വന്തം മകന്റെ നേതൃത്വത്തിൽ ബിജെപിക്കൊപ്പം നിൽക്കുമ്പോഴും കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാരിന്റെ കടിഞ്ഞാൺ തന്റെ കയ്യിലാണെന്ന് വിസ്വസിക്കുകയും പറയാതെ പറയുകയും ചെയ്യുന്ന നേതാവാണ് വെള്ളാപ്പള്ളി.
കേരളത്തിലെ ജനസംഖ്യയിൽ ഏകദേശം 22 ശതമാനം ഈഴവരാണ് എന്നാണ് കണക്ക്. ഇവരിൽ ഭൂരിപക്ഷവും പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നവരാണ്. ഈ വോട്ടുകളിൽ കണ്ണുവെച്ച് തന്നെയാണ് കേന്ദ്രസർക്കാർ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയത് എന്നാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്ന ചർച്ച.
വെളപ്പള്ളി മുമ്പ് ഹിന്ദു ഐക്യ പ്രചാരണങ്ങളിൽ മുന്നിലായിരുന്നു. ആദ്യം എസ്എൻഡിപി - എൻഎസ്എസ് ഐക്യം എന്നതായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. പിന്നീട് അത് നായാടി മുതൽ നമ്പൂതിരി വരെയെന്ന വിശാല ഹിന്ദു ഐക്യത്തിലേക്കെത്തി. അടുത്തിടെ തന്റെ മുദ്രാവാക്യം വെള്ളാപ്പള്ളി ഒന്ന് പരിഷ്കരിച്ചിരുന്നു. നായാടി മുതൽ നസ്രാണി വരെ എന്നതാണ് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ ലൈൻ. അതായത്, മുസ്ലീം വിഭാഗം ഒഴികെയുള്ള എല്ലാവരും ഒന്നിക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഹ്വാനം. തങ്ങളുടെ അഭിപ്രായം തങ്ങളെക്കാൾ തെളിമയോടെ ഉറക്കെ പറയുന്ന വെള്ളാപ്പള്ളിയെ കണ്ടില്ലെന്ന് നടിക്കാൻ സംഘപരിവാറിന് എങ്ങനെ കഴിയും.
കേരളത്തിൽ എത്രയേറെ ശ്രമിച്ചിട്ടും ഫലപ്രദമായ രീതിയിൽ വളരാൻ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹിന്ദുക്കൾക്കിടയിലും ക്രിസ്ത്യാനികൾക്കിടയിലും പാർട്ടിക്ക് വേരോട്ടമുണ്ടെങ്കിലും ആരോഗ്യകരമായ വളർച്ചയില്ലെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. മുസ്ലീം, ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങൾ പോലും ഭരിച്ച പാർട്ടിക്ക് കേരളത്തിൽ അധികാരം പിടിക്കാൻ കഴിയാത്തതിൽ ദേശീയ നേതൃത്വത്തിന് അമർഷവും നിരാശയുമുണ്ട്. ഇതോടെയാണ് 22 ശതാമനം വരുന്ന ഈഴവരെ അപ്പാടെ തങ്ങൾക്കൊപ്പം കൂട്ടാൻ ബിജെപി ഒരു തുറുപ്പുചീട്ട് ഇറക്കിയത്.
സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വോട്ടിൽ വലിയ ചോർച്ചയുണ്ടായിരുന്നു. സിപിഎമ്മിന്റെ ശക്തി കുറഞ്ഞാൽ സ്വാഭാവികമായും അണികൾ ശക്തരായ മറ്റു പാർട്ടികളിലേക്ക് ചേക്കേറും. പശ്ചിമ ബംഗാളിലും ഇത് കണ്ടതാണ്. കേരളത്തിൽ സിപിഎം ദുർബലമായാൽ അത് സ്വാഭാവികമായും ഗുണം ചെയ്യുക കോൺഗ്രസിനാകും. അതും ബിജെപി ഇഷ്ടപ്പെടുന്നില്ല. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലാണ് ദേശീയതലത്തിൽ തന്നെ ബിജെപി പ്രചാരണം നടത്തുന്നത്.
ചുരുക്കത്തിൽ, കോൺഗ്രസ് മുക്ത കേരളവും കേരളത്തിൽ അധികാരവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി 22 ശതമാനം വരുന്ന ഈഴവ സമുദായത്തെ ഒപ്പം നിർത്താനാണ് ബിജെപി നീക്കം. . 2024-ൽ ഉത്തർപ്രദേശിൽ ചൗധരി ചരൺ സിംഗിന് ഭാരത് രത്നം നൽകി ആർഎൽഡി യെ എൻഡിഎയ്ക്കൊപ്പം നിർത്തുകയും അതോടെ ജാട്ട് വോട്ടുകൾ ബിജെപി സമാഹരിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ നീക്കമായാണ് വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.










