07:02am 21 January 2025
NEWS
എന്തിനാ സുകുമാരൻ എന്ന പേര്, നിങ്ങൾക്കൊക്കെ കുമാരനെന്ന് മതി
03/12/2024  08:47 AM IST
ആർ. ഷാജി ശർമ്മ
എന്തിനാ സുകുമാരൻ എന്ന പേര്, നിങ്ങൾക്കൊക്കെ കുമാരനെന്ന് മതി
HIGHLIGHTS

ജാതീയ വിവേചനത്തിനും, തൊളിലാളിവർഗ്ഗ ചൂഷണത്തിനുമൊക്കെയെതിരെ വീറുറ്റ പോരാട്ടം നയിച്ച മുൻ എം.എൽ. ഡോ. പി.കെ. സുകുമാരന്റെ ഓർമ്മകൾക്ക് നവംബർ 8 ന് ഇരുപത്തിനാല് വയസ്സ് പൂർത്തിയായി

പ്രശസ്ത വാഗ്മിയും കേരള നിയമസഭാ സാമാജികനുമായിരുന്ന ഡോ. പി.കെ. സുകുമാരൻ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇക്കഴിഞ്ഞ നവംബർ എട്ടിന് രണ്ട് വ്യാഴവട്ടം(24 വർഷം) പൂർത്തിയായി.

മധ്യതിരുവിതാംകൂറിലെ രണ്ട് സമ്പന്ന തറവാടുകളായിരുന്നു കോമലഴികത്തും വാരണപ്പള്ളിയും. കോമലഴികത്ത് കുഞ്ഞുപിള്ളയുടേയും വാരണപ്പള്ളി കുഞ്ഞിയുടെയും ഏഴ് മക്കളിൽ മൂത്തമകനായി വാരണപ്പള്ളി തറവാട്ടുവീട്ടിലാണ് സുകുമാരൻ ജനിച്ചത്. സമ്പന്നമായ തറവാട്ടിലാണ് ജനിച്ചതെങ്കിലും തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ദുഷിച്ചുനാറിയ അനുഭവങ്ങളാണ് കുഞ്ഞുപ്രായത്തിൽ തന്നെ സുകുമാരന് കാണേണ്ടിയും കേൾക്കേണ്ടിയും വന്നത്. വിദ്യാരംഭം കുറിക്കുവാൻ മുതുകുളത്തെ എഴുത്താശ്ശന്റടുക്കൽ പോയപ്പോൾ മുതൽ അത് അനുഭവിക്കേണ്ടി വന്നു. പാത്രത്തിൽ അരിയിട്ട് മറ്റ് കുട്ടികൾ ഹരിശ്രീ കുറിക്കുന്നത് സുകുമാരൻ എന്ന കൊച്ചുകുട്ടി കൗതുകത്തോടെ നോക്കിനിന്നു. എല്ലാ കുട്ടികളും എഴുതിക്കഴിഞ്ഞപ്പോൾ ഹരിശ്രീ കുറിക്കുവാൻ സുകുമാരനെ ഇരുത്തി. അപ്പോൾ അതുവരെ പാത്രത്തിലുണ്ടായിരുന്ന അരി കാണാനില്ല. പകരം ആശാൻ, ആശാന്റെ വിരലുകളിൽ സ്പർശിക്കാതെ ചൂരൽ കൊണ്ട് മണ്ണിൽ ഹരിശ്രീ കുറിച്ച് വിദ്യാരംഭം നടത്തി. അത്രമാത്രം അയിത്തമായിരുന്നു അന്ന് മേലാളന്മാർക്ക് കീഴ്ജാതിക്കാരോടുണ്ടായിരുന്നത്.

ഹരിശ്രീ കുറിക്കുവാൻ അരി കൊടുക്കാതെ മണ്ണിൽ കുറിച്ച വിരലോട്ടം പിൽക്കാലത്ത് അയിത്താചാരങ്ങൾക്കെതിരെയുള്ള പോരാട്ടമായി സുകുമാരൻ എന്ന കുട്ടി ഏറ്റെടുത്തു. മുതുകുളം പ്രൈമറി സ്‌ക്കൂളിൽ പഠിക്കുവാൻ പ്രവേശനത്തിന് ചെന്നപ്പോൾ രജിസ്റ്ററിൽ പേരെഴുതാൻ നേരം ബ്രാഹ്മണനായ ഹെഡ്മാസ്റ്റർ ചോദിച്ചു: 'എന്തിനാ സുകുമാരൻ എന്ന പേര്? കുമാരൻ എന്നു പോരെ? അതുമതി നിങ്ങൾക്ക് ഒക്കെ'.

പക്ഷേ കൊച്ചുസുകുമാരന്റെ നിർബന്ധം, ഹെഡ്മാസ്റ്ററെക്കൊണ്ട് സുകുമാരൻ എന്നുതന്നെ എഴുതിച്ചു.

ക്ലാസിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം തെറ്റിയാൽ താഴ്ന്ന ജാതിക്കാരായ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നൽകിയിരുന്ന ചൂരൽ പ്രയോഗത്തിന് 'എറിഞ്ഞടി' എന്നായിരുന്നു പേര്. പിന്നോക്ക വിദ്യാർത്ഥികളെ അടിക്കുമ്പോൾ അദ്ധ്യാപകൻ ചൂരലിൽ നിന്ന് പിടിവിടും. ചൂരലിലൂടെ അദ്ധ്യാപകന്റെ മേൽ അശുദ്ധി ഏൽക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.

പിന്നീട് കീരിക്കാട് മിഡിൽ സ്‌ക്കൂളിൽ പഠിക്കാൻ ചേർന്നു. ഈഴവ വിദ്യാർത്ഥികൾക്കും നായർ സമുദായ വിദ്യാർത്ഥികൾക്കും നമ്പൂതിരി സമുദായ വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ബഞ്ചുണ്ടായിരുന്നു. കുടിക്കാനായി വെള്ളം വച്ചിരുന്ന പാത്രങ്ങളിൽ പോലും ജാതി തിരിച്ച് എഴുതിവച്ചിരുന്നു.

1929 ൽ കായംകുളം ഹൈസ്‌ക്കൂളിലെത്തി. അതോടെ വൃത്തികെട്ട ജാതിമേധാവിത്വം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സുകുമാരൻ ചിന്തിച്ചിരുന്നത്. 1930 ൽ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സിവിൽ നിയമലംഘനത്തിലും ഉപ്പുസത്യാഗ്രഹത്തിലുമൊക്കെ സജീവമായി പങ്കെടുക്കുമ്പോൾ അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു ആ മനസ്സിലാകെ. 1931 ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിത്തൊപ്പിയും വച്ച് ക്ലാസിൽ ചെന്ന സുകുമാരനെ അദ്ധ്യാപകർ ക്ലാസിൽ നിന്ന് പുറത്താക്കി. അതൊക്കെ സുകുമാരൻ എന്ന യുവാവിൽ പോരാട്ടവീര്യം കത്തിജ്വലിപ്പിച്ച സംഭവങ്ങളായിരുന്നു.

പത്താംക്ലാസ് പഠനം പൂർത്തിയാക്കിയപ്പോൾ, നീലഗിരിയിൽ തേയിലത്തോട്ടം സൂപ്പർവൈസറായ, പുരോഗമന വാദിയായ അമ്മാവൻ സുകുമാരനെ നീലഗിരിയിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് സുകുമാരൻ ഹോമിയോ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതോടെ സുകുമാരൻ ഡോ. സുകുമാരനായി.

ഇതിനിടെ നീലഗിരിയിലെ തേയിലത്തോട്ടം തൊഴിലാളികൾക്കിടയിൽ കോൺഗ്രസ് ആശയപ്രചരണത്തിന് സമയം കണ്ടെത്തി തൊഴിലാളികളെ സംഘടിപ്പിക്കുവാനും തുടങ്ങി.

1934 ൽ കൊല്ലത്ത് മടങ്ങിയെത്തി. അഷ്ടമുടി ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഹോമിയോ ഡോക്ടറായി സേവനം നടത്തി. ഒപ്പം, കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയും, യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്തുതുടങ്ങി. തുടർന്ന് അസംഘടിത തൊഴിലാളിവർഗ്ഗത്തിനിടയിലേക്ക് രാഷ്ട്രീയപ്രവർത്തനം വ്യാപിപ്പിച്ചു. അതോടൊപ്പം കൊല്ലത്ത് കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനടുത്തായി ഒരു ഡിസ്പൻസറിയും തുടങ്ങി. കിളികൊല്ലൂർ പ്രദേശത്ത് അന്ന് നിരവധി കശുവണ്ടി ഫാക്ടറികളുണ്ടായിരുന്നു. അവിടങ്ങളിലെ തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതവും ചൂഷണവും നേരിട്ട് മനസ്സിലാക്കുവാൻ അതുവഴി സാധിച്ചു. പകലന്തിയോളം പണിയെടുത്താലും, തൊഴിലാളികൾക്ക് ന്യായമായ കൂലി ലഭിച്ചിരുന്നില്ല. അടുത്തറിഞ്ഞ ആ അനീതികൾ, കശുവണ്ടി തൊഴിലാളികളുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ഡോ.സുകുമാരനെ പ്രേരിപ്പിച്ചു.

അതിനുപുറമെ, ബ്രിട്ടീഷുകാരുടെ ആധിപത്യത്തെക്കാൾ പൊള്ളുന്ന ജാതീയതയായിരുന്നു എങ്ങും. ഇതിനിടയിൽ കോൺഗ്രസിനോടുള്ള ബന്ധം അവസാനിപ്പിച്ച് 1934 ഒക്‌ടോബർ 28 ന് ഗാന്ധിജി കോൺഗ്രസ് വിട്ടതോടെ സുകുമാരനും കോൺഗ്രസിനോടുള്ള താൽപ്പര്യം ഉപേക്ഷിച്ചു.

അങ്ങനെ 1946 ൽ പി.കെ. സുകുമാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാതയിലെത്തി. പുന്നപ്ര- വയലാർ സമരത്തിൽ പങ്കെടുത്ത് കറകളഞ്ഞ കമ്മ്യൂണിസ്റ്റായി. എം.എൻ. ഗോവിന്ദൻനായർ, ടി.വി. തോമസ്, പി. കൃഷ്ണപിള്ള, ആർ സുഗതൻ, പി.ടി. പുന്നൂസ്, പുതുപ്പള്ളി രാഘവൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. കയർതൊഴിലാളികളെ സംഘടിപ്പിക്കുക എന്ന പ്രധാന ചുമതലയാണ് പാർട്ടി സുകുമാരനെ ഏൽപ്പിച്ചത്. 1949 ൽ ആലുവായിൽ നിന്നും പുറപ്പെട്ട കയർതൊഴിലാളികളുടെ പട്ടിണിജാഥയ്ക്ക് കൊല്ലം റെയിൽവേ സ്റ്റേഷൻ മൈതാനത്ത് വൻ സ്വീകരണമാണ് ലഭിച്ചത്. ഡോ. പി.കെ.സുകുമാരൻ ആ സ്വീകരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടുനിൽക്കുമ്പോൾ പോലീസ് വളഞ്ഞ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കൊല്ലം ലോക്കപ്പിലടച്ചു. ഒരു വർഷം അവിടെ തടവിൽ കഴിഞ്ഞു, കൂടെ കെ.എസ്. ആനന്ദൻ, പി. ഭാസ്‌ക്കരൻ, ചന്ദ്രസേനൻ തുടങ്ങി നാൽപ്പതിൽപ്പരം കമ്മ്യൂണിസ്റ്റ് നേതാക്കളുമുണ്ടായിരുന്നു.

ഒരു വർഷം കഴിഞ്ഞിട്ടും വിചാരണ പോലും നടന്നില്ല. അതേത്തുടർന്ന് ലോക്കപ്പിൽ സത്യാഗ്രഹം ആരംഭിച്ചു. അങ്ങനെ കേസ് വിചാരണക്കെടുത്ത് വിധി വന്നപ്പോൾ രണ്ടുവർഷം കൂടി തടവുശിക്ഷ ദീർഘിപ്പിച്ച് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. അക്കാലത്താണ് പുന്നപ്ര- വയലാർ രക്തസാക്ഷിദിനത്തിൽ തടവുകാരായ കമ്മ്യൂണിസ്റ്റുകാർ ജയിലിന് മുകളിൽ ചെങ്കൊടി ഉയർത്തി സിന്ദാബാദ് വിളിച്ചത്. നേരം പുലർന്ന് സെല്ലിന്റെ അഴിതുറന്ന് തടവുകാർ പുറത്തുചാടി. പിന്നെ ഉച്ചത്തിൽ സിന്ദാബാദ് മുഴങ്ങി. ജില്ലാ മജിസ്‌ട്രേട്ടും ലോക്കൽ പോലീസും, റിസർവ് പോലീസും, അർദ്ധസൈനിക സേനയും എത്തി. പട്ടാളക്കാർ സെല്ലിനെ ലക്ഷ്യമാക്കി നിറത്തോക്കുമായി നിന്നു. 'പതിനഞ്ചുമിനിറ്റിനകം നിങ്ങൾ അകത്തുകയറണം. അല്ലെങ്കിൽ വെടിവയ്ക്കും.' എന്നാൽ ഉത്തരവ് അനുസരിക്കുന്നില്ലെന്നും മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്നുമുള്ള ധീരമായ നിലപാടാണ് ഡോ. സുകുമാരൻ ഉൾപ്പെടെയുള്ള തടവുകാർ സ്വീകരിച്ചത്.

ഐ.ജി ഗോപാലനായിരുന്നു അന്നത്തെ ഡി.വൈ.എസ്.പി തടവുപുള്ളികളെ അതിക്രൂരമായാണ് പോലീസ് മർദ്ദിച്ചത്. തടവുകാർ തിരിച്ച് പോലീസുകാരേയും മർദ്ദിച്ചു. മൃതപ്രായരായ തടവുകാർ പലരും രക്തം വാർന്ന്, തടവറയ്ക്കുള്ളിൽ ബോധം കെട്ടുവീണു. 'ഇടിയൻ നാരായണപിള്ള'എന്ന കുപ്രസിദ്ധനായ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അവരെ വീണ്ടും തല്ലി. ജയിൽ വാർഡൻമാരുടെ വക വേറെയും കിട്ടി. അന്ന് നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിലായ സുകുമാരനെ മരണം വരെ അത് പിന്തുടർന്നു.

ജയിൽകലാപത്തിനുശേഷം ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം സെല്ലുകളിലാക്കി. ആ സെല്ലുകളിൽ അവർ 14 ദിവസം വരെ നിരാഹാരം കിടന്നു. അടുത്തവർഷത്തെ റിപ്പബ്ലിക് ദിനം കഴിഞ്ഞപ്പോൾ ശിക്ഷാകാലയളവിന്റെ പകുതി പൂർത്തിയാക്കിയവരെ മോചിപ്പിച്ചു. മോചനം നേടി ജയിൽ ഗേറ്റിന് പുറത്തുവന്നപ്പോൾ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിൽ ലഹള നടത്തി എന്നതായിരുന്നു കാരണംപറഞ്ഞത്. തിരുവനന്തപുരം ഫോർട്ട്, കന്റോൺമെന്റ്, പൂജപ്പുര എന്നീ ലോക്കപ്പുകളിലെ, നിന്നുതിരിയാൻ ഇടമില്ലാത്ത, ശ്വാസം മുട്ടുന്ന കൊച്ചുസെല്ലുകളിൽ കൊണ്ടിട്ടു. എട്ടുമാസം വരെ ജയിലിൽ കിടന്നു.

അങ്ങനെയിരിക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമേൽ കേരളത്തിലുണ്ടായിരുന്ന നിരോധനം പിൻവലിച്ചു. അതേത്തുടർന്ന് ജാമ്യം ലഭിച്ചു പുറത്തുവന്ന ഡോ. പി.കെ. സുകുമാരൻ നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ കാവനാട് ചേനയിൽ കിഴക്കതിൽ(പിൽക്കാലത്ത് സന്തോഷ് ഭവൻ) വീട്ടിൽ എത്തിച്ചേർന്നു.

1952 ൽ തിരു-കൊച്ചി തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മിക്ക യോഗങ്ങളിലും മുഖ്യപ്രഭാഷകന്റെ ദൗത്യം ഡോ. പി.കെ. സുകുമാരനെയാണ് പാർട്ടി ഏൽപ്പിച്ചത്. ആറടി ഉയരമുള്ള, കാഴ്ചയിൽ സുന്ദരനായ സുകുമാരന്റെ ആവേശം കൊള്ളിക്കുന്ന പ്രസംഗം കേൾക്കാൻ ആയിരങ്ങൾ തടിച്ചുകൂടുമായിരുന്നു. കേൾവിക്കാരടെ ഹൃദയത്തിലേക്ക് ഏത് ദുർഗ്രഹമായ വിഷയവും, പെട്ടെന്ന് മനസ്സിലാക്കാൻ കഴിയത്തക്ക ലാളിത്യമുള്ള ഭാഷയിൽ അദ്ദേഹം പ്രസംഗിക്കുമായിരുന്നു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'എന്ന തോപ്പിൽഭാസിയുടെ നാടകം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ എത്രകണ്ട് സ്വാധീനം ചെലുത്തിയോ അതുപോലുള്ള സ്വാധീനം ഡോ. പി.കെ. സുകുമാരന്റെ പ്രസംഗങ്ങളും ചെലുത്തി.

1954 ൽ ഇരവിപുരം ദ്വയാംഗ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചുവിജയിച്ചു. 57 ൽ ദ്വയാംഗ മണ്ഡലമായ ഇരവിപുരത്ത് സി.എം. സ്റ്റീഫനെ പരാജയപ്പെടുത്തി. 1964 ൽ ഏപ്രിൽ 11 ന് ദേശീയ കൗൺസിലിൽ പിളർപ്പുണ്ടായപ്പോൾ ഡോ.സുകുമാരൻ സി.പി.എമ്മിന്റെ നേതൃനിരയിൽ നിലയുറപ്പിച്ചു. അതിനിടെ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്ന കേരളത്തിൽ 'ചൈനാചാരൻ' എന്ന കുറ്റം ചുമത്തി ജയിലിലടച്ചു.

പിന്നീട് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സി.പി.ഐ എമ്മിന്റെ ശക്തനായ വക്താവായി മാറി. 1964 മുതൽ '72 വരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അക്കാലങ്ങളിൽ സി.പി.എമ്മിന്റെ ജില്ലാകമ്മിറ്റി മീറ്റിംഗുകൾ ഡോ. സുകുമാരന്റെ വസതിയിൽ വച്ചാണ് കൂടിയിരുന്നത്. ഇ.എം.എസും, എ.കെ.ജിയുമൊക്കെ ബസിൽ കാവനാട്ട് വന്നിറങ്ങി കമ്മിറ്റിയിൽ പങ്കെടുത്തിട്ടുള്ള സംഭവങ്ങൾ ഡോ. സുകുമാരൻ പറഞ്ഞിട്ടുണ്ട്. എ.കെ.ജി, ഭാര്യ സുശീല, മകൾ ലൈല എന്നിവർ സ്ഥിരമായി തന്റെ വീട്ടിൽ വന്ന് തങ്ങുമായിരുന്നെന്നും ഡോ. സുകുമാരൻ പറഞ്ഞിട്ടുണ്ട്.

1965 ൽ 'ചൈനാചാരൻ' എന്ന മുദ്രകുത്തപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നുകൊണ്ടാണ് കായംകുളത്ത് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചുവിജയിച്ചത്. 1967 ൽ കുണ്ടറ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1970 ൽ കൊല്ലത്ത് മത്സരിച്ചുതോറ്റു.

കമ്മ്യൂണിസം ഡോ. പി.കെ. സുകുമാരന്റെ സിരകളിൽ ലഹരിയായി നിറഞ്ഞുനിന്ന കാലത്താണ് സീമന്തപുത്രന്റെ ജനനം. ആ പുത്രന് 'സഖാവ്' എന്ന് പേരിട്ടു. അങ്ങനെ 'സഖാവ്' എന്ന എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലുൾപ്പെടെ പേരുള്ള മറ്റൊരാൾ കേരളത്തിലുണ്ടാകില്ല.

സ്വാതന്ത്ര്യ സമരസേനാനി, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്, മികച്ച പ്രഭാഷകൻ, എം.എൽ.എ എന്നീ നിലകളിലൊക്കെ ശോഭിച്ച ഡോ. പി.കെ. സുകുമാരൻ ആറുവർഷക്കാലം ജയിൽശിക്ഷയനുഭവിച്ചു. നവംബർ മാസം 8 ന് ആണ് വിടവാങ്ങിയത്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ സ്വപ്നം കണ്ട പാതയിൽ ഡോ. സുകുമാരൻ നടത്തിയ പോരാട്ടങ്ങൾ കേരളരാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്.

ഈ നവംബർ 8 ന് സഖാവിന്റെ വേർപാടിന് 24 വർഷം തികഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img