
ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ന്യൂഡൽഹിയിൽ 21 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ‘ഗോട്ട് ഇന്ത്യ ടൂർ 2025’യുടെ ഭാഗമായി മെസ്സി മുംബൈയിൽ തുടരവെ തന്നെ ഈ പരിപാടി ഒഴിവാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്. മുംബൈയിൽ നിന്ന് മെസ്സി നേരിട്ട് ന്യൂഡൽഹിയിലേക്കാണ് യാത്ര തിരിക്കുന്നത്.
മോദിയുടെ മുൻ നിശ്ചയിച്ച വിദേശയാത്രകളാണ് മെസ്സിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. ഒമാൻ, ജോർദാൻ, എത്യോപ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഡിസംബർ 18 വരെ നീളുന്നതായി പ്രധാനമന്ത്രി നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ യാത്രകളുടെ ഭാഗമായി ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, മെസ്സി ഇന്ത്യയിൽ വിവിധ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ സുനിൽ ഛേത്രി, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി ആശയവിനിമയം നടത്തും.
കൊൽക്കത്തയിൽ ആരംഭിച്ച മെസ്സിയുടെ ഇന്ത്യാ പര്യടനം ന്യൂഡൽഹിയിലാണ് സമാപിക്കുക. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവയാണ് ‘ഗോട്ട് ഇന്ത്യ ടൂർ 2025’യുടെ പ്രധാന വേദികൾ. എന്നാൽ കൊൽക്കത്തയിലെ പരിപാടി സംഘാടക പിഴവിനെ തുടർന്ന് പാളിപ്പോയത് വലിയ വിവാദമായി. 25,000 രൂപവരെ ചെലവഴിച്ചിട്ടും മെസ്സിയെ നേരിൽ കാണാൻ സാധിക്കാതിരുന്ന ആരാധകർ പ്രതിഷേധിക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും എറിയുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ ആരാധകർക്ക് ടിക്കറ്റ് തുക തിരികെ നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും മെസ്സിയുടെ ഇന്ത്യാ സന്ദർശനം കായിക ലോകത്തും ആരാധകർക്കിടയിലും വലിയ ശ്രദ്ധ നേടുകയാണ്.











