
രാജ്യത്തെ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങളുണ്ട് എന്ന വിലാപം ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വസ്ത്രങ്ങൾ ധരിച്ച ഇന്ത്യൻ ദേവതമാരുടെ ചിത്രങ്ങൾ വരച്ച വിഖ്യാത കലാകാരൻ ഉൾപ്പെടെയുള്ളവർക്കു നേരേ വിരൽചൂണ്ടപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തപ്പോഴും കേരളത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേൽ വലിയ കടന്നുകയറ്റങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, എമ്പുരാൻ എന്ന മോഹൻലാൽ - പൃഥ്വിരാജ് ചിത്രം തീയറ്ററുകളിൽ എത്തുകയും അതിനെതിരെ വിമർശനങ്ങൾ ഉയരുകയും സിനിമ റീ എഡിറ്റ് ചെയ്യാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകുകയും ചെയ്തതോടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ ഭരണകൂടത്തിന്റെ കൂച്ചുവിലങ്ങ് വലിച്ചുമുറുക്കിയിരിക്കുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം പറയുന്നു എന്നതാണ് എമ്പുരാൻ എന്ന സിനിമ ചെയ്ത അപരാധം. അത് തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ പറഞ്ഞില്ല എന്നതാണ് സംഘപരിവാറിനെ വിളറി പിടിപ്പിച്ചത്. രാജ്യമെമ്പാടും എമ്പുരാൻ എന്ന സിനിമയ്ക്കെതിരെ സംഘപരിവാർ അനുകൂലികൾ വലിയ വിമർശനം ഉയർത്തുമ്പോൾ ഇതേ ഗുജറാത്ത് കലാപം പ്രമേയമാക്കി മറ്റൊരു സിനിമ ഒടിടിയിൽ തകർത്ത് ഓടുകയാണ്. ദി സബർമതി റിപ്പോർട്ട് എന്ന പേരിലുള്ള സിനിമ വലിയ വിവാദമാകാത്തത് അത് ഭരണകൂടത്തിന് ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതുകൊണ്ടാണ്.
കഴിഞ്ഞ വർഷമാണ് ദി സബർമതി റിപ്പോർട്ട് ഒടിടിയിൽ റിലീസ് ചെയ്തത്. ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. വിക്രാന്ത് മാസി പ്രധാനവേഷത്തിലെത്തിയ ദ സബർമതി റിപ്പോർട്ട് സംവിധാനം ചെയ്തിരിക്കുന്നത് ധീരജ് സർണയാണ്. സബർമതി ട്രെയിൻ കത്തിച്ചതിനെ ചുറ്റിപ്പറ്റിയുള്ള "അപകട" സിദ്ധാന്തത്തെ പൊളിച്ചെഴുതാൻ തുനിഞ്ഞിറങ്ങിയ ന്യൂസ് റിപ്പോർട്ടറുടെ കഥയാണ് സിനിമ പറയുന്നത്.
2002-ൽ അയോധ്യയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഹിന്ദു തീർത്ഥാടകരും കർസേവകരും ഉൾപ്പെടെ 59 പേർ ഗോധ്രയിൽവെച്ച് ട്രെയിനുള്ളിലുണ്ടായ തീപിടുത്തത്തിൽ വെന്ത് മരിച്ചത് ഗ്യാസ് ഒരു ആകസ്മിക തീപിടുത്തമെന്ന ആദ്യ റിപ്പോർട്ടിനെ തള്ളുകയും പിന്നീട് മുസ്ലീങ്ങൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കർസേവകരെ കൊലപ്പെടുത്തിയതെന്നുമാണ് ദി സബർമതി റിപ്പോർട്ട് പറയുന്നത്. ഗോധ്ര സംഭവം ഒരു അപകടം മാത്രമെന്നായിരുന്നു റയിൽവെയുടെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ, 2008-ൽ അന്നത്തെ ഗുജറാത്ത് സർക്കാർ രൂപീകരിച്ച അന്വേഷണ സംഘം സംഭവത്തെ 'ആസൂത്രിത ഗൂഢാലോചന' എന്ന് പ്രഖ്യാപിച്ചു. ഈ കാഴ്ച്ചപ്പാടിലാണ് ദി സബർമതി റിപ്പോർട്ട് എന്ന സിനിമയും പുരോഗമിക്കുന്നത്.
മുസ്ലീങ്ങൾ സബർമതി എക്സ്പ്രസിൽ എത്തുന്ന കർസേവകരെ കൊല്ലാൻ ഗുഢാലോചന നടത്തുകയും അവർ ട്രെയിൻ എത്തുന്നതും കാത്ത് ഗോധ്ര റയിൽവെ സ്റ്റേഷനിൽ കാത്തു നിൽക്കുകയും ചെയ്യുന്നതാണ് സിനിമയിൽ കാണിക്കുന്നത്. ട്രെയിൻ പ്രതീക്ഷിച്ചതിലും നാലുമണിക്കൂർ വൈകിയാണ് എത്തുന്നത്. ട്രെയിനിന്റെ വാതിലുകൾ പുറത്തുനിന്നും പൂട്ടിയ ശേഷം പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുന്നതാണ് സിനിമയിൽ കാണിക്കുന്നത്.
ഒരേ സംഭവത്തിന്റെ രണ്ട് വശങ്ങളെ തങ്ങളുടേതായ രീതിയിൽ രണ്ട് സംഘം കലാകാരന്മാർ വ്യാഖ്യാനിച്ചു എന്ന് കരുതിയാൽ ദി സബർമതി റിപ്പോർട്ടും എമ്പുരാനും രണ്ട് സിനിമകൾ മാത്രമാണ്. രണ്ടിലും വയലൻസ് അധികമാണ് എന്നത് വാസ്തവമാണ്. അതിനെ മാത്രമാണ് ഇരു സിനിമകളിലും നിയന്ത്രിക്കേണ്ടിയിരുന്നത്. എന്നാൽ, ദി സബർമതി റിപ്പോർട്ട് എന്ന സിനിമയിൽ വയലൻസ് ഒരു പ്രശ്നമേയായിരുന്നില്ല. അത് ഭരണകൂടത്തിന് ഇഷ്ടമാകുന്ന പ്രമേയമായിരുന്നു എന്നത് തന്നെ കാരണം. എന്നാൽ, എമ്പുരാനിലെ വയലൻസ് മാത്രമല്ല, പ്രമേയവും കഥാപാത്രത്തിന്റെ പേര് പോലും ഭരണകൂടത്തിനും സംഘപരിവാറിനും അംഗീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ് നാം കണ്ടത്.
സിനിമ ഒരിക്കലും ചരിത്രമല്ല. ചരിത്രത്തോട് കലാസൃഷ്ടികൾ നീതിപുലർത്തണം എന്ന് ആരും നിർബന്ധം പിടിക്കാറുമില്ല. മിത്തുകളെയും ചരിത്രത്തെയുമെല്ലാം കലാകാരന്മാർ അത്തരത്തിൽ തങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് വ്യാഖ്യാനിക്കാറുമുണ്ട്. മലയാളത്തിൽ എംടി വാസുദേവൻ നായരുടെ ഒരു വടക്കൻ വീരഗാഥ ഉൾപ്പെടെയുള്ള സിനിമകൾ അത്തരത്തിൽ അതുവരെയുണ്ടായിരുന്ന പൊതുബോധത്തിനെതിരെ ജന്മമെടുത്തവയാണ്. മാറിയ ഇന്ത്യയിൽ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നതൊന്നും ആവിഷ്താര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല. എന്നു മാത്രവുമല്ല, അത്തരം സൃഷ്ടികൾക്ക് പിന്നിലെ ആളുകളെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്താനും ഭരണകൂടത്തിന്റെ ഭാഗമായി നിൽക്കുന്നവർ മടിക്കുന്നുമില്ല.











