11:04am 17 September 2026
NEWS
സ്വർണ്ണപ്പാളി എന്തുകൊണ്ട് മഞ്ഞുമലയുടെ ഒരറ്റംമാത്രം ?
16/10/2025  10:30 AM IST
പി. ജയചന്ദ്രൻ
സ്വർണ്ണപ്പാളി  എന്തുകൊണ്ട്  മഞ്ഞുമലയുടെ ഒരറ്റംമാത്രം ?

ഒരു നിമിഷം മതി എല്ലാം മാറിമറിയാൻ.. എന്നുള്ള പരസ്യവാചകം പോലെയായിരിക്കുന്നു, ദ്വാരപാലകശിൽപ്പവിവാദത്തിന് ശേഷമുള്ള കാര്യങ്ങൾ. സമദൂരത്തിൽ തന്റേതായ ശരിദൂരം കാണുന്ന സുകുമാരൻ നായരേയും, പട്ടും വളയും നൽകി താൻ തന്നെ ആസ്ഥാന നവോത്ഥാന നായകനാക്കിയ വെള്ളാപ്പള്ളി നടേശനെയും അമരത്തും അണിയത്തും നിർത്തി മൂന്നാമൂഴത്തിന് തുഴയെറിയുവാൻ കാത്തിരുന്ന ക്യാപ്റ്റൻ പിണറായി വിജയനേയും സി.പി.എമ്മിനേയും സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വിചാരിച്ച എളുപ്പമല്ല എന്നു മാത്രമല്ല, വിഷമകരമാവുകയും ചെയ്യുന്നു എന്നതാണവസ്ഥ. അയ്യപ്പ വിഗ്രഹത്തിന്റെ സുരക്ഷ ആര് ഉറപ്പാക്കും എന്നുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ഇൻഡ്യയിലെത്തന്നെ വിശ്വാസി സമൂഹം ഒന്നടങ്കം ഉന്നയിക്കുന്ന ചോദ്യമാകുമ്പോൾ മുഖ്യമന്ത്രി പിണറായിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. 

ശബരിമലയുടെ പേരും പെരുമയും ലോകസമക്ഷം വിളിച്ചുപറയുവാനും അവിടം ഒരു ആഗോള തീർത്ഥാടനകേന്ദ്രമാക്കുവാനുമെന്നു പറഞ്ഞുകൊണ്ട് 56 വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്(സംഗമത്തിനു മുൻപും ശേഷവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും അങ്ങനെയൊരു അവകാശവാദമാണ് ഉന്നയിച്ചതെങ്കിലും ശ്രീലങ്കയിൽ നിന്നും മലേഷ്യയിൽ നിന്നുംമാത്രമേ ചിലർ പങ്കെടുത്തുള്ളൂ) പമ്പയിൽ ആഗോള അയ്യപ്പസംഗമം നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നുമാത്രമല്ല സംഗമവേദിയിൽ അദ്ദേഹം ശബരിമലയുടെ ഐതിഹ്യം വിസ്തരിച്ചതും, ഗീതാശ്ലോകം ഉദ്ധരിച്ചതും ഭക്ത്യാദരപൂർവ്വം അയ്യപ്പവിഗ്രഹം ഏറ്റുവാങ്ങിയതുമൊക്കെ ഏതൊരു ഹൈന്ദവ സന്യാസിശ്രേഷ്ഠനേയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു. വെള്ളാപ്പള്ളി നടേശനെപ്പോലൊരു നവോത്ഥാന നായകനെക്കൊണ്ട് മുഖ്യമന്ത്രി നല്ലൊരു ഭക്തനാണെന്നു പറയിക്കുന്നിടംവരെയെത്തി ആ ഭക്തി പ്രകടനങ്ങൾ.

അതേ മുഖ്യമന്ത്രിയാണ് രാജ്യത്തിനുതന്നെ ആഗോള അവമതിപ്പുണ്ടാക്കിയ ഇതുപോലൊരു സ്വർണ്ണക്കൊള്ള നടന്നിട്ടും മൗനത്തിന്റെ വൽമീകത്തിൽ ഒളിച്ചത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന പുതിയ പുതിയ വിവരങ്ങൾ പുറത്തുവരികയും ജനങ്ങളൊന്നടങ്കം മൂക്കത്ത് വിരൽ വച്ചുനിൽക്കുകയുമാണ്. എന്നിട്ടും ഒരു പരിധിവരെ ംവീ രമൃല െഎന്ന നിലപാടാണ് ദേവസ്വംബോർഡും, ദേവസ്വം മന്ത്രിയും ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയും സ്വീകരിച്ചത്. മുഖ്യമന്ത്രി മൗനവ്രതം തുടർന്നപ്പോൾ ദേവസ്വം മന്ത്രി വാസവനും, ബോർഡ് പ്രസിഡന്റ് പ്രശാന്തും ന്യായീകരണത്തിരക്കിലുമായി. അതേസമയം വീണ്ടുമൊരു മണ്ഡലകാലപൂജയ്ക്ക് നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ വിഷയങ്ങൾ ശബരിമലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ലക്ഷക്കണക്കായ വിശ്വാസി സമൂഹത്തിനുണ്ട്.

ആഗോള അവമതിപ്പും ‌കാട്ടുകൊള്ളയും വന്നവഴി

ദേവസ്വം ബോർഡിനെ പൊതുവേ അമ്പലം വിഴുങ്ങികൾ എന്നാണ് വിളിക്കാറുള്ളത്. ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ പേരിൽ മാത്രമായിരുന്നു ഇക്കാലമത്രയും അങ്ങനൊരു വിശേഷണം ചേർത്തിരുന്നത്. നിവേദ്യത്തിനുള്ള അരിവാങ്ങുന്നതിനും, ശർക്കര വാങ്ങുന്നതിലും, വിറക് വാങ്ങുന്നതിലുമൊക്കെയുള്ള കൊച്ചുകൊച്ച് അഴിമതികളുടെ പേരിൽ. ആ സ്ഥാനത്താണ് ഇപ്പോൾ ദ്വാരപാലകന്മാരേയും, ശ്രീകോവിൽ വാതിലിനേയും ഒക്കെ അഴിച്ചുവിൽക്കുന്ന തീവെട്ടിക്കൊള്ളയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നത്.

എല്ലാറ്റിനും കാരണക്കാരൻ വിജയ്മല്യയാണ്. 1998 ൽ ആണ് ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര, പ്രധാന വാതിൽ, ചിത്രത്തൂണുകൾ, മൂന്ന് കലശങ്ങൾ, നാലുവശങ്ങളിലെ ആനയുടെ രൂപം, രണ്ട് ദ്വാരപാലകന്മാർ, കർണ്ണകൂടം എന്നിവ സ്വർണ്ണം പൊതിയുവാൻ വിജയ്മല്യ രംഗത്തുവരുന്നത്. 30.3 കിലോ സ്വർണ്ണവും, 1900 കിലോ ചെമ്പും അതിനായി എത്തിക്കുകയും ചെയ്തു. മൂന്നരമാസമെടുത്ത് പൂർത്തിയാക്കിയ ആ പണികളൊന്നും രഹസ്യമായി നടന്ന കാര്യമായിരുന്നില്ല. ദേവസ്വം ജീവനക്കാരുൾപ്പെടെ നിരവധിപ്പേർ കണ്ടതാണ് അതൊക്കെ. ഇതിൽ മുൻവശത്തെ പ്രധാന വാതിലിന് ഒരു പ്രശ്‌നമുണ്ടെന്നാണ് ബോർഡ് സെക്രട്ടറിയായിരുന്ന ജി. ബൈജു പറയുന്നത്. ഫിറ്റ്‌നസിൽ ചെറിയ പ്രശ്‌നമുള്ളതിനാൽ ഇപ്പോഴും പ്രധാന വാതിൽ ശരിയായി അടയ്ക്കാൻ പറ്റില്ലത്രെ.

എന്നാൽ വിവാദം വരുന്നത് 2019 ലാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഒരു വ്യവസ്ഥയാണ്. ആ വ്യവസ്ഥ പ്രകാരം ഒരു ഭക്തൻ 4ക്ഷേത്രത്തിലേക്ക് എന്ത് സമർപ്പിച്ചാലും അത് പിന്നെ ഭഗവാന്റേതായി മാറും.പിന്നീടത് അമ്പലത്തിന് പുറത്തുകൊണ്ടുപോകാൻ പറ്റില്ല. പത്മകുമാറായിരുന്നു അന്ന് ബോർഡ് പ്രസിഡന്റ്. കെ.പി. ശങ്കരദാസ്, കെ. രാഘവൻ എന്നിവർ അംഗങ്ങളും. ഈ ബോർഡാണ് ദ്വാരപാലക ശിൽപ്പങ്ങളിൽ ചെമ്പുതെളിഞ്ഞതിനാൽ അത് സ്വർണ്ണം പൂശുവാൻ തീരുമാനമെടുത്തതും, വിവാദ അവതാരം ഉണ്ണികൃഷ്ണൻ പോറ്റിയെ അതിനായി ചുമതലപ്പെടുത്തിയതും. ചട്ടപ്രകാരമുള്ള എല്ലാ നിബന്ധനകളും കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു ബോർഡിന്റെ തീരുമാനം. സാധാരണ നിലയിൽ ഇങ്ങനൊരു ചെമ്പുതെളിയൽ ആരെങ്കിലുമൊക്കെ അധികൃതരെ അറിയിക്കുകയാണല്ലോ വേണ്ടത്. എന്നാലിപ്പോൾ ആരാണ് പറഞ്ഞതെന്ന് ഒരു വിവരവുമില്ല. ഇനി അഥവാ ആരെങ്കിലും പറഞ്ഞ്, ബോർഡധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ അങ്ങനൊരു പണി ആവശ്യമുണ്ടോ എന്ന് ദേവസ്വം സ്മിത്തിനോടും തിരുവാഭരണം കമ്മീഷണറോടും അഭിപ്രായം ആരായുകയും വേണം. അതിന്റടിസ്ഥാനത്തിൽ വേണം ബോർഡ് കൂടി തീരുമാനം എടുക്കേണ്ടത്. എടുക്കുന്ന തീരുമാനം ബോർഡ് സെക്രട്ടറി കമ്മീഷണറേയും തിരുവാഭരണം കമ്മീഷണറേയും അറിയിക്കേണ്ടതും നടപടിക്രമത്തിന്റെ ഭാഗമാണ്.

എന്നാലിവിടെ ആ വക നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിച്ചില്ല എന്നാണറിയുന്നത്. ബോർഡ് കൂടി എടുത്ത തീരുമാനം സ്‌പെഷ്യൽ കമ്മീഷണർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടില്ല. തിരുവാഭരണം കമ്മീഷണറോ ദേവസ്വം സ്മിത്തോ ഒന്നും അറിയാതെ, തോരാമഴയും വെള്ളപ്പൊക്കവും കാരണം കർക്കിടകമാസപൂജയ്ക്ക് നടതുറന്ന് തിരക്ക് കുറഞ്ഞ ഒരു ദിവസം, ശരിക്കും പറഞ്ഞാൽ അടിച്ചുമാറ്റി ചെന്നൈയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ദേവന്റെ സംരക്ഷകരായ ദ്വാരപാലക ശിൽപ്പം ഇളക്കിമാറ്റണമെങ്കിൽ അനുഷ്ഠിക്കേണ്ട ആചാരപരമായ ചടങ്ങുകളൊന്നും കൂടാതെയാണ്, പമ്പാനദി കരകവിഞ്ഞൊഴുകിയ ഒരു രാത്രിയിൽ അഴിച്ചുമാറ്റി ആദ്യം പമ്പയിലും പിറ്റേന്ന് രാവിലെ ചെന്നൈയിലേക്കും കൊണ്ടുപോയത്. 

തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണങ്ങൾ കമ്മീഷണർ, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ശബരിമലയിലെ അസി. എക്‌സിക്യുട്ടീവ് ഓഫീസർ, ദേവസ്വം സ്മിത്ത്, ദേവസ്വം വിജിലൻസിലെ രണ്ട് പോലീസുകാർ, രണ്ട് ദേവസ്വം ഗാർഡുകൾ, സ്‌പോൺസറുടെ പ്രതിനിധി എന്നിവരാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

അതേസമയം ദേവസ്വം ഉദ്യോഗസ്ഥർ ചെന്നൈയിലെത്തി സ്വർണ്ണം പൂശുന്ന പണിക്ക് മേൽനോട്ടം വഹിക്കണമെന്നല്ലാതെ ശിൽപ്പത്തെ അനുഗമിക്കുവാനുള്ള ഒരു നിർദ്ദേശവും ബോർഡ് നൽകിയിരുന്നില്ല. ഇളക്കിയെടുക്കുന്ന സമയത്ത് തിരുവാഭരണ കമ്മീഷണർ ഒരു കെ.എസ്. ബൈജുവായിരുന്നു. സംഭവദിവസം ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് പാളികൾ ചെന്നൈയിൽ എത്തിയപ്പോഴേക്കും ആർ.ജി. രാധാകൃഷ്ണൻ പുതിയ തിരുവാഭരണം കമ്മീഷണറായി ചുമതലയേൽക്കുകയും ചെന്നൈയിലെത്തി പണിയുടെ പുരോഗതി വിലയിരുത്തുകയും പരിശോധിക്കുകയുമൊക്കെ ചെയ്തു. ആ പരിശോധനയിലാണ് ഇവിടുന്ന് കൊടുത്തുവിട്ടതിൽ നിന്നും 4 കിലോ തൂക്കം കുറവുണ്ടെന്ന് കണ്ടെത്തിയത്. എങ്കിലും പക്ഷേ നിപ്പയും, കോവിഡുമൊക്കെ കൂടി ജനജീവിതം അത്യന്തം ദുസ്സഹമാക്കിയിരുന്ന സാഹചര്യത്തിൽ ആ കാട്ടുകൊള്ള എന്തുകൊണ്ടോ ജനശ്രദ്ധയിലെത്തിയല്ല. അതൊക്കെ സൗകര്യമായി കണ്ട അമ്പലം വിഴുങ്ങികൾ ബോധപൂർവ്വം തന്നെ തിരുവാഭരണം കമ്മീഷണറുടെയും ദേവസ്വം സ്മിത്തിന്റെയും അഭാവത്തിൽ പാളികൾ ദ്വാരപാലകശിൽപ്പങ്ങളിൽ ഫിറ്റ് ചെയ്ത് ഉറപ്പിക്കുകയും ചെയ്തു.

അതിനുശേഷമാണ് 2023 ൽ കേരളാഹൈക്കോടതിയുടെ ഒരു ഡയറക്ഷൻ നിലവിൽ വന്നത്. ശബരിമലയിൽ ശ്രീകോവിലുമായി ബന്ധപ്പെട്ട ഏത് പ്രവർത്തിയും നടത്തും മുൻപ് ആ വിവരം ഹൈക്കോടതിയെ അറിയിക്കണമെന്നും സ്‌പെഷ്യൽ കമ്മീഷണറുടെ അനുമതി വാങ്ങണമെന്നുള്ളതാണ് ആ ഡയറക്ഷൻ.

കോടതി ഉത്തരവിന് പുല്ലുവിലയോ?

അങ്ങനൊരു ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെയാണ് 2025 ൽ ഇപ്പോഴത്തെ ബോർഡും, അറ്റകുറ്റപ്പണികൾ ക്ഷേത്രത്തിൽ വച്ച് ചെയ്യണമെന്നുള്ള ചട്ടം ലംഘിച്ചും ശബരിമല സ്‌പെഷ്യൽ കമ്മീഷണറെ അറിയിക്കാതെയും ദ്വാരപാലകശിൽപ്പങ്ങളിൽ പൊതിഞ്ഞിട്ടുള്ള സ്വർണ്ണപ്പാളികൾ(ചെമ്പെന്ന് ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും) സ്വർണ്ണം പൂശുവാനായി പഴയ അവതാരം ഉണ്ണികൃഷ്ണൻ പോറ്റിയുടെ തന്നെ കയ്യിൽ തമിഴ്‌നാട്ടിലേക്ക് കൊടുത്തുവിട്ടത്. അതിൽപക്ഷേ പിടിവീണു. അയ്യപ്പൻ അന്ധനും ബധിരനും മൂകനുമല്ല എന്ന് അമ്പലം വിഴുങ്ങികൾക്ക് തെളിയിച്ചുകൊടുത്തു എന്നാണ് അതേക്കുറിച്ച് വിശ്വാസിസമൂഹം പറയുന്നത്.

ഇക്കഴിഞ്ഞ സെപ്തംബർ 7 ന് രാത്രിയിൽ നട അടച്ചശേഷമാണ് തസ്‌ക്കരസംഘം ദ്വാരപാലകശിൽപ്പങ്ങളെ പൊതിഞ്ഞിരുന്ന പാളികൾ ഇളക്കിമാറ്റിയത്. അതിനുശേഷം രാത്രിയിൽ തന്നെ പമ്പയിലെത്തിച്ച് രാവിലെ ചെന്നൈയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ കൊണ്ടുപോകുന്നതിന് സുരക്ഷയൊരുക്കുന്നതിലേക്കായി, ചീഫ് വിജിലൻസ് ആന്റ് സെക്യൂരിറ്റി ഓഫീസറോട് ഒരു പോലീസുകാരന്റെ സേവനം ആവശ്യപ്പെട്ടിടത്താണ് സംഗതി പുറംലോകത്തെത്തിയത്. സെക്യൂരിറ്റി ഓഫീസർ വിവരം സ്‌പെഷ്യൽ കമ്മീഷണർ ജയകൃഷ്ണനെ അറിയിച്ചു. അപ്പോഴേക്കും പാളികൾ പമ്പ കടന്നിരുന്നു. കമ്മീഷണർ അപ്പോൾതന്നെ വിവരം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതേത്തുടർന്ന് ഹൈക്കോടതി വിഷയത്തിലിടപെടുകയും ചെന്നൈയിലേക്ക് കൊണ്ടുപോയ പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ആ ഉത്തരവ് അനുസരിക്കാതെ പുനഃപരിശോധനാഹർജി നൽകിയ ദേവസ്വം ബോർഡ് പറഞ്ഞത്, അറ്റകുറ്റപ്പണി തുടങ്ങിക്കഴിഞ്ഞു എന്നാണ്. അതേത്തുടർന്നാണ് ഇതേപ്പറ്റി പ്രാഥമികാന്വേഷണം നടത്തിയ ദേവസ്വം വിജിലൻസിൽ നിന്നും മറ്റും ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ കോടതി തീരുമാനിച്ചത്. അതാകട്ടെ ഊഹാതീതമായ ഒരു തീവെട്ടിക്കൊള്ളയുടെ 'ബി'നിലവറകളാണ് കോടതിക്ക് മുന്നിൽ തുറക്കപ്പെട്ടത്.

ശ്രീകോവിലിലെ ദ്വാരപാലകശിൽപ്പങ്ങൾ പൊതിഞ്ഞിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടെന്ന് വ്യക്തമായും ബോധ്യപ്പെട്ടെന്നു പറഞ്ഞ കോടതി, അത് മോഷണവും ക്രിമിനൽ ക്രമക്കേടും വിശ്വാസവഞ്ചനയുമാണെന്നാണ് വിലയിരുത്തിയത്. ദേവസ്വം ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്ന് ക്ഷേത്രസ്വത്തിന്റെ പരിശുദ്ധിയും വിശ്വാസികൾ അർപ്പിച്ച വിശ്വാസവും ഇല്ലാതാക്കിയെന്നും പറഞ്ഞ കോടതി, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് കൈമാറിയ പാളികളിൽ 1.564 കി. ഗ്രാം സ്വർണ്ണം പൊതിഞ്ഞിരുന്നു എന്നുള്ളത് വ്യക്തമാണെന്നും, ചെന്നൈയിൽ കൊണ്ടുപോയി അറ്റകുറ്റപ്പണി ചെയ്തശേഷം തിരികെ കൊണ്ടുവന്ന് പുനഃസ്ഥാപിച്ചിട്ടുള്ളത് ചെമ്പുപാളികളാണെന്നുള്ള സംശയം ബലപ്പെടുന്നതായും കണ്ടെത്തി. എന്നുമാത്രമല്ല ഞെട്ടിപ്പിക്കുന്ന മറ്റൊരു സംശയം കൂടി കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വർണ്ണം പൊതിഞ്ഞ യഥാർത്ഥ പാളികൾ വൻതുകയ്ക്ക് ആർക്കെങ്കിലും വിറ്റഴിക്കാനുള്ള സാധ്യതയുണ്ട്.

ഈ ഒരു സാഹചര്യത്തിൽ ഗൗരവവും അത് വിശ്വാസികളിലേൽപ്പിച്ചിട്ടുള്ള ആഴത്തിലുള്ള മുറിവും മനസ്സിലാക്കിയിട്ടാണ് കോടതി മുൻകൈയ്യെടുത്ത് ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ തയ്യാറായത്. ദേവസ്വം ചീഫ് വിജിലൻസ് ആന്റ് സെക്യൂരിറ്റി ഓഫീസർ നൽകിയ പ്രാഥമിക അന്വേഷണറിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, അവയിൽ പലതും എടുത്തുപറഞ്ഞുകൊണ്ട് ജസ്റ്റിസ് കെ.വി. ജയകുമാറും എ. രാജവിജയരാഘവനും ഉൾപ്പെടെ ഡിവിഷൻ ബഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. പ്രഥമദൃഷ്ട്യാ ഒട്ടേറെ കുറ്റകൃത്യങ്ങൾ നടന്നെന്ന് വ്യക്തമാക്കുന്നതിനാൽ കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

തൃശൂർ പോലീസ് അക്കാദമിയിലെ അസി. ഡയറക്ടർ എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ വാകത്താനം സി.ഐ അനീഷ്, കയ്പമംഗലം സി.ഐ ബിജുരാധാകൃഷ്ണൻ, തിരുവനന്തപുരം തൈക്കാട് സൈബർ സ്റ്റേഷനിലെ എ.എസ്.ഐ സുനിൽകുമാർ എന്നിവരാണ് അംഗങ്ങൾ. ആറ് ആഴ്ചകൾക്കകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദ്ദേശം.

കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഈ അന്വേഷണത്തിലാണ് ഇപ്പോൾ വിശ്വാസി സമൂഹത്തിന്റെ പ്രതീക്ഷകളത്രയും. കാരണം ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ കൊള്ളയടിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ കട്ടിളയും ചെമ്പാണെന്നതാണ് പുതിയ വിവരം.

കാണുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം

ചുരുക്കിപ്പറഞ്ഞാൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇതുവരെ കണ്ടത്. യഥാർത്ഥരൂപം കാണുമ്പോൾ ആഗോളഅയ്യപ്പസംഗമത്തിനുശേഷം ആഗോള ഞെട്ടലായിരിക്കും സംഭവിക്കുവാൻ പോകുന്നതെന്നാണ് ബോർഡിനുള്ളിൽ തന്നെയുള്ള സംസാരം. അയ്യപ്പവിഗ്രഹം പോലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്നുപോലും സംശയിക്കത്തക്ക വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നിട്ടും ദേവസ്വം ബോർഡും ദേവസ്വം വകുപ്പും ആദ്യം ന്യായീകരിക്കുവാനുള്ള വ്യഥാശ്രമാണ് നടത്തിയത്. അയ്യപ്പസംഗമത്തെ പിന്തുണച്ച എൻ.എസ്.എസും, എസ്.എൻ.ഡി.പിയും പാറപോലെ പിന്നിലുള്ളപ്പോൾ ഒന്നും ഭയക്കാനില്ല എന്നായിരുന്നു ഗവൺമെന്റിന്റെയും ബോർഡിന്റെയും നിലപാട്. എന്നാൽ എസ്.എൻ.ഡി.പി സി.ബി.ഐ അന്വേഷണവും എൻ.എസ്.എസ് കുറ്റവാളികളെ ഒന്നടങ്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന സമഗ്രാന്വേഷണവും ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയാണ്. ആ ഒരു പശ്ചാത്തലത്തിലാണ് തൽക്കാലം മുഖം രക്ഷിക്കുവാനായി 2019 ലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരിബാബുവിനെ സസ്‌പെൻഡ് ചെയ്യുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. 2019 ൽ സ്വർണ്ണം പൂശിയ പാളി എന്നതിനുപകരം ചെമ്പുപാളി എന്ന് മഹസറിൽ രേഖപ്പെടുത്തിയത് മുരാരിബാബുവാണ്.

അതേസമയം ഇതിനൊക്കെ മുൻകൈ എടുത്ത രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നേരെയും(സംഭവകാലങ്ങളിലെ ബോർഡുകൾ), അവതാര ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയും ഒരു ചെറുവിരലനക്കം പോലും ഉണ്ടാകുന്നുമില്ല. ഈ ഒരു പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലാണ് കേരളത്തിന്റെയാകെ പ്രതീക്ഷ.

ഉയരുന്ന ചോദ്യങ്ങൾ

അതിനിടെ സമൂഹം ഒന്നടങ്കം ഉയർത്തുന്ന ചില ഗൗരവതരമായ ചോദ്യങ്ങളുണ്ട്. ദേവസ്വം ബോർഡും ദേവസ്വം വകുപ്പും എല്ലാം നിയന്ത്രിക്കുന്ന ഗവൺമെന്റും മറുപടിപറയേണ്ടുന്ന ചോദ്യങ്ങൾ. 

ഒന്ന്: 1998 ൽ  സ്വിറ്റ്‌സർലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത 30.3 കിലോ 24 ക്യാരറ്റ് തനി തങ്കമായിരുന്നല്ലോ വിജയ്മല്യ സമർപ്പിച്ചത്. ആ സ്വർണ്ണം വച്ച് ശ്രീകോവിലിന്റെ മേൽക്കൂര, പ്രധാന വാതിൽ, ഇരുവശത്തുമുള്ള ചിത്രത്തൂണുകൾ, മൂന്ന് കലശങ്ങൾ, നാലുവശങ്ങളിലേയും ആനയുടെ രൂപങ്ങൾ, രണ്ട് ദ്വാരപാലക ശിൽപ്പങ്ങൾ, കർണ്ണകൂടം എന്നിവയാണല്ലോ സ്വർണ്ണം പൊതിഞ്ഞത്. പൂശിയതല്ല പാളികളാക്കി പൊതിഞ്ഞതാണ്. എന്നാൽ 20 വർഷം കഴിഞ്ഞപ്പോൾ 2019 ൽ ദ്വാരപാലകരെ പൊതിഞ്ഞ സ്വർണ്ണപ്പാളികൾക്ക് മങ്ങലേറ്റു എന്നുപറഞ്ഞാണല്ലോ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാനായി ഇളക്കിയെടുത്തത്. എന്നാൽ അത് സ്വർണ്ണപ്പാളിയല്ലെന്നും ചെമ്പുപാളിയാണെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. ദേവസ്വം ബോർഡും പറഞ്ഞതതാണ്. 1998 ൽ നടത്തിയ സ്വർണ്ണം പൊതിയലിൽ 20 വർഷം കഴിഞ്ഞ് മറ്റെങ്ങും കാണാതെ ദ്വാരപാലകശിൽപ്പങ്ങളിൽ മാത്രം മങ്ങൽ കണ്ടതെന്തുകൊണ്ടാണ്? ആരാണ് അത് കണ്ടുപിടിച്ചത്? ദേവസ്വം സ്മിത്തോ തിരുവാഭരണം കമ്മീഷണറോ ആരെങ്കിലും അത് പരിശോധിച്ച് രേഖപ്പെടുത്തിയിട്ടുണ്ടോ? ഓരോ ഭാഗവും എത്ര തൂക്കം സ്വർണ്ണം ഉപയോഗിച്ചാണ് '98 ൽ പൊതിഞ്ഞതെന്ന് ദേവസ്വം ബോർഡിൽ രേഖകളില്ലേ? എന്നിട്ടും ദ്വാരപാലകശിൽപ്പങ്ങൾ പൊതിഞ്ഞത് ചെമ്പുപാളികൾ കൊണ്ടാണ് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്?

രണ്ട് : സ്‌പോർസൺ ഉണ്ണികൃഷ്ണൻ പോറ്റി മുൻപ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി വന്നിട്ടുള്ളയാളാണെന്നും, എന്തോ ചില ക്രമക്കേടുകളുടെ പേരിൽ പറഞ്ഞുവിട്ടതാണെന്നും സംസാരമുണ്ട്. അങ്ങനെയൊരാൾ ഒരു സുപ്രഭാതത്തിൽ സ്‌പോൺസറായി അവതരിക്കുമ്പോൾ അയാളെപ്പറ്റി ഒന്നും അന്വേഷിക്കാതെ സ്വർണ്ണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊടുത്തുവിട്ടത് ദുരൂഹമല്ലേ? അങ്ങനെ ഇളക്കിയെടുത്ത പാളികൾ 39 ദിവസം കഴിഞ്ഞാണ് ചെന്നൈയിലെ സ്ഥാപനത്തിൽ എത്തിച്ചത്. പമ്പയിൽ നിന്ന് ചെന്നൈയിലെ സ്ഥാപനത്തിലേക്കെത്താനെടുത്ത ഈ 39 ദിവസം അവ എവിടൊക്കെ ഇറക്കി? ആരുടെയൊക്കെ വീട്ടിലെത്തിച്ച് പൂജിച്ചു? അതുവഴി എത്രകോടികളായും ഉണ്ണികൃഷ്ണൻ പോറ്റി സമ്പാദിച്ചിട്ടുണ്ടാവുക?

മൂന്ന്: അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ പാളികൾ തിരികെ കൊണ്ടുവന്നപ്പോൾ 4 കിലോ ഭാരക്കുറവുണ്ടായിരുന്നതായി പറയുന്നു. എന്തുകൊണ്ട് അത് സംബന്ധമായ ഒരന്വേഷണമോ ഒന്നും അന്ന് നടന്നില്ല? 2019 ൽ സ്വർണ്ണപ്പാളികളുമായി നാടൊട്ടുക്ക് നടന്ന് പണം പിരിക്കുകയും(പിരിച്ചിരിക്കുമല്ലോ), മടക്കിക്കൊണ്ടുവന്നപ്പോൾ 4 കിലോയുടെ തൂക്കവ്യത്യാസം വരുത്തുകയും ചെയ്ത അതേ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽതന്നെ 2025 ലും പാളികൾ കൊടുത്തുവിട്ടത് ആരുടെ താൽപ്പര്യത്താലായിരുന്നു?

നാല് : ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ ഇപ്പോഴത്തെ ബോർഡ് മെമ്പർ എ. അജികുമാർ തന്റെ നാട്ടിൽ രണ്ടുപേർക്ക് വീടുവച്ച് നൽകിയല്ലോ. ഇതുപോലെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട മറ്റാരൊക്കെ പോറ്റിയിൽ നിന്ന് പാരിതോഷികങ്ങൾ സ്വീകരിച്ചിട്ടുണ്ട്?


ഈ വിധത്തിൽ ഓരോ ദിവസം കഴിയുംതോറും ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. അതിനോടെല്ലാം പക്ഷേ മറുപടി പറയേണ്ടവർ സംശയകരമായ മൗനം പാലിക്കുകയോ ന്യായീകരിക്കാൻ ശ്രമിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അയ്യപ്പന്റെ മുതലുകട്ടവരാരും രക്ഷപ്പെടില്ല എന്നാണ് ഒരു ചെറിയ വിഭാഗമെങ്കിലും മുൻ ജീവനക്കാരായ ചിലർ പറയുന്നത്. ഇവിടെ നിന്നും ഉണ്ടാക്കിയ പണമെല്ലാം ചെലവഴിച്ചിട്ടും രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ നരകിക്കുന്ന ചിലരുടെയെങ്കിലും കഥകളും അവർ പറയുന്നു. അയ്യപ്പൻ അന്ധനും ബധിരനുമല്ലെന്നും, പണികൊടുക്കേണ്ട സമയത്ത് പണികൊടുത്തിരിക്കുമെന്നും ഈ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി അവർ വാദിക്കുന്നു.

അയ്യപ്പസംഗമം തിരിച്ചടിയായോ?

അതുതന്നെയാണ് പിണറായി സർക്കാരിന്റെ പേടിയും. പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ശക്തമായ എതിർപ്പുണ്ടായിരുന്നെങ്കിലും ശബരിമല വികസനത്തിന്റെ പേരുപറഞ്ഞ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം സർക്കാരിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കേരളത്തിലെ പ്രബല സമുദായങ്ങളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും നൽകിയ പരിപൂർണ്ണ പിന്തുണയായിരുന്നു ആ ആത്മവിശ്വാസത്തിന്റെയടിസ്ഥാനം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ കേസുകളായി തന്നെ നിലനിൽക്കുമ്പോഴും, എൻ.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കുവാൻ കഴിഞ്ഞത് വലിയ വിജയമായിട്ടാണ് പിണറായിയും കൂട്ടരും കണ്ടത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആഹ്വാനപ്രകാരം നായർ സമുദായങ്ങളായിരുന്നല്ലോ പ്രതിഷേധവുമായി ആദ്യം തന്നെ തെരുവിലിറങ്ങിയത്. അതിന്റെ പേരിൽ നൂറുകണക്കിന് നായർ സമുദായംഗങ്ങൾക്കെതിരെ പിണറായി സർക്കാർ കേസെടുക്കുകയും ചെയ്തു. ആ കേസുകൾ ഡെമോക്ലസിന്റെ വാളുപോലെ സമുദായംഗങ്ങളുടെ തലയ്ക്ക് മീതെ തൂങ്ങിയാടുമ്പോൾതന്നെയാണ് അജ്ഞാത കാരണങ്ങളാൽ ആഗോള അയ്യപ്പസംഗമത്തിന് പിന്തുണ നൽകുവാൻ എൻ.എസ്.എസ് നേതൃത്വം തയ്യാറായത്. ശബരിമലയുടെ വികസനകാര്യങ്ങളിൽ പിണറായി സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് സംഗമത്തിന് പിന്തുണ നൽകുവാൻ കാരണമെന്നാണ് സുകുമാരൻ നായർ പറഞ്ഞതെങ്കിലും പുറത്തുവന്ന കഥകളൊന്നും അത് വിശ്വസിക്കുവാൻ പോകുന്നതായിരുന്നില്ല. അതിനുപിന്നിൽ ഒരു വാഗ്ദാനമോ ബ്ലാക്ക്‌മെയിലിംഗോ ആണത്രെ പറഞ്ഞുകേൾക്കുന്നത്.

അതെന്തായാലും സംഗമത്തിന് നൽകിയ പിന്തുണ രാഷ്ട്രീയമല്ലെന്നും, രാഷ്ട്രീയമായി തങ്ങൾ സമദൂരത്തിൽ തന്നെയാണെന്നുമാണ് സമദൂരത്തിൽ വ്യക്ത്യാധിഷ്ഠിത ശരിദൂരം കാണുന്ന സുകുമാരൻ നായർ ആവർത്തിച്ചുപറഞ്ഞത്. എങ്കിലും വാഗ്ദാനമോ ബ്ലാക്ക്‌മെയിലിംഗോ ഉപയോഗിച്ചുതന്നെ തെരഞ്ഞെടുപ്പിലും എൻ.എസ്.എസിനെ കൂടെക്കൂട്ടാം എന്നുള്ള കണക്കുകൂട്ടലിലായിരുന്നു സി.പി.എം. പ്രബല സമുദായ സംഘടനകളൊക്കെയും കൂടെയുള്ളതിനാൽ മൂന്നാം ഭരണം ഉറപ്പാണെന്ന് സി.പി.എം എന്ന ഇടതുപക്ഷജനാധിപത്യ 'മതേതര' കക്ഷിയുടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ പരസ്യമായി പറഞ്ഞത് അതിന് തെളിവായിരുന്നു. തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ തന്നെ സംഗമം സംഘടിപ്പിച്ചതും അതിനായിരുന്നല്ലോ.

എന്നാൽ സ്വർണ്ണപ്പാളി വിവാദത്തിൽ കണക്കുകൂട്ടലുകളൊക്കെയും പാളം തെറ്റുകയാണ്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നതാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കാവശ്യം കുറ്റം ചെയ്തവരെയൊക്കെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന സമഗ്രാന്വേഷണമാണ്. ഇതൊന്നും നടന്നില്ലെന്നുകരുതി സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും നിലപാടുകളിൽ മാറ്റം വരാതിരിക്കാം. പക്ഷേ സമുദായംഗങ്ങൾ ആ നിലപാടുകളോട് യോജിച്ചുകൊള്ളണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതത്ര നിസ്സാരസംഭവമല്ല. വലിയൊരു വിഷയം തന്നെയാണ്. ആ യാഥാർത്ഥ്യം സി.പി.എമ്മിനെ ബേജാറാക്കുന്നുണ്ട്.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ചുമതലയേറ്റ എസ്.ഐ.ടിക്ക് അന്വേഷണറിപ്പോർട്ട് നൽകാൻ കൊടുത്തിരിക്കുന്ന കാലാവധി ആറ് ആഴ്ചയാണ്. ഒന്നരമാസം. അതായത് നവംബർ മധ്യത്തോടെ റിപ്പോർട്ട് നൽകണം. എന്നുപറഞ്ഞാൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിൽ, അവിടുന്ന് പിന്നെ അധികദൂരമില്ല നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്. നിലവിലെ വെളിപ്പെടുത്തലുകളോ കണ്ടെത്തലുകളോ വച്ചുനോക്കുമ്പോൾ റിപ്പോർട്ട് ഗവൺമെന്റിനേയും ദേവസ്വം ബോർഡിനേയും വെള്ളം കുടിപ്പിക്കുന്നതാകാനേ തരമുള്ളൂ. എങ്കിൽ...?
ഏതായാലും ഒരു കാര്യം ഉറപ്പാണ്. 2019 മുതലിങ്ങോട്ട് ദേവസ്വം വകുപ്പും ദേവസ്വം ബോർഡും എല്ലാം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ ഒഴിഞ്ഞുമാറാനാവില്ല. പിന്നെ ചെയ്യാവുന്നത് ഉദ്യോഗസ്ഥരുടെ തലയിൽ വയ്ക്കാം. അതുതന്നെയായിരിക്കും സംഭവിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img