11:56pm 26 July 2026
NEWS
അടിമുടി ഇന്ത്യാ വിരുദ്ധത; അൽ ജസീറയെ എന്തുകൊണ്ട് ഇന്ത്യ നിരോധിക്കുന്നില്ല?
24/04/2025  03:35 PM IST
nila
അടിമുടി ഇന്ത്യാ വിരുദ്ധത; അൽ ജസീറയെ എന്തുകൊണ്ട് ഇന്ത്യ നിരോധിക്കുന്നില്ല?

കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുമ്പോഴും കശ്മീരിനെ ഇന്ത്യയുടെ ഭാ​ഗമായി അം​ഗീകരിക്കാതെ ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമമായ അൽ ജസീറ.  ഇന്ത്യൻ ഭരണത്തിലുള്ള കശ്മീർ എന്നാണ് ജമ്മു കശ്മീരിനെ അൽ ജസീറ വിശേഷിപ്പിക്കുന്നത്. പഹൽ​ഗാമിൽ ആക്രമണം നടത്തിയവരെ ഭീകകർ എന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കാനും അൽ ജസീറ തയ്യാറല്ല. വിമതർ എന്നാണ് പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരരെ അൽ ജസീറ വിശേഷിപ്പിക്കുന്നത്.

തീർത്തും ഇന്ത്യാ വിരുദ്ധ നിലപാടോടെയാണ്  പഹൽ​ഗാം ഭീകരാക്രമണത്തെ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നിട്ടും ഇന്ത്യയിൽ അൽ ജസീറയെ നിരോധിക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറാകാത്തത് അത്ഭുതപ്പെടുത്തുന്ന സം​ഗതിയാണ്. ഇന്ത്യൻ യൂണിയന്റെ ഐക്യത്തെയും അഖണ്ഡതയേയും അം​ഗീകരിക്കാത്ത ഒരു വിദേശ മാധ്യമത്തിന് തങ്ങളുടെ തത്വങ്ങളും കാഴ്ച്ചപ്പാടുകയും നിർബാധം ഇന്ത്യയിൽ പ്രചരിപ്പിക്കാൻ ഇന്നും സാഹചര്യമുണ്ട്.

കശ്മീരിലെ തെക്കൻ ജില്ലയായ അനന്ത്‌നാഗിൽ നടന്ന ആക്രമണം ഇന്ത്യയിലുടനീളം പ്രതിഷേധത്തിനിടയാക്കി എന്ന് റിപ്പോർട്ട് ചെയ്യുന്ന അൽ ജസീറ, മൂന്ന് പതിറ്റാണ്ടായി സായുധ കലാപം നടക്കുന്ന മേഖലയാണിതെന്നും റിപ്പോർട്ട് ചെയ്യുന്നു. ഭീകരാക്രമണമുണ്ടായ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും പ്രകൃതിഭം​ഗിയുമെല്ലാം വിവരിക്കുന്ന റിപ്പോർട്ടിൽ ഒരിടത്തും ഭീകരരെ കുറിച്ച് പറയുന്നില്ല. ആയുധ ധാരികളെന്നും റിബലുകളെന്നുമെല്ലാം വിശേഷിപ്പിക്കുന്നു. ആക്രമണം നടത്തിയ സംഘടനയെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇക്കാര്യം തങ്ങൾ തങ്ങൾ സ്ഥിരീകരിക്കുന്നില്ല എന്ന ജാമ്യവും അൽ ജസീറ എടുക്കുന്നുണ്ട്.

കശ്മീർ വിഭജനവും അതിനോടനുബന്ധിച്ച് കശ്മീരിൽ നടപ്പാക്കിയ നിയമങ്ങളുമാണ് റിബലുകളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. പതിറ്റാണ്ടുകളായി കശ്മീരിൽ നടക്കുന്ന പാക് സ്പോൺസേർഡ് തീവ്രവാദത്തെ കുറിച്ച് ഒരക്ഷരം പറയാൻ ഈ അന്താരാഷ്ട്ര മാധ്യമം തയ്യാറാകുന്നില്ല.

ഇത്രയേറെ ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്ന അൽ ജസീറയെ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ നിരോധിക്കാത്തത് എന്ന സംശയം ഏതൊരു ഇന്ത്യക്കാരന്റെയും മനസിൽ ഉയരും. ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമമാണ് അൽ ജസീറ. ഖത്തറുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുമെന്ന ആശങ്കയാകാം ഒരുപക്ഷേ അൽ ജസീറയ്ക്കെതിരായ നിലപാടെടുക്കാൻ കേന്ദ്ര സർക്കാരിനെ പിന്നോട്ട് വലിക്കുന്ന ഘടകം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img