04:47am 12 October 2024
NEWS
വയനാട്ടിൽ ശാസ്ത്രജ്ഞരെ വിലക്കാൻ ശ്രമിച്ചതെന്തുകൊണ്ട്? 5000 കോടിയുടെ തുരങ്ക പദ്ധതി: ശാസ്ത്രീയ പഠനം എവിടെ?
14/09/2024  08:46 PM IST
ചെറുകര സണ്ണീലൂക്കോസ്
വയനാട്ടിൽ ശാസ്ത്രജ്ഞരെ  വിലക്കാൻ ശ്രമിച്ചതെന്തുകൊണ്ട്? 5000 കോടിയുടെ തുരങ്ക പദ്ധതി: ശാസ്ത്രീയ പഠനം എവിടെ?

കാലാവസ്ഥാ വ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ- പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. വയനാട്ടിലുണ്ടായപോലുള്ള ഉരുൾപൊട്ടലുകൾ, വെള്ളപ്പൊക്കം, ഭൂചലനം ഇവയിലേതെങ്കിലും മൂലമുള്ള കനത്ത നാശം ഉണ്ടാകുമ്പോൾ മാത്രമാണ് കാലാവസ്ഥാവ്യതിയാനം എന്ന വർത്തമാനകാല ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമേറിയ വിഷയം മാധ്യമങ്ങളിലും പൊതു വേദികളിലും ചർച്ച ചെയ്യപ്പെടാറുള്ളത്. മുണ്ടക്കൈ, വെള്ളരിമല ഭാഗത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ദുരന്തനിവാരണ അതോറിറ്റി വിദഗ്ദ്ധരുടെ റിപ്പോർട്ട് എന്തുകൊണ്ട് നടപ്പാക്കിയില്ല?

പലപ്പോഴും ഈ ചർച്ചകൾ തന്നെ സംഭവിച്ച ദുരന്ത സാഹചര്യങ്ങളിൽ നിന്ന് തൽക്കാലം കരകയറാനുള്ള മാർഗ്ഗം എന്ത്, ദുരന്തത്തിന്റെ ഇരകൾക്കുള്ള ആനുകൂല്യങ്ങൾ എന്തെല്ലാം, അവരുടെ പുനരധിവാസം എങ്ങനെ തുടങ്ങിയ ആലോചനകളിൽ ഒതുങ്ങും. ഇത്തരം ദുരന്തങ്ങൾ സംഭവിക്കാനിടയാകുന്നതിന്റെ കാരണങ്ങൾ എന്ത്, ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്നും എന്തെല്ലാം വിട്ടുവീഴ്ചകൾ ചെയ്യാം എന്നൊക്കെയുള്ള പരിഹാരം തേടലുകളും പരിശോധനകളും ഉണ്ടാകുന്നില്ല.

കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളിൽ തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടതിനുപുറമെ മനുഷ്യനിർമ്മിതമായ കാരണങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ പാറ്റേണിലും താപനിലയിലുമുള്ള മാറ്റങ്ങളെയാണ് കാലാവസ്ഥാവ്യതിയാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് വേനലും മഴയും ഒക്കെ പതിവായി അനുഭവിച്ചുകൊണ്ടിരുന്ന കാലത്തിന് അല്ലെങ്കിൽ മാസങ്ങൾക്ക് വന്നിട്ടുള്ള മാറ്റം നമുക്കിപ്പോൾ പ്രകടമാണ്.

സൂര്യന്റെ പ്രവർത്തനത്തിലെ മാറ്റങ്ങളോ വലിയ അഗ്നിപർവ്വത സ്‌ഫോടനങ്ങളോ മൂലമുള്ള അത്തരം ഷിഫ്റ്റുകൾ സ്വാഭാവികമാണ്. എന്നാൽ 1800 കൾ മുതൽ, മനുഷ്യന്റെ പ്രവർത്തനങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രധാന ചാലകമാണ്. അതിൽ പ്രധാനം മനുഷ്യർ കൽക്കരി, എണ്ണ, വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചതാണ്. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന പ്രധാന ഹരിതഗൃഹ വാതകങ്ങളിൽ കാർബൺഡൈ ഓക്‌സൈഡും മീഥെയ്‌നും ഉൾപ്പെടുന്നു.

ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുന്ന പ്രധാന പ്രവർത്തന മേഖലകൾ ഊർജ്ജം, വ്യവസായം, ഗതാഗതം, കെട്ടിടങ്ങൾ, കൃഷി, ഭൂവിനിയോഗം, കാടുകൾ വെട്ടിത്തെളിക്കുകയും, ഭൂമി വെട്ടിനിരത്തുകയും ചെയ്യുന്നത് മൂലം കാർബൺ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് തുടങ്ങിയവയാണ്.

കഴിഞ്ഞ 200 വർഷത്തിനിടയിലെ എല്ലാ ആഗോളതാപനങ്ങൾക്കും മനുഷ്യർ ഉത്തരവാദികളാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. എന്നാൽ താപനില ഉയരുന്നതുമാത്രമല്ല, അതിന്റെ ഫലമായി തീവ്രമായ വരൾച്ച, ജലക്ഷാമം, കഠിനമായ തീപിടിത്തങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, ധ്രുവീയ മഞ്ഞുരുകൽ, വിനാശകരമായ കൊടുങ്കാറ്റുകൾ, മേഘവിസ്‌ഫോടനം, അതിതീവ്രമഴ, ഉരുൾപൊട്ടൽ, വെള്ളപൊക്കം, കുറയുന്ന ജൈവവൈവിധ്യം, കൃഷിനാശം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ്.

അങ്ങനെ കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ ആരോഗ്യം, പാർപ്പിടം, സുരക്ഷ, ഭക്ഷണം, ജോലി എന്നിവയെ എല്ലാം ബാധിക്കും. ഭാവിയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വളരെയേറെ ഉയരാനാണ് സാധ്യത.

2024 മെയ് 8 ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2024 പറയുന്നത് പാരിസ്ഥിതിക ആഘാതങ്ങളും കാലാവസ്ഥാവ്യതിയാനവും മൂലം മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത തോതിൽ മനുഷ്യർ നിർബന്ധിതമായി കുടിയിറങ്ങേണ്ടി വരുന്നുവെന്നാണ്. കാലാവസ്ഥാ ആഘാതം മൂലം 2050 ഓടെ 216 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും എന്ന് വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2024 ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഇന്ത്യയിൽ പൊതുവേ 2024 ൽ ഉഷ്ണതരംഗങ്ങൾ തീവ്രമാക്കുകയും അതുമൂലമുള്ള ഉരുൾപൊട്ടലുകൾക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കുകയും ചെയ്തു.

നമ്മുടെ കൊച്ചുകേരളത്തിലും കഴിഞ്ഞ ഏഴ് വർഷത്തിനിടെയുണ്ടായത് ഏഴ് വൻ പ്രകൃതിദുരന്തങ്ങളാണ്. 2018 ൽ 480 പേരുടെ മരണവും അതിലേറെ വൻ നാശനഷ്ടങ്ങളും സൃഷ്ടിച്ച മഹാപ്രളയം, 2019 ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടൽ. 2020 ൽ കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കിയിലെ കൊക്കാറും ഉണ്ടായ ഉരുൾപൊട്ടലുകൾ. ഒടുവിൽ ജൂലൈ 30 ന് പുലർച്ചെ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച വിവരണാതീതമായ നാശം. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളും, ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായവരും മരണപ്പെട്ടിട്ടുണ്ട് എന്നുറപ്പായതിനാൽ 400 പേരുടെയെങ്കിലും മരണത്തിനിടയാക്കിയിട്ടുണ്ട്. ദുരന്തത്തിന് ഉത്തരവാദി അന്ന് പെയ്ത അതിതീവ്രമഴ മാത്രമാണോ? ഏതൊരു പരിസ്ഥിതി ശാസ്ത്രജ്ഞനും പറയും പരിസ്ഥിതി നിലനിർത്താനുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങൾ നിരന്തരം അവഗണിക്കുന്ന സർക്കാരും ഈ ദുരന്തത്തിനുത്തരവാദികളാണെന്ന്.

കേരളംപോലെ ഉയർന്ന സാക്ഷരതയും രാഷ്ട്രീയപ്രബുദ്ധതയുമുള്ള ഒരു സംസ്ഥാനത്ത് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെത്തി പഠനം നടത്തരുതെന്ന് ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം പുറപ്പെടുവിച്ചെങ്കിൽ, ദുരന്തത്തെക്കുറിച്ച് ശാസ്ത്രജ്ഞർ മാധ്യമങ്ങളോട് സംസാരിക്കുകയോ വിദഗ്ദ്ധാഭിപ്രായങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് ചീഫ് സെക്രട്ടറി വിലക്കിയെങ്കിൽ, അവർ നേടിയ ഐ.എ.എസിന്റെ പോലും വില കളഞ്ഞു രാഷ്ട്രീയഭരണ നേതൃത്വത്തിന്റെ ഇംഗിതം നടപ്പാക്കുകയായിരുന്നു എന്ന് വ്യക്തം. ശാസ്ത്രീയമായ വിദഗ്ദ്ധ അഭിപ്രായങ്ങൾ ചർച്ചയായാൽ ഭരണനേതൃത്വത്തിന്റെ വീഴ്ചയും, വോട്ട് ബാങ്ക് പ്രീണന നയവും ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടപ്പെടും എന്ന ഭയമാകാം ഇത്രയും പിന്തിരിപ്പനായ ഒരു വിലക്ക് ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഒടുവിൽ നാണംകെട്ട് പ്രത്യക്ഷത്തിൽ ആ വിലക്ക് പിൻവലിക്കേണ്ടി വന്നെങ്കിലും പരോക്ഷമായ വിലക്കിനെ ഭയന്ന് പലരും അഭിപ്രായപ്രകടനങ്ങളിൽ നിന്നൊഴിഞ്ഞുനിന്നു. അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം വിലക്കിയാലും സത്യം സത്യമല്ലാതാകില്ല.

ആറ് സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശമായ പശ്ചിമഘട്ടം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി യുനെസ്‌കോ അംഗീകരിച്ച വൃക്ഷ, സസ്യ സമൃദ്ധമായ ഈ മലനിരകൾ ഗോദാവരി, കൃഷ്ണ, കാവേരി എന്നിവയുൾപ്പെടെ നിരവധി നദികളുടെ ഉത്ഭവസ്ഥാനമാണ്. മനുഷ്യന്റെ കടന്നുകയറ്റവും ചൂഷണവും മൂലം നാശോന്മുഖമായി കൊണ്ടിരുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ രണ്ടാം യു.പി.എ സർക്കാർ 2010 ൽ 14 വിദഗ്ദ്ധരടങ്ങിയ ഒരു കമ്മിറ്റിയെ പ്രമുഖ പരിസ്ഥിതി ശാസ്ത്രകാരൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി നിയോഗിച്ചു. വിശദമായ പഠനത്തിനുശേഷം കമ്മീഷൻ 2011 ഓഗസ്റ്റ് 31 ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

വോട്ട് ബാങ്ക് രാഷ്ട്രീയം ക്വാറി മാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയ ഇവയുടെ സ്വാധീനം മൂലം ഈ റിപ്പോർട്ട് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ നിരാകരിക്കുകയും പരിസ്ഥിതിലോല പ്രദേശങ്ങളെ ജനവാസ യോഗ്യമായ റിപ്പോർട്ട് ഉണ്ടാക്കാൻ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കുകയുമായിരുന്നു.

പശ്ചിമഘട്ട മലനിരകളിൽ 450 കിലോമീറ്റർ കേരളത്തിലാണ്. 28008 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ പശ്ചിമഘട്ട വനപ്രദേശങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിൽ അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിനെപ്പോലെ അപൂർവ്വം ചിലരൊഴിച്ചാൽ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങൾ പരാജയപ്പെടുകയായിരുന്നു.

പശ്ചിമഘട്ടത്തെക്കുറിച്ചുള്ള പഠനറിപ്പോർട്ടുകൾ പറയുന്നത് ഇവിടെ 1848 ചതുരശ്ര കിലോമീറ്റർ പ്രദേശം മണ്ണിടിച്ചിലിനോ ഉരുൾപൊട്ടലിനോ സാധ്യതയുള്ളയിടമാണെന്നാണ്. 20 ശതമാനത്തിലേറെ ചെരിവുള്ള മലയോരങ്ങളിൽ ക്വാറികളും റിസോർട്ടുകളും കുളങ്ങളും കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങളും, മലവെട്ടിനിരത്തിയുള്ള റോഡുകളും വൻമരങ്ങൾ വെട്ടിമാറ്റുന്നതും അവിടുത്തെ ഭൂമിയുടെ സ്വാഭാവിക ഘടനയെ തകർത്ത് ദുർബലപ്പെടുത്തിയതാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു.

2019 ൽ വയനാട് പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ അവിടെയെത്തിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്നും അതിന് നാലോ അഞ്ചോ വർഷം മതിയാകുമെന്നും കൃത്യമായി പ്രവചിച്ചിരുന്നു.

2018-2020 വരെയുള്ള കാലത്ത് വയനാട്ടിലുണ്ടായ തുടർച്ചയായ മലയിടിച്ചിലിനെയും ഉരുൽപൊട്ടലിനെയും തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഒരു വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചു. വിദഗ്ദ്ധ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ വയനാട്ടിലെ പശ്ചിമഘട്ട മലഞ്ചെരിവുകളിലെ സുരക്ഷിതമല്ലാത്ത ഇടത്ത് 4000 ത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും അവരെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കണമെന്നും ശുപാർശചെയ്തു. എന്നാൽ സർക്കാർ ഈ ശുപാർശ മുഖവിലക്കെടുത്തതേയില്ല. ആ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ അരക്ഷിത പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ താമസിച്ചിരുന്നത് മുണ്ടക്കൈ വെള്ളരിമല പ്രദേശത്തുള്ളവരായിരുന്നു.

ഈ റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ പൂഴ്ത്തി വച്ചു. സർക്കാർ 2009 ൽ സെന്റർ ഫോർ എർത്ത് സയന്റ്‌സ് സ്റ്റഡീസ് ഡോ. ജി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ പഠനം; ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുണ്ടക്കൈയും കാമൽഹംപ് പർവ്വതനിരയുടെ ചെരിവുകളും ചെമ്പ്രപീക്കും കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ നിർമ്മാണവും ഭൂവിനിയോഗവും നിയന്ത്രിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

എന്നാൽ ഈ ശുപാർശകളെല്ലാം അവഗണിച്ച സർക്കാർ മുണ്ടക്കൈയും പരിസരപ്രദേശങ്ങളും റിസോർട്ടുകളും ഹോംസ്റ്റേകളും കൊണ്ട് നിറഞ്ഞപ്പോഴും കണ്ണടയ്ക്കുകയായിരുന്നു. മേപ്പാടി പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ക്വാറികളും നിരവധിയാണ്.

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുദ്ദേശിച്ച് ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപ്പാത എന്ന പദ്ധതിക്ക് രൂപം നൽകിയവർ പരിസ്ഥിതി ആഘാതപഠനം നടത്താതെ തിടുക്കത്തിൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. 5000 കോടിയുടേതാണ് പദ്ധതി. ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലൂടെയാണ് പശ്ചിമഘട്ടം നെടുകെ തുരക്കുന്ന പാത കടന്നുപോകുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി വരുന്നു. ടെണ്ടർ നടപടികളും പുരോഗമിക്കുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിൽ റെഡ്‌സോൺ എന്നുപറഞ്ഞിട്ടുള്ള ഏറ്റവും ദുർബലവും സങ്കീർണ്ണവുമായ മലതുരന്ന് തുരങ്കം ഉണ്ടാക്കുന്നത് എത്ര വലിയ പരിസ്ഥിതി ആഘാതം സൃഷ്ടിക്കും എന്ന് മനസ്സിലാക്കാൻ പരിസ്ഥിതി ശാസ്ത്രജ്ഞനൊന്നുമാവേണ്ട ആവശ്യമില്ല. പരിസ്ഥിതിവിദഗ്ദ്ധർ ദുരന്തം ഉണ്ടായ മേഖലയിൽ പോകുകയോ അഭിപ്രായം പറയുകയോ ചെയ്യരുത് എന്ന് വിലക്കാൻ ഒരുമ്പെട്ടതിന് അങ്ങനെ കാരണങ്ങൾ പലതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img