12:44pm 25 May 2026
NEWS
എന്തുകൊണ്ട് ന്യൂനപക്ഷങ്ങൾ ഇടതു മുന്നണിയെ കൈവിട്ടു ?
25/05/2026  10:13 AM IST
നെല്ലിക്കുത്ത് ഹനീഫ
എന്തുകൊണ്ട് ന്യൂനപക്ഷങ്ങൾ  ഇടതു മുന്നണിയെ കൈവിട്ടു ?
HIGHLIGHTS

മലപ്പുറത്ത് 'ആട്ടിൻതലയും, മയ്യത്തും' പ്രദർശിപ്പിച്ചു

സംസ്ഥാനത്ത് ഒട്ടാകെ വീശിയടിച്ച യു.ഡി.എഫ് കൊടുങ്കാറ്റിൽ ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം, ന്യൂനപക്ഷങ്ങളും ഇടത് മുന്നണിയെ കൈവിട്ടതായിട്ടാണ് ഇടത് മുന്നണി യോഗം വിലയിരുത്തിയത്. യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ട് ഏകീകരണമുണ്ടായി, ന്യൂനപക്ഷ വോട്ടുകളിലെ ഈ മാറ്റം മുൻകൂട്ടി കണ്ടെത്താനോ, ഇടപെടാനോ മുന്നണിക്കോ, നേതൃത്വം നൽകുന്ന സി.പി.എമ്മിനോ കഴിഞ്ഞില്ല, അതേസമയം ഭൂരിപക്ഷ സമുദായത്തിലെ വോട്ടിൽ മുന്നണി പ്രതീക്ഷ അർപ്പിച്ചെങ്കിലും, അവിടേയും വലിയ തോതിൽ ചോർച്ച ഉണ്ടായി ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടത് ഇനിയെങ്കിലും ഗൗരവ്വതരമായി കാണണമെന്നും യോഗത്തിൽ വിമർശമുയർന്നുവത്രെ. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകൾ ഒരു പോലെ കൈവിട്ടതാണ് കനത്ത പരാജയത്തിന് കാരണമായതെന്നും ഈ പങ്ക് ലഭിച്ചത് ബി.ജെ.പി ക്കാണെന്നും. ഘടകകക്ഷികൾ ചൂണ്ടിക്കാട്ടി.

അതേസമയം മലബാറിൽ ഇടത് മുന്നണിയെ അനുകൂലിച്ചിരുന്ന സംഘടനകൾ കൈവിട്ടതാണ് ഇടത് പക്ഷത്തിന് വൻ തിരിച്ചടി ഉണ്ടാക്കിയതായി മലബാറിലെ നിരീക്ഷകർ വിലയിരുത്തിയതു. കോഴിക്കോട്ടും, മലപ്പുറത്തുമുണ്ടായ ഇടത് മുന്നണിയുടെ തകർച്ച ന്യൂനപക്ഷങ്ങൾ കൈവിട്ടതിന്റെ വ്യക്തമായ സൂചനയായി വിലയിരുത്താനാകും. തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര മണ്ഡലങ്ങളിലെ ക്രിസ്ത്യൻ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി. വിവിധ സാമൂഹിക വിഭാഗങ്ങളുടെ പിന്തുണയും യു.ഡി.എഫിന്റെ വിജയത്തിന് തിളക്കം വർദ്ധിപ്പിച്ചു. നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവർ ഇടത് സർക്കാറിനെതിരെ പല തവണ ആരോപിച്ച ഗൗരവതരമായ വിഷയങ്ങൾ ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും, അതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായതെന്നും വിലയിരുത്തുന്നവരുണ്ട്. പോലീസിന്റെ സംഘ്പരിവാർ അനുകൂല നിലപാടുകൾ ചർച്ചയായതോടെ, അക്കാര്യത്തിൽ സി.പി.എം കൈക്കൊണ്ട പല നിലപാടുകളും ന്യൂനപക്ഷ വിരുദ്ധമാണെന്ന പൊതുവിലയിരുത്തൽ മുസ്ലിം സമുദായത്തിനിടയിൽ ശക്തമായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തിന് എതിരായി നടത്തിയ പരാമർശങ്ങളും, മുൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയയുമായുള്ള കൂടിക്കാഴ്ച ചർച്ചയായതും, സുജിത്ദാസ് മലപ്പുറം പോലീസ് ചീഫ് ആയിരിക്കെ ക്രിമിനൽ കേസ്സുകളുടെ എണ്ണം പെരുപ്പിച്ച്, മലപ്പുറത്തെ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമം നടത്തുന്നു എന്ന ആരോപണവും, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ മലപ്പുറം ജില്ലയ്ക്കും, മുസ്ലിം സമുദായത്തിനും എതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ സർക്കാർ അനുകൂലാർത്ഥത്തിൽ മൗനം പൂണ്ടതും, ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ മലപ്പുറം ജില്ലയിലേതുൾപ്പടെയുള്ള ഒട്ടേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷങ്ങളെ സി.പിഎമ്മിൽ നിന്ന് അകറ്റാൻ ഇടയാക്കിയതായും പലരും ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂന്നര പതിറ്റാണ്ടിന് ശേഷമാണ് മലപ്പുറത്ത് ഒരു സീറ്റ് പോലും നേടാൻ പോലും കഴിയാതെ ഇടതുപക്ഷം സംപൂജ്യരായത്. 

1987-ലാണ് ഇത് പോലുള്ള ഒരവസ്ഥ ഇടതുപക്ഷത്തിനുണ്ടായത്. ഇത്തവണയും മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ, നിലമ്പൂർ, മഞ്ചേരി, മങ്കട, വേങ്ങര, വള്ളിക്കുന്ന്, താനൂർ, തവനൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പയറ്റിയ സ്വതന്ത്ര തന്ത്രങ്ങൾ മുന്നണിയ്ക്ക് ഒരു ഗുണവും വരുത്തിയില്ല. മലപ്പുറത്തെ 16 സീറ്റിൽ 12 ഇടത്താണ് സി.പി.എം മത്സരിച്ചത്. ഇതിൽ ആറിടത്തും സ്വതന്ത്ര പരീക്ഷ ണമായിരുന്നു. എല്ലാം തന്നെ പാളി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിടത്ത് പോലും കാര്യമായ ചലനമുണ്ടാക്കാനായില്ല. ഇടത് കേന്ദ്രങ്ങൾ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന പൊന്നാനിയിലും, തവനൂരിലും ഒരു തരത്തിലും ചലനമുണ്ടാക്കാനും ആയില്ല. രണ്ട് തെരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലം കൈപ്പിടിയിൽ ഒതുക്കിയ മന്ത്രി വി. അബ്ദുറഹ്മാൻ കളം മാറി, തിരൂരിലെത്തിയെങ്കിലും ആ പരീക്ഷണവും പാളി.

വോട്ട് വിഹിതം

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 6.75 ശതമാനമായിരുന്നു. 49.17 ശതമാനം വോട്ടുകൾ യു.ഡി.എഫും, 42.42 ശതമാനം വോട്ട് എൽ.ഡി.എഫും നേടി. 5.85 ശതമാനം വോട്ടുകൾ എൻ. ഡി.എ യ്ക്കും ലഭിച്ചു. അന്ന് എൽ.ഡി.എഫിനേക്കാൾ 169,566 വോട്ടുകളാണ് യു.ഡി.എ ഫിന് അധികം ലഭിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ തട്ടിച്ച് നോക്കുമ്പോൾ, മലപ്പുറത്ത് യു. ഡി.എഫ് വോട്ടുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എൻ.ഡി.എ യും വോട്ട് വർദ്ധിപ്പിച്ചു. അതോടൊപ്പം എൽ.ഡി.എഫ് വോട്ടുകൾ ഗണ്യമായി കുറയുകയും ചെയ്തു. 2021-ലെ തെരഞ്ഞെടുപ്പിൽ നേടി യതിനേക്കാൾ 4,57,827 വോട്ടുകളാണ് ഇത്തവണ യു.ഡി.എഫ് കൂടുതൽ പെട്ടിയിലാക്കിയത്. എൽ.ഡി.എഫിന് 80,778 വോട്ടുകൾ കുറയുകയും ചെയ്തു. എൻ.ഡി.എ 33,847 വോട്ടുകൾ അധികം നേടി. 24 ശതമാനം വോട്ടുകളുടെ വ്യത്യാസമാണ് ഇരു മുന്നണികളും തമ്മിലുള്ളത്. ഇടത് മുന്നണിയേക്കാൾ, യു.ഡി.എഫിന് 7,08,171 വോട്ടുകളാണ് ഇത്തവണ കൂടുതലായി ലഭിച്ചത്.  ശതമാന കണക്കിൽ നോക്കുമ്പോൾ, യു.ഡി.എഫ് 57.83 ശതമാനവും, എൽ.ഡി.എഫ് 33.65 ശതമാനവുമാണ് വോട്ട് നേടിയത്. എൻ.ഡി.എ യ്ക്ക് ഇത്തവണ 6.18 ശതമാനം വോട്ടുകളുമുണ്ട്. മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ച  സി.പി.ഐ യും നിലം തൊട്ടില്ല. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച തിരൂരങ്ങാടിയിലും, ഏറനാട്ടിലും, മഞ്ചേരിയിൽ സ്വതന്ത്രനായി മത്സരിച്ച വി.എം മുസ്തഫയും നിലം തൊട്ടില്ല. മലപ്പുറത്ത് മത്സരിച്ച  ഇടത് ഘടകകക്ഷി എൻ.സി.പി-ശരത്ചന്ദ്ര പവാർ സ്ഥാനാർത്ഥിയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 

'ആട്ടിൻ തലയും മയ്യത്തും' 

2006-ൽ കുറ്റിപ്പുറത്ത് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കടപുഴക്കി എറിഞ്ഞ് തരംഗം സൃഷ്ടിച്ച് കേരളാ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ കെ.ടി ജലീൽ തുടർച്ചയായി നാല് തവണ ഇടത് ടിക്കറ്റിൽ നിയമസഭയിലെത്തുകയും, ഈ തവണ അതായത് അഞ്ചാം ഊഴം കോൺഗ്രസ്സിലെ വി.എസ് ജോയിയോട് മുട്ടുകുത്തുകയുമായിരുന്നു. തവനൂർ മണ്ഡലത്തിൽ 14,647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി.എസ് ജോയ് എൽ.ഡി.എഫിലെ മുൻ മന്ത്രി കെ.ടി ജലീലിന്റെ ആധിപത്യം തകർത്തത്. ജലീലിന്റെ പരാജയം മുസ്ലിംലീഗ് പ്രവർത്തകർ മണ്ഡലത്തിൽ ആഘോഷിച്ചത് അത്യന്തം പ്രാകൃത രീതിയാലാണെന്ന്, മതനേതാക്കൾ ഉൾപ്പടെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയായിൽ വൻ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ആഹ്ലാദ പ്രകടനം അതിര് കടക്കരുതെന്ന് ലീഗ് നേതൃത്വം അണികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതെല്ലാം കാറ്റിൽ പറത്തിയാണ് ലീഗണികൾ ജലീലിന്റെ തോൽവി ആഘോഷമാക്കിയത്. മൂക്കിൽ പഞ്ഞ് വെച്ച ജലീലിന്റെ മുഖമൂടിയുമായി ജലീലിന്റെ സാങ്കൽപ്പിക 'മയ്യത്ത്' (മൃതദേഹം) വഹിച്ചും, ആഹ്ലാദ പ്രകടനത്തിൽ ഒരു ആടിനെ ആഘോഷപൂർവ്വം കൊണ്ടുനടന്ന്, പിന്നീട് അതിന്റെ തല വെട്ടിയ ശേഷം പ്രകടനം നടത്തിയുമാണ് ലീഗണികൾ ആഘോഷ പ്രകടനം നടത്തിയത്. ഇതിനെതിരെ പൊതുരോഷം ഉയർന്നതോടെ, തിരൂർ പോലീസ് കേസ്സെടുത്തിട്ടുമുണ്ട്.

തവനൂരിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ മുസ്ലിംലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച നടപടി അത്യന്തം പ്രാകൃതമാണ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ മലപ്പുറത്ത് ഇടതുപക്ഷം ഒന്നാകെ ഇല്ലാതായി എന്ന ധാരണ വേണ്ടെന്നും, ജനങ്ങളെ അണി നിരത്തി ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ സി.പി.എം ശക്തമായി മുന്നോട്ട് വരുമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.  തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയിലെ നടപടി ക്രമമാണ്. അതിൽ ജയപരാജയങ്ങൾ സ്വാഭാവികവുമാണ്. എന്നാൽ ആടിന്റെ തല വടിയിൽ കെട്ടിത്തൂക്കി വിജയം ആഘോഷിക്കുന്നത് തീർത്തും പ്രാകൃതത്വമാണ്. ജില്ലയിൽ പല തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് നേതാക്കൾ തോറ്റിട്ടുണ്ട്. അതിനോട് സമചിത്തതയോടെയാണ് ഇടത്പക്ഷം പ്രതികരിച്ചിട്ടുള്ളതെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. 

കോൺഗ്രസ്സ് അട്ടിമറി

 2008-ലുണ്ടായ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം മലപ്പുറത്ത് മണ്ഡലങ്ങളുടെ എണ്ണം 16 ആയ തോടെയാണ് കോൺഗ്രസ്സിന് നാല് സീറ്റ് ലഭിയ്ക്കുന്നത്. എന്നാൽ കാൽ നൂറ്റാണ്ടിന് ശേഷമാണ് മലപ്പുറത്തെ നാലിടത്തും കൂടി കോൺഗ്രസ്സ് വിജയിക്കുന്നതും. പാർ ട്ടിയുടെ കണക്ക് കൂട്ടലുകളും, വിലയിരുത്തലുകളും തെറ്റിച്ച ഭൂരിപക്ഷം നാലിടത്തും ഉണ്ടാവുകയും ചെയ്തു. അതിൽ നിലമ്പൂർ മണ്ഡലത്തിലേത് അര ലക്ഷത്തന് മുകളിലാണ്. രണ്ട് പതിറ്റാണ്ട് കാലത്തെ സി.പി.എം കുത്തക തകർത്ത് 13,267 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ സക്കീറിനെ പരാജയപ്പെടുത്തിയാണ് പൊന്നാനിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി കെ.പി നൗഷാദലി തിളക്കമാർന്ന വിജയം നേടിയത്. 2021-ലെ സ്ഥാനാർഥി എ.എം  രോഹിത്തിന് ലഭിച്ചതിനേക്കാൾ 23,049 വോട്ടുകൾ അധികം പിടിച്ചാണ് ഇത്തവണ നൗഷാദലി മികച്ച മുന്നേറ്റം നടത്തിയത്. 54,851 വോട്ടുകളുടെ ചരിത്ര ഭൂ രിപക്ഷത്തോടെയാണ് നിലമ്പൂരിൽ എൽ.ഡി.എഫ് സ്വതന്ത്രൻ യു. ഷറഫലിയെ തറപറ്റിച്ച് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. 2025-ലെ ഉപ തെരഞ്ഞെടുപ്പിൽ ഷൗക്കത്തിന് ലഭിച്ച 11,077 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ അനേകം മടങ്ങായി വർദ്ധിച്ചത്. വണ്ടൂരിൽ എ.പി. അനിൽകുമാർ 47939 വോട്ടിനാണ് എൽ.ഡി.എഫിലെ ഡോ. കെ.കെ  ദാമോദരനെ പരാജയപ്പെടുത്തിയത്.

എന്തുകൊണ്ട് തോറ്റു ?

തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റ് വാങ്ങിയതോടെ, സി.പി.ഐ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശം ഉയർന്നിരുന്നു. എന്നാൽ ഇത്തരം വ്യക്തിപരമായ വിർമശനങ്ങളൊന്നും, പിന്നീട് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഉണ്ടായില്ല. ഓരോ ഘടക കക്ഷികളും പരാജയം സംബന്ധിച്ച് പഠിച്ച ശേഷം ജൂൺ 15-ന് വിശദമായ യോഗം ചേരാനിരിക്കുകയാണ്. 10 വർഷത്തെ വികസനം യു.ഡി.എഫിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയത് കൊണ്ട് വീണ്ടും ഒരു ടേം കൂടി ഇടതുമുന്നണിയ്ക്ക് ലഭിക്കരുത് എന്ന നിലപാടിൽ യു.ഡി.എഫ് കർശന സ്വഭാവത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, സർക്കാരിനെതിരെ മാധ്യമങ്ങൾ ശക്തമായി നിലകൊണ്ടതും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന ഘടകമായി മാറിയെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഭൂരിപക്ഷ വോട്ടുകൾ തങ്ങൾക്കൊപ്പം കൂട്ടാൻ നടത്തിയ നീക്കങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റാൻ ഇടയാക്കി എന്നും, ശബരിമല സ്വർണ്ണക്കൊള്ള വിവാദങ്ങളോടെ, ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ഭൂരിപക്ഷ വോട്ടുകളും കൈവിട്ടതായും ഇടത് മുന്നണി വിലയിരുത്തുന്നുണ്ട്. തുടർച്ചയായി ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ആവർത്തിച്ച വെള്ളാപ്പള്ളി നടേശനെ ഇടത് മുന്നണി സംരക്ഷിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി. 

ന്യായീകരിക്കാനാകാത്ത പരാമർശങ്ങൾ വെള്ളാപ്പള്ളി തുടർന്നപ്പോൾ, അതിനെല്ലാം മുന്നണി നേതാക്കൾ പിന്തുണയ്ക്കുന്നു എന്ന തോന്നൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ശക്തമായതായും, ഇക്കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും സി.പി.എം തിരുത്തലിന് തയ്യാറായില്ല എന്ന വിമർശനവുമാണ് സി.പി.ഐ ഇടത് മുന്നണി യോഗത്തിൽ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രഹരമേൽപ്പിച്ചതിന്റെ കാരണവും ഇതാണ്. ഇടത് മുന്നണിയെ മാത്രമല്ല, പുറത്തുള്ള ജനങ്ങളെക്കൂടി തുറന്ന മനസ്സോടെ കേട്ടെങ്കിലേ, തിരുത്തലുകൾക്കും, തിരിച്ച് വരവിനും സാധിക്കൂ എന്ന വികാരമാണ് യോഗത്തിൽ പൊതുവിലുണ്ടായത്. എന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ അംഗീകരിക്കാൻ തയ്യാറായില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു തോൽവിയെന്ന് സമഗ്രമായി പരിശോധിക്കണം. 

ഘടകകക്ഷികളുടെ കമ്മിറ്റികളെ മാത്രമല്ല, ജനങ്ങളുടെ പ്രതികരണം കേൾക്കാനും തയ്യാറാകണം. എല്ലാ അഭിപ്രായങ്ങളും തുറന്ന് പറയാൻ അവസരമുണ്ടായെങ്കിലേ തിരുത്തലിലേക്ക് പോകാനാകൂ എന്നും ഏറ്റവും താഴെത്തട്ടിൽ നിന്നുള്ള വിലയിരുത്തലുകൾക്ക് ചെവികൊടുക്കണമെന്നും ഇടത് മുന്നണി യോഗത്തിൽ അഭിപ്രായമുയർന്നു. എങ്കിലും, എന്തുകൊണ്ട് നാം തോറ്റു എന്ന ചോദ്യം ഇപ്പോഴും അണികൾക്കിടയിൽ അവശേഷിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി കേരള ഭരണം തുടർന്ന ഇടത്പക്ഷ സർക്കാരിന്റെ ആർ.എസ്.എസ് ദാസ്യത്തേയും, ജനവിരുദ്ധ നയങ്ങളേയും കേരളീയ സമൂഹം കൃത്യമായി വിലയിരുത്തി എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്ന് വെൽഫെയർ പാർട്ടി വ്യക്തമാക്കി. വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മലപ്പുറത്ത് നടത്തിയ പ്രകടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, സെക്രട്ടറി ഷാക്കിർ മോങ്ങം, മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ, സെക്രട്ടറി മെഹബൂബ് റഹിമാൻ,  മുനിസിപ്പൽ പ്രസിഡണ്ട് പിപി മുഹമ്മദ് മാസ്റ്റർ, ഖൈറുന്നീസ ടീച്ചർ, മാജിദ ഉമ്മത്തൂർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.