
വളരെക്കാലത്തെ മാന്ദ്യത്തിനുശേഷം പ്രതിരോധ ഓഹരികൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ശതമാനത്തിലധികം ഇടിവും 2025 ൽ 9 ശതമാനത്തിലധികം ഇടിവും നേരിട്ട ഓഹരി ഒടുവിൽ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കഴിഞ്ഞ ഒരു മാസത്തിൽ ഇത് 11ശതമാനവും കഴിഞ്ഞ അഞ്ച് ട്രേഡിങ്ങ് സെഷനുകളിലായി ഏകദേശം ശതമാനവും നേട്ടമുണ്ടാക്കി. ഒരു ആഴ്ചയ്ക്കുള്ളിൽ 30ശതമാനം വരെയും സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ നിന്ന് 100 ശതമാനത്തിലധികം വരെയും ഉയർന്നു. പ്രതിരോധ ഓഹരികളുടെ ഈ കുതിച്ചു ചാട്ടം എന്തുകൊണ്ടാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
സൂചികയില്‍ മികച്ച പ്രകടനമാണ് പ്രതിരോധ ഓഹരികൾ കാഴ്ച്ചവെക്കുന്നത്. പ്രതിരോധ ഓഹരികളുടെ പ്രകടനം ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നുണ്ട്. മാര്‍ച്ച് നാലു മുതല്‍ 21 വരെയുള്ള കാലയളവില്‍ പ്രതിരോധ ഓഹരികള്‍ 17.1 ശതമാനത്തോളം നേട്ടം കൊയ്തു എന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് (ഐ.ആര്‍.ഇ.ഡി.എ), ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ്, ഭാരത് ഡൈനാമിക്‌സ് തുടങ്ങി പ്രതിരോധ മേഖലയിലെ എല്ലാ കമ്പനികളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെക്കുന്നത്.
പ്രതിരോധ മേഖലയില്‍ വലിയ കരാറുകള്‍ ലഭിക്കുന്നതാണ് ഈ ഓഹരികളുടെ കുതിപ്പിന് കാരണം. ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ് വിപണിയിലെ ഈ ഉണർവിന് പിന്നിലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും മറ്റ് വിപണികളിലേക്കും പോയിരുന്ന വിദേശ നിക്ഷേപകര്‍ ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തുന്നത് ശുഭസൂചനയാണെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
പ്രതിരോധ അംഗീകാരങ്ങൾക്കായി മാർച്ച് സാധാരണയായി സജീവമായ മാസമാണെന്നതും വിപണിയിലെ ഉണർവിന് കാരണമാണ്. ഇന്ത്യയുടെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കഴിഞ്ഞ ആഴ്ച 54,000 കോടി രൂപയുടെ പ്രൊപ്പോസലുകൾ അംഗീകരിച്ചു. ചൈനയുമായുള്ള സംഘർഷ സാധ്യതകളും സൈനിക ചെലവുകളിൽ തുടർച്ചയായ വർദ്ധനവും കണക്കിലെടുത്ത് ഇന്ത്യ പ്രതിരോധത്തിനായുള്ള ചെലവുകൾ വർദ്ധിപ്പിക്കുകയും പ്രാദേശിക യുദ്ധോപകരണങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ആഗോള സൈനിക ചെലവുകൾ വർദ്ധിച്ചതും പ്രതിരോധ രംഗത്തെ ഈ ഉണർവിന് കാരണമാണ്.











