04:55am 14 July 2026
NEWS
ആരോപണങ്ങളുടെ തുടർനടപടികൾ പ്രസിദ്ധീകരിക്കാത്തതെന്ത്?
13/07/2026  07:49 PM IST
ഡോ കെ പി പൗലോസ്
ആരോപണങ്ങളുടെ തുടർനടപടികൾ പ്രസിദ്ധീകരിക്കാത്തതെന്ത്?

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി തൽസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞ് കെ.മുരളീധരൻ നടത്തിയ ഒരു പ്രസ്താവനയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിൽസൺ രോഗം ബാധിച്ച് വിൽഫ്രഡ് എന്ന രോഗി കട്ടിലിൽ നിന്ന് താഴെ വീണ് (2026 മെയ് മാസം മുപ്പതാം തീയതി)  മരിച്ചു എന്നും, മരിച്ചതിന്റെ കാരണം വീഴ്ചയുടെ ക്ഷതം ആണോ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധകൊണ്ടാണോ ചികിത്സാ പ്പിഴവ് കൊണ്ടാണോ എന്ന് പോസ്റ്റ്മാർട്ടം കഴിഞ്ഞാൽ ഉടനെ വിശദീകരിക്കാമെന്ന്  പറഞ്ഞതായി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിൽ റിപ്പോർട്ട് ചെയ്തിട്ട് ആഴ്ചകൾ നാലായി. കട്ടിലിൽ നിന്നും വീണ ഉടനെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും, മരണപ്പെട്ട രോഗി അബോധാവസ്ഥയിലായിരുന്നോ  എന്നും മറ്റുമുള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ അതിനെപ്പറ്റി ഒരു വിശദീകരണവും പത്രമാധ്യമങ്ങളിൽ കണ്ടില്ല. 

വിൽസൺ രോഗം കൊണ്ടും കട്ടിലിന്റെ അപാകത കൊണ്ടും ചികിത്സാപ്പിഴവ് കൊണ്ടും മരിക്കാവുന്നതാണല്ലോ. കൈവരി (റെയിലിംഗ്‌സ്) ഇല്ലാത്ത കട്ടിലിൽ  കിടന്നാൽ ഉറക്കത്തിൽ താഴെ വീഴാം. രക്തസ്രാവം ഉണ്ടാകുന്ന രോഗി ആണെങ്കിൽ ചെറിയ വീഴ്ചയാണെങ്കിലും ക്ഷതം കൊണ്ട് തലച്ചോറിൽ രക്തസ്രാവം അതായത് ബ്ലീഡിങ് ഉണ്ടാകാം. ഈ രോഗം കൊണ്ട് ഉറക്കത്തിൽ 'സന്നി' വന്നാൽ കട്ടിലിൽ നിന്നും, കൈവരിയുള്ള കട്ടിൽ ആണെങ്കിലും ചിലപ്പോൾ വീഴാം. വിൽഫ്രഡിനെ സ്‌പെഷ്യൽ വാർഡിൽ കിടത്തിയിരുന്നതുകൊണ്ട് കൂട്ടിരിപ്പിന് ആളുണ്ടാകാതിരിക്കുകയില്ല. ഈ രോഗം കൊണ്ടും സന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മുതലായ ലക്ഷണങ്ങൾ കാണാമെന്നുള്ളതുകൊണ്ടും വളരെ അപൂർവ്വമായ വിൽസൺ രോഗത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. 

ഇംഗ്ലീഷുകാരനായ (1877  1937) ഡോ. ജോൺ സാമുവൽ അലക്‌സാണ്ടർ ആണ് 1912 ൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. ചെമ്പ് അതായത് കോപ്പർ ധാതുവിന്റെ അളവ് രക്തത്തിൽ കൂടുന്ന അവസ്ഥയാണ് വിൽസൺ. രക്താണുക്കൾ നിർമ്മിക്കുന്നതിനും ജോലികൾ ചെയ്യുവാനുള്ള ഊർജ്ജം കിട്ടുന്നതിനും വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിനുള്ള രാസാഗ്‌നികൾ എൻസൈം ഉണ്ടാകുന്നതിനും മാനസികസുസ്ഥിരതയ്ക്കും കോപ്പർ അത്യാവശ്യമാണ്. രക്തവാഹിനികളിൽ കോപ്പർ പര്യയനം ചെയ്യുന്നത് സെരി ലോപ്ലാസ്മിൻ എന്ന പ്രോട്ടീനുമായി   സന്ധിച്ചിട്ടാണ്. സെരീലോ പ്ലാസ്മിന്റെ അളവ് കുറയുമ്പോൾ കോപ്പറിന്റെ സാന്ദ്രത കൂടുകയും കരൾ, മസ്തിഷ്‌കം, നേത്രങ്ങൾ എന്നീ അവയവങ്ങളിൽ കോപ്പർ അടിയുകയും, ആ അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം, വിറയൽ- മഹോദരീ ലിവർ ഫെയിലുവർ, കാഴ്ചക്കുറവ്, അബോധാവസ്ഥ, വൈജ്ഞാന പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ രോഗിക്ക് ഉണ്ടാകുന്നു. പരമ്പരാഗതമായ ഈ രോഗം ജനിതകമ്യൂട്ടേഷൻ കൊണ്ടാണ് ഉണ്ടാകുന്നത്. വളരെ അസാധാരണമായ ഈ രോഗം മുപ്പതിനായിരം പേരിൽ ഒരാൾക്കാണുണ്ടാകുന്നത്. 5 മുതൽ 35 വയസ്സിൽ വരെ ഉണ്ടാകുന്ന ഈ രോഗത്തിനെ  പരിപൂർണ്ണമായി സുഖപ്പെടുത്തുവാൻ സാധിക്കുകയില്ല. ലിവറിന്റെ പ്രവർത്തനശേഷി നശിക്കുന്നത് കൊണ്ട് ബാഹ്യമായും ആന്തരികമായും ചെറിയ ഒരു ക്ഷതം കൊണ്ട് ഗുരുതരമായ രക്തസ്രാവം ഉണ്ടായി രോഗി മരണപ്പെടുകയും ചെയ്യാം.

രോഗിയുടെ അവസ്ഥ ഗുരുതരമായതുകൊണ്ടാണല്ലോ സ്‌പെഷ്യൽ വാർഡിലേക്ക് മാറ്റിയത്. രോഗിയുടെ ശുശ്രൂഷയ്ക്കും നേഴ്‌സിങ്ങിനും കൂടുതൽ സൗകര്യവും വാർഡുകളിലെ മറ്റു ബഹളങ്ങളിൽ നിന്ന് അകറ്റുവാനും സ്‌പെഷ്യൽ വാർഡിൽ സാധിക്കും. അപ്പോൾ ഡോക്ടർമാരുടെ അശ്രദ്ധയാകാൻ സാധ്യത കുറവാണ്. രോഗിയുടെ കൂടെ ഉണ്ടായിരുന്നവർ ഉറങ്ങിപ്പോയതുകൊണ്ടോ, ആ സമയത്ത് മുറിയിൽ ഇല്ലാതിരുന്നതുകൊണ്ടോ രോഗിക്ക് ഉറക്കത്തിൽ 'സന്നി' ഉണ്ടായതുകൊണ്ടോ ഇപ്രകാരം സംഭവിക്കാം. പക്ഷേ കട്ടിലിന് കൈവരി ഉണ്ടെങ്കിൽ സന്നി ഉണ്ടായാലും കട്ടിലിൽ നിന്ന് താഴെ വീഴുവാൻ സാധ്യത കുറവാണ്. അതുകൊണ്ടാണ് ഇതിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിവരം അറിയുവാൻ എല്ലാവരും ആകാംക്ഷയുടെ കാത്തിരിക്കുന്നത്. 

ഗുരുതരരോഗം കൊണ്ട് രോഗി മരിച്ചാലും ഡോക്ടർമാരെയും നേഴ്‌സുമാരെയും കുറ്റം പറയുന്ന സ്ഥിതി ഇന്ന് സാധാരണമാണ്. ഈ സംഭവം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി വിവരിച്ചത് മറ്റൊരു രോഗിയുടെ വ്രണത്തിൽ പുഴുക്കൾ ഉണ്ടായതിന് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത സംഭവത്തിന് ശേഷമാണ്. സമാനമായ എന്തെങ്കിലും വീഴ്ച വിൽഫ്രഡിന്റെ കാര്യത്തിലും സംഭവിച്ചിരിക്കാമെന്ന് പൊതുജനം സംശയിക്കുന്നതിൽ തെറ്റില്ലല്ലോ.

ബ്രേക്ക് ന്യൂസും സൂപ്പർ ബ്രേക്ക് ന്യൂസും വലിയ അക്ഷരത്തിൽ പ്രാധാന്യത്തോടെ കൊടുക്കുകയും, അന്വേഷണശേഷം കുറ്റം ആരോപിക്കപ്പെട്ട ഡോക്ടർമാരും നേഴ്‌സുമാരും കുറ്റവിമുക്തരായാൽ ആ സംഭവം ആരും റിപ്പോർട്ട് ചെയ്യുകയും ചെയ്യാത്ത സ്ഥിതിയാണ് ഇന്ന് നമ്മുടെ നാട്ടിൽ. അത് ബ്രേക്ക് ന്യൂസ് അല്ലെങ്കിലും ആദ്യത്തെ റിപ്പോർട്ട് കൊണ്ടുതന്നെ ആരോപണ വിധേയർക്ക് സ്ഥാന ഹാനിയും മാനഹാനിയും ചിലപ്പോൾ ജീവഹാനിയും തന്നെയും സംഭവിച്ചിരുന്നേക്കാം. മനപ്പൂർവ്വം ഡോക്ടർമാരെ അപമാനിക്കാൻ കെട്ടിച്ചമച്ച സംഭവങ്ങളെപ്പറ്റിയും എല്ലാവർക്കും അറിയാം. സമീപകാലത്തു നടന്ന ഒരു സംഭവം ഇവിടെ പറയാം. ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത് ആഴ്ചകൾക്കുള്ളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പരിശോധനയ്ക്കിടയിൽ പീഡിപ്പിച്ചു എന്ന് ആരോപിച്ച് പോക്‌സോ  നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും, ആ വാർത്ത അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം പത്രമാധ്യമങ്ങളിൽ വലിയ തലക്കെട്ടോടെ കൊടുക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ ഡോക്ടറോടുള്ള പൂർവ്വ വൈരാഗ്യം തീർക്കുവാൻ വേണ്ടി കെട്ടിച്ചമച്ച കള്ള ആരോപണമായിരുന്നെന്ന് തെളിഞ്ഞെങ്കിലും, അദ്ദേഹം കുറ്റക്കാരൻ അല്ല എന്ന വാർത്ത ചില പത്രങ്ങൾ തമസ്‌കരിച്ചു, അവഗണിച്ചു. അവഹേളിച്ച ചില പത്രങ്ങൾ ഒരു പേജിന്റെ മൂലയിൽ ചെറിയ അക്ഷരത്തിൽ കുറ്റവിമുക്തനായ വാർത്ത കൊടുത്തിരുന്നത്രേ !. ആ ഡോക്ടർക്ക് വന്ന മാനഹാനിയെപ്പറ്റി ആരെങ്കിലും ഓർത്തിട്ടുണ്ടോ? വേദനിച്ചിട്ടുണ്ടോ?

ചിലപ്പോൾ ആരോപണവിധേയർ ആരുമല്ലാത്തവരും ആരുമില്ലാത്തവരും ആയിരുന്നാൽ അവരെ രക്ഷിക്കുവാനോ തിരിഞ്ഞു നോക്കുവാനോ ഒരു മാധ്യമവും ഉണ്ടാകാറില്ല. ജനാധിപത്യത്തിന്റെ നാലാം സ്തൂപമായ മാധ്യമങ്ങൾ ഇപ്രകാരമുള്ള വാർത്തകൾ കൊടുക്കുമ്പോൾ, അതിന്റെ തുടർനടപടിയും കൂടി എന്തായി എന്ന് അന്വേഷിക്കാതെയിരിക്കരുത്. 

മറ്റ് മൂന്നു തൂണുകൾ ലെജിസ്ലേറ്റീവ്, എക് സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയാണല്ലോ. കേരളത്തിൽ 15 മേജർ ദിനപ്പത്രങ്ങളും ഡസൻകണക്കിന് ഈവനിംഗ് എഡിഷൻസും നൂറിൽപ്പരം ടിവി ചാനലുകളും (ചിലത് 24 മണിക്കൂറും) ഉണ്ട്. അപ്പോൾ മത്സരം സർവ്വസാധാരണമായിരിക്കുമല്ലോ. എല്ലാ ദിനപത്രങ്ങൾക്കും ഒരു തുടർനടപടി കോളം (ഫോളോഅപ്പ് കോളം) ഉണ്ടായിരുന്നാൽ വളരെ ഫലപ്രദമായിരിക്കും. 
ഗവൺമെന്റ് തലത്തിൽ മറുപടി കിട്ടിയില്ലെങ്കിൽത്തന്നെ അത് എന്തായി എന്ന് അന്വേഷിക്കേണ്ട കടമ, ചുമതല, ബാധ്യത, ഔചിത്യം മാധ്യമങ്ങൾക്കുണ്ട്. പ്രത്യേകിച്ച് വലിയ പ്രചാരമുള്ള ദിനപ്പത്രങ്ങളിൽ വരുന്ന റിപ്പോർട്ടുകളുടെ തുടർനടപടികൾ . ഡോക്ടർ സമൂഹത്തിനെങ്കിലും ഇങ്ങനെ ആരോപണ വിധേയർ കുറ്റവിമുക്തരാകുമ്പോൾ ആശ്വാസവും സമാധാനവും കിട്ടുകയും ചെയ്യുമല്ലോ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img