05:38pm 14 September 2026
NEWS

കേരളത്തിൽ വീട്ടുപ്രസവങ്ങൾ അവസാനിക്കാത്തത് എന്തുകൊണ്ട്?

15/05/2025  09:08 PM IST
nila
 കേരളത്തിൽ വീട്ടുപ്രസവങ്ങൾ അവസാനിക്കാത്തത് എന്തുകൊണ്ട്?

കേരളത്തിൽ വീടുകളിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂർണമായും ഒഴിവാക്കാനാകാത്തത് ആശങ്കയുണർത്തുന്ന കാര്യമാണ്. വീടുകളിൽ പ്രസവം നടത്തുന്നതിനെതിരെ ബോധവത്ക്കരണം സജീവമാണെങ്കിലും ഇപ്പോഴും പ്രസവത്തിനായി ആശുപത്രികളെ ആശ്രയിക്കാത്ത സ്ത്രീകളുണ്ട് എന്നതാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും സ്ത്രീകളല്ല, അവരുടെ ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ ആകും പ്രസവത്തിന് ആശുപത്രികളെ ആശ്രയിക്കേണ്ടെന്ന നിലപാടെടുക്കുന്നത്. വീടുകളിലെ പ്രസവം അമ്മയുടേയോ നവജാത ശിശുവിന്റെയോ ചിലപ്പോൾ രണ്ടുപേരുടെയുമോ ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കാം. എന്നിട്ടും വീടുകളിൽ പ്രസവിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നതിന് ഒന്നിലേറെ കാരണങ്ങളുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 26 വീട്ടുപ്രസവങ്ങൾ കേരളത്തിൽ നടന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ സംസ്ഥാനത്ത് 46 വീട്ടുപ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏപ്രിലിൽ അത് 26 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ, കേരളം പോലൊരു സംസ്ഥാനത്ത് ഇത് ആശങ്കയുണർത്തുന്ന സംഖ്യ തന്നെയാണ്. 

അതേസമയം, മുൻകാലങ്ങളിൽ വീട്ടുപ്രസവം വ്യാപകമായി നടന്നിരുന്ന മലപ്പുറത്ത് നിന്നും ആശ്വാസകരമായ വാർത്തകളാണ് പുറത്തുവരുന്നത്. വീടുകളിലെ പ്രസവങ്ങൾ മുൻ മാസങ്ങളിൽ ഏറ്റവും കൂടുതലുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ കഴിഞ്ഞമാസം വലിയ കുറവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. . മാർച്ചിൽ 23 വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഏപ്രിലിൽ അത് ആറായി കുറഞ്ഞു. പെരുമ്പാവൂർ സ്വദേശി മലപ്പുറത്ത് വീട്ടിൽ പ്രസവിക്കുന്നതിനിടെ മരണപ്പെട്ട സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ബോധവത്കരണം ശക്തിപ്പെടുത്തിയിരുന്നു.ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വീട്ടുപ്രസവങ്ങൾ ഒഴിവാക്കി പ്രസവം ആശുപത്രിയിൽത്തന്നെ ഉറപ്പിക്കുന്നതിനായി വ്യാപകമായ ബോധവത്കതരണം നടത്തിയിരുന്നുവെന്നും അത് ഫലംകണ്ടുവെന്നുമാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളിൽ മരണങ്ങൾ സംഭവിക്കുന്നതും നിത്യസംഭവമായിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർവരെ വീട്ടുപ്രസവങ്ങളിൽ ഒൻപത് നവജാത ശിശുക്കൾ മരിച്ചു എന്നാണ് റിപ്പോർട്ട്. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെ കേരളത്തിൽ 523 വീട്ടുപ്രസവങ്ങൾ നടന്നു. വീട്ടുപ്രസവം നടത്തുന്ന പ്രത്യേക സംഘങ്ങൾ ഇതിന് വലിയ പ്രചാരണമാണ് നൽകുന്നത്. വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കാനായി വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്തുകൊണ്ട് വീട്ടുപ്രസവത്തിനായി നിർബന്ധം പിടിക്കുന്നു?

വീട്ടുപ്രസവത്തിന്റെ ഇരകൾ സ്ത്രീകളാണെങ്കിലും ഇത് അവരുടെ തെരഞ്ഞെടുപ്പല്ല എന്നതാണ് വാസ്തവം. പലപ്പോഴും ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ ആണ് ഇതിനായി നിർബന്ധം പിടിക്കുന്നത്. നിസ്സഹായരായ സ്ത്രീകൾ ഇത്തരം വാശികൾക്ക് നിന്നുകൊടുക്കുന്നു എന്നുമാത്രം. പലപ്പോഴും അസഹ്യമായ വേദന സഹിച്ചുള്ള ഇത്തരം പ്രസവങ്ങളിൽ ജീവഹാനി വരെ സംഭവിക്കുമെന്ന തിരിച്ചറിവോടെയാണ് ഈ പാവങ്ങൾ പുരുഷന്മാരുടെ വാശിക്ക് നിന്നുകൊടുക്കുന്നത്.

മതത്തെയും കൂട്ടുപിടിക്കും

വീടുകളിൽ പ്രസവിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നത് ചിലർ മതവിശ്വാസത്തെ കൂട്ടുപിടിച്ചാണ്. വലിയ സമുദായ പ്രമാണിമാരുടെയും മതപണ്ഡിതന്മാരുടെയും വീടുകളിലെ സ്ത്രീകൾ പ്രസവത്തിനായി ആശുപത്രികളെ ആശ്രയിക്കുമ്പോഴാണ് ഒരുവിഭാ​ഗത്തിന്റെ പ്രചാരണങ്ങളിൽ വീണ് ഇത്തരം ഒരു അബദ്ധത്തിന് ചിലരെങ്കിലും മുതിരുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img