
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കുനേരെ ഡൽഹി വിമാനത്താവളത്തിൽ യുവാവിന്റെ ആക്രോശം. മഹാരാഷ്ട്രയിൽനിന്ന് ബുധനാഴ്ച ഡൽഹിയിലെത്തിയ ദിപ്കെ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു പോകുന്നതിനിടെയാണ് സംഭവം. ‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ എന്ന് യുവാവ് ആവർത്തിച്ച് ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
യുവാവ് രോഷത്തോടെ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് ദിപ്കെ പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മുത്തശ്ശിയുടെ മരണത്തെത്തുടർന്ന് സ്വന്തം നാടായ മഹാരാഷ്ട്രയിലേക്കു പോയ ദിപ്കെ ബുധനാഴ്ചയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഒക്ടോബർ 10ന് ജന്തർ മന്തറിൽ സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ വിമാനത്തിനുള്ളിൽ കയറിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുതന്നെയായിരുന്നു ദിപ്കെയുടെ മുത്തശ്ശിയുടെ മരണം. പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയച്ചതിനെത്തുടർന്നാണ് അദ്ദേഹം വീട്ടിലേക്കു പോയത്.
ഡൽഹിയിൽ തിരിച്ചെത്തിയ ദിപ്കെ, സിജെപി നേതാക്കളായ അശുതോഷ് റാംകയെയും സൗരവ് ദാസിനെയും അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയെയും വിമർശിച്ചു. ദേശീയ പതാക ഉയർത്തുന്നത് രാജ്യത്ത് കുറ്റമാണോയെന്ന് അദ്ദേഹം ചോദിച്ചു.
ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തിയതിനാണ് റാംകയെയും സൗരവ് ദാസിനെയും ജയിലിലടച്ചതെന്നാണ് ദിപ്കെയുടെ ആരോപണം. ബ്രിട്ടീഷ് ഭരണകാലത്താണ് ഇതിനു സമാനമായ സംഭവം ഉണ്ടായിരുന്നതെന്നും അന്ന് ത്രിവർണ പതാക ഉയർത്തിയ സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.










