02:36am 15 September 2026
NEWS
കുട്ടിക്കുറ്റവാളികൾ പെരു കുന്നത് എന്തുകൊണ്ട് ? ഒമ്പതാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതു പ്ലസ്‌വൺ വിദ്യാർത്ഥി


15/02/2026  04:17 PM IST
നെല്ലിക്കുത്ത് ഹനീഫ
കുട്ടിക്കുറ്റവാളികൾ പെരു കുന്നത് എന്തുകൊണ്ട് ? ഒമ്പതാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത്   കൊലപ്പെടുത്തിയതു പ്ലസ്‌വൺ വിദ്യാർത്ഥി

14-കാരിയായ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ, അതേ സ്‌കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.  സ്‌കൂൾ യൂണിഫോം അണിഞ്ഞ പെൺകുട്ടിയുടെ ശരീരം മുഴുക്കെ മുറിവേറ്റ പാടുകളും, കൈകൾ കൂട്ടിക്കെട്ടിയ നിലയിലുമാണ് ജഡം കണ്ടെത്തുന്നത്. വായിൽ തുണിയും തിരുകിയിരുന്നു. കുട്ടിയുടെ സ്‌കൂൾബാഗ് വലിച്ചെറിഞ്ഞ നിലയിൽ ജഡത്തിന് സമീപം കാണപ്പെട്ടു. പെൺകുട്ടിയെ കാൺമാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കരുവാരക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾഗേറ്റ് വരെ പെൺകുട്ടി എത്തിയത് സി.സി.ടി.വി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടി ക്ലാസ്സ്‌റൂമിലേയ്ക്ക് എത്തിയിരുന്നില്ല. സംഭവ ദിവസം വൈകിട്ട് ആറുമണിക്ക് പെൺകുട്ടി മാതാവിന്റെ ഫോണിലേക്ക് വിളിച്ച് താൻ ഉടൻ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കുട്ടി വിളിച്ച ഫോൺ നമ്പർ ഇവർക്ക് അപരിചിതമായിരുന്നു. ഈ ഫോണിലേക്ക് വീട്ടുകാർ പലതവണ തിരിച്ച് വിളിച്ചെങ്കിലും, ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വീട്ടുകാർ ആധിയിലായി. തുടർന്നാണ് വീട്ടുകാർ പോലീസിനെ സമീപിച്ചത്. ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസിന് പെൺകുട്ടിയുടെ കാൾ വന്നത് വണ്ടൂരിനടുത്ത തൊടികപ്പുലം പ്രദേശത്ത് നിന്നാണെന്ന് കണ്ടെത്താനായി. രാത്രിതന്നെ ഇവിടെയെത്തിയ പോലീസ്‌സംഘത്തിന്, അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

കാമുകന്റെ പ്രതികാരം

സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പെൺകട്ടിയെ നിരന്തരം ശല്യം ചെയ്യുന്നതായി പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആൺകുട്ടിയെ രണ്ട് തവണ പോലീസ് താക്കീത് നൽകിയിരുന്നു. ഈ പശ്ചാത്തലം വിലയിരുത്തി, പ്ലസ്‌വൺകാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ ആദ്യ ചുവടുകൾ പോലീസ് നീക്കിത്തുടങ്ങിയത്. 16-കാരനായ ഈ വിദ്യാർത്ഥിയെ തൊടികപ്പുലം റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടിരുന്നതായി ചിലർ മൊഴി നൽകിയതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ആൺകുട്ടിയുടെ വീട്ടിലെത്തി പോലീസ് അയാളെ ചോദ്യം ചെയ്തു. വൈകിട്ട് ആറരവരെ പെൺകുട്ടി കൂടെയുണ്ടായിരുന്നുവെന്നും, പിന്നീട് പെൺകുട്ടി ട്രെയിൻ കേറിപ്പോയി എന്നുമാണ് ഇയാൾ ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യൽ ആവർത്തിച്ചപ്പോൾ, നിലമ്പൂരിൽ നിന്നുള്ള ട്രെയിൻ വന്നപ്പോൾ ഇരുവരും പാളത്തിന്റെ ഇരുവശത്തേക്കുമായി മാറി നിന്നതായും, ട്രെയിൻ പോയി കഴിഞ്ഞതോടെ പിന്നീട് പെൺകുട്ടിയെ കണ്ടില്ല എന്നും മാറ്റിപ്പറഞ്ഞു. പ്രതി പരസ്പര വിരുദ്ധമായ മൊഴികൾ ആവർത്തിക്കുമ്പോൾ, അതെല്ലാം വിശ്വസിക്കുന്ന മട്ടിൽ അനുനയത്തിൽ ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടതോടെ, പെൺകുട്ടി ട്രെയിൻതട്ടി മരിച്ചു എന്നാണ് പിന്നീട് പറഞ്ഞത്. എങ്കിൽ പെൺകുട്ടിയുടെ ജഡം കിട്ടിയാൽ വിഷയം അവസാനിപ്പിക്കാമെന്ന് പോലീസ് പറഞ്ഞതോടെ, ജഡം കാട്ടിത്തരാമെന്നായി പ്രതി. അതുംപ്രകാരം വണ്ടൂർ-വാണിയമ്പലത്തിനും, തൊടികപ്പുലത്തിനും ഇടയിൽ പുള്ളിപ്പാടം പ്രദേശത്ത് റെയിൽവെ ട്രാക്കിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്. 

കഴുത്ത് ഞെരിച്ചാണ് കൃത്യം നടത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. കുട്ടി ക്രൂരമായ ബലാത്സംഗത്തിനും ഇരയായിട്ടുണ്ട്. കുറ്റിക്കാട്ടിൽ പിടിവലി നടന്ന ലക്ഷണങ്ങളോടെ മലർന്ന് കിടക്കുന്ന രീതിയിലായിരുന്നു പെൺകുട്ടിയുടെ ജഡം. റെയിൽവെ ട്രാക്കിൽ നിന്ന് ഏറെ ഉയരത്തിലുള്ള വിജനമായ പ്രദേശമായതിനാൽ പോലീസ് മറ്റ് പല വഴിയിലും സംശയിച്ചിരുന്നുവെങ്കിലും വിശദമായ അന്വേഷണത്തിൽ കുറ്റകൃത്യം നടത്തിയത് പ്രതി മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജഡം കാട്ടിക്കൊടുത്താൽ വിട്ടയയ്ക്കുമെന്ന് വിചാരിച്ച പ്രതി, ഒടുവിൽ എല്ലാ കാര്യവും തുറന്ന് പറഞ്ഞു. തന്റെ കാമുകിയായ പെൺകുട്ടി, മറ്റൊരു പയ്യനുമായി ബന്ധമുണ്ടെന്ന സംശയം പ്രതിയിലുണ്ടായിരുന്നു. അതിന് പുറമെ, താൻ മാനഭംഗപ്പെടുത്തിയ കാര്യം മാതാവിനെ അറിയിക്കുമെന്ന് പെൺകുട്ടി പറയുകയും ചെയ്തതോടെ അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കൃത്യത്തിന് ശേഷം തൊടികപ്പുലം റെയിൽവെ സ്റ്റേഷനിലേക്ക് നടന്നെത്തിയ പ്രതി, സമീപത്തെ വീട്ടിൽക്കേറി വെള്ളം വാങ്ങിച്ച് കുടിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽ വിശ്രമിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി വീട്ടുകാരെ വിളിച്ചറിയിച്ച് അവരോടൊപ്പം വീട്ടിലേക്ക് പോവുകയും ചെയ്തു. അപ്പോഴും കാര്യങ്ങളൊന്നും വീട്ടുകാർക്ക് പിടികിട്ടിയിരുന്നില്ല. പ്രത്യേകതരത്തിലുള്ള ഹീറോ പരിവേശത്തോടെ പ്രതി സ്വയം നടത്തിയ ഇത്രയും കാര്യങ്ങൾ  അന്വേഷണ ഉദ്യോഗസ്ഥരേയും നാട്ടുകാരേയും അമ്പരപ്പിച്ചിട്ടുണ്ട്. സ്ഥിരമായി ക്ലാസിൽ കേറാത്ത വിദ്യാർത്ഥിയാണ് ഈ പ്രതിയെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. പ്രതിയൊഴികെ മറ്റാർക്കും കേസ്സിൽപങ്കില്ലെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ കോളുകൾ, സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. പെൺകുട്ടി വീട്ടിലേക്ക് അവസാനമായി വിളിച്ചത് പ്രതിയുടെ ഫോണിൽ നിന്നാണെന്നും ആ ഫോൺ പോലീസ് കണ്ടെടുത്തതായും എസ്.പി അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. 

ആരും വിലക്കിയില്ല

കൊല്ലപ്പെട്ട പെൺകുട്ടിയേയും, കൂട്ടുകാരനായ പ്ലസ്‌വൺകാരനേയും തൊടികപ്പുലം റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംശയം തോന്നിപ്പിക്കുന്ന തരത്തിൽ പലരും കണ്ടിരുന്നതായി പറയുന്നുണ്ട്. റെയിൽവെ സ്റ്റേഷൻ മാസ്റ്ററും, പരിസരത്തെ വീട്ടുകാരും സംഭവ ദിവസം ഇയാളെ കണ്ടിരുന്നു. തീവണ്ടി വരുന്ന സമയത്തൊഴികെ, എല്ലാ സമയവും വിജനമാണ് ഈ റെയിൽവെ സ്റ്റേഷനും, പരിസരവും. കൗമാരക്കാരായ രണ്ടുപേർ ഇവിടെ ചുറ്റിത്തിരിയുന്നതിൽ പലർക്കും പന്തികേട് തോന്നിപ്പിച്ചതുമാണ്. പക്ഷെ, ഇവരെക്കുറിച്ച് തിരക്കാൻ ആരും തന്നെ തയ്യാറായില്ല. ആരേയും വകവയ്ക്കാതെ മൊബൈൽ ഫോണുമായി വിജനമായ ഇടങ്ങളിൽ ചുറ്റിത്തിരിയുന്ന പുതു തലമുറയെ കണ്ടാൽ, കാര്യം എന്തെന്ന് തിരക്കാൻ പോലും ഇന്നാരും തയ്യാറാകില്ല. കാരണം ഇന്നത്തെ തലമുറയിലെ ഒരു വിഭാഗത്തിന്റെ ആപ്തവാക്യം തന്നെ ''മൈ ബോഡി, മൈ ചോയ്‌സ്'' എന്നാണ്. അവർക്കിടയിലേക്ക് ഇടപെടാൻ ചെന്നാൽ, കാര്യങ്ങൾ പിന്നീട് മാറി മറിഞ്ഞ് മറ്റൊരു ദിശയിലേക്ക് നീങ്ങും. കാര്യം തിരക്കി ഇടപെടുന്നവരെ സദാചാര പോലീസായി ചിത്രീകരിച്ച് മാധ്യമ വിചാരണ നടത്തുകയും, അധിക്ഷേപിക്കുകയും മാത്രമല്ല, പിറകെ പോലീസ് കേസ്സുമുണ്ടാകും. ശരി തെറ്റുകൾ വേണ്ട വിധം ഉൾക്കൊള്ളാനോ, മനസ്സിലാക്കാനോ ശ്രമിക്കാതെ, രക്ഷിതാക്കളെ ധിക്കരിച്ച് പ്രേമവും, സ്‌നേഹവുമൊക്കെ പറഞ്ഞ് ആരുടെ കൂടെയും ഇറങ്ങി പുറപ്പെടുന്ന പുതുതലമുറയിലെ ഒരു വിഭാഗത്തെ ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണിന്ന്. കുറുക്കൻ വിഹരിക്കുന്നിടത്തേയ്ക്ക് കോഴിയെ തുറന്ന് വിടുന്ന സ്വാതന്ത്ര്യമാണ് ഇന്നത്തെ പെൺകുട്ടികൾക്ക് ലഭിക്കുന്നതും. അപകടം മുൻകൂട്ടി കണ്ട് അവരെ വിലക്കാൻ ശ്രമിച്ചാൽ തന്ത വൈബെന്ന അധിക്ഷേപവും സഹിച്ച് പോലീസ് സ്റ്റേഷൻ കേറി ഇറങ്ങേണ്ടി വരും. അതിര് കടന്ന സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന, ലിബറലിസ്റ്റുകൾ കാരണമാണ് ഈയൊരവസ്ഥ നാട്ടിൽ വികാസം പ്രാപിച്ചതെന്ന് പൊതുവെ വിമർശിക്കപ്പെടുന്നുണ്ട്. 

ക്രിമിനലുകളായി മാറുന്ന നമ്മുടെ കുട്ടികൾ

 കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുന്നു എന്നാണ് സ്റ്റേറ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. അതേസമയം കുട്ടികൾ കുറ്റവാളികളാകുന്ന പല സംഭവങ്ങളും കേസ്സാകാത്തതിനാൽ യഥാർത്ഥ കേസ്സുകളുടെ എണ്ണത്തിന്റെ പകുതി പോലും രജിസ്റ്റർ ചെയ്യപ്പെടുന്നില്ല എന്നതും വസ്തുതയാണ്. ഒറ്റയ്ക്ക് ചെയ്യുന്ന കുറ്റകൃത്യങ്ങളായിരുന്നു നേരത്തെയെങ്കിൽ, സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങളാണ് സമീപകാലത്ത് വർദ്ധിച്ച് വരുന്നത്. അടുത്തിടെ താമരശ്ശേരിയിലും, വയനാട്ടിലുമുണ്ടായ സംഭവങ്ങൾ ഇത് ശരി വയ്ക്കുന്നു. കുട്ടികളുടെ ഇടയിലെ ലഹരി ഉപയോഗം മുമ്പെങ്ങും ഇല്ലാത്ത വിധം വർദ്ധിച്ചതായി വിവിധ പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ, കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന ഒട്ടുമിക്ക കുട്ടികളുടെ വീടുകളിലും പ്രശ്‌നബാധിതമായ കുടുംബ പശ്ചാതല പിന്നാമ്പുറ കഥകളുണ്ടാകും. പ്ലസ്സ് വൺ വിദ്യാർത്ഥിയായ കൗമാരക്കാരൻ, തനിക്ക് താഴെ പഠിക്കുന്ന ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന അവസ്ഥയിലെക്കെത്തിയ സാഹചര്യം എന്താണെന്ന് ഇവിടെ തിരിച്ചറിയേണ്ടിയിരിക്കുന്നു. കുട്ടി കുറ്റവാളികൾ സൃഷ്ടിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അവരുടെ കുടുംബാന്തരീക്ഷം തന്നെയാണ്. മലപ്പുറത്തുള്ള പ്ലസ്‌വൺകാരന്റെ കുടുംബാന്തരീക്ഷം അത്ര തന്നെ ശുഭകരമല്ലെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. ശിഥിലമായ കുടുംബബന്ധവും, അരക്ഷിത ബോധവും ഒക്കെയാണ് കുട്ടികളിൽ കുറ്റവാസന വളരുന്നതിന് വളക്കൂറായി മാറുന്നതെന്ന വസ്തുത ഒരു കാരണമായിത്തന്നെ ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 

കേരളത്തിൽ ജനിക്കുന്ന കുട്ടികൾ ഭാഗ്യവാൻമാരാണ് എന്ന് പറയാറുണ്ട്. കാരണം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വൈവിധ്യം തീർത്ത പ്രദേശമാണ് കേരളമെന്ന് നാം അവകാശപ്പെടുന്നു. ഈ വിലയിരുത്തൽ ഇന്നാകെ മാറിയിട്ടുണ്ട്. കുട്ടികളെ വീഴ്ത്താൻ പലതരത്തിലുമുള്ള ചതിക്കുഴികൾ അവരുടെ ജീവിത വഴികളിൽ ഇന്ന് സജീവമാണ്. ഇത്തരം ചതിക്കുഴികളിൽ അകപ്പെടുന്നതോടെ സ്വന്തവും, ബന്ധവും നഷ്ടപ്പെട്ട് അവരുടെ ജീവിതം തന്നെ തകരുന്നു. വർണ്ണ പായ്ക്കറ്റുകളിൽ പൊതിഞ്ഞ പാൻമസാലകൾ, കഞ്ചാവ്, സിന്തറ്റിക് ഉൾപ്പെടെ പല തരത്തിലുള്ള ലഹരിമരുന്നുകൾ എന്നിവയെല്ലാം ഇന്ന് കൗമാരക്കാരായ വിദ്യാർത്ഥികൾക്കിടയിൽ സുലഭമാണ്. ഇതോടൊപ്പം, മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റിന്റെ ദുരുപയോഗവും കൂടിച്ചേരുന്നതോടെ കുട്ടിക്കുറ്റവാളികൾ സ്വമേധയാ രൂപമെടുക്കുന്നു. തെറ്റായ കൂട്ടുകെട്ടും, അമിതമായ മൊബൈൽ ദുരുപയോഗവും അക്രമവാസന ഉടലെടുക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതോടൊപ്പം പഠനഭാരം, വീട്ടിലെ അരക്ഷിതാവസ്ഥ മൂലമുള്ള ഒറ്റപ്പെടൽ എന്നിവയും കൗമാരക്കാരെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു. കുടുംബത്തിലും, സാമൂഹിക ഘടനയിലുണ്ടായ മാറ്റമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ആരുടേയും ശ്രദ്ധയിൽ പെടാത്ത ധാരാളം സമയവും, ആരുടേയും കാഴ്ചയിൽപ്പെടാതെയുള്ള സൗകര്യങ്ങളും, അവ ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്യവും ഇന്ന് നമ്മുടെ കുട്ടികളിൽ ഏറെയാണ്. 

അമിതമായ ലൈംഗിക തൃഷ്ണയും, അതിനോടുള്ള ഭ്രാന്തമായ ആവേശവും കൗമാരക്കാരെ വഴിതെറ്റിക്കുന്നതായി മനശ്ശാസ്ത്രഞ്ജർ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്ങനെയാണ് ഇവരുടെ മനസ്സിലേക്ക് ലൈംഗിക ചിന്തകൾ കടന്ന് വരുന്നത്? ആരുടേയും കണ്ണിൽപ്പെടാതെ നീലച്ചിത്രങ്ങൾ പാത്തും, പതുങ്ങിയുമിരുന്ന് കാണേണ്ട ആവശ്യം ഇന്നില്ല. സെൽ ഫോണിലൂടെ പലരിൽ നിന്നും കൈമാറിയെത്തുന്ന നീല ക്ലിപ്പിങ്ങുകൾ കൗമാരക്കാരുടെ മനസ്സിൽ ഭ്രാന്തമായ ലൈംഗിക മോഹങ്ങൾ ഉണർത്തുക മാത്രമല്ല, ഇതിനായുള്ള വഴിതേടാനും അവരെ പ്രേരിപ്പിക്കുന്നു. നീല മൂവികളിൽ നിന്ന്  ലഭിക്കുന്ന അതിശയോക്തി കലർന്ന രതി രംഗങ്ങൾ പ്രയോഗിക്കാൻ അവസരം തേടി അവർ അക്ഷമരാകുന്നു. ലഭ്യമാകുന്ന ഇരയെ ലൈംഗികാവേശ പൂർത്തീകരണ ശേഷം, പിന്നീടത് കൊലപാതകത്തിലേക്ക് വഴിമാറുന്നു. ഇതിന് വേണ്ടി അവർ തെരഞ്ഞെടുക്കുന്ന വഴിയും അതിനുള്ള തയ്യാറെടുപ്പുകളും എത്രത്തോളം ഭയാനകമാണ്. 

നമ്മുടെ കൗമാരക്കാർ പരസ്പരം കൂട്ടുകൂടാൻ പോലും മറന്ന്, അവരുടെ നിഗൂഢ സ്വകാര്യതയുടേയും, ലഹരിയുടേയും ലോകത്ത് ഒറ്റപ്പെടുന്നത് വഴി അവരുടെ ജീവിതം തന്നെ അവരിൽ നഷ്ടപ്പെടുന്നു. ലൈംഗിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറ്റൊരു വിഭാഗം അതിനെ എതിർക്കുന്നു. രണ്ട് വിഭാഗത്തിനും അവരവരുടെ വാദഗതികൾ സ്ഥാപിക്കാൻ കാരണങ്ങളും ഒട്ടേറെയുണ്ടാകും. അതേസമയം തെറ്റായ ലൈംഗികതയും, തെറ്റായ രീതികളും കുട്ടികൾ ആർജ്ജിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ലതായിരിക്കൂം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന 'സെക്‌സ് എഡ്യൂക്കേഷൻ'വഴിയുള്ള പരിജ്ഞാനം. പ്രായപൂർത്തിയാകുന്ന പ്രായപരിധി 18-ൽ നിന്ന് 15 ആക്കി ചുരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിന്ന്. 15 വയസ്സിൽ തന്നെ, ഇന്നത്തെ കുട്ടികളിൽ പ്രായപൂർത്തി എത്തിയതിന്റെ ശാരീരിക ലക്ഷണങ്ങൽ ഏറെ പ്രകടമാണ്. എന്നാൽ 18 വയസ്സ് തികഞ്ഞില്ല എന്ന കാരണത്താൽ, പല  ക്രിമിനലുകളും രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുളളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img