
അഞ്ച് മാസത്തിനുള്ളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് ദിശാസൂചിയാകുന്ന സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ ജനങ്ങൾ വിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം. വോട്ടർമാരുടെ മനസ്സുകളെ സ്വാധീനിക്കാൻ മുന്നണികൾ നടത്തിയ പ്രചാരണ തന്ത്രങ്ങളും അടവുകളും ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. പല നിലയിലും സംഭവബഹുലമായിരുന്നു ഈ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലം.
ഡിസംബർ 9 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11 ന് തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 33711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങിക്കഴിഞ്ഞു. (ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015). നാളിതുവരെ നടന്നിട്ടുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് ആണ് ഇത്തവണ. 23562 തദ്ദേശ വാർഡുകളിലായി ആകെ 75632 സ്ഥാനാർത്ഥികൾ. മത്സരിക്കുന്നവരിൽ 39604 പേർ സ്ത്രീകളും 36027 പേർ പുരുഷന്മാരുമാണ്. ഒരു ട്രാൻസ്‌ജെൻഡറുമുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറം ജില്ലയിലാണ് -8378 പേർ. ഏറ്റവും കുറവ് വയനാട്ടിലും -1967 പേർ.
2019 ലെ ലോക്‌സഭാ ഇലക്ഷൻ കഴിഞ്ഞ് ഒരു വർഷം പോലും തികയും മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത് പോലെ ഇത്തവണയും 2024 ലോക്‌സഭാ ഇലക്ഷനിലെ പരാജയത്തെ മറികടന്ന് മേൽക്കൈ നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എങ്കിലേ മൂന്നാം ടേം സംസ്ഥാന ഭരണം പിടിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാവൂ എന്നും സി.പി.എംനും എൽ.ഡി.എഫിലെ മറ്റു ഘടകകക്ഷികൾക്കുമറിയാം.
ആദ്യമായി പത്തുവർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്ന കോൺഗ്രസിനും യു.ഡി.എഫിനും ഇനിയും ഒരു അഞ്ചുവർഷം കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വരിക എന്നത് ചിന്തിക്കാനേ കഴിയുന്നില്ല. അതിനാൽ തദ്ദേശ ഇലക്ഷനിൽ ഒരു കാലത്തുമില്ലാത്ത മുന്നൊരുക്കങ്ങളാണ് സംഘടനാപരമായും അല്ലാതെയും അവർ നടത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ ജനരോഷം പ്രകടമായി എന്നു കരുതുന്ന യു.ഡി.എഫ് തദ്ദേശ ഇലക്ഷനിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ സാധിച്ചാൽ തന്നെ നേട്ടമാകും എന്ന് വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ബി.ജെ.പി അനുഭാവികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചത് ഫലത്തിൽ പ്രതിഫലിക്കാതിരിക്കില്ല. 2031 ലെങ്കിലും തങ്ങൾക്ക് പ്രാതിനിധ്യമുള്ള ഒരു സർക്കാർ കേരളത്തിലുണ്ടാവണം എന്നുകരുതുന്ന ബി.ജെ.പിക്ക് പക്ഷേ അതിന് തക്കനിലയിൽ കേരളം മുഴുവൻ സ്ഥാനാർത്ഥികളെ ഈ തദ്ദേശ ഇലക്ഷനിൽ മത്സരിപ്പിക്കാനായിട്ടില്ല.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ദേശീയ സംസ്ഥാന രാഷ്ട്രീയവിഷയങ്ങളേക്കാളുപരി പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാർത്ഥികളുടെ പ്രദേശത്തെ സ്വീകാര്യതയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ള പാർട്ടിയുടെ സംഘടനാപരമായ കരുത്തും വിഭവശേഷിയുമാണ് സ്വാധീനം ചെലുത്താറുള്ളത്. സംഘടനാപരമായ കരുത്തിലും പ്രവർത്തനമികവിലും എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം തന്നെയാണ് മുന്നിൽ. അതിനാലാണ് സംസ്ഥാന രാഷ്ട്രീയം ഒട്ടും അനുകൂലമല്ലെങ്കിലും ത്രിതല പഞ്ചായത്തുകളിൽ സി.പി.എം നയിക്കുന്ന മുന്നണിക്ക് മുൻതൂക്കം നേടാൻ സാധിക്കാറുള്ളത്. 2010 ൽ ത്രിതല പഞ്ചായത്തുകളിലുൾപ്പെടെ യു.ഡി.എഫിന് മുൻതൂക്കം നേടാനായതൊഴിച്ചാൽ മറ്റെല്ലാ തദ്ദേശ ഇലക്ഷനുകളിലും ത്രിതല പഞ്ചായത്തുകളിൽ ഏത് രാഷ്ട്രീയ സാഹചര്യത്തിലൂം സി.പി.എംനാണ് മുൻതൂക്കം ലഭിച്ചിട്ടുള്ളത്.
2019 ലോക്‌സഭാ ഇലക്ഷനിലെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി എല്ലാ പഴുതും അടച്ച് 2020 ലെ തദ്ദേശ ഇലക്ഷനിൽ വൻവിജയം നേടിയ അനുഭവം എൽ.ഡി.എഫിന് മുമ്പിലുണ്ട്. 2024 ലെ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തിയപ്പോൾ പാർട്ടി പ്രധാനമായും എത്തിച്ചേർന്ന നിഗമനങ്ങൾ, ഒന്ന്: ലോക്‌സഭാ ഇലക്ഷൻ നേട്ടത്തിനുവേണ്ടി മുസ്ലീം വോട്ടുകൾ മുന്നിൽ കണ്ട് അമിതമായി സാമുദായിക പ്രീണനത്തിന് ശ്രമിച്ചപ്പോൾ പരമ്പരാഗതമായി സി.പി.എം ന് കിട്ടിക്കൊണ്ടിരുന്ന ഹിന്ദുവോട്ടുകൾ വൻതോതിൽ ബി.ജെ.പിയിലേക്ക് പോയി. രണ്ട്: സർക്കാരിന്റെ മുൻഗണന മധ്യവർഗ്ഗത്തിനും ഉപരിവർഗ്ഗത്തിന്റയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലായപ്പോൾ മുമ്പ് സി.പി.എംന്റെ ഫിക്‌സഡ് വോട്ടുകൾ എന്നു കരുതിയിരുന്ന സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരും തൊഴിലാളി വർഗ്ഗവുമായ അടിസ്ഥാന വർഗ്ഗത്തിന്റെ വോട്ടുകളിൽ ചോർച്ചയുണ്ടായി.
വോട്ടു നഷ്ടപ്പെടാനിടയാക്കിയ ഈ രണ്ട് വിഷയങ്ങളിലും നിലപാട് മാറ്റുക എന്നതായിരുന്നു സി.പി.എം ന് അവരുടെ പ്രൊഫഷണൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഭാഗത്തു നിന്ന് ലഭിച്ച ഉപദേശം. മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും, എസ്.ഡി.പി.ഐയ്ക്കും നേരെ പ്രത്യേകിച്ച് പ്രകോപനം ഒന്നും ഇല്ലാതെതന്നെ അതിരൂക്ഷ വിമർശനം നടത്തി മുഖ്യമന്ത്രിയും സി.പി.എംന്റെ സമുന്നത നേതാക്കളും മുസ്ലീം വിരുദ്ധ ഹിന്ദുവോട്ടർമാരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചതിലൂടെയായിരുന്നു നിലപാട് മാറ്റത്തിന്റെ തുടക്കം. എസ്.എൻ.ഡി.പി, എൻ.എസ്.എസ് സമുദായ നേതാക്കന്മാരോട് ചങ്ങാത്തം ഉറപ്പിച്ച പിണറായി സർക്കാരിനുവേണ്ടി വെള്ളാപ്പള്ളി നടേശൻ നിരന്തരം മുസ്ലീം വിദ്വേഷ പ്രസ്താവനകൾ നടത്തി.
ഇതിനെല്ലാം പുറമേയാണ് ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി സംഘടിപ്പിക്കപ്പെട്ട ആഗോള അയ്യപ്പസംഗമം. ഹൈന്ദവ സമൂഹത്തിനുവേണ്ടിയുള്ള സർക്കാരിന്റെ വലിയ ഒരു സംരംഭമായിട്ടാണ് അതിനെ സർക്കാർ അവതരിപ്പിച്ചത്. എന്നാൽ സർക്കാർ രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് നടത്തിയ പരിപാടിയായി വിമർശനം കടുത്തപ്പോൾ സംഗമം കൊണ്ട് ഉദ്ദേശിച്ച ഗുണം എൽ.ഡി.എഫിനുണ്ടായില്ല.
അതിന് തൊട്ടുപിന്നാലെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതി ദേവസ്വം ബോർഡ് ബഞ്ച് സർക്കാരിനെ നോക്കുകുത്തിയാക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സർക്കാരിന് ഓർക്കാപ്പുറത്തെ അടിയായി. പിണറായി സർക്കാരിന്റെ കാലത്തെ, ഏത് പ്രമാദകേസും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താൽപ്പര്യം അനുസരിച്ചുമാത്രമേ അന്വേഷണവും നടപടിയും ഉണ്ടായിട്ടുള്ളൂ. എന്നാൽ അതിനെല്ലാം അതീതമായി ദേവസ്വം ബഞ്ച് നേരിട്ട് രൂപം നൽകിയ കേരള പോലീസിലെ എസ്.ഐ.റ്റി മുഖം നോക്കാതെ അന്വേഷണം തുടങ്ങിയതോടെ യഥാർത്ഥ കുറ്റവാളികൾ ഒന്നൊന്നായി അഴിക്കുള്ളിലായി. അതോടെ ശബരിമല കേസിൽ പ്രതികളാകുന്ന ആരെയും സംരക്ഷിക്കില്ലെന്ന നിലപാട് സർക്കാരും പാർട്ടിയും പ്രഖ്യാപിച്ചെങ്കിലും സി.പി.എമ്മിന്റെ പാർട്ടി നേതാക്കളായിരുന്ന രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ജയിലിലായതോടെ സ്വർണ്ണക്കൊള്ളയുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതി വന്നു.
ഇതിനിടെ മുന്നണി മര്യാദകളെല്ലാം ലംഘിച്ച്, പി.എംശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത് എൽ.ഡി.എഫിൽ ഉണ്ടാക്കിയ അന്തർച്ഛിദ്രം മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത വിധം രൂക്ഷമായിരുന്നു. പദ്ധതിയിൽ നിന്നു പിന്മാറിയില്ലെങ്കിൽ സി.പി.ഐ നാല് മന്ത്രിമാരെയും മന്ത്രിസഭയിൽനിന്ന് പിൻവലിക്കും എന്നുറപ്പായതോടെ പദ്ധതിയിൽനിന്ന് പിന്മാറാൻ സി.പി.എം നിർബന്ധിതരായി. സി.പി.ഐ അവരുടെ മുഖം രക്ഷിച്ചപ്പോൾ സി.പി.എംന് ബി.ജെ.പിയുടെ ഏതെങ്കിലും നയപരിപാടികളോട് അകലമോ, വിയോജിപ്പോ ഇല്ലെന്നുള്ളത് തുറന്നുകാട്ടപ്പെടുകയും ചെയ്തു. ലേബർ കോഡിന്റെ കരടുരൂപപ്പെടുത്തിയതിലും ഇക്കാര്യം പിന്നീട് തെളിയിക്കപ്പെട്ടു.
തദ്ദേശ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ഇങ്ങനെ സി.പി.എമ്മിന്റെയും മുന്നണിയുടെ മുഖം വികൃതമായിരിക്കെയാണ് സർക്കാരിന്റെ മുൻഗണന മധ്യ ഉപരിവർഗ്ഗത്തിനാണെന്ന വിമർശനത്തെ തിരുത്താൻ പാവപ്പെട്ടവർക്കുള്ള അനേകം ക്ഷേമപദ്ധതികളുടെ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തുന്നത്. 62 ലക്ഷം പേർ വാങ്ങുന്ന ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കിയും, സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചും, ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയവും 7000 രൂപയിൽ നിന്ന് 8000 രൂപയായി വർദ്ധിപ്പിച്ചും, നിലവിൽ പെൻഷൻ പദ്ധതികളിലൊന്നും ഇല്ലാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള മഞ്ഞകാർഡ്, പിങ്ക്കാർഡ് റേഷൻ വാങ്ങുന്ന 31 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചും, നൈപുണ്യ കോഴ്‌സുകളിൾ പഠിക്കുന്നവർക്കും മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്ന 18-30 വയസുകാർക്ക് മാസം 1000 രൂപാവീതം 5 ലക്ഷം പേർക്ക് നൽകുന്ന സ്റ്റൈപ്പൻഡ് പദ്ധതിയും പ്രഖ്യാപിച്ചും അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചും പാചകത്തൊഴിലാളികളുടെ കൂലിയിൽ 1,100 രൂപ വർദ്ധിപ്പിച്ചും പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനത്തിൽ 1000 രൂപ വർദ്ധിപ്പിച്ചും തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് സർക്കാർ പ്രതിപക്ഷത്തെ ഞെട്ടിച്ചുകളഞ്ഞു. റബ്ബറിന്റെ താങ്ങുവില 180 രൂപയിൽ നിന്ന് 200 ആക്കാനും നെല്ലിന്റെ താങ്ങുവില 28.20 നിന്ന് 30 രൂപയാക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു.
പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയില്ലാതെ പ്രതിരോധത്തിലായ സർക്കാരിന് ഈ പ്രഖ്യാപനങ്ങളിലൂടെ മാധ്യമവാർത്തകളുടെ ആകെ ഗതി തിരിച്ചുവിടാനായി. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാണെന്ന് സാധാരണക്കാരനുപോലും അറിയാമെന്നതിനാൽ ഇതൊരു രാഷ്ട്രീയനേട്ടത്തിനുള്ള പ്രഖ്യാപനം എന്നതിപ്പുറം ഇതിന്റെ ഗുണഭോക്താക്കളായി വരുന്നവർക്കുപോലും ഇത് നടപ്പിലാക്കും എന്ന വിശ്വാസം ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. എങ്കിലും എൽ.ഡി.എഫിന്റെ സ്‌ക്വാഡുകൾ ഈ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നവരുടെ വീടുകളിൽ നടത്തിയിട്ടുള്ള ബോധവൽക്കരണത്തിലൂടെ കുറേ വോട്ടർമാരെ എൽ.ഡി.എഫിന് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ സംശയമില്ല. അതേസമയം 6 മാസമെങ്കിലും ഈ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ കൈകളിലെത്തിയ ശേഷമായിരുന്നു തിരഞ്ഞെടുപ്പെങ്കിൽ സർക്കാരിനത് വമ്പിച്ച നേട്ടമുണ്ടാക്കിയേനെ.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമാണ് ശബരിമല സ്വർണ്ണക്കേസിൽ പോലീസ് നടപടികൾ ഊർജ്ജിതമാക്കിയത് എന്നതും മുൻ എം.എൽ.എയും സി.പി.എം നേതാവുമായ എ. പത്മകുമാറിന്റെ അറസ്റ്റുണ്ടായതെന്നതും തെരഞ്ഞെടുപ്പ് ഗോദായിൽ നിൽക്കുമ്പോൾ സി.പി.എംനെ വല്ലാത്ത പ്രതിരോധത്തിലാക്കുന്ന സ്ഥിതിയുണ്ടായി. രാഷ്ട്രീയമായി അത്തരമൊരു വിഷമഘട്ടത്തിലാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാൻ രാഹുൽ ഉപദ്രവിച്ചു എന്നുകേട്ടിരുന്ന യുവതി സന്നദ്ധയായത്. ഇത്തരം ഒരു വിഷയം കിട്ടിയാൽ എതിരാളികളുടെ മുഖം വികൃതമാക്കുംവിധം പോലീസിനെ എങ്ങനെ ഉപയോഗിക്കണം പ്രചാരണം എങ്ങനെ നടത്തണം എന്നറിയാവുന്ന മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം തെരഞ്ഞെടുപ്പുതന്ത്രജ്ഞന്മാരും അതുവേണ്ടപോലെ ഉപയോഗപ്പെടുത്തുക തന്നെ ചെയ്തു. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് സി.പി.എം പോലും കരുതിയ തദ്ദേശതെരഞ്ഞെടുപ്പുരംഗത്ത് അവർക്കു വീണുകിട്ടിയ വമ്പൻ ലോട്ടറിയായി മാറി രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസങ്ങളിൽ മറ്റെല്ലാ വിഷയങ്ങളെയും പിന്തള്ളി രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലുള്ള വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുകയാണ്. യഥാർത്ഥത്തിൽ ഇത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കൾ വെള്ളിത്താലത്തിൽ എൽ.ഡി.എഫിന് സമ്മാനിച്ചുകൊടുത്ത അവസരമാണ്.
മാസങ്ങൾക്ക് മുമ്പ് രാഹുൽ മാങ്കൂട്ടത്തിനെതിരേ ഒരു പെൺകുട്ടി പരസ്യമായി രംഗത്തുവന്ന് ചില വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുമ്പുതന്നെ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികൾ കോൺഗ്രസിന്റെ സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട പല പ്രമുഖ നേതാക്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നതാണ്. കോൺഗ്രസിലെ പ്രമുഖ വനിതാനേതാക്കൾക്കെല്ലാം തന്നെ ഇതേക്കുറിച്ച് ഉത്തമബോദ്ധ്യമുണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ മുന്നണിപ്പോരാളി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, എം.എൽ.എ, ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ആരാധകരെയും അനുയായികളേയും നേടിയ വിവാഹിതനാകാത്ത യുവ നേതാവ് എന്നെല്ലാമുള്ള പരിഗണന പാർട്ടിയിൽ ലഭിക്കുന്ന ആളെന്ന നിലയിൽ അവരാരും രാഹുലിനെ നിയന്ത്രിക്കണം എന്നുപറയാൻ തയ്യാറായില്ല.
എന്നാൽ രാഹുൽ മാങ്കൂട്ടം ഉണ്ടക്കിവച്ചിരിക്കുന്ന കുഴപ്പങ്ങളുടെ തീവ്രത അറിയാവുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും മറ്റും ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് ആക്ഷേപം പരസ്യമായി ഉയർന്നുതുടങ്ങിയപ്പോഴേ മാങ്കൂട്ടത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുമാറ്റാനും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യാനും ഇടയായത്. സമാനകേസുകളിൽ സി.പി.എം പോലും സ്വീകരിക്കാത്ത അടിയന്തിര നടപടി കോൺഗ്രസ് സ്വീകരിച്ചതുകൊണ്ട് കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികൾക്ക് ഇത് ഒരു തുടർവിവാദമാക്കാനുള്ള വഴി അടയുകയായിരുന്നു.
നേതൃത്വം സ്വീകരിച്ച നടപടിയോട് വിധേയപ്പെട്ടുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും പൊതുരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു കോൺഗ്രസിന്റെ വിശ്വാസ്യതയും പ്രതിച്ഛായയും നിലനിർത്താൻ രാഹുൽ മാങ്കൂട്ടം ചെയ്യേണ്ടിയിരുന്നത്. എന്നാൽ സംഭവിച്ചതതല്ല. രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനപ്രകാരമായിരുന്നെങ്കിലും നിലപാട് ശക്തമായി പറഞ്ഞയാൾ പ്രതിപക്ഷ നേതാവായതുകൊണ്ട് കോൺഗ്രസിലെ കെ. സുധാകരനോടും രാഹുൽ മാങ്കൂട്ടത്തോടും മറ്റും കൂറുപുലർത്തുന്ന സൈബർ പോരാളികൾ പ്രതിപക്ഷ നേതാവ്, വി.ഡി. സതീശനെതിരായി സി.പി.എംകാർപോലും ചെയ്യാത്ത സൈബർ ആക്രമണമാണ് നടത്തിയത്. അഭിപ്രായം പറഞ്ഞ ഉമാതോമസിനെയും ഷാനിമോൽ ഉസ്മാനെയും ഇവർ വെറുതെ വിട്ടില്ല. ഇതിനെതിരായി കെ.പി.സി.സി നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായതേ ഇല്ല.
ഇതിന്റെ തുടർച്ചയായി രാഹുൽ നിയമസഭയിലെത്തുകയും കുറച്ചുനാൾക്കകം പാലക്കാട് സജീവമാകുകയും ചെയ്തു. തുടർന്ന് കോൺഗ്രസ്സിന്റെ സാധാരണ എം.എൽ.എ എന്ന പോലെ പ്രവർത്തകരെ കൂടെ നിർത്തി പരിപാടികൾ സംഘടിപ്പിക്കുകയും തദ്ദേശ ഇലക്ഷനിൽ നോമിനേഷൻ കൊടുക്കുന്നതിൽ ഇടപെടുന്നതു മുതൽ സ്ഥാനാർത്ഥിയോടൊപ്പം വീടുകയറുന്നതിൽ വളരെ സജീവമായപ്പോഴും പാലക്കാട് നേതൃത്വമോ, കെ.പി.സി.സി നേതൃത്വമോ, എ.ഐ.സി.സി നേതൃത്വമോ, ഇടപെട്ട് അരുത് നിങ്ങൾ ഈ പാർട്ടിയിൽ അംഗം പോലുമല്ല എന്ന് പറഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിന് ഇതിനെല്ലാം സാധിച്ചത് കെ. സുധാകരന്റെ മാത്രമല്ല ഷാഫി പറമ്പിൽ അടക്കമുള്ള വർക്കിംഗ് പ്രഡിഡന്റുമാരുടെയും അവരുടെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെയും എ.ഐ.സി.സി ജനറൽ സെക്രട്ടറിവരെയുമുള്ളവരുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ടാണ്. ഇങ്ങനെയെല്ലാമുള്ള പശ്ചാത്തലത്തിൽ മതിമറന്ന രാഹുൽ മാങ്കൂട്ടം തനിക്കെതിരെ ആരുടെയെങ്കിലും പരാതിയുണ്ടോ എന്നുചോദിച്ച് പല തവണ വെല്ലുവിളിക്കുക കൂടി ചെയ്തപ്പോൾ അതുവരെ അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോസ്ഥയോട് താൻ പരാതി നൽകില്ല എന്നുപറഞ്ഞ യുവതി പരാതി നൽകാൻ നിർബന്ധിതയാകുന്ന സാഹചര്യം രാഹുൽ മാങ്കൂട്ടം തന്നെ സൃഷ്ടിക്കുകയായിരുന്നു.
രാഹുലും അയാളെ പിന്തുണയ്ക്കുന്നവരും കൂടി കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കിയ ഡാമേജ് ഒട്ടും ചെറുതല്ല. വോട്ടെടുപ്പുവരെ ജനങ്ങളെ സ്വാധീനിക്കുന്ന തുടർവാർത്തകൾക്ക് വഴിവയ്ക്കുന്ന കേസാണിത്. സർക്കാരിനും ഇടതുമുന്നണിക്കുമെതിരെ യു.ഡി.എഫ് ഉയർത്തിയ എല്ലാ പ്രചാരണവിഷയങ്ങളേയും പ്രതിരോധിക്കാൻ ഈ കേസിനെ ആയുധമാക്കാൻ സ്വാഭാവികമായും എൽ.ഡി.എഫ് ശ്രമിച്ചു.
ഒരു കാലത്തുമില്ലാത്ത മുന്നൊരുക്കമാണ് ഇത്തവണ യു.ഡി.എഫും പ്രധാനമായി കോൺഗ്രസ്സും നടത്തിയത്. സ്ഥാനാർത്ഥി നിർണ്ണയം ഒട്ടും വൈകാതെ താഴെത്തട്ടിൽ തന്നെയാണ് മിക്കവാറും നടന്നത്. റിബലുകൾ പലയിടത്തും ഉണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ചു കുറയ്ക്കുവാൻ സാധിച്ചു. സർക്കാരിനെതിരെ ഭരണപ്പിഴവുകളും പാളിച്ചകളും അക്കമിട്ട്, കുറ്റപത്രം തയ്യാറാക്കി യു.ഡി.എഫ് പ്രവർത്തകർ പലതവണ വീടുകൾ കയറി. അതിനേക്കാളെല്ലാമുപരി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പമ്പരാഗത വോട്ടർമാർക്ക് ഇടക്കാലത്തുണ്ടായ അകൽച്ച മാറ്റി അവരുടെ പിന്തുണ തിരിച്ചുപിടിക്കാൻ പ്രതിപക്ഷ നേതൃത്വത്തിന് സാധിച്ചതും യു.ഡി.എഫിന്റെ പ്രതീക്ഷ വർദ്ധിപ്പിച്ചു.
സർക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾക്ക് ബദലെന്നോണം ഒട്ടേറെ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫും ഒരു പ്രകടനപത്രിക പുറത്തിറക്കുകയുണ്ടായി. ത്രിതലത്തിൽ ഒപ്പത്തിനൊപ്പം അല്ലെങ്കിൽ ചെറിയ മുൻതൂക്കം കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മികച്ച വിജയം. ഇങ്ങനെയെല്ലാം യു.ഡി.എഫ് നേതൃത്വം ഉറച്ച പ്രതീക്ഷ പുലർത്തിയിരുന്ന സമയത്താണ് ഇരുട്ടടിപോലെ രാഹുൽ മാങ്കൂട്ടം സൃഷ്ടിച്ച പൊല്ലാപ്പുകൾ. എങ്കിലും വോട്ടർമാർക്ക് ഈ സർക്കാരിനോടുള്ള രോഷം അതിലൊക്കെ മുകളിലാണെന്ന് യു.ഡി.എഫ് കരുതുന്നു.
കണ്ണൂർ ജില്ലയിൽ 14 ഇടങ്ങളിൽ രാഷ്ട്രീയ പ്രതിയോഗികളെ നോമിനേഷൻ കൊടുക്കാൻ ഭയപ്പെടുംവിധമുള്ള അന്തരീക്ഷം സൃഷ്ടിച്ച് ഏകപക്ഷീയവിജയം നേടിയത് സി.പി.എമ്മിന്റെ ഫാസിസ്റ്റ് രീതിയാണെന്ന പ്രചാരണവും യു.ഡി.എഫ് നടത്തുന്നുണ്ട്. ആന്തൂർനഗരസഭയിൽ അഞ്ച് ഡിവിഷനിലും കണ്ണപുരം പഞ്ചായത്തിൽ ആറുവാർഡുകളിലും, മലപ്പട്ടത്ത് മൂന്നു വാർഡുകളിലുമാണ് എതിരില്ലാത്ത വിജയം സി.പി.എം പിടിച്ചത്.
കേന്ദ്രത്തിന്റെ വികസനപദ്ധതികൾ ചൂണ്ടിക്കാട്ടി മത്സരിക്കുന്ന ഇടങ്ങളിൽ ചിട്ടയായ പ്രവർത്തനമാണ് ബി.ജെ.പി നടത്തുന്നത്. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ വികസനവിരുദ്ധരും അഴിമതിക്കാരുമാണെന്നുമാണ് പ്രചാരണത്തിലെ ഊന്നൽ. കേരളത്തിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ലക്ഷ്യമിട്ടെങ്കിലും പൊതുവിൽ 25 ശതമാനം വാർഡുകളിലെങ്കിലും എൻ.ഡി.എയുടെ സ്ഥാനാർത്ഥികളേയില്ല. തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിന്റെ അവിഹിതവും എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് 13 ന് ഫലം വന്നാലേ അറിയാനൊക്കൂ.











