
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കേരളത്തിലെ മൂന്നു മുന്നണികളും കണക്കുകൂട്ടലുകളുമായി വിജയപ്രതീക്ഷയിലാണ്. യുഡിഎഫിലാകട്ടെ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച തർക്കം സജീവമാണ്. മന്ത്രസ്ഥാനം ലക്ഷ്യമിട്ടും നേതാക്കൾ കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, യുഡിഎഫിന്റെ കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിച്ച് ഇടതുപക്ഷം കേരളത്തിൽ അധികാരം നിലനിർത്തും എന്നാവർത്തിച്ച് പറയുകയാണ് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ. നേരത്തേ തന്നെ എൻഎസ് മാധവൻ തുടർഭരണം പ്രവചിച്ചിരുന്നു. എന്നാൽ, ഇക്കുറി ഓരോ ജില്ലയിലും എൽഡിഎഫും യുഡിഎഫും എത്ര സീറ്റുകൾ നേടുമെന്ന വിശദമായ പ്രവചനമാണ് എൻ എസ് മാധവൻ നടത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് എൻ എസ് മാധവൻ തന്റെ പ്രവചനം പുറത്തുവിട്ടത്. എൽ.ഡി.എഫ് 75 സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എൻ.എസ്. മാധവൻ കുറിപ്പിൽ വിശദമാക്കുന്നത്. യു,ഡി.എഫിന് 65 സീറ്റുകളാണ് അദ്ദേഹം പ്രവചിക്കുന്നത്. മൂന്നു സീറ്റുകൾ വരെ വ്യത്യാസം വന്നേക്കാമെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വിലയിരുത്തൽ പ്രകാരം മലപ്പുറവും എറണാകുളവും യു.ഡി.എഫ് കോട്ടകളാകും. എന്നാൽ കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻമുന്നേറ്റം നടത്തി എൽ.ഡി.എഫ് അധികാരം നിലനിറുത്തും. വയനാട് ജില്ലയിലെ മൂന്നു സീറ്റും യു.ഡി.എഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുമെന്നും എൻ.എസ് മാധവൻ അവകാശപ്പെടുന്നു. എന്നാൽ ബി.ജെ.പി എത്ര സീറ്റുകൾ നേടും എന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.
2021ൽ 80 സീറ്റുകളുമായി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് എൻ.എസ്. മാധവൻ പ്രവചിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പിനെ ചർച്ചയാക്കുന്നത്.










