06:10am 13 November 2026
NEWS
പോലീസിലെ ക്രിമിനലുകൾക്ക് ആര് കടിഞ്ഞാണിടും? നടപടികൾ നോക്കുകുത്തി
19/06/2025  08:25 AM IST
സുരേഷ് വണ്ടന്നൂർ
പോലീസിലെ ക്രിമിനലുകൾക്ക് ആര് കടിഞ്ഞാണിടും? നടപടികൾ നോക്കുകുത്തി

ആശങ്കയേറി കേരളാ പോലീസിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വർധിക്കുന്നതിനെതിരെ രൂക്ഷ വിമർശനം. മാങ്ങാ മോഷണം മുതൽ എം.ഡി.എം.എ കച്ചവടം, ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് വരെയുള്ള കുറ്റകൃത്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളുണ്ടാകുന്നില്ലെന്നും പലപ്പോഴും സസ്പെൻഷൻ മാത്രമായി നടപടികൾ ഒതുങ്ങുകയാണെന്നും ആക്ഷേപമുയരുന്നു.


ഇടുക്കി ജില്ലയിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. വണ്ടിപ്പെരിയാർ സ്റ്റേഷനിൽ വനിതാ പോലീസുകാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വെച്ച് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതിന് ഒരു പോലീസുകാരനെ പിടികൂടി. തൊടുപുഴ സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ച സൈക്കിൾ മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തതും വാർത്തയായി. നേരത്തെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എം.ഡി.എം.എ കച്ചവടം, രഹസ്യ വിവരങ്ങൾ കൈമാറിയത് പോലുള്ള കേസുകളിലും ഉദ്യോഗസ്ഥർക്കെതിരെ നടപടികളുണ്ടായിട്ടുണ്ട്.
പോലീസിലെ ക്രിമിനൽവൽക്കരണം തടയാൻ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മുൻപ് രൂപീകരിച്ച എ.ഡി.ജി.പി തല സമിതിയെ ദുർബലപ്പെടുത്തിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

സിവിൽ പോലീസ് മുതൽ സി.ഐ വരെയുള്ളവരുടെ അച്ചടക്ക നടപടി ജില്ലാതല സമിതികൾ പരിശോധിച്ചാൽ മതിയെന്ന പുതിയ തീരുമാനം, ക്രിമിനൽ കേസുകളിൽ പ്രതികളായ പോലീസുകാർക്ക് സ്വാധീനം ചെലുത്തി സർവീസിൽ തിരിച്ചെത്താൻ വഴിയൊരുക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഡിവൈ.എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരായ നടപടി മാത്രമാണ് ഇനി എ.ഡി.ജി.പി തല സമിതി പരിശോധിക്കുക.


അതേസമയം, തെറ്റ് ചെയ്യുന്ന പോലീസുകാരെ ഒരു ഘട്ടത്തിലും സർക്കാർ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്ന കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img