03:15am 15 September 2026
NEWS
ആരൊക്കെ വീഴും, അതിജീവിക്കും ! കെ.സി. വേണുഗോപാൽ ദൽഹി വിടുമോ?
28/02/2026  12:33 PM IST
പി. ജയചന്ദ്രൻ
ആരൊക്കെ വീഴും, അതിജീവിക്കും ! കെ.സി. വേണുഗോപാൽ ദൽഹി വിടുമോ?

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന കോൺഗ്രസിലിപ്പോൾ വലിയൊരു ശാന്തത കളിയാടുകയാണ്. സ്വച്ഛസുന്ദരമായ ഒരു ജലാശയത്തിന്റെ മുകൾത്തട്ടിൽ എന്ന പോലെയുള്ള ശാന്തത. ഇളംകാറ്റ് വീശുമ്പോഴുള്ള കുഞ്ഞോളങ്ങളുടെ സൗന്ദര്യം നൽകുന്ന ശാന്തത. എന്നാൽ പാർട്ടി, കോൺഗ്രസ് ആയതുകൊണ്ട് മുകൾത്തട്ടിൽ കാണുന്ന ഈ ശാന്തത ശാശ്വതമല്ലെന്നും അത് മറ്റ് ചിലതിന്റെ സൂചനയായി വേണം കരുതുവാനെന്നുമാണ് കോൺഗ്രസ് രാഷ്ട്രീയം അടുത്തുനിന്ന് കണ്ടുവിലയിരുത്തിയിട്ടുള്ള രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 
വിജയം സുനിശ്ചിതമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ സ്ഥാനാർത്ഥി മോഹികളുടെ വലിയൊരുപട തന്നെയാണ് രൂപം കൊണ്ടിട്ടുള്ളത്. അതിൽ അനർഹരും അർഹരുമുണ്ടെങ്കിൽ കൂടി എല്ലാവരേയും വേലികെട്ടി തടഞ്ഞു നിർത്തുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് മറ്റ് സ്ഥാനങ്ങളൊന്നും നൽകില്ലെന്നും, അർഹതയുണ്ടായിട്ടും അച്ചടക്കം പാലിച്ച് മാറിനിൽക്കുന്നവരെ പാർട്ടി പദവികളിലുൾപ്പെടെ പരിഗണിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരസ്യമായി പറഞ്ഞത് ഈ വേലികെട്ടലിന്റെ ഭാഗം തന്നെയാണ്.

സ്ഥാനാർത്ഥി മോഹികളുടെ തള്ളിക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കുവാൻ ഇതൊരു നല്ല തീരുമാനമാണെങ്കിലും അതിനുപിന്നിൽ ഒരു ഹിഡൻ അജണ്ടയുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ ചില മുൻനിര നേതാക്കൾ കരുതുന്നത്. ഡെമോക്ലസിന്റെ വാളുപോലെ എ.ഐ.സി.സി സെക്രട്ടറിയുടെ ഈ ഒരു തിട്ടൂരം തലയ്ക്ക് മീതേ തൂങ്ങുമ്പോൾ, സീറ്റ് മോഹികളുടെ തള്ളിക്കയറ്റത്തിന് കാര്യമായ കുറവുണ്ടാകുമെന്നും, ആ ഒരു സാഹചര്യത്തിൽ തങ്ങൾക്ക് താൽപ്പര്യമുള്ളവരെ സ്ഥാനാർത്ഥികളാക്കാമെന്നുമാണത്രേ ഒരുകൂട്ടം നേതാക്കളുടെ കണക്കുകൂട്ടൽ. അത് തിരിച്ചറിയുന്ന പ്രവർത്തകർ തൽക്കാലം നിശ്ശബ്ദത പാലിക്കുമെങ്കിലും സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവരുന്നതോടെ അടിയൊഴുക്കുകൾക്ക് ആക്കം കൂട്ടുമെന്നാണ് കേൾക്കുന്നത്. 

അതെന്തായാലും കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നിലവിലുള്ള ശാന്തത നശിപ്പിക്കരുതെന്നും, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങണമെന്നുമുള്ള കാര്യത്തിൽ ഘടകകക്ഷികൾ ഏകാഭിപ്രായക്കാരാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഒരാൾ പോലും പാർട്ടി വിട്ട് മറുപക്ഷത്തുപോയി സ്ഥാനാർത്ഥിയാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഉഭയകക്ഷി ചർച്ചയ്ക്കിടയിൽ മുസ്ലീം ലീഗും ജോസഫ് ഗ്രൂപ്പും കോൺഗ്രസ് നേതൃത്വത്തോട് തുറന്നുപറഞ്ഞു എന്നാണറിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ പരാജയത്തിന് പ്രധാന കാരണം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും അത് സൃഷ്ടിച്ച അടിയൊഴുക്കുകളുമാണെന്നും ലീഗും കേരളാകോൺഗ്രസും കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചു. ആ പൊട്ടിത്തെറികൾ കോൺഗ്രസിനെ മാത്രമല്ല തങ്ങളെയും ബാധിച്ചു എന്ന് തെളിവ് സഹിതമാണ് ഇവർ പറഞ്ഞത്.

നിലനിൽപ്പിന്റെ പോരാട്ടം

കാരണം, കോൺഗ്രസിന് മാത്രമല്ല, യു.ഡി.എഫിലെ ഓരോ ഘടകകക്ഷിക്കും ഇത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ജീവൻമരണപോരാട്ടവും. കഴിഞ്ഞ പത്തുവർഷമായി പ്രതിപക്ഷത്തിരിക്കുന്നത്, ലീഗൊഴിച്ചുള്ള കക്ഷികളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത കാര്യമാണ്. ആ സ്ഥിതിക്ക് ഇനിയൊരിക്കൽ പുറത്തുനിൽക്കേണ്ടി വന്നാൽ തങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും എന്ന വസ്തുതയും കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഇവർ അവതരിപ്പിച്ചു എന്നാണറിയുന്നത്.

കോൺഗ്രസ് നേതൃത്വത്തിനും അതറിയാം. അതുമാത്രമല്ല മറ്റൊരു യാഥാർത്ഥ്യം കൂടി അവർ തിരിച്ചറിയുന്നുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിൽ വരാനായില്ലെങ്കിൽ പിന്നെ യു.ഡി.എഫ് എന്നുപറയുന്ന ഒരു സംവിധാനം തന്നെ ഇല്ലാതാകും. ഘടകകക്ഷികൾ ഒന്നില്ലാതെ ഇടത്-ബി.ജെ.പി ചില്ലകളിൽ ചേക്കേറും. അത് മനസ്സിലാക്കുമ്പോഴും പക്ഷേ എനിക്കും എന്റെ പൊക്കണത്തിനും എന്നുള്ള ചിന്ത ഉപേക്ഷിക്കുവാൻ നേതൃത്വത്തിൽ ഒരു വിഭാഗം തയ്യാറാകുന്നില്ല. വിജയസാധ്യതയാണ് സ്ഥാനാർത്ഥിത്വത്തിന്റെ മുഖ്യപരിഗണനാവിഷയം എന്നുപറയുമ്പോഴും തയ്യാറാക്കി വച്ചിട്ടുള്ള പരിഗണനാ പട്ടികയിലെ പേരുകാരിൽ പലരും ചില പ്രത്യേക നേതാക്കളുടെ 'സ്വന്തക്കാർ' ആണെന്നാണ് കേൾക്കുന്നത്.

ഉദാഹരണത്തിന്, ഈ അടുത്ത ദിവസം തൃശൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ, വേദിയിലുണ്ടായിരുന്ന മുൻ എം.പി. രമ്യാഹരിദാസിനേയും, മുൻ എം.എൽ.എ വി.ടി. ബലറാമിനേയും സ്വാഗതപ്രാസംഗികൻ 'മുൻ' ചേർത്ത് സംബോധന ചെയ്തപ്പോൾ, ഇപ്പോൾ എക്‌സ് എം.എൽ.എയും എം.പിയുമായ ഇവരുടെ പേരിനൊപ്പമുള്ള എക്‌സ് ഈ തെരഞ്ഞെടുപ്പിൽ മാറും എന്ന് പ്രഖ്യാപിച്ചത് കെ.സി. വേണുഗോപാൽ തന്നെയായിരുന്നു. എന്നുപറഞ്ഞാൽ, പുതിയ സമവായത്തിൽ കെ.സി. ഗ്രൂപ്പുകാരായ വി.ടി. ബലറാമും രമ്യഹരിദാസും സീറ്റ് ഉറപ്പിച്ചു എന്നർത്ഥം. പക്ഷേ സീറ്റ് മോഹികളായ കോൺഗ്രസുകാർക്കിടയിൽ വ്യാപകമായ ചർച്ചയായിരിക്കുകയാണ്. അതിന്റെ പ്രതിഫലനം എങ്ങനെയായിരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് പാർട്ടിക്കുള്ളിലെ സംസാരം.

അതുപോലെ തന്നെയാണ്, യുവാക്കൾ, വനിതകൾ, പുതുമുഖങ്ങൾ എന്നിവരെ കാര്യമായി പരിഗണിക്കണമെന്നുള്ള നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇങ്ങനൊക്കെ പറഞ്ഞുകൊണ്ട് 2021 ലെ തെരഞ്ഞെടുപ്പിൽ ഒരു പറ്റം പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ട് മാത്യു കുഴൽനാടൻ ഉൾപ്പെടെ രണ്ടുപേരെ മാത്രം വിജയിപ്പിക്കുവാനേ കഴിഞ്ഞുള്ളൂ എന്ന വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മറുകണ്ടം ചാടി വരുന്നവർക്ക് സീറ്റ് നൽകാനുള്ള നേതൃത്വത്തിന്റെ ആലോചനയിലും പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. അങ്ങനെ വരുന്നവരുൾപ്പെടെ പത്തോളം വ്യക്തികൾക്ക് സീറ്റ് നൽകുവാനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. കൊട്ടാരക്കരയിൽ ഐഷാപോറ്റി, കഴക്കൂട്ടത്ത് സിനിമാനടൻ പ്രേംകുമാർ, തൃപ്പൂണിത്തുറയിൽ നടൻ രമേശ് പിഷാരടി, ചേർത്തലയിൽ നടൻ ജയൻ ചേർത്തല, പാലക്കാട്ട് വി.എസിന്റെ മുൻസെക്രട്ടറി എ.സുരേഷ്, ഐ.എ.എസ് വിട്ടുവന്ന കണ്ണൻ ഗോപിനാഥൻ എന്നിവരൊക്കെയാണ് ആ വിഭാഗത്തിലെ പരിഗണനാപ്പട്ടികയിലുള്ളവർ. ഇവരെക്കൂടാതെ എൽ.ഡി.എഫിലെ ഏതെങ്കിലും പാർട്ടിയിൽ നിന്ന് സീറ്റ് കിട്ടാത്തതിനെ തുടർന്നും മറ്റും പുറത്തുവരുന്നവരേയും പരവതാനി വിരിച്ച് സ്വീകരിച്ച് സ്ഥാനാർത്ഥിത്വം നൽകുമെന്നാണ് കേൾക്കുന്നത്. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവച്ച സി.പി.എം എം.എൽ.എ പി.കെ. ശശിയും ഇക്കൂട്ടത്തിൽപ്പെടും.  കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെ.സി. വേണുഗോപാൽ പിടിമുറുക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. 

കെ.സി ദൽഹി വിടുമോ?

കെ.സി. വേണുഗോപാൽ ദൽഹി വിടുന്നു എന്നുള്ള ഒരു പ്രചാരണവും കോൺഗ്രസിനുള്ളിലെ ദൽഹി ബന്ധമുള്ള ചില നേതാക്കൾ രഹസ്യമായി കൈമാറുന്നുണ്ട്. കെ.സി ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ദൽഹിയിൽ നിന്ന് മടങ്ങുമെന്നാണ് കേൾക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും, പാർട്ടിയേയും യു.ഡി.എഫിനേയും അധികാരത്തിലേറ്റുകയാണ് ഇപ്പോൾ തന്റെ പ്രധാന ലക്ഷ്യമെന്നും പറയുന്നെങ്കിലും അതല്ലെന്നാണ് ചിലർ വ്യക്തമാക്കുന്നത്.

അതെന്തായാലും ഈ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ, സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് മടങ്ങുമെന്നുള്ള സംസാരം ശക്തമാണ്. ആ സ്ഥാനത്ത് പകരക്കാരനായി പറഞ്ഞുകേൾക്കുന്നത് സച്ചിൻ പൈലറ്റിന്റെ പേരാണത്രെ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img