12:02pm 12 November 2026
NEWS
അമർജിത്ത് കൗറോ അതോ ബിനോയ് വിശ്വമോ? സിപിഐ ദേശീയ സെക്രട്ടറി സംബന്ധിച്ച ആകാംക്ഷ തുടരുന്നു
24/09/2025  05:32 PM IST
nila
 അമർജിത്ത് കൗറോ അതോ ബിനോയ് വിശ്വമോ? സിപിഐ ദേശീയ സെക്രട്ടറി സംബന്ധിച്ച ആകാംക്ഷ തുടരുന്നു

 

ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ ദേശീയ സമ്മേളനത്തിന് നാളെ സമാപനമാകും. അതേസമയം, ആരാകും സിപിഐയുടെ പുതിയ ജനറൽ സെക്രട്ടറി എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നിലവിലെ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഒഴിയണമെന്നും പകരം പുതിയ നേതൃത്വം വരണമെന്നുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ നിലപാട്. കേരളത്തിന് പുറമേ, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളും ഡി രാജ മാറണമെന്ന നിലപാടിലാണ്. ഇതോടെ ഡി രാജ ഒഴിയുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ, പകരം ആര് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. 

ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും തമിഴ്നാടിന്റെയും നിലപാട് ഡി രാജ തുടരണമെന്നാണ്. നേതാക്കൾക്ക് പ്രായപരിധി വേണ്ടെന്നാണ് 82 കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം. ഒരാൾക്ക് മാത്രമായി പ്രായപരിധി നിബന്ധന ഒഴിവാക്കാനാകില്ലെന്നാണ് ബിനോയ്‌ വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. 

രാജ ഒഴിഞ്ഞാൽ പകരം അമർജിത്ത് കൗറിനാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രഥമ പരിഗണന.. അങ്ങനെയെങ്കിൽ പാർട്ടിയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയാകും അമർജിത് കൗർ. എന്നാൽ എല്ലാവരും പിന്തുണച്ചെങ്കിൽ മാത്രമേ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉള്ളൂവെന്നും മത്സരത്തിന് ഇല്ലെന്നും ആണ് അവരുടെ നിലപാട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പേരും ഉയരുന്നുണ്ട്. കഴിഞ്ഞ കുറേകാലമായി ദേശീയതലത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രവർത്തനം.

അതേസമയം, ജനറൽ സെക്രട്ടറി പദവിയിലേക്ക ഇല്ലെന്ന് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പുതിയ ജനറൽ സെക്രട്ടറിയെയും ദേശീയ എക്‌സിക്യൂട്ടീവിനെയും കൗൺസിലിനെയും നാളെയാണ് തിരഞ്ഞെടുക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img