
തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രയ്ക്ക് പണം മുടക്കിയത് ആരെന്ന ചോദ്യം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ. വിമാനയാത്രയുടെ സ്പോൺസറുടെ പേര് പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം. സ്പോൺസറുടെ പേര് കേരളം അറിയണമെന്നും ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പോൺസറുടെ പേര് മറച്ചുവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എന്തെങ്കിലും ഒളിച്ചുവയ്ക്കാനില്ലെങ്കിൽ സ്പോൺസറുടെ പേര് പറയുന്നതിൽ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനും വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന വി.ഡി. സതീശന്റെ വാദത്തെയും ഗോവിന്ദൻ വിമർശിച്ചു. വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പിണറായി വിജയന്റെ കാലത്തെ വിമാനയാത്രയിൽ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അതും പരിശോധിക്കണമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
മന്ത്രി കെ.എം. ഷാജിയുടെ സ്പോൺസർഷിപ്പ് വിഷയവും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടികൾ വിലമതിക്കുന്ന വാഹനങ്ങളും മറ്റ് സൗകര്യങ്ങളും ആരും സൗജന്യമായി നൽകില്ലെന്നും തട്ടിപ്പ് കേസുകളിൽ പ്രതികളായവർ വരെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ പരാമർശം.'ദെയർ ഈസ് നോ ഫ്രീ ലഞ്ച്' എന്നാണല്ലോ ശൈലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്പോൺസർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. പുറത്ത് പറയാൻ കഴിയാത്ത തരത്തിലുള്ള ആളുകളാണ് സർക്കാരിന്റെ സ്പോൺസർമാരെന്നായിരുന്നു പരിഹാസം. പണക്കാരെ കാണുമ്പോൾ കവാത്ത് മറക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
വിദേശയാത്ര മുതൽ വാഹന ഉപയോഗം വരെ സ്പോൺസർഷിപ്പിലൂടെ നടത്തേണ്ടിവരുന്ന തരത്തിൽ കാര്യങ്ങൾ മാറിയെന്നും ഇത്രയും വേഗത്തിൽ വിവാദങ്ങളിൽപ്പെട്ട മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. തട്ടിപ്പ് കേസുകളിൽ പ്രതികളായവർ വരെ ഈ കൂട്ടത്തിലുണ്ടെന്നും സൗജന്യമായി ആരും ഒന്നും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പൂർണ പിന്തുണ നൽകാൻ സിപിഐ തയ്യാറായില്ല. സിപിഎമ്മിനെയും എൽഡിഎഫിനെയും രാഷ്ട്രീയമായി ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധിക്കുമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്.
എന്നാൽ കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിൽ ഇപ്പോൾ അന്തിമ നിലപാട് പറയാനാകില്ലെന്നും വരും ദിവസങ്ങളിൽ കാര്യങ്ങൾ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിലെ വിജിലൻസ് പ്രാഥമികാന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ബിനോയ് വിശ്വം വിശദമായ പ്രതികരണം നൽകിയില്ല.










