01:06am 08 November 2026
NEWS
വി ഡി സതീശൻ സംസാരിക്കുന്നത് ആർക്കുവേണ്ടി?
22/03/2025  08:28 PM IST
nila
 വി ഡി സതീശൻ സംസാരിക്കുന്നത് ആർക്കുവേണ്ടി?

സായ്പിനെ കണ്ടാൽ കവാത്ത് മറക്കുക എന്നൊരു പ്രയോ​ഗം മലയാളത്തിലുണ്ട്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചില നിലപാടുകൾ കാണുമ്പോൾ ഓർമ്മ വരുന്നതും ഈ പ്രയോ​ഗമാണ്. കേന്ദ്രസർക്കാരിനെയാണോ സംസ്ഥാന സർക്കാരിനെയാണോ അതോ കേരളത്തിലെ മുഖ്യമന്ത്രിയെ മാത്രമാണോ പ്രതിപക്ഷ നേതാവ് എതിർക്കുന്നത് എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. കേന്ദ്രത്തിലെ മന്ത്രിമാരെ കാണുകയോ ഓർക്കുകയോ ചെയ്യുമ്പോൾ കേരളത്തിലെ നിലപാട് മറക്കുന്ന രീതിയാണോ സതീശന്റേതെന്ന് ആർക്കും തോന്നിപോകും.

കേരളത്തിൽ കീരിയും പാമ്പുമാണെങ്കിലും കേരളത്തിന്റെ അതിർത്തി കടക്കുമ്പോൾ എൽഡിഎഫും യുഡിഎഫും അണ്ണനും തമ്പിയുമാണ്. എന്നാൽ, കഴിഞ്ഞ ദിവസം കേരളത്തിന്റെ ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ കാണാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതിലെ വി ഡി സതീശന്റെ പ്രതികരണം അമ്പരപ്പുണ്ടാക്കുന്നതാണ്. കേരളത്തിലെ ആരോ​ഗ്യമന്ത്രിയെ കാണില്ല, മുഖ്യമന്ത്രി വന്നാൽ കാണാമെന്ന നിലപാടിലാണ് കേന്ദ്രമന്ത്രി ജെ പി നഡ്ഡയെന്ന് പറയുന്നു. ആ സമീപനം അം​ഗീകരിക്കാനാകില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. എന്നാൽ, ഈ പ്രസ്താവനയിൽ എന്താണ് പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. 

ആശാവർക്കർമാരുടെ സമരത്തിൽ പ്രതിപക്ഷം ഏറ്റവുമധികം കുറ്റപ്പെടുത്തുന്ന മന്ത്രിയാണ് വീണ ജോർജ്ജ്. ആശാവർക്കർമാർ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ ഇടപെടൽ നടന്നില്ലെന്ന ആരോപണവും മന്ത്രി നേരിടുന്നുണ്ട്. മന്ത്രി വീണ ജോർജ്ജ് കൂടിക്കാഴ്ച്ചക്ക് അനുമതി തേടിയ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ജെ പി നഡ്ഡയും പ്രതികരിച്ചത്. ഒരു വെളിപാടു പോലെ ബാ​ഗുമെടുത്ത് വീണ ജോർജ്ജ് ഡൽഹിക്ക് പോയി എന്നാണ് ഏവരും ആദ്യം കരുതിയതെങ്കിലും ക്യൂബൻ പ്രതിനിധി സംഘത്തെ കാണാൻ മുൻകൂട്ടി തീരുമാനിച്ച യാത്രയായിരുന്നു അതെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തിരുന്നു. അങ്കവും കാണാം താളിയുമൊടിക്കാം എന്ന നിലയിൽ പോയവഴിക്ക് കേന്ദ്രമന്ത്രിയെ കാണാൻ ശ്രമിച്ചെന്ന് വരുത്തി എന്നുമാത്രം. ഇക്കാര്യം കൃത്യമായി റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെ മെക്കിട്ട് കേറാനും കേരളത്തിന്റെ ആരോ​ഗ്യമന്ത്രി മടിച്ചില്ല. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയേണ്ട ബാധ്യത തനിക്കില്ലെന്നും തനിക്ക് പറയാനുള്ളത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുമെന്നുമുള്ള തികഞ്ഞ അറുപിന്തിരിപ്പൻ നിലപാട് കൈക്കൊള്ളാനും അത് വിളിച്ചുപറയാനും മന്ത്രി വീണ ജോർജ്ജ് മടിച്ചില്ല. 

പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ജെ പി നഡ്ഡ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തുന്നതും ചെന്നിട്ട് കാണാൻ അനുമതി ലഭിച്ചില്ലെന്ന് വീണ ജോർജ്ജ് പറഞ്ഞതും മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ പരിഭവം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img