11:30am 13 September 2026
NEWS
ഭരണകെടുകാര്യസ്ഥതയ്ക്ക് ആരെയാണ് പഴിക്കുന്നത്? കേന്ദ്രത്തോട് സമരത്തിന് ഭയപ്പെടുന്നുണ്ടോ?
11/01/2025  08:04 PM IST
ചെറുകര സണ്ണീലൂക്കോസ്
ഭരണകെടുകാര്യസ്ഥതയ്ക്ക്  ആരെയാണ് പഴിക്കുന്നത്? കേന്ദ്രത്തോട് സമരത്തിന് ഭയപ്പെടുന്നുണ്ടോ?

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ച് വിലയിരുത്തിയ സി.പി.ഐ(എം) കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പല കാരണങ്ങളും കണ്ടെത്തിയെങ്കിലും അതിൽ ഏറ്റവും യാഥാർത്ഥ്യബോധമുള്ള ഒന്നായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ഭരണപരാജയവും, സർക്കാരിന്റെ മുൻഗണനകൾ തെറ്റിപ്പോയി, ആഭിമുഖ്യം സമൂഹത്തിലെ മധ്യവർഗ്ഗത്തിന്റെയും സമ്പന്ന ഉപരിവർഗ്ഗത്തിന്റെയും കാര്യത്തിലായിരുന്നു എന്നത്. സർക്കാരും പാർട്ടിയും സാധാരണ ജനങ്ങളിൽ നിന്നകന്നുപോയി എന്ന കണ്ടെത്തൽ 100 ശതമാനം ശരിയായിരുന്നു. അങ്ങനെ ഈ വീഴ്ചകളെല്ലാം തിരുത്തിവേണം ഇനി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനേയും നിയമസഭാ തെരഞ്ഞെടുപ്പിനേയും അഭിമുഖീകരിക്കാൻ എന്ന തീരുമാനത്തിലാണ് പാർട്ടി എത്തിച്ചേർന്നത്.

പാർട്ടിയിൽ എല്ലാവരും തിരുത്തണം തിരുത്തണം എന്ന് പരസ്യപ്രസ്താവന നടത്തുന്നതിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റിയംഗങ്ങളും തമ്മിൽ ഒരു മത്സരം തന്നെ നടന്നു. ഇതിന് പിന്നാലെ കേരളനിയമസഭയിൽ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ധനകാര്യവിഷയങ്ങളെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തി. ഓരോ ക്ഷേമപദ്ധതിയിലും സർക്കാർ കൊടുത്തുതീർക്കാനുള്ള കുടിശ്ശികയുടെ കണക്ക് വെളിപ്പെടുത്തിക്കൊണ്ട് അതെല്ലാം കൊടുത്തുതീർക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെൻഷനുകൾ, സർക്കാർ ജീവനക്കാരുടെ ഡി.എ. കുടിശ്ശിക, പെൻഷൻ പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള കുടിശിക, കെട്ടിടനിർമ്മാണത്തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക, ഖാദി തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ, അംഗനവാടി ജീവനക്കാർക്കുള്ള അംശാദായ പെൻഷൻ കുടിശിക, കരാറുകാരുടെ കുടിശിക, വന്യജീവി ആക്രമണം നേരിട്ടവർക്കും മാരകരോഗം ബാധിച്ചവർക്കുമുള്ള കുടിശിക, കാരുണ്യ ചികിത്സാ പദ്ധതിയുടെ കുടിശിക, നെല്ല് സംഭരണത്തിന്റെ കുടിശിക, സപ്ലൈകോയ്ക്കുളള സഹായധനം, പട്ടികവിഭാഗം, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്, ലൈഫ് വീടുകളുടെ കുടിശിക, കൃഷിനാശത്തിനുള്ള ആനുകൂല്യം, എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം ഇങ്ങനെയുള്ള  എല്ലാ കുടിശികയും സമയബന്ധിതമായി കൊടുത്തുതീർക്കും. ഇതുകൂടാതെ 1600 രൂപാ ക്ഷേമപെൻഷൻ എന്നത് ഇനിയും വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നുകൂടി മുഖ്യമന്ത്രി പറയുകയുണ്ടായി. മുഖ്യമന്ത്രി പറയുന്നതുകേട്ട് ധനകാര്യ വിഷയങ്ങളെക്കുറിച്ച് ഏകദേശ ധാരണയുള്ളവരെല്ലാം ഒന്ന് ഞെട്ടി.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായത് കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് നിരക്ക് വെട്ടിക്കുറയ്ക്കുന്നതായുള്ള ജൂലൈ 24 ലെ(2024) മന്ത്രി എം.ബി. രാജേഷിന്റെ പ്രഖ്യാപനമായിരുന്നു. കെട്ടിടനിർമ്മാണ അപേക്ഷ ഫീസ്, ലേ ഔട്ട് അപ്രൂവലിനുള്ള സ്‌ക്രൂട്ടിനിഫീസ് എന്നിവയും കുറച്ചു. മുഖ്യമന്ത്രി പറഞ്ഞ കുടിശികയെല്ലാം തീർക്കുന്നതിന്റെ തുടക്കമായി ഇതിനെ ചിലരെങ്കിലും തെറ്റിദ്ധരിച്ചു.

ക്ഷേമപെൻഷൻ കുടിശിക രണ്ട് വർഷം കൊണ്ട് ഗഡുക്കളായേ കൊടുത്തുതീർക്കാൻ കഴിയൂ എന്നൊരു മുൻകൂർ ജാമ്യം മുഖ്യമന്ത്രി എടുത്തിരുന്നു. അതുകൊണ്ട് 2024 ജൂലൈ വരെയുള്ള കുടിശിക 2026 മാർച്ചിനുള്ളിൽ കൊടുത്തുതീർത്താൽ മതി. ആ തുക മാത്രം ഏതാണ്ട് 48000 കോടി രൂപ വരും. എന്നാൽ മുഖ്യമന്ത്രി പറഞ്ഞപോലെ മറ്റു കുടിശികകളെല്ലാം കൊടുത്തുതീർക്കണമെങ്കിൽ 22,000 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു പ്രാഥമിക കണക്ക്.

ആർക്കും തമാശയായി തോന്നാവുന്ന ഒരു കാര്യം സാധാരണ ജനങ്ങളെ ബാധിക്കുന്ന വിവിധ ആനുകൂല്യങ്ങൾ മുടങ്ങുന്നതിനെക്കുറിച്ച് മൂന്നുവർഷം കേരള നിയമസഭയിൽ പ്രതിപക്ഷം നിരന്തരം ഉന്നയിച്ചപ്പോഴെല്ലാം അതിനെ ശക്തിയായി പ്രതിരോധിക്കുകയായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും എന്നുള്ളതാണ്. അതേ മുഖ്യമന്ത്രിതന്നെ കുടിശിക വന്ന കണക്കെല്ലാം എണ്ണിപ്പറഞ്ഞ് കൊടുത്തുതീർക്കുമെന്ന് പറഞ്ഞതിനെപ്പറ്റി പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്, അതിന് സാധിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ കയ്യിൽ അലാവുദ്ദീന്റെ അത്ഭുതവിളക്കുണ്ടായിരിക്കണമെന്നാണ്.

2024 ജൂലൈ 29 ന് മുഖ്യമന്ത്രി തികച്ചും അപ്രതീക്ഷിതമായ മറ്റൊര പ്രഖ്യാപനവും നടത്തി. കെ.റെയിലുമായി ഇനി മുന്നോട്ടുപോകില്ലെന്നായിരുന്നു അത്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ല. അതില്ലാതെ പറ്റില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ചില മാറ്റങ്ങൾ വന്നതിന് കാരണമായത് സി.പി.എം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും സർക്കാരിന് നൽകിയ ചില ഉപദേശങ്ങളാണത്രേ. സാധാരണ ജനങ്ങളുടെ ആവശ്യത്തിനും പ്രശ്‌നത്തിനും ഊന്നൽ നൽകി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നതായിരുന്നു പാർട്ടി നേതൃത്വം സർക്കാരിനോട് നിർദ്ദേശിച്ചത്. സാമ്പത്തിക പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ജനക്ഷേമ സർക്കാരായി മാറാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കർമ്മരേഖയിൽ പെട്ടതായിരുന്നു കെട്ടിടനിർമ്മാണാനുമതിക്കുള്ള ഫീസ് കുറച്ചതും.

എന്നാൽ സി.പി.എംന്റെ ഈ തീരുമാനങ്ങൾ 2024 ജൂലൈയ്ക്കുശേഷം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോ എന്ന് പാർട്ടി പിന്നെ വിലയിരുത്തിയതായി അറിയില്ല. എന്തായാലും ജനങ്ങൾ വിലയിരുത്താതിരിക്കില്ല.

മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വാക്ക് പാലിക്കാൻ അലാവുദ്ദീന്റെ അത്ഭുതവിളക്ക് ഒന്നുമില്ലാതെ തന്നെ ഒരു മാർഗ്ഗമുണ്ടായിരുന്നു. ഈ വർഷം സി.എ.ജി ചൂണ്ടിക്കാട്ടിയത് സംസ്ഥാന ഗവൺമെന്റ് 28,858 കോടി രൂപാ നികുതി ഇനത്തിൽ പിരിച്ചെടുക്കാനുണ്ടെന്നാണ്. പക്ഷേ അതിനുള്ള ഇച്ഛാശക്തി വേണം. കേരളത്തിൽ ദരിദ്രരിൽ നിന്നാണ് സർക്കാർ നികുതി പിരിക്കുന്നത്. സമ്പന്നർക്കും ഇടത്തരക്കാർക്കും സർക്കാർ നികുതി ഇളവാണ് നൽകുന്നത്.  മദ്യവും ഭാഗ്യക്കുറിയും വഴി ഏറ്റവും പാവങ്ങളായ സമൂഹം കൂടുതൽ പാപ്പരായിത്തീരുന്നു. ഭാഗ്യക്കുറി എന്നത് പാവങ്ങളുടെ മേലുള്ള നികുതി തന്നെയാണ്. നിർബന്ധിച്ചു പിരിക്കുന്നതിന് പകരം പാവങ്ങളിൽ നിന്ന് പ്രലോഭിപ്പിച്ച് പിരിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം ലോട്ടറിയും മദ്യവും വിറ്റഴിയുന്ന സംസ്ഥാനമായി കേരളം മാറി തീർന്നതിന് പ്രാഥമിക ഉത്തരവാദിത്തം സർക്കാരിന് തന്നെയാണ്. ഭാഗ്യക്കുറി പാവങ്ങളോട് ചെയ്യുന്ന ദ്രോഹം പരിഗണിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളും നിരോധിച്ചിരിക്കുകയാണ്.

എന്തുകൊണ്ടാണ് സമ്പന്നരിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ സർക്കാർ മടിക്കുന്നത് എന്നുള്ളതിന് ഉത്തരം ഉണ്ട്. സർക്കാരിന്റേതായ പ്രചാരണ പരിപാടികൾ, പാർട്ടി ഫണ്ട്, കെട്ടിടംപണി, സമ്മേളനങ്ങൾ ഇവയ്‌ക്കെല്ലാം വാരിക്കോരി കൊടുക്കുന്നവരോട് കർക്കശമാകുന്നതിന് പരിമിതിയുണ്ട്. കേരളത്തിൽ എത്ര ടൺ സ്വർണ്ണം വിൽക്കുന്നു എന്നതിന്റെ കണക്ക് സർക്കാരിന്റെ പക്കലില്ല. സ്വർണ്ണത്തിൽ ആയിരക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് നടക്കുന്നത്.

തൃശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ യൂണിറ്റുകളിൽ ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം ഇക്കഴിഞ്ഞ ഒക്‌ടോബർ 24 ന് നടത്തിയ പരിശോധനയിൽ 104 കി.ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കണക്ക് കാണിക്കാതെ സ്വർണ്ണം വിറ്റതിന്, ഒറ്റരാത്രി കൊണ്ട് 3.40 കോടി രൂപാ നികുതി അടപ്പിക്കുകയും ചെയ്തു. അപ്പോൾ വേണമെന്നുവച്ചാൽ നികുതി പിരിക്കാൻ കഴിയുമെന്നുള്ളതിന് ഉദാഹരണം വേറെ തേടേണ്ടതില്ലല്ലോ.

തോൽവി വിലയിരുത്തിയ 2024 ജൂണിനുശേഷം ക്ഷേമപ്രവർത്തനങ്ങൾ കുടിശിക വരുത്തുന്നില്ല എന്ന തെറ്റിദ്ധാരണയാർക്കും വേണ്ട.

സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻസ് സ്‌കീമിൽ നിന്ന് പോക്‌സോ അതിജീവിതകൾക്ക് കോടതി വിധിച്ച നഷ്ടപരിഹാരം പല ജില്ലകളിലും 2019 മുതൽ കുടിശികയാണെന്ന് പറഞ്ഞാൽ പിന്നെയെന്തിനാണ് മുൻഗണന. എന്തിനാണ് ഭരണാധികാരികൾ? കേസ്‌കഴിഞ്ഞാൽ ഇരകൾക്ക് നൽകേണ്ട ഇടക്കാല ഫണ്ട്, വിധി വന്നശേഷം വിധിക്കുന്ന നഷ്ടപരിഹാരം. ഇവയൊക്കെയാണ് കുടിശിക.

തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതിയുടെ(പ്രൊഫഷണൽ ടാക്‌സ്) സ്ലാബുകൾ ഒക്‌ടോബർ 1 മുതൽ കുത്തനെ കൂട്ടിയിരിക്കുകയാണ്. കനത്ത ശമ്പളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണ് പരിഷ്‌ക്കാരം വന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കെ.ഫോൺ വരുമെന്നറിയിച്ചതിനെ തുടർന്ന് ബി.എസ്.എൻ.എൽ കണക്ഷൻ വിച്ഛേദിച്ചു. എന്നാൽ കെ.ഫോൺ പലയിടത്തും വന്നില്ല. വന്നയിടങ്ങളിൽ തീരെ വേഗവുമില്ല. സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനത്തിന് നെറ്റ് കണക്ഷൻ കൂടിയേ തീരു. ആ സാഹചര്യത്തിൽ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ഇന്റർനെറ്റ് കണക്ഷൻ എടുത്തിരിക്കുകയാണ് പല പ്രഥമാധ്യാപകരും. ഉച്ചക്കഞ്ഞിക്ക് സർക്കാർ നൽകുന്ന തുക പോരാതെ ബാക്കി പണം കണ്ടെത്തേണ്ടതിന് പുറമേയാണ് ഈ തുകയും കണ്ടെത്തേണ്ടി വന്നത്.

സംസ്ഥാനത്തേക്കുള്ള അവശ്യമരുന്നുകൾ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് വിതരണം ചെയ്യുന്ന കമ്പനികൾക്ക് കെ.എം.എസ്.സി 2 വർഷത്തെ കുടിശിക 750 കോടിയോളം നൽകാനുണ്ട്. കുടിശിക പെരുകിയതോടെ ചില കമ്പനികൾ പിൻവാങ്ങാൻ തയ്യാറെടുക്കുകയാണ്. ഫലത്തിൽ സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ ക്ഷാമം ഉണ്ടായേക്കാം.

എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ(ജെ.ജെ.എം) പദ്ധതി സംസ്ഥാന സർക്കാർ വിഹിതം ലഭിക്കാത്തതിനെ തുടർന്ന് സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. പണിപൂർത്തിയാക്കിയ പദ്ധതികളുടെ കരാറുകാർക്ക് 4000 കോടിയോളം രൂപ കുടിശികയായി. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം തദ്ദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തുകയെടുത്താണ് ജല അതോറിറ്റി സംസ്ഥാന സർക്കാരിന്റെ വിഹിതമടച്ചത്. കേന്ദ്രവും സംസ്ഥാനവും തുല്യവിഹിതമാണ് മുടക്കേണ്ടത്. നിലവിലെ കുടിശിക കൊടുത്തുതീർക്കാത്തതിനാൽ പുതിയ പദ്ധതികൾക്ക് ടെൻഡർ എടുക്കാൻ കരാറുകാർ തയ്യാറാവുന്നില്ല.

കുടിശിക പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയ ജല അതോറിറ്റിയും ഭീമമായ നഷ്ടത്തിലാണ്. വിവിധ സർക്കാർ വകുപ്പുകളിലെ 25,153 കണക്ഷനുകളിൽ നിന്നായി 103.13 കോടി, പൊതുമേഖലാ സ്ഥാപനങ്ങളിലെ 2041 കണക്ഷനുകളിൽ നിന്നായി 7.71 കോടി, സ്വകാര്യ ഗാർഹികേതര കണക്ഷനുകളിൽ നിന്ന് 3.55 കോടി എന്നിങ്ങനെ വാട്ടർ അതോറിറ്റിക്ക് കിട്ടാനുണ്ട്.

സർക്കാർ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവ് ഇനി അതത് സ്ഥാപനങ്ങൾ തന്നെ കണ്ടെത്തണമെന്ന നിലപാട് വിവിധ വകുപ്പുകൾക്ക് കീഴിലായിട്ടുള്ള 200 ഓളം സ്ഥാപനങ്ങളുടെ നിലനിൽപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കേരള കലാമണ്ഡലം, ചലച്ചിത്ര അക്കാദമി, ലളിതകലാ അക്കാദമി,  ലൈബ്രറി കൗൺസിൽ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നമ്മുടെ ഭാഷയ്ക്കും കലകൾക്കും സംസ്‌ക്കാരത്തിനും വലിയ സംഭാവനകൾ നൽകിയ നിരവധി സ്ഥാപനങ്ങളും ഈ 200 ൽപ്പെടുന്നു. ഈ സ്ഥാപനങ്ങളുടെ ചെലവ് ശമ്പളം ഉൾപ്പെടെ സർക്കാർ നൽകില്ല സ്വന്തമായി കണ്ടെത്തണം എന്നുപറയുന്നതിലും നല്ലത് ഇവയെല്ലാം അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയായിരുന്നു.

ഈ സ്ഥാപനങ്ങൾ സ്വന്തമായി പണം കണ്ടെത്തണം എന്നുപറഞ്ഞാൽ അവർ ഇപ്പോൾ ചെയ്യുന്ന സാംസ്‌ക്കാരിക പ്രവർത്തനം നിറുത്തി വല്ല ബിസിനസ് സംരംഭവും തുടങ്ങേണ്ടി വരും.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് കരുതി സർക്കാരിന്റെ പ്രാഥമികമായ സാമൂഹിക ഉത്തരവാദിത്തങ്ങളെപോലും കയ്യൊഴിയുന്ന അധികാര പ്രസ്ഥാനങ്ങളിലുള്ളവർ അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങൾക്ക് പണം ധൂർത്തടിക്കുന്നതും ദുർവ്യയം ചെയ്യുന്നതും ജനം കണ്ടുകൊണ്ടാണ് ഇരിക്കുന്നത്. എന്നാൽ കേരളത്തിലെ സാംസ്‌ക്കാരികരംഗത്തുള്ള എഴുത്തുകാർ, മാധ്യമപ്രവർത്തകർ, കലാകാരന്മാരടക്കമുള്ളവർ മുകളിൽ പറഞ്ഞ സ്ഥാപനങ്ങളിലേതെങ്കിലുമായി ബന്ധപ്പെടുന്നവരാണ്. എന്നിട്ടും സർക്കാരിന്റെ വീഴ്ചയെയോ, തെറ്റുകുറ്റങ്ങളെയോ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്താൻ അവരാരും തയ്യാറല്ല. അവാർഡുകളും വേദികളും നഷ്ടപ്പെടുമോ എന്ന ഭയം മാത്രമല്ല കാര്യം. ഇടതെന്ന് വിളിക്കപ്പെടുന്ന ഒരു സർക്കാരിനെ വിമർശിച്ചാൽ തങ്ങൾക്കുള്ള പുരോഗമന പ്രതിച്ഛായ നഷ്ടപ്പെടുമോ എന്നവർ ഭയപ്പെടുന്നു.

ഒരു സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങളിൽ നിന്നുപോലും പണമില്ലെന്നുപറഞ്ഞ് അനിശ്ചിതത്വത്തിലാക്കുക. മറുവശത്ത് ഉദ്യോഗസ്ഥ മെഷിനറിയെ വേണ്ടവിധം ചലിപ്പിച്ച് തനതുവരുമാനം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തുക. എന്നിട്ട് എല്ലാറ്റിനും കാരണം കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതുകൊണ്ടാണെന്ന ഒരു ജാമ്യം എടുക്കുക. ഇത്രയും ചെയ്യാൻ ഒരു സർക്കാർ വേണ്ടതില്ലല്ലോ?

സംസ്ഥാനത്തെ ഒരു കോടിയിലേറെ ഗാർഹിക ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന നടപ്പാക്കിയതിന് കേന്ദ്രമാണോ ഉത്തരവാദികൾ? യൂണിറ്റിന് 16 പൈസ ഇപ്പോൾ അടുത്ത സാമ്പത്തിക വർഷം 12 പൈസ കൂടി വർദ്ധിപ്പിക്കുമത്രേ. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചപ്പോൾ കമ്മീഷൻ അഞ്ച് ജില്ലകളിൽ പൊതുജനാഭിപ്രായം കേട്ടു. നിരക്ക് വർദ്ധനവിനെതിരായിരുന്നു പൊതുജനം എല്ലായിടത്തും. എന്നിട്ടോ വില കൂട്ടാൻ തന്നെ കമ്മീഷൻ തീരുമാനമെടുത്തു. സർക്കാരിന്റെ ആവശ്യം നടത്തിക്കൊടുക്കുകയാണല്ലോ അവരുടെ ജോലി. പൊതുജനങ്ങളെ ഭയമുള്ളതുകൊണ്ടായിരിക്കുമല്ലോ നിരക്ക് വർദ്ധന നടപ്പാക്കാൻ ഉപതെരഞ്ഞെടുപ്പ് കഴിയാൻ വരെ കാത്തിരുന്നത്. ജനാധിപത്യ സമൂഹത്തിൽ സർക്കാരിന് പൗരജനങ്ങളോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് നിർവ്വഹിക്കുന്നതിൽ ലോക്‌സഭാ ഇലക്ഷൻ പരാജയത്തിനുശേഷവും തുടർച്ചയായി ഇടതുപക്ഷ മുന്നണി സർക്കാരിന് വീഴ്ചകൾ സംഭവിക്കുന്നതിന് ഇതിൽ കൂടുതൽ ഉദാഹരണങ്ങൾ ആവശ്യമില്ല.

കേന്ദ്രം അവഗണിക്കുന്നില്ല എന്നല്ല. ഇവിടെ ബി.ജെ.പി ഭരണപക്ഷവുമല്ല മുഖ്യപ്രതിപക്ഷവുമല്ല. അതുമാത്രമല്ല കേരളത്തിൽ മുസ്ലീം സമുദായത്തിന്റെ ശക്തമായ സ്വാധീനവും നെഹ്‌റുകുടുംബത്തോട് കേരളം പ്രകടിപ്പിക്കുന്ന അടുപ്പവും ബി.ജെ.പി കേരളത്തോട് വിവേചനം കാണിക്കുന്നതിന് കാരണമായിരിക്കാം. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ നിന്ന് അർഹമായത് ലഭിക്കുന്നതിന് കേരളത്തിന്റെ ഭാഗത്തു നിന്ന് വീഴ്ചകൾ സംഭവിച്ചുകൂടാ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തെ സഹായിക്കുന്നതിൽ കേന്ദ്രം ബോധപൂർവ്വമായ അവഗണന കാണിച്ചു എന്നതിന് നിരവധി തെളിവുകൾ ചൂണ്ടിക്കാണിക്കാൻ കഴിയും. അപ്പോഴും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ(എൻ.ഡി.ആർ.എഫ്) 677 കോടി രൂപാ ഏതിനത്തിൽ ചെലവഴിക്കാനുള്ളതാണെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നത് അങ്ങേയറ്റം ലജ്ജാകരമായി പോയി.

677 കോടിയിൽ നിന്ന് എത്ര രൂപ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ചെലവാക്കിയെന്ന് പറയൂ. അതിനുശേഷം സഹായം അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തോട് പറയാം. കടം തരുന്നവരോട് കൃത്യമായ് കണക്കുപറയേണ്ടേയെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചപ്പോൾ തല കുനിഞ്ഞത് സർക്കാരിന്റെ മാത്രമല്ല മുഴുവൻ മലയാളികളുടേയുമാണ്. സംസ്ഥാനം ഭരണത്തിനുശേഷമുള്ള വിലയിരുത്തൽ നടത്തിനൽകിയത് നവംബർ 13നു മാത്രമാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതി അറിയിച്ചതും സംസ്ഥാനത്തിന് ക്ഷീണമായി.

നേരത്തെ കേരളത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരമായി കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്നും ഇടക്കാലാശ്വാസം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോഴും കേരളത്തിന് തിരിച്ചടിയാണല്ലോ ലഭിച്ചത്. അധികകടമെടുപ്പ് പരിധി സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് 13,608 കോടി രൂപ കൂടുതലായി കടമെടുക്കാൻ കഴിഞ്ഞുവെന്ന് വിലയിരുത്തിയ കോടതി കെടുകാര്യസ്ഥത മൂലം വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടിന് ഇടക്കാലാശ്വാസം തേടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കി.

സംസ്ഥാനത്ത് രാഷ്ട്രീയപ്പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ ഉദ്യോഗസ്ഥരുമായി ഒത്തുകൊണ്ട് ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ ലക്ഷക്കണക്കിന് അനർഹരെ കയറ്റിയിട്ടുണ്ട്. അതിലെ അപാകതകൾ പരിഹരിക്കുന്നതിൽ ബോധപൂർവ്വവുമായ അനാസ്ഥ വരുത്തിയിട്ടുണ്ട് സർക്കാർ. 1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങിയെങ്കിൽ അത് മഞ്ഞുമലയുടെ അകം മാത്രമേ ആകുന്നുള്ളൂ.

സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ സർക്കാരും പാർട്ടിയും പറഞ്ഞശേഷവും ചിറകരിഞ്ഞതെല്ലാം സാധാരണക്കാരുമായി ബന്ധപ്പെട്ട പദ്ധതി പ്രവർത്തനങ്ങളുടേതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കെ. ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് നൽകാൻ നീക്കിവെച്ച 16.40 കോടി രൂപ 5.45 കോടി കുറച്ച് 10.95 കോടിയാക്കി അതിനുപറഞ്ഞ കാരണം സർക്കാരിന് നേരിട്ട് വരുമാനമുണ്ടാകുന്നില്ലെന്നതും ആസ്തി രൂപീകരണമില്ലെന്നതുമാണ് കാരണം പറഞ്ഞത്. ഇതിനെയാണല്ലോ മുതലാളിത്ത കാഴ്ചപ്പാട് എന്നുപറയുന്നത്. ഇതൊന്നുമാലോചിക്കാതെയാണോ കയ്യടിക്കുവേണ്ടി ഈ പദ്ധതികൾ പ്രഖ്യാപിച്ച് പ്രചാരണം നടത്തിയത്.

തീർന്നില്ല. ക്ഷീരവികസന വകുപ്പിന്റെ 12 പദ്ധതികൾക്കായി 103.81 കോടി നീക്കിവെച്ചത് 5493 കോടിയായി, ഉൾനാടൻ ജലഗതാഗതം 70.8 കോടിയുടെ പദ്ധതി 35.4 കോടിയായി, ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് 27.81 കോടി 13.9 കോടിയായി, കേരളഫീഡ്‌സ് 11.2 കോയി 5.60 കോടിയായി, ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ്‌നാവിഗ്രഷൻ 7.64 കോടി 3.82 കോടിയായും വെട്ടിക്കുറച്ചിരിക്കുകയാണ്.

സർക്കാരിന്റെ മുൻഗണനാവിഷയങ്ങൾ മാറണം എന്ന് പാർട്ടി തീരുമാനിച്ചശേഷവും മുഖ്യമന്ത്രിയുടെ കേന്ദ്രത്തോടുള്ള ഏറ്റവും പ്രധാന ആവശ്യം സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നാണ്. സ്മാർട്ട് സിറ്റികരാറിൽ നിന്ന് ടീകോമിനെ, ഓഹരിയാകട്ടെ നഷ്ടപരിഹാരമാകട്ടെ പണം അങ്ങോട്ട് നൽകി ഒഴിവാക്കിയശേഷം ആ ഭൂമി ഏറ്റെടുത്ത് അവിടെ മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള വമ്പൻ പദ്ധതി അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് വിവരം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പരിപാടിയിൽ ഡിസംബർ 5 ന് മുഖ്യമന്ത്രി പറഞ്ഞത് കേന്ദ്ര പരിഗണനയിലുള്ള സിൽവർ ലൈൻ പദ്ധതി ഉൾപ്പെടെയുള്ളവ ഭാവികേരളത്തിനായുള്ള ഈടുവെപ്പുകളെന്നാണ്. പശ്ചിമബംഗാളിൽ നന്ദിഗ്രാമിന് മുമ്പ് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞതും ഇതേ ആശയങ്ങളായിരുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രം നൽകുന്ന 817.80 കോടിയുടെ വയബിലിറ്റി ഫണ്ട്(വി.ജി.എഫ്) ലാഭവിഹിതമായി തിരികെ നൽകണമെന്ന കേന്ദ്ര നിബന്ധന ചതിയാണെന്ന് തുറമുഖമന്ത്രി വി.എൻ. വാസവൻ പറയുന്നു. മുഖ്യമന്ത്രിയാകട്ടെ കേന്ദ്രം പക പോക്കുന്നു എന്നുപറയുന്നതല്ലാതെ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ വെറുപ്പിക്കുന്ന പരാമർശങ്ങൾ ഒന്നും നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ലോക്‌സഭാ ഇലക്ഷനുമുമ്പുള്ള ഒരു പ്രചാരണ പരിപാടിപോലെ 2024 ഫെബ്രുവരി 8 ന് ന്യൂഡെൽഹിയിൽ കേന്ദ്ര അവഗണനക്കെതിരെ ഒരു ധർണ്ണ സംഘടിപ്പിച്ചതുമാത്രമാണ് പ്രതിഷേധമെന്ന നിലയിൽ കേന്ദ്രത്തിനെതിരേയെടുത്ത കടുത്ത നടപടി.

രാഹുൽഗാന്ധിയെ ഏതറ്റം വരെ വേണമെങ്കിലും വിമർശിക്കാൻ മടിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ കേരളത്തിൽ വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും മറ്റ് പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാർ ചെയ്യുന്നതുപോലെ ദേശീയശ്രദ്ധയാകർഷിക്കുംവിധം പ്രധാനമന്ത്രിയെയോ, ആഭ്യന്തരമന്ത്രിയെയോ, കേന്ദ്രത്തെയൊ വിമർശിക്കുന്നില്ല എന്നത് ഇതിനിടയിലും വലിയ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ പ്രധാനമാണ്.

1985 ൽ കരുണാകരൻ മന്ത്രിസഭയിലുണ്ടായിരുന്ന ആർ. ബാലകൃഷ്ണപിള്ള പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതിന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമർശിച്ച് മന്ത്രിക്കസേര നഷ്ടപ്പെടുത്തിയത് ഓർമ്മയുള്ളവരാണ് കേരളീയർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img