11:45pm 12 December 2025
NEWS
പിന്നിൽനിന്ന് കളിക്കുന്നത് ആര് ? ആശാ സമര നേതാവ് മിനി നയം വ്യക്തമാക്കുന്നു
19/05/2025  08:40 PM IST
പ്രത്യേക ലേഖകൻ
പിന്നിൽനിന്ന് കളിക്കുന്നത് ആര് ? ആശാ സമര നേതാവ് മിനി നയം വ്യക്തമാക്കുന്നു

''ആശമാരുടെ പ്രശ്‌നം പരിഹരിക്കപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനസർക്കാരാണ്. ഇവിടെ നമുക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. ഇനി ശേഷിക്കുന്നത് ഇവിടെക്കിടന്ന് സമരം ചെയ്ത് മരിക്കുക എന്നത് മാത്രമാണ്. അതിനായിട്ടായിരിക്കും അവർ കാത്തിരിക്കുന്നത്. എന്തുവന്നാലും നേരിടാൻ ഞങ്ങൾ തയ്യാറാണ്. കേരളത്തിന്റെ പൊതുമനസ്സ് ഞങ്ങൾക്കൊപ്പമാണ്. അത് അധികാരിവർഗ്ഗത്തിന് ഇതിനോടകം തന്നെ ബോദ്ധ്യമായിട്ടുണ്ടാകും. പക്ഷേ, അവരത് കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാവരും എല്ലാം മറന്നു എന്നാണ് അവർ കരുതുന്നതെങ്കിൽ തെറ്റി. പ്രക്ഷോഭത്തിന്റെ നാൾവഴികൾ ഇനി വരാനിരിക്കുന്നതേയുള്ളൂ''.  

ആശമാരുടെ സമരത്തിലെ മുൻനിരപ്പോരാളി എസ്. മിനി നയം വ്യക്തമാക്കുന്നു. ആശമാരുടെ സമരം 85 ദിവസം പൂർത്തിയാകുന്ന വേളയിൽ സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തലിൽ ഇരുന്ന് 'കേരളശബ്ദ'ത്തോട് സംസാരിക്കുകയായിരുന്നു അവർ. 

ആശമാരുടെ സമരം മാസങ്ങൾ പിന്നിടുമ്പോഴും അധികാരിവർഗത്തിന്റെ മൗനം എന്തുകൊണ്ട് എന്നതാണ് പൊതുസമൂഹം ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളുടെ അകംപൊ രുളിലേക്ക് ഇറങ്ങിച്ചെന്നാൽ ലഭ്യമാകുന്ന ഉത്തരം ഇതാണ്  സി.ഐ.ടി.യു. അല്ലാതെ ഇവിടെ ആരും സമരം ചെയ്യാൻ പാടില്ല. ഇനി അഥവാ സമരം ചെയ്താൽ അത് വിജയിക്കാനും പാടില്ല. ഇതാണ് തൊഴിലാളിവർഗ പ്രസ്ഥാനമെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ നിലപാട്. ഇതുതന്നെയാണ് അവർ ആശമാരുടെ സമരത്തെ അവഹേളിക്കാനും അവഗണിക്കാനും കാരണം. സി.ഐ.ടി.യുവിന്റെ ഒരു പ്രമുഖ നേതാവ് ആശമാരുടെ സമരം അവഗണിക്കണമെന്ന തിട്ടൂരം പാർട്ടി ആസ്ഥാനത്തുനിന്നും സെക്രട്ടറിയേറ്റിൽ നിന്നും നേടിയെടുത്തിട്ടുണ്ട് എന്നും അറിയാൻ സാധിക്കുന്നു. പുറമേ ആശമാർക്കൊപ്പമാണെന്ന് പറയുന്ന പലരും പിന്നിലൂടെ സംസ്ഥാന സർക്കാരിന് ഓശാന പാടുന്നുണ്ട് എന്നതും ഇവിടെ എടുത്തുപറയേണ്ട സംഗതിയാണ്. 

സമരമൊക്കെ പൊളിഞ്ഞില്ലേ ? 

ആശമാരുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാനായി ഒരു തൊഴിലാളിവർഗനേതാവിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു-  “സമരമൊക്കെ പൊളിഞ്ഞില്ലേ ... ആശമാരുടെ സമരം ഔട്ട്‌ഡേറ്റഡ് ആയി. ഇനി അതിന് പിന്നാലെ നിങ്ങൾ പോകേണ്ടകാര്യമില്ല...” പഴയ സോവിയറ്റ് കാലത്തിന്റെ കഥകൾ പറഞ്ഞ് ഇന്നും വിപ്ലവസ്മരണകൾ അയവിറക്കുന്ന നേതാവാണ്, പൊരിവെയിലത്തും മഴയത്തും ഇപ്പോഴും (ഈ 85-ാം ദിനവും) സമരംചെയ്യുന്ന ആശമാരെ അവഹേളിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. 

തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സമരം ചെയ്യുന്നത്. പ്രതിദിനം 232 രൂപയാണ് ഒരു ആശയ്ക്ക് ലഭിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത് അൺകണ്ടീഷണലായി നൽകുമ്പോൾ കേരളത്തിൽ മാത്രം ടാർഗറ്റ് നിശ്ചയിച്ച് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നൽകുന്നത് (നേരത്തേ അങ്ങിനല്ലായിരുന്നു). നിബന്ധനകളൊന്നും ഇല്ലാതെ നൽകിയാലും പ്രതിമാസം 7000 രൂപ എന്നത് വളരെ തുച്ഛമായ തുകയാണ്. ഇത് 21,000 രൂപയായി വർദ്ധിപ്പിക്കണം എന്നതാണ് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. വിലക്കയറ്റം നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സമകാലിക സാഹചര്യത്തിൽ ആശമാർ ഉന്നയിക്കുന്ന ആവശ്യം ന്യായമായിരുന്നിട്ടും കേന്ദ്രത്തിൽ നിന്നും ഫണ്ട് ലഭിക്കാത്തതിനാൽ ഒന്നും ചെയ്യാനാകില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് സംസ്ഥാനസർക്കാർ ആദ്യം മുതൽ കൈക്കൊണ്ടത്. 

സംസ്ഥാനസർക്കാരിന്റെ നാലാംവാർഷികം ആഡംബരപൂർണ്ണമാക്കാൻ പൊതുഖജനാവിൽ നിന്നും കോടികൾ പൊടിക്കുന്ന നേതാക്കൻമാരാണ് കേന്ദ്രത്തെ പഴിചാരി ആശമാരോട് മുഖം തിരിഞ്ഞുനിൽക്കുന്നത് എന്നോർക്കണം. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗുമായി ബന്ധപ്പെട്ട് പരസ്യത്തിനായി സർക്കാർ ചെലവിട്ട കാശുമാത്രം നീക്കിവെച്ചിരുന്നെങ്കിൽ ആശമാർക്ക് ആറുമാസമെങ്കിലും മെച്ചപ്പെട്ട വേതനം നൽകാമായിരുന്നു. ഇവിടെ ഒരുഭാഗത്ത് സർക്കാർ ധൂർത്തും പബ്ലിസിറ്റിസ്റ്റണ്ടും നടത്തുമ്പോൾ മറുഭാഗത്ത് ആശമാർ ഉൾപ്പെടെയുള്ള സാധുക്കളുടെ ആവശ്യങ്ങൾ പാടേ നിരാകരിക്കുകയും അവഗണിക്കുകയുമാണ് ചെയ്യുന്നത്. 

ഈ ധൂർത്ത് പൊളിച്ചുകാട്ടാനും സർക്കാരിന്റെ കാപട്യം പുറംലോകത്തോട് വിളിച്ചുപറയാനും നിരവധിപേർ ആശമാർക്കൊപ്പംചേരുന്നുണ്ട്. അതിന്റെ ഭാഗമായിട്ട് കേരളത്തിന്റെ വടക്കേയറ്റത്തുനിന്നും ഒരു പ്രചാരണജാഥ ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. ആശമാരുടെ സമരം 85 ദിനങ്ങൾ പൂർത്തിയായ അതേനാളിൽ (മേയ് ആറ്) തന്നെയാണ് ജാഥ പുറപ്പെട്ടത്. അന്നേദിവസം വൈകിട്ട് ആശമാർ തങ്ങളുടെ സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തലിൽ ചീരകൃഷിയും ആരംഭിച്ചു. വിവിധ ജില്ലകളിലൂടെ കടന്നുവരുന്ന ജാഥ 45-ാം നാൾ സെക്രട്ടറിയേറ്റ് പടിക്കൽ എത്തുമ്പോൾ അവർ ചീര വിളവെടുത്ത് ജനങ്ങൾക്ക് വീതിച്ചുനൽകും. തങ്ങളുടെ ചോരയും നീരും സമരവീര്യവുമെല്ലാം നിറഞ്ഞ ചീര കേരളത്തിനോട് സംസാരിക്കും എന്നാണ് ആശമാർ പറയുന്നത്. 

ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം ന്യായമാണ്. അതിൽ പലതും നിറവേറ്റപ്പെട്ടിട്ടില്ല. എന്നാൽ നിരന്തരമായ സമ്മർദ്ദങ്ങളുടെ ഫലമായി ആശമാരുടെ ആവശ്യങ്ങളിൽ ചിലതിനോട് സർക്കാർ അനുകൂലനിലപാട് കൈക്കൊണ്ടിട്ടുണ്ട് എന്നത് ശുഭസൂചകമായ കാര്യമാണ്. അതിൽ പ്രധാനം ആശമാരുടെ പെൻഷൻ പ്രായം 62 ആയി നിജപ്പെടുത്തിയ തീരുമാനം പിൻവലിച്ചതാണ്. ഇത് പിൻവലിക്കുമെന്ന് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച ആരോഗ്യമന്ത്രി വീണാജോർജ്ജ് പിന്നീട് ഉരുണ്ടുകളിച്ചു. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് അവർ തീരുമാനം റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇതിനോടൊപ്പം ആശമാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നീക്കുപോക്കുകളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ഇതും ഫലത്തിൽ ആശമാരുടെ സമരത്തിന്റെ ഗുണഫലമായി വേണം കരുതാൻ. സ്ഥിതിഗതികൾ ഇങ്ങിനൊക്കെ തുടരുമ്പോഴും ന്യായമായ കൂലി എന്നതുമാത്രം ഇപ്പോഴും ആശമാർക്ക് കൈയെത്താദൂരത്താണെന്ന് മാത്രം. 

വിരട്ടാൻ നോക്കി, സ്വയം നാറി

ലേശം വൈകിയിട്ടാണെങ്കിലും ആശമാരുടെ സമരത്തിന് ധാർമ്മികപിന്തുണയുമായി സാംസ്‌കാരിക നായകൻമാരിൽ ചിലരൊക്കെ രംഗപ്രവേശം ചെയ്തു. എന്നാൽ പ്രശ്‌നങ്ങളൊന്നും അവിടം കൊണ്ട് അവസാനിച്ചില്ല. പ്രമുഖ നർത്തകിയും കലാമണ്ഡലം വൈസ് ചാൻസിലറുമായ മല്ലികാസാരാഭായ് ആണ് ഏറ്റവും ഒടുവിൽ ആശമാർക്ക് പിന്തുണയുമായി എത്തിയത്. എന്നാൽ അവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ചില അഭിനവബുദ്ധിജീവികൾ ഇറങ്ങിപുറപ്പെട്ടു. കെ.കെ. ശൈലജ ടീച്ചറിനേയും ശ്രീമതി ടീച്ചറിനേയും വരച്ചവരയിൽ നിർത്തുന്നതുപോലെ തന്നോട് കളിക്കേണ്ടെന്ന് തുറന്നടിച്ച മല്ലിക തന്റെ നിലപാട് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ഇതോടെ ആശമാരുടെ സമരം വളഞ്ഞവഴിയിലൂടെ ഒതുക്കാൻ ശ്രമിച്ച ഇടതുനേതാക്കൻമാർ ആപ്പിലായെന്ന് പറഞ്ഞാൽ മതിയല്ലോ. മേയ് അഞ്ചിന് കാസർകോട് നിന്നാരംഭിച്ച ജാഥ വിവിധ ജില്ലാകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് തലസ്ഥാനത്തെത്തുമ്പോൾ സാമൂഹിക, സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖർ ആശമാർക്ക് പിന്തുണയുമായി അണിചേരുമെന്നുറപ്പാണ്. 

ഇവിടെ ആശമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അടുത്തിടെയൊന്നും ഇവിടെ തിരഞ്ഞെടുപ്പുകളൊന്നും നടക്കാൻ പോകുന്നില്ല എന്നതാണ്. അങ്ങിനായിരുന്നെങ്കിൽ ഇതിനോടകം തന്നെ ആശമാരുടെ സമരം അടഞ്ഞ അദ്ധ്യായമായി മാറിയേനേ. ഇടയ്‌ക്കെപ്പഴോ ആശമാരുടെ രക്ഷകരായി അവതരിച്ച ബി.ജെ.പിക്കാരും ഇപ്പോൾ മൗനത്തിലാണ് എന്നത് അവരെ ദുഃഖിപ്പിക്കുന്നു. ആശമാരുടെ ഓണറേറിയം വിഹിതം വർദ്ധിപ്പിക്കുമന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാർലമെന്റിൽ പ്രഖ്യാപിക്കുകയും അക്കാര്യം മന്ത്രി സുരേഷ്‌ഗോപി സമരപ്പന്തലിൽ നേരിട്ടെത്തി ആശമാരെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ, എത്രരൂപ വർദ്ധിപ്പിക്കുമെന്നോ എന്ന് വർദ്ധിപ്പിക്കുമെന്നോ ആരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോൾ ബി.ജെ.പിക്കാരും കൈമലർത്തുകയാണ്. ‌

ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ സംസ്ഥാനസർക്കാരിലെ ചില ഉന്നതർ ഡൽഹിയിൽ ചെന്ന ശേഷമാണ് ആശമാരുടെ കാര്യത്തിൽ ഒരു മലക്കംമറിച്ചിൽ കേന്ദ്രതലത്തിൽ സംഭവിച്ചിട്ടുള്ളത്. ആശമാരുടെ സമരവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൂടതൽ സങ്കീർണ്ണമാകട്ടെയെന്ന് കേന്ദ്രത്തിലെ ചില ഉന്നതരും കുരുതുന്നുണ്ടാകും. ഒരു പ്രശ്‌നമുണ്ടായാൽ അതെങ്ങിനെ പരിഹരിക്കാം എന്നതിന് പകരം എങ്ങിനെ വഷളാക്കാം എന്നാണ് പൊതുപ്രവർത്തകരിൽ പലരും ചിന്തിക്കുന്നത്. അതിലൂടെ തത്പരകക്ഷികൾ ലക്ഷ്യമിടുന്നത് രാഷ്ട്രീയനേട്ടങ്ങൾ മാത്രം. ഇവിടെ ഇതുതന്നെയാണ് ആശമാർക്ക് തിരിച്ചടിയായി മാറിയിരിക്കുന്നതും. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img