06:13pm 17 April 2026
NEWS
പ്രധാനമന്ത്രിയുടെ വാഹനത്തിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്ന ഈ യുവതി ആരെന്നറിയേണ്ടേ?
17/04/2026  04:33 PM IST
nila
പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വാഹനത്തിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്ന ഈ യുവതി ആരെന്നറിയേണ്ടേ?

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വാഹനത്തിന്റെ പിൻസീറ്റിൽ ഒരു യുവതി. അതും മുൻ സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കവെ. സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആ യുവതിക്ക് ഇറങ്ങാനായി ഡോർ തുറന്നു നൽകുന്നു. അതീവ സുരക്ഷയിൽ പ്രധാനമന്ത്രിയുടെ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്ന ആ യുവതി ആരാണ് എന്ന ചോദ്യമാണ് സൈബറിടങ്ങളിൽ ഉയരുന്നത്. ഫയലുകളുമായി പ്രധാനമന്ത്രിയുടെ കാറിൽ നിന്നും ഇറങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളും സൈബറിടങ്ങളിൽ പ്രചരിക്കുകയാണ്. ആരാണ് ഈ യുവതി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ഇതാണ് നിധി തിവാരി, പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ സ്വകാര്യ സെക്രട്ടറിമാരിൽ ഒരാൾ.

ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിനിയായ നിധി, അക്കാദമിക് രംഗത്ത് എപ്പോഴും മികവ് തെളിയിച്ച വ്യക്തിയാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ബയോകെമിസ്ട്രിയിൽ എം.എസ്‌സി പഠിക്കുന്നതിനിടെ ഡോ. സുശീൽ ജയ്സ്വാളിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. പിന്നീട് വിവാഹിതരായ ഇവർക്ക് ഒരു മകനുണ്ട്.

2007ൽ  ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ശാസ്ത്രജ്ഞയായി ജോലി ആരംഭിച്ച നിധി, പരിശീലനകാലം സ്വർണമെഡലോടെ പൂർത്തിയാക്കി. തുടർന്ന് 2008ൽ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷ വിജയിച്ച് കമേഴ്‌സ്യൽ ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായി. സിവിൽ സർവീസ് ലക്ഷ്യമാക്കി 2013ൽ ഡൽഹിയിലെത്തി തയ്യാറെടുപ്പുകൾ ആരംഭിച്ച നിധി, ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചു. മുസ്സൂറിയിലെ പരിശീലനത്തിനിടെയും ബാച്ച് ടോപ്പറായ ഈ യുവതി വീണ്ടും സ്വർണമെഡൽ സ്വന്തമാക്കി.

2014 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ നിധി, വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ശേഷം 2022ൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തി. 2023ൽ ഡപ്യൂട്ടി സെക്രട്ടറിയായി ഉയർന്നു. അടുത്തിടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായി—ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിധി. 

പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിക്കടുത്തുള്ള മഹമൂർഗഞ്ചാണു നിധി തിവാരിയുടെ ഭർത്താവ് ഡോ. സുശീൽ ജയ്സ്വാളിന്റെ നാട്. 2014 ൽ നരേന്ദ്ര മോദി ആദ്യമായി വാരാണസിയിൽ നിന്നു ജനവിധി തേടുമ്പോഴാണ് നിധിയെ മോദി ആദ്യമായി കാണുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ വിദേശകാര്യ-സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന നിധി, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുടെ ഭരണ, നയതന്ത്ര, സുരക്ഷാ കാര്യങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന പ്രധാന വ്യക്തികളിൽ ഒരാളായി നിധി തിവാരി മാറിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories