
തിരുവനന്തപുരം: സാമാന്യ ബോധത്തിനും യുക്തിക്കും നിരക്കാത്ത കാര്യങ്ങളാണ് നെയ്യാറ്റിൻകരയിലെ ഹോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മക്കൾ പറയുന്നത്. കിടപ്പുരോഗിയായിരുന്ന ഗോപൻ സ്വാമി നടന്നുപോയി സമാധിയിരുന്നു എന്നാണ് മക്കളുടെ വാദം. സമാധിയാകുന്നതും അതിന് ശേഷമുള്ള ചടങ്ങുകളും ആരും കാണാൻ പാടില്ലെന്നും അതുകൊണ്ടാണ് പിതാവിന്റെ മരണം നാട്ടുകാരെ അറിയിക്കാതിരുന്നത് എന്നുമാണ് ഗോപൻ സ്വാമിയുടെ മക്കൾ പറയുന്നത്.
ഗോപൻ സ്വാമിയുടെ മക്കൾ ചാനലുകൾക്ക് നൽകിയ പ്രതികരണങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഗോപൻ സ്വാമിയെ കുറിച്ചാണ് ഇപ്പോൾ മലയാളികൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത്. നെയ്ത്ത് തൊഴിലാളിയായി ജീവിതം ആരംഭിച്ച് ഒടുവിൽ ആത്മീയതയിലേക്ക് തിരിഞ്ഞ് മരണത്തിലൂടെ സംസ്ഥാനമൊട്ടാകെ ചർച്ചയായ മനുഷ്യനാണ് ഗോപൻ സ്വാമി.
അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു മണിയൻ എന്ന ഗോപൻ സ്വാമി ആദ്യം താമസിച്ചിരുന്നത്. ഇയാൾ ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായാണ്. പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു. ഇവിടെ ബിഎംഎസ്, എ.ഐ.ടി.യു.സി യൂണിയനുകളിൽ ചുമട്ട് തൊഴിലാളിയായി ജോലി നോക്കിയിരുന്നു.
പിന്നീട് മണിയൻ ആത്മീയതയുടെ വഴിയിലേക്ക് മാറി. ഇതോടെയാണ് മണിയൻ എന്ന പേരു മാറ്റി ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കന്നത്. പിന്നീട് അധികം താമസിക്കാതെ ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങി. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചത്. ഇവിടെ പൂജകൾ ചെയ്തു പോന്നിരുന്നു. അർത്ഥരാത്രിയിൽ ആഭിചാരകർമ്മങ്ങടക്കം ഇവിടെ നടക്കുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
രക്താധിസമ്മർദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്നു ഗോപൻ. ഏതാനും മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഗോപൻ സ്വാമി മരിക്കുന്നത്. അച്ഛൻ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നെന്നും പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞു. സമാധിയിരിക്കാനായി അഞ്ചുവർഷം മുൻപാണ് ഗോപൻസ്വാമി പദ്മപീഠം നിർമിച്ചതെന്നാണ് മകൻ പറയുന്നത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ പിതാവ് നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിൻറെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഇതോടെയാണ് നാട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപനെ കാണാനില്ലെന്നാണ് നിലവിലുള്ള കേസ്. കല്ലറ തുറന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനാണ് അധികൃതരുടെ നീക്കം. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുള്ളതിനാൽ സമവായമുണ്ടാക്കി കല്ലറ പൊളിക്കാൻ തന്നെയാണ് പൊലീസിൻറെ നീക്കം.










