
ലഖ്‌നൗ: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു ലേഡി ഡോക്ടർ അറസ്റ്റിലായതോടെ ഇന്ത്യയിൽ ഭീകരരുടെ ബന്ധങ്ങളും ഭീകരശൃംഖലയുടെ കണ്ണികളും എത്രത്തോളം ആഴമുള്ളതാണ് എന്ന തരത്തിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
യുപി എ.ടി.എസ്. ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പ്രകാരം, 1979-ൽ ജനിച്ച ഷാഹിൻ ലഖ്‌നൗവിലാണ് വളർന്നത്. അക്കാദമിക മികവിൽ മുന്നിലുണ്ടായിരുന്ന അവർ ലഖ്‌നൗവിലെ ഗവൺമെന്റ് ഗേൾസ് കോളേജിൽ പത്താംതരം, പന്ത്രണ്ടാംതരം പരീക്ഷകളിൽ ഒന്നാമതായിരുന്നു. തുടർന്ന് പ്രയാഗ്രാജിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്.യും എം.ഡി.യും നേടി.
2006-ൽ അവർ കന്പൂരിലെ ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ (GSVM) മെഡിക്കൽ കോളേജിൽ ഫാർമക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നു. 2009-ൽ അവരെ ആറുമാസത്തേക്ക് കന്നൗജ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും 2010-ൽ തിരിച്ചെത്തി. എന്നാൽ 2013 മുതൽ അവർ ഔദ്യോഗിക അനുമതിയില്ലാതെ ഡ്യൂട്ടിയിൽ ഹാജരായിരുന്നില്ല. കോളേജ് ഭരണസംവിധാനത്തിന്റെ നിരന്തര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് 2021-ൽ അവരുടെ സേവനം അവസാനിപ്പിച്ചു.
അവരുടെ ആദ്യ ഭർത്താവ് ഡോ. ജാഫർ സഈദ് കണ്ണ് രോഗ വിദഗ്ധനാണ്. 2015-ൽ വിവാഹമോചനം ലഭിച്ചതിനുശേഷം അവർ ഡോ. മുജമ്മിലുമായി അടുത്ത ബന്ധം പുലർത്തിയതായാണ് പൊലീസ് സൂചന. പിന്നീട് അവർ ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ടു, അവിടെ തന്നെയാണ് മുജമ്മിലിനെയും പരിചയപ്പെട്ടതെന്ന് അന്വേഷണ സംഘം പറയുന്നു.
അവളുടെ പിതാവ് സയ്യിദ് അഹമ്മദ് അൻസാരി, ഇപ്പോഴും ലഖ്‌നൗവിൽ മൂത്ത മകനായ ഷൊയബിനൊപ്പം താമസിക്കുന്നു. “എന്റെ മകൾ ഇത്തരത്തിലുള്ള കാര്യങ്ങളിൽ പങ്കാളിയായെന്ന കാര്യം ഞാൻ വിശ്വസിക്കാൻ കഴിയുന്നില്ല,” അഹമ്മദ് അൻസാരി മാധ്യമങ്ങളോട് പറഞ്ഞു. “ഒരുവർഷരമായി ഷാഹീനെയോ പർവേസിനെയോ ഞാൻ കണ്ടിട്ടില്ല.”
അൻസാരി കൂട്ടിച്ചേർത്തു: “എന്റെ മക്കൾ എല്ലാം മെഡിക്കൽ പഠനം ചെയ്തവരാണ്. മൂത്തവൻ ഷൊയബ് എന്റെ കൂടെയാണ്. രണ്ടാമത്തെ മകൾ ഷാഹീൻ ഇന്നലെ അറസ്റ്റിലായി. ഇളയ മകൻ പർവേസ് നഗരത്തിൽ നിന്ന് ഏറെക്കാലം മുമ്പ് പോയതാണ്.”











