04:52am 12 October 2024
NEWS
അതെ! ആരാണ് അയാൾ? ഇപ്പോൾ കാണുന്ന ശാന്തത താൽക്കാലികമോ?
16/09/2024  12:54 PM IST
അനിരുദ്ധൻ
അതെ! ആരാണ് അയാൾ? ഇപ്പോൾ കാണുന്ന ശാന്തത താൽക്കാലികമോ?

അൻവറിന്റെ പിന്നിൽ ആര്?

പോയ ഏതാനും ദിനങ്ങളായി കേരളം ഉറ്റുനോക്കുന്നത് ഈ ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കാണ്. സി.പി.എമ്മിന്റെ കരുത്തനായ നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ 'ഫസ്റ്റ് ലെഫ്റ്റനന്റ്' എന്ന് വിശേഷിപ്പിക്കാവുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിമുതൽ കേരളാ പൊലീസിലെ കിരീടംവെയ്ക്കാത്ത രാജാവ് എന്നറിയപ്പെടുന്ന എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ വരെയുള്ളവർക്കെതിരെ ഒരു എം.എൽ.എ. ഒന്നും കാണാതെ ആഞ്ഞടിക്കുമോ? അതും മുഖ്യന്റെ അരുമശിഷ്യനായി പാർട്ടിക്ക് വേണ്ടി ചാവേറിന്റെ റോളിൽ നിന്ന് പടനയിച്ച ഒരാൾ. ഈ ചിന്ത രാഷ്ട്രീയകേരളത്തെ അലട്ടുകയാണ്.  പക്ഷേ, അപ്പോഴും ദുരൂഹതകൾ ഏറെ ബാക്കിയാകുന്നു. 

ലക്ഷ്യം മുഖ്യമന്ത്രിയോ ?

ആര് ആർക്കെതിരെ എന്ത് ആരോപണം ഉന്നയിച്ചാലും ലക്ഷ്യം ഒന്ന് മാത്രം. അത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. അൻവറിന്റെ ആരോപണം കൊള്ളേണ്ടിടത്ത് കൊണ്ടുകഴിഞ്ഞു. അതുതന്നെയാണ് മുഖ്യമന്ത്രി പരസ്യമായ വിഴുപ്പലക്കലിനും ഉഗ്രശാസനയ്‌ക്കൊന്നും മുതിരാതെ അൻവറിന്റെ ഡിമാന്റുകൾ ഒരുമുറിക്കുള്ളിൽ ഇരുന്നുകൊണ്ട് ചർച്ച ചെയ്യരുത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ വെളിവാകുന്നത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചില രാഷ്ട്രീയ അമ്പുകളും അൻവർ എന്ന ബിസിനസുകാരൻ കൂടിയായ എം.എൽ.എയുടെ ചില സ്ഥാപിതതാത്പര്യങ്ങളുമാണ്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ആദ്യനാളുകൾ മുതൽ അദ്ദേഹത്തിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം നിലകൊള്ളുന്നുണ്ട്. മുഖ്യമന്ത്രി ഏകാധിപതിയായിമാറുന്നു എന്നും പാർട്ടിയിൽ നിന്നുംഅകന്ന്‌വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്നു എന്നതുമാണ് മറുപക്ഷത്തെ അലോസരപ്പെടുത്തുന്നത്. ഇവിടെ മുഖ്യന്റെ എതിർപാളയത്തിൽ ഒന്നല്ല, നിരവധിപേരുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്. അവരിൽ ചിലരുടെ ഒത്താശയും അൻവറിന് ലഭിച്ചിട്ടുണ്ട് എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.

നിലമ്പൂർ എം.എൽ.എ. എന്നതിനപ്പുറം പി.വി. അൻവർ ഒരു കച്ചവടക്കാരൻ കൂടിയാണ്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ പല മേഖലകളിലും കോടികളുടെ നിക്ഷേപം അദ്ദേഹത്തിനുണ്ട്. അതിൽ പലതും നിയമവിരുദ്ധമാണെന്നും അതിന് കുടപിടിക്കാനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നുമുള്ള ആക്ഷേപത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പോലും അൻവറിന്റെ നേതൃത്വത്തിൽ അല്ലെങ്കിൽ ഒത്താശയോടെ മലപ്പുറത്ത് നടക്കുന്നുണ്ട് എന്നാണ് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നത്. ആരോപണങ്ങൾ പലതും തെളിയിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ അതേക്കുറിച്ച് ആധികാരികമായി ഒന്നും പറയാൻ സാധിക്കില്ല. എന്നാൽ അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ചിലതിന് എം.ആർ. അജിത്കുമാർ എന്ന എ.ഡി.ജി.പി. തടസ്സം നിന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിക്കുന്നത്.

അൻവറിനെപ്പോലെതന്നെ എ.ഡി.ജി.പിക്കും ചില കുടുംബ ബിസിനസ് താത്പര്യങ്ങളൊക്കെ ഉണ്ടെന്ന് സൂചനകൾ ലഭിക്കുന്നുണ്ടെങ്കിലും, സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇത്തരം ബിസിനസുകളുമായി അസോസിയേറ്റ് ചെയ്ത് നിൽക്കുന്നവരിൽ ചിലർ അൻവറിന്റെ കച്ചവടപങ്കാളികളുടെ എതിർചേരിയിലാണെന്നും ചില സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ നെക്‌സസ് മലപ്പുറം കേന്ദ്രീകരിച്ച് കേരളത്തിനകത്തും പുറത്തും പല വൻകിട ഡീലുകളും നടത്തുന്നുണ്ടത്രേ. ഇതിൽ ചില ഇടപാടുകൾക്ക് എ.ഡി.ജി.പി. പിന്തുണ നൽകിയിട്ടുണ്ടെന്നും അത് അൻവറിന്റെ ഇഷ്ടക്കാരുടെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ തന്നെ താത്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്നാണ് ലഭ്യമാകുന്ന വിവരം. തന്റെ താത്പര്യങ്ങൾക്ക് വിലങ്ങുതടിയാകുന്നവരെ കാണേണ്ട രീതിയിൽ അൻവറും കണ്ടിട്ടുണ്ട്. പക്ഷേ, അജിത്കുമാർ വഴങ്ങാൻ തയ്യാറായിരുന്നില്ലത്രേ. ഇതോടെ അൻവർ തന്റെ പരിഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. എന്നാൽ അവിടെ എല്ലാമെല്ലാമായി നിലകൊള്ളുന്ന മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പി. ശശി അജിത്കുമാറിനൊപ്പമാണ് നിലകൊണ്ടത്. ഇതാണ് അൻവറിന്റെ പ്രശ്‌നങ്ങളുടെ മൂലകാരണമായി വിലയിരുത്തപ്പെടുന്നത്.

മലപ്പുറം എസ്.പി. ആയിരുന്ന ഇപ്പോഴത്തെ വിവാദനായകൻ സുജിത്ദാസും അജിത്കുമാറിന്റെ ഇഷ്ടക്കാരനായാണ് അന്ന് മലപ്പുറത്ത് നിലകൊണ്ടത് (അദ്ദേഹത്തിന് നിലനിൽപ്പിന്റെ തന്ത്രങ്ങൾ മാത്രമേവശമുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരം). സുജിത്തിന്റെ ചില നീക്കുപോക്കുകളും അൻവറിനും കൂട്ടർക്കും മലപ്പുറം ജില്ലയിൽ ചില്ലറ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. അന്നും പരിഹാരം കാണാൻ അൻവർ സെക്രട്ടറിയേറ്റിലെത്തിയിരുന്നു. പക്ഷേ, സംവിധാനങ്ങളെല്ലാം അജിത്കുമാറിനൊപ്പമായിരുന്നു. എന്നാൽ ഏറെനാൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിൽ സുജിത്കുമാറിനെ മലപ്പുറത്ത് നിന്നും മാറ്റിയെങ്കിലും അൻവർ വിചാരിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുപോയില്ല. കാരണം                                     സുജിത്തിന്റെ പിന്നാലെ അവിടെത്തിയ എസ്.പി. ശശിധരനും അജിത്കുമാറിന്റെ സ്വന്തം ആളായിരുന്നുവത്രെ. ഏറെനാൾ തൃശൂർ റേഞ്ച്‌ഐ.ജി. ആയിരുന്ന അജിത്കുമാറിന് മലപ്പുറംജില്ലയുടെ മുക്കും മൂലയും കാണാപ്പാഠമാണ്. എവിടെ എന്ത് കള്ളക്കളികൾ നടന്നാലും അത് അദ്ദേഹം അറിയും. അതുകൊണ്ടുതന്നെ അൻവറിന്റെ മലപ്പുറത്തെ എല്ലാ ഇടപാടുകളും അജിത്കുമാറിന് ഹൃദിസ്ഥമാണ്. അൻവറിന്റെ കാർക്കശ്യവും മർക്കടമുഷ്ടിയും ചിലപ്പോഴെങ്കിലും അജിത്കുമാറിന്റെ മനസ്സിൽ ചില ഈഗോ ക്ലാഷസ്സിനും വഴിമരുന്നിട്ടിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ അൻവർ അജിത്കുമാറിനെതിരായ നീക്കങ്ങൾ പലതും നടത്തിയെങ്കിലും ഒന്നും ഫലം ക ണ്ടില്ല.

ഇതിനിടെയാണ് ഓൺലൈൻ ന്യൂസ് പോർട്ടൽ ഉടമ ഷാജൻ സ്‌കറിയയുമായി അൻവർ ഉരസലിലാകുന്നത്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളായിരുന്നു പ്രശ്‌നകാരണം. ഇതോടെ ഷാജനെ പൂട്ടാനുള്ള ബാദ്ധ്യത അൻവറിനും സർക്കാരിലും ഒരുപോലെ നിക്ഷിപ്തമായി. അവിടെ ഷാജനെ പൂട്ടാൻ സർക്കാർ നിയോഗിച്ചത് അജിത്കുമാറിനെയായിരുന്നു. എന്നാൽ അജിത്കുമാറിന്റെ നീക്കങ്ങൾ ഓരോന്നായി പാളിയത് അൻവറിനെ വീണ്ടും ചൊടിപ്പിച്ചു. ഇതോടെ തന്റെ നിലനിൽപ്പ് തന്നെ ഭീഷണിയാകുമെന്ന് കണ്ട അൻവർ അജിത്കുമാറിനെ ഒതുക്കാൻ വൻ പദ്ധതികൾ തന്നെ ആസൂത്രണം ചെയ്തു. സി.പി.എമ്മിനകത്തെ മുഖ്യന്റെ അപ്രമാദിത്തത്തിൽ അസംതൃപ്തരായ ഒരുവിഭാഗം നേതാക്കൻമാർ അൻവറിന് രഹസ്യപിന്തുണയുമായി എത്തിയത് ഈ സാഹചര്യത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ശശി ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്ന ആക്ഷേപമുള്ള ബഹുഭൂരിപക്ഷം നേതാക്കൻമാരും മനസ്സു കൊണ്ട് വിമതനീക്കത്തിന് പിന്തുണ അർപ്പിക്കുകയും, ചിലരെങ്കി ലും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവരികയും ചെയ്തു. ഇത് അൻവറിന് പകർന്നുനൽകിയ ആത്മവീര്യം ചെറുതല്ല.

അുിത്തിനെ പൂട്ടണമെങ്കിൽ അദ്ദേഹത്തിന്റെ മുഖം വികൃതമാക്കുക എന്നത് മാത്രമാണ് ഏറ്റവും എളുപ്പവഴിയെന്ന് തിരിച്ചറിഞ്ഞ അൻവർ അതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായി. അതോടൊപ്പംതന്നെ ശശിയേയും വിവാദങ്ങളുടെ ഭാഗമാക്കാനും, അതിലൂടെ മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കാനും അൻവർ തീരുമാനിച്ചു. അത്തരത്തിൽ നടന്ന ആസൂത്രണങ്ങളുടെ പരിണിതഫലമാണ് അൻവർ പൊട്ടിച്ച വിവാദബോംബുകൾ ഓരോന്നും. ആരും പാർട്ടിക്ക് അതീതരല്ലെന്ന് ആദ്യനാൾ ഉഗ്രശാസനം നൽകിയ പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദൻ പിന്നീട ്കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നത് ഇവിടെ ചേർത്തുവായിക്കേണ്ട സംഗതിയാണ്. വിവാദം കൊടുമ്പിരി കൊണ്ടതോടെ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽതന്നെ വ്യക്തമാക്കിയെങ്കിലും, പിന്നീട് ക്ലിഫ്ഹൗസിലേക്ക് മടങ്ങിയ അ ദ്ദേഹം സെക്രട്ടറിയേറ്റിലെത്തിയപ്പോൾ നിലപാട് മാറ്റി. എം.ആർ. അജിത്കുമാറിനെ ലോ ആന്റ് ഓർഡറിൽതന്നെ നിലനിർത്തുന്നതിലൂടെയാണ് മുഖ്യമന്ത്രി തന്റെ മലക്കംമറിച്ചിൽ സ്ഥിരീകരിച്ചത്. ഇവിടെ ഉയരുന്ന ചോദ്യം ക്ലിഫ്ഹൗസിലെത്തിയ മുഖ്യന്റെ മനസ്സ് മാറ്റിയത് ആരാണ് ?

മടിയിൽ കനം ഉണ്ടോ ?

മടിയിൽ കനം ഇല്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്ന് മുഖ്യമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഭയക്കാൻ ധാരാളം കാര്യങ്ങളുണ്ട് എന്നാണ് തലസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണോ മുഖ്യമന്ത്രി അജിത്കുമാറിനെ സംരക്ഷിക്കാൻ മുതിർന്നത് എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിവരും. മന്ത്രിമാർ ഉൾപ്പെടെ പല പ്രമുഖരുടേയും ഫോൺകോളുകൾ അജിത്കുമാർ ചോർത്തിയിട്ടുണ്ട് എന്ന അൻവറിന്റെ ആരോപണം ഇതോടൊപ്പം ചേർത്തുവായിച്ചാൽ പലതും വെളിവാകും.

കേന്ദ്രത്തിന്റെ കഴുകൻ കണ്ണുകൾ

അൻവറിന് പരിഹരിക്കേണ്ട  വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിക്കപ്പെട്ടാൽ പിന്നെ അദ്ദേഹത്തിന് മറ്റ് വിശാലമായ താത്പര്യങ്ങളോ നിലപാടുകളോ ഒന്നുംതന്നെയില്ല. സെപ്തംബർ മൂന്നിന് തലസ്ഥാനത്തെത്തിയ അൻവർ മുഖ്യനുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ എല്ലാം സെറ്റിൽ ആയി എന്നാണ് അറിയാൻ സാധിക്കുന്നത്. താൻ ആരോപിച്ച കാര്യങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോകുമെന്നുമൊക്കെ പുറമേ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്രകണ്ട് സുഗമമായല്ല പോകുന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അൻവറിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാൽ അൻവർ ഹാപ്പിയാണ്. പക്ഷേ, അദ്ദേഹം ഉയർത്തിയ ആക്ഷേപങ്ങളും ആ രോപണങ്ങളും ഇപ്പോഴും അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. സംസ്ഥാന ഏജൻസികൾ ഇതിൽ എന്ത് എങ്ങിനെ അന്വേഷിക്കണമെന്നതാണ് പ്രധാനം. എന്നാൽ സ്വർണ്ണക്കള്ളക്കടത്ത്, കസ്റ്റംസുകാരുടെ ഒത്താശ തുടങ്ങിയ ആക്ഷേപങ്ങളും ആരോപണങ്ങളും കേന്ദ്ര ഇടപെടലിന്റെ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതൊരുപക്ഷേ ബൂമറാംഗായി തിരിച്ചടിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല.

അൻവർ ഉയർത്തിയ വിവാദ കൊടുംകാറ്റ് തത്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും ഈ ശാന്തത താത്കാലികമാണ്. പാർട്ടിസമ്മേളനങ്ങൾ ഇങ്ങെത്താറായി. അപ്പോഴേക്കും ഇപ്പോഴത്തെ ശാന്തത നിഗൂഢതയായുംഅത് പിന്നീട് ചുഴലിയായും വീശിയടിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img