
ദോഹ: സ്പാനിഷ് പരിശീലകൻ ജൂലെൻ ലോപറ്റെഗി ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ (അൽ-അന്നാബി) പടിയിറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ടീമിന് പുതിയൊരു 'അസാധാരണ' പരിശീലകനെ കണ്ടെത്താനുള്ള നിർണ്ണായക നീക്കങ്ങളിലാണ് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA). പെട്ടെന്നുള്ള വിജയങ്ങൾ നേടാൻ കെൽപ്പുള്ള തന്ത്രശാലിയെയാണോ,അതോ 2028-ലെയും 2030-ലെയും വമ്പൻ പോരാട്ടങ്ങൾക്കായി ടീമിനെ അടിമുടി ഉടച്ചുവാർക്കാൻ കഴിയുന്ന ദീർഘവീക്ഷണമുള്ള പരിശീലകനെയാണോ ഖത്തറിന് ആവശ്യം എന്നതാണ് കായികലോകത്തെ പ്രധാന ചർച്ച.2026 ലോകകപ്പിന് ശേഷം ആഗോള ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ പ്രമുഖ പരിശീലകരുടെ വൻ നിര തന്നെയാണ് കരാറുകളില്ലാതെ കാത്തിരിക്കുന്നത്. ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത ദിദിയർ ദെഷാംപ്സ്, ജർമ്മൻ പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ, പോർച്ചുഗൽ പരിശീലകനായിരുന്ന സ്പാനിഷ് തന്ത്രശാലി റോബർട്ടോ മാർട്ടിനെസ്, മുൻ ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.പുതിയ വെല്ലുവിളികൾ തേടുന്ന മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം പെപ് ഗ്വാർഡിയോള, ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോണ്ടെ, ഡച്ച് പരിശീലകൻ ആർനെ സ്ലോട്ട് തുടങ്ങിയ വമ്പൻ പേരുകളും ഫുട്ബോൾ ലോകത്ത് സജീവമാണ്.കഴിഞ്ഞ കാലങ്ങളിൽ ഖത്തർ ഫുട്ബോളിൽ ആധിപത്യം പുലർത്തുകയും തുടർച്ചയായി രണ്ട് ഏഷ്യൻ കപ്പ് കിരീടങ്ങൾ (2019, 2023) നേടിക്കൊടുക്കുകയും ചെയ്ത 'സ്പാനിഷ് പരിശീലന ശൈലി' മാറ്റണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.ദെഷാംപ്സിനെയോ നാഗൽസ്മാനെയോ പോലുള്ള ഒരു യൂറോപ്യൻ വമ്പനെ കൊണ്ടുവന്ന് ടീമിനെ പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുക്കണോ, അതോ ഖത്തർ താരങ്ങളുടെ കഴിവും ആഭ്യന്തര ലീഗിന്റെ സ്വഭാവവും നന്നായി അറിയുന്ന മൊറോക്കൻ പരിശീലകൻ വാലിദ് റെഗ്രാഗുയിയെ പോലുള്ള യുവ അറബ് പരിശീലകരെ പരിഗണിക്കണോ എന്നതാണ് പ്രധാന ചോദ്യം. സമയം ലാഭിക്കാനും ടീമിൽ വേഗത്തിൽ ഒത്തിണക്കം കൊണ്ടുവരാനും അറബ് പരിശീലകർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത ഏഷ്യൻ കപ്പ് 2028 തുടക്കത്തിലേക്ക് മാറ്റിവെച്ച സാഹചര്യത്തിൽ, ടീമിൽ യുവരക്തം കുത്തിവെക്കാനും അനുഭവസമ്പന്നരായ താരങ്ങളെയും യുവപ്രതിഭകളെയും സമന്വയിപ്പിച്ച് ടീമിനെ പുതുക്കിപ്പണിയാനും പുതിയ പരിശീലകന് ആവശ്യത്തിന് സമയം ലഭിക്കും.
തുടർച്ചയായ രണ്ട് ഏഷ്യൻ കിരീട നേട്ടങ്ങൾക്ക് ശേഷം ഖത്തർ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഈ സമ്മർദ്ദങ്ങളെ അതിജീവിച്ച്, ഭൂഖണ്ഡാന്തര കിരീടമോഹങ്ങളെയും സാങ്കേതിക സ്ഥിരതയെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന അനുയോജ്യനായ പരിശീലകനെ തിരഞ്ഞെടുക്കാൻ പന്ത് ഇപ്പോൾ ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ കോർട്ടിലാണ്.










