04:41pm 13 June 2026
NEWS
കോക്രോച്ച് ജനതാപാർട്ടിയെ ആർക്കാണ് പേടി ?
13/06/2026  10:54 AM IST
ചെറുകര സണ്ണീലൂക്കോസ്
കോക്രോച്ച് ജനതാപാർട്ടിയെ ആർക്കാണ് പേടി ?

2006 ജനുവരി 1 ന് റിക്ക് ഫാൽക്‌വിംഗ് എന്നയാളാണ് ലോകത്ത് ആദ്യമായി സ്വീഡനിൽ പൈറേറ്റ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിച്ചത്. സ്വീഡനിൽ 2005 ലെ പകർപ്പവകാശ നിയമഭേദഗതികളോട് സ്വീഡിഷ് രാഷ്ട്രീയക്കാർ മുഖം തിരിച്ചതിനെ തുടർന്നാണ് അദ്ദേഹം പകർപ്പവകാശ നിയമങ്ങൾ പരിഷ്‌ക്കരിക്കുക, പേറ്റന്റ് നിയമങ്ങൾ ലഘൂകരിക്കുക, ഇന്റർനെറ്റിലെ വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുക, വിവരങ്ങളുടെ സ്വതന്ത്രമായ കൈമാറ്റം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൈറേറ്റ് പാർട്ടിക്ക് രൂപം നൽകിയത്.

സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകളായ യുവജനങ്ങളായിരുന്നു റിക്ക് ഫാൽക്‌വിംഗ്‌ന് പിന്നിലെ കരുത്ത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഈ പാർട്ടി പെട്ടെന്നുതന്നെ യൂറോപ്പിലെമ്പാടും വലിയ ജനശ്രദ്ധ നേടി. 2009 ൽ നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വീഡനിൽ നിന്നും 7.1 % വോട്ടുകൾ നേടാൻ പൈറേറ്റ് പാർട്ടിക്ക് കഴിഞ്ഞു. ഇതോടെ ക്രിസ്ത്യൻ എൻസ്‌ട്രോം എന്നയാൾ യൂറോപ്യൻ പാർലമെന്റിലെ ആദ്യ പൈറേറ്റ് പാർട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വീഡനിലെ വിജയത്തിന് ശേഷം സോഷ്യൽമീഡിയ ആക്ടിവിസത്തിലൂടെ ലോകമെമ്പാടുമുള്ള അറുപതോളം രാജ്യങ്ങളിൽ യുവജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പൈറേറ്റ് പാർട്ടികൾ നിലവിൽ വന്നു. ഇന്റർനെറ്റിലെ വിവരങ്ങളുടെ സ്വതന്ത്രമായ കൈമാറ്റം, പകർപ്പവകാശ പരിഷ്‌ക്കരണം, സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, സർക്കാരിന്റെ സുതാര്യത എന്നിവയാണ് മിക്ക രാജ്യങ്ങളിലുമുള്ള പൈറേറ്റ് പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.

ഇപ്പോഴിതാ തികച്ചും ആകസ്മികമായുണ്ടായ സംഭവത്തെ തുടർന്ന് ഇന്ത്യാരാജ്യത്തും ഒരു പൈറേറ്റ് പാർട്ടി രംഗപ്രവേശം ചെയ്തിരിക്കുന്നു. 2026 മെയ് 15 ന് 'സീനിയർ അഭിഭാഷകൻ' എന്ന പദവിക്കുവേണ്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് യുവാക്കളെക്കുറിച്ച് നടത്തിയ ചില പരാമർശനങ്ങൾ വലിയ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അഭിഭാഷക സമൂഹത്തിലും പൊതുസമൂഹത്തിലും ശക്തമായ അമർഷം രൂപപ്പെട്ടു.
'സമൂഹത്തിൽ വ്യവസ്ഥിതിയെ കടന്നാക്രമിക്കുന്ന ഇത്തിക്കണ്ണികൾ വേണ്ടുവോളം ഉണ്ടെന്നും നിങ്ങളും അവർക്കൊപ്പം ചേരുകയാണോ' എന്നുമായിരുന്നു ഹർജി നൽകിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചത്. കൂറ, ഇത്തിക്കണ്ണി തുടങ്ങിയ പ്രയോഗങ്ങൾ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി. അതേത്തുടർന്ന് തന്റെ വാക്കുകൾക്ക് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് പ്രത്യേക പ്രസ്താവന ഇറക്കി. മാധ്യമങ്ങൾ തന്റെ നിരീക്ഷണങ്ങൾ തെറ്റായി നൽകുകയായിരുന്നുവെന്നും, വ്യാജബിരുദവുമായി അഭിഭാഷകജോലിയിൽ കയറിയവരെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമ-നവമാധ്യമ മേഖലകളിൽ അവർ കടന്നുകൂടിയതുകൊണ്ടാണ് 'പരാന്ന ജീവികൾ' എന്ന് വിശേഷിപ്പിച്ചത് എന്ന നിലയ്ക്കായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം.

എന്നാൽ യുവാക്കളെ അപമാനിക്കുന്ന ചീഫ് ജസ്റ്റിസിന്റെ വാക്കുകളോട് ക്ഷമിക്കാൻ യുവാക്കൾ തയ്യാറായിരുന്നില്ല. 'വ്യവസ്ഥിതിയെ കടന്നാക്രമിക്കുന്ന ഇത്തിക്കണ്ണികൾ' അങ്ങനെ ചെയ്യുന്നത് തൊഴിലൊന്നും കിട്ടാത്തതുകൊണ്ടാണെന്ന പരാമർശം ആയിരുന്നു അതിലൊന്ന്. അങ്ങനെ ഒന്നിനും കൊള്ളാത്തവർ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും, ചിലർ വിവരാവകാശ പ്രവർത്തനത്തിലും കയറിക്കൂടി പാറ്റകളെപ്പോലെ സകലതിനെയും കടന്നാക്രമിക്കുന്നു എന്ന  പരാമർശവും യുവാക്കളെയും വിവരാവകാശ പ്രവർത്തകരേയും അങ്ങേയറ്റം പ്രകോപിപ്പിക്കുന്നതായിരുന്നു. വിമർശിക്കപ്പെട്ടുകൂടാത്തതാണ് വ്യവസ്ഥിതി എന്ന അപകടകരമായ സൂചനയും വിവാദ പരാമർശനങ്ങളിൽ ഉൾക്കൊണ്ടിരുന്നതായി കാണാം.

എന്നാൽ ചീഫ് ജസ്റ്റിസിന്റെ വിവാദപരാമർശങ്ങൾ ഉണ്ടായി 24 മണിക്കൂറിനകം ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിക് ആയിരുന്ന അഭിജിത് ദീപ്‌കെ എന്ന 30 കാരൻ അമേരിക്കയിലിരുന്ന് ചീഫ് ജസ്റ്റിസ് തൊഴിലില്ലാത്ത യുവാക്കളെ ഉപമിച്ച പാറ്റയുടെ പേരിട്ട് കോക്രോച്ച് ജനതാപാർട്ടിക്ക് രൂപം നൽകി. 'അലസരുടേയും തൊഴിലില്ലാത്തവരുടേയും ശബ്ദം'  എന്നതാണ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു ഇൻസ്റ്റഗ്രാം പേജും, കോക്രോച്ച് മീമും കൊണ്ട് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെയെല്ലാം ഞെട്ടിച്ച് സോഷ്യൽ മീഡിയായിൽ അഞ്ചുദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്‌സിനെയാണ് 'കോക്രോച്ച് ജനതാപാർട്ടി' അഥവാ സി.ജെ.പി സ്വന്തമാക്കിയത്.
1995 സെപ്റ്റംബർ 29 ന് മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് അദ്ദേഹം ജനിച്ചത്.  അഭിജിത് ദിപ്‌കെ പൂനെയിൽ ജേർണലിസം പഠിച്ചശേഷം അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റാണ്. അമേരിക്കയിലിരുന്നു പ്രസ്ഥാനത്തിന് രൂപം നൽകിയ അഭിജിത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടിയുടെ ആദ്യപ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുവാൻ ജൂൺ 6 നാണ് ഇന്ത്യയിലെത്തുന്നത്.

2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽമീഡിയ, ഡിജിറ്റൽ ക്യാംപയിൻ ടീമിൽ സജീവമായി പ്രവർത്തിച്ചയാളാണ് അഭിജിത്. എന്നാൽ തനിക്കിപ്പോൾ എ.എ.പിയുമായി ബന്ധമൊന്നുമില്ലെന്നാണ് അഭിജിത് പറയുന്നത്. എന്നാൽ ബി.ജെ.പിയോ കോൺഗ്രസോ അതത്ര കണ്ട് വിശ്വാസത്തിലെടുത്തിട്ടില്ല.

തുടക്കത്തിൽ ഒരു ആക്ഷേപ ഹാസ്യം എന്ന നിലയിലാണ് ആളുകൾ കാമ്പയിന്റെ ഭാഗമായത്. പിന്നീട് ചർച്ചകൾ ഗൗരവമായതോടെ അതൊരു രാഷ്ട്രീയ മുന്നേറ്റമായി പരിണമിക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സംസ്‌കാരം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുവതലമുറയുടെ വികാരം പ്രതികൂലിപ്പിക്കുന്നതാണ് സി.ജെ.പിക്ക് ലഭിച്ച അത്ഭുതകരമായ സ്വീകാര്യത. ഇൻസ്റ്റഗ്രാമിൽ ബി.ജെ.പിക്കുള്ളതിനേക്കാൾ ഫോളോവേഴ്‌സ് സി.ജെ.പിക്കുണ്ടെന്ന് വാർത്തയായതോടെയാണ് അധികാരികൾ സി.ജെ.പിയുടെ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനാരംഭിച്ചത്.

സി.ജെ.പിയുടെ എക്‌സ് അക്കൗണ്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലേ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ ആരംഭിച്ച പുതിയ അക്കൗണ്ടിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെറും ഒരു തമാശയ്ക്ക് അല്ലെങ്കിൽ നവമാധ്യമങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ 'മീം' ആയി തുടങ്ങിയ സോഷ്യൽമീഡിയ അക്കൗണ്ടുകൾ രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഡിജിറ്റൽ തരംഗം ആയി മാറിയപ്പോൾ അത് രാജ്യത്തെ ഭരണാധികാരി വർഗ്ഗത്തെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇത് രാജ്യത്ത് ഒരു ട്രെൻഡ് ആയി നിലനിന്നാൽ ഭരണം തന്നെ നിലംപതിക്കുമോ എന്നാണ് പേടി.
പരീക്ഷാക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ജൂൺ 6 ന് ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം ബി.ജെ.പി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. മുൻകൂർ അപേക്ഷിക്കാതിരുന്നിട്ടും പ്രതിഷേധിക്കാൻ ഡൽഹി പോലീസ് അനുമതി നൽകിയത് സി.ജെ.പിയെ കൂടുതൽ പ്രകോപിപ്പിക്കണ്ടെന്ന് കരുതിയായിരിക്കണം. ഒരാഴ്ചയ്ക്കുള്ളിൽ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകപ്രതിഷേധം നടത്തുമെന്നാണ് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ സോഷ്യൽ മീഡിയയ്ക്ക് പുറത്ത് തെരുവിലേക്ക് യുവാക്കളെ എത്രത്തോളം അണിനിരത്താൻ സി.ജെ.പിക്ക് കഴിയും എന്ന് ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img