
നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്റ്റിംഗ് ഓപ്പറേഷൻ എന്ന നിലയിൽ ഒരു വാർത്താ ചാനലിലൂടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി നടത്തിയിരിക്കുന്നത്. നടൻ ദിലീപാണ് നടിയെ ആക്രമിക്കാൻ തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും ഒന്നര കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത് എന്നതുമടക്കം വലിയ ആരോപണങ്ങളാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. എന്നാൽ, താൻ തന്നെയാണ് നടിയെ ഓടുന്ന വാഹനത്തിൽ വെച്ച് ബലാത്സംഗം ചെയ്തതെന്നും ഉപദ്രവിക്കാതിരിക്കാൻ എത്ര വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു എന്നും പൾസർ സുനി പറയുന്നുണ്ട്. കൃത്യമായ തിരക്കഥയിൽ തയ്യാറാക്കിയ ഒരു വെളിപ്പെടുത്തലാണോ ഇതെന്ന സംശയം കാണുന്ന ആരിലും തോന്നുന്ന ദൃശ്യങ്ങളാണ് വാർത്താചാനൽ പുറത്തുവിട്ടത്.
നടിയെ ആക്രമിച്ച കേസിന്റെ ആദ്യകാലം മുതൽ തന്നെ പ്രതി ദിലീപായിരിക്കണം എന്ന് ആർക്കോ വാശിയുള്ളത് പോലെയായിരുന്നു അന്വേഷണത്തിന്റെ പോക്ക്. അക്കാര്യത്തിൽ പൾസർ സുനിയും തന്റേതായ പങ്ക് വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ജയിലിൽവെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് പൾസർ സുനി എഴുതിയ കത്തും പുറത്തുവന്നിരുന്നു. ആ കത്തും പുറത്തുവിട്ടത് ഇപ്പോൾ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ വാർത്താ ചാനൽ തന്നെയായിരുന്നു. ചാനലും പൾസർ സുനിയും തമ്മിലുള്ള ബന്ധം ഇതിൽനിന്നും തന്നെ വ്യക്തമാണ്. അതിനാൽ തന്നെ ഇപ്പോഴത്തെ സ്റ്റിംഗ് ഓപ്പറേഷൻ തിരക്കഥയെന്ന ആരോപണം ഉയർന്നാലും പ്രതിരോധിക്കാൻ ചാനലിനോ പൾസർ സുനിക്കോ കഴിയുകയില്ല. സ്ഥിരമായി സ്റ്റിംഗ് ഓപ്പറേഷൻ നടത്തി വിവാദ വിവരങ്ങൾ പുറത്തുവിടുന്ന പാരമ്പര്യമുള്ള ചാനലുമല്ല ഇപ്പോൾ ഇത്തരം സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയത് എന്നും ശ്രദ്ധേയമാണ്.
പൾസർ സുനിയുടെ വിവരങ്ങൾ തുടർച്ചയായി ആദ്യം ലഭിക്കുന്ന ചാനൽ എന്നത് തന്നെ ദുരൂഹമാണ്. അതിനെക്കാൾ പ്രധാനമാണ് ക്രിമിനലായ ഒരാളുടെ സത്യസന്ധത. ഒന്നര കോടി രൂപക്കാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ ഏറ്റതെന്നാണ് ഇയാൾ തന്നെ പറയുന്നത്. പണം വാങ്ങിയിട്ടാണെങ്കിലും അല്ലെങ്കിലും നടിയെ ആക്രമിച്ചു എന്നതും ഇയാൾ സമ്മതിക്കുന്നുണ്ട്. മറ്റ് നടിമാരെയും താൻ ഉപദ്രവിച്ചിട്ടുണ്ട് എന്നും ഇയാൾ പറയുന്നുണ്ട്. എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്തവനാണ് ഇയാളെന്ന് ആ വാക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്.
എന്തിനാണ് ദിലീപിനെ കുടുക്കണമെന്ന് പൾസർ സുനിക്ക് വാശി?
പൾസർ സുനിയും നടൻ ദിലീപുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല. സിനിമാ ലോകത്തെ സൗഹൃദങ്ങൾ ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നതാണ്. എന്നാൽ, കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പോ അതിന് ശേഷമോ അത്തരത്തിൽ ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല എന്നതാണ് വാസ്തവം. അപ്പോൾ പിന്നെ സൗഹൃദം തകരാനോ അത്തരത്തിൽ പക ഉടലെടുക്കാനോ സാധ്യതയില്ല. തൊഴിൽ സംബന്ധമായ വൈരത്തിനും സാധ്യതയില്ല എന്നതും വാസ്തവമാണ്.
ദിലീപിന്റെ കുടുംബം തകർന്നതിലെ പകയാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് പൾസർ സുനി പറയുന്നത്. സിനിമ മേഖലയിൽ ദിലീപുമായും ആദ്യഭാര്യ മഞ്ജു വാര്യരുമായും അടുപ്പമുള്ളവർ ഇക്കാര്യം വിശ്വസിക്കുമോ എന്നത് പ്രസക്തമായ കാര്യമാണ്. മഞ്ജുവുമായുള്ള വിവാഹ ബന്ധം തുടരുന്നതിനിടെയാണ് കാവ്യയുമായി ദിലീപ് അടുക്കുന്നത്. പിന്നീട് മഞ്ജു വാര്യരിൽ നിന്നും വിവാഹ മോചനം നേടുകയും കാവ്യ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇഷ്ടങ്ങൾ നേടുന്നതിന് ആക്രമിക്കപ്പെട്ട നടി ഒരു തടസമായില്ല എന്നർത്ഥം. അങ്ങനെയെങ്കിൽ കുടുംബം തകർന്നതിലെ പകയാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകാൻ ദിലീപിനെ പ്രേരിപ്പിച്ചതെന്ന പൾസർ സുനിയുടെ വാദം നിലനിൽക്കില്ല.
ഫോണും മെമ്മറി കാർഡും എന്നൊക്കെ പറഞ്ഞ് പൾസർ സുനി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ഒളിപ്പിച്ച് വച്ചിരിക്കുന്ന ഫോൺ വലിയ സംഭവമാണെന്ന സസ്പെൻസും നിലനിർത്താൻ സുനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്തായാലും താൻ കുടുങ്ങും എന്നുറപ്പുള്ളപ്പോൾ, അത്ര ശക്തമായ തെളിവുകൾ ദിലീപിനെതിരായി ആ ഫോണിലുള്ളപ്പോൾ അത് മറച്ചുവെച്ച് ഭീഷണി മുഴക്കാതെ അന്വേഷണ സംഘത്തിന് കൈമാറുകയോ കോടതിയിൽ സമർപ്പിക്കുകയോ അല്ലേ വേണ്ടതെന്ന ചോദ്യം പ്രേക്ഷകരിൽ ഉയർന്നാൽ കുറ്റം പറയാനൊക്കുമോ?
നടൻ ദിലീപിന്റെ അറിവോടെ നിരവധി നടിമാരെ താൻ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പൾസർ സുനിയുടെ മറ്റൊരു വെളിപ്പെടുത്തൽ. എന്നാൽ, മറ്റൊരാൾ യുവതികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ട് ഹരം കൊള്ളുന്ന സൈക്കോയാണോ ദിലീപ് എന്ന മറുചോദ്യം ഇവിടെ ഉയരും. ആക്രമിക്കപ്പെട്ട നടി പരാതി നൽകിയ സമയത്തോ, പിന്നീട് മീറ്റു വിവാദം മലയാള സിനിമയെ പിടിച്ചുലച്ച സമയത്തോ ഏറ്റവുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വൻ വിവാദമായ സമയത്തുമൊന്നും മറ്റൊരു നടിയും ദിലീപിനെതിരെ ആരോപണം ഉയർത്തുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ല. എന്നു മാത്രവുമല്ല, മലയാളത്തിലെ നടീനടന്മാരിൽ നല്ലൊരുപങ്കും ഇപ്പോഴും ആ നടനുമൊത്ത് സിനിമകൾ ചെയ്യുന്നുമുണ്ട്.
എന്തുകൊണ്ട് ദിലീപ്?
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കേണ്ടതും കോടതിയാണ്. പക്ഷേ, ആ ഒരു സംഭവത്തിന്റെ പേരിൽ ഒരു നടനെ എപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടി വരുന്നതിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന കാര്യം തീർച്ചയായും അന്വേഷണ വിധേയമാകേണ്ട കാര്യമാണ്. സ്റ്റിംഗ് ഓപ്പറേഷൻ എന്ന പേരിൽ നടനെതിരെ ഗുരുതര ആരോപണം ഉയർത്തിയ പൾസർ സുനി അതീവ ബുദ്ധിമാനാണ് എന്ന് പറയാതിരിക്കാനാകില്ല. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ ചാനലിന് അഭിമുഖം നൽകി പുലിവാല് പിടിക്കാതെ സ്റ്റിംഗ് ഓപ്പറേഷൻ എന്ന ഓമനപ്പേരിൽ ദിലീപാണ് കുറ്റക്കാരനെന്ന് പൊതു സമൂഹത്തോട് വിളിച്ച് പറഞ്ഞു.
സ്വന്തം പ്രയത്നഫലമായി താരപദവിയിലേക്കുയർന്ന ഒരു നടനാണ് ദിലീപ്. തീർച്ചയായും മലയാള സിനിമ ഇൻഡസ്ട്രിയിൽ ആ നടനെതിരെ അസൂയയും കുശുമ്പുമുള്ളവർ ഉണ്ടാകാം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദിലീപിന് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്നും തെറ്റിനെ ന്യായീകരിക്കാനുള്ള ഘടകങ്ങളല്ല. എന്നാൽ, കോടതിയിൽ പറയേണ്ട കാര്യങ്ങൾ ചാനലിനോട് പറഞ്ഞും അന്വേഷണ സംഘത്തിന് നൽകേണ്ട തെളിവുകൾ മറച്ചുവെച്ചും ഒരു ക്രിമിനൽ നടത്തുന്ന നാടകങ്ങൾക്ക് ചൂട്ടുപിടിക്കാൻ മലയാളികൾക്ക് നിന്നുകൊടുക്കാനാകില്ലല്ലോ.











