
ബംഗളുരു: പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും രണ്ടുദിവസം നീണ്ടുനിന്ന ഇഡി റെയ്ഡ് സംസ്ഥാനത്ത് വ്യാപകമായ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. അടുത്ത തവണ മുഖ്യമന്ത്രിയാകാൻ കരുനീക്കുന്ന പ്രമുഖ ദളിത് നേതാവാണ് സതീഷ് ജാർക്കിഹോളി. കോൺഗ്രസ്സിലും ബിജെപിയിലും ഒരുപോലെ സ്വാധീനമുള്ളവരാണ് ജാർക്കിഹോളി കുടുംബം. സതീഷിന്റെ മൂത്ത സഹോദരൻ മുൻമന്ത്രി രമേഷ് ജാർക്കിഹോളി നിലവിൽ ബിജെപി എം എൽ എയാണ്. മറ്റൊരു സഹോദരൻ ബാലചന്ദ്ര ജാർക്കിഹോളിയും ബിജെപി എം എൽ എയാണ്. ഇളയ സഹോദരൻ ലഖൻ ജാർക്കിഹോളി സ്വതന്ത്ര എം എൽ സിയാണ്. സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ചിക്കോഡിയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സ് എം പിയാണ്. ഭാര്യാ സഹോദരൻ മഞ്ജുനാഥ് അഡിഷണൽ എക്സൈസ് കമ്മീഷണറാണ്. സതീഷ്, പ്രിയങ്ക, മഞ്ജുനാഥ് എന്നിവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് ഇഡി റെയ്ഡുചെയ്തത്. വടക്കൻ കർണാടകത്തിൽ ആധിപത്യം പുലർത്തുന്ന പ്രബലനായ സതീഷ് ജാർക്കിഹോളിയെ ഇഡിയുടെ വലയിൽ കുരുക്കിയത് മറ്റൊരു ശക്തനാണെന്ന് കരുതപ്പെടുന്നു.കോൺഗ്രസുമായി അടുപ്പവും ബിജെപിയിൽ വോട്ടുബാങ്കുമുള്ള ഒരു നേതാവാണ് തനിയ്ക്കെതിരെ ഇഡിയ്‌ക്ക് പരാതി നൽകിയതെന്ന് സതീഷ് ജാർക്കിഹോളി ആരോപിക്കുന്നു. എന്നാൽ ആ നേതാവ് ആരെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പൊതുമരാമത്ത് കരാറുകളിലൂടെ അനധികൃതമായി സമ്പാദിച്ച പണം ആഫ്രിക്കയിലെ സ്വർണ്ണഖനികളിൽ സതീഷ് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. എന്നാൽ അതൊക്കെ അദ്ദേഹം നിഷേധിക്കുന്നു. റെയ്ഡുകളിൽ കണ്ടെടുത്ത കണക്കിൽ പെടാത്ത മൂന്നുകോടി രൂപയും നിരവധി രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. എന്നാൽ പിടിച്ചെടുത്ത മുഴുവൻ രേഖകളെ കുറിച്ചുള്ള വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല. അവയുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. രാഷ്ട്രീയ അട്ടിമറികൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനായ സതീഷ് ജാർക്കിഹോളി ദുഖിതനും നിരാശിതനുമാണ്. അദ്ദേഹത്തെ രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങൾ ഇഡിയെ കൂട്ടുപിടിച്ച് നടത്തുന്നതെന്ന് അനുയായികൾ ആരോപിക്കുന്നു. ഇഡി റെയ്ഡുകൾ ഇനിയും ഉണ്ടാകുമെന്നും എല്ലാവരും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുന്നറിയിപ്പ് നൽകി.
Photo Courtesy - Google










