12:51am 03 June 2026
NEWS
ഐ.ഡി ചോദിക്കാൻ നീയാരാടാ?
23/02/2025  08:16 AM IST
ഡോ. രാധാകൃഷ്ണൻ
ഐ.ഡി ചോദിക്കാൻ നീയാരാടാ?

ഈ ചോദ്യം 2023 ഒക്‌ടോബർ അവസാന വാരത്തിലെ ഒരു ദിനം നടൻ വിനായകനോട് കേരളാ പോലീസ് ചോദിച്ചതാണ്. ആ ചോദ്യത്തിന് പിന്നിലെന്ത് എന്നറിയാൻ അന്ന് എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നടന്നതെന്തെന്ന് പരിശോധിച്ച് നോക്കാം.

മദ്യപിച്ച് ലക്കില്ലാതെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ  കടന്ന് ചെന്ന് ബഹളം വെച്ചു എന്ന കുറ്റമാരോപിച്ച് നടൻ വിനായകനെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുകയും അന്നു തന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു എന്ന വാർത്ത കാട്ടുതീ പോലെയാണ് നാടാകെ പടർന്നത്. കേട്ടവരിൽ പലരും പറഞ്ഞു, “വിനായകനല്ലേ ആള് അപ്പോൾ സംഗതി ശരിയായിരിക്കും. ” എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി പോലിസ് തന്നെ പുറത്ത് വിട്ട വീഡിയോയിലൂടെ പ്രചരിച്ചപ്പോൾ പോലീസ് പറഞ്ഞ കഥകൾ വാസ്തവ വിരുദ്ധമാണെന്ന് ബോദ്ധ്യമാവുകയും വിനായകനെ പിന്തുണച്ച് ധാരാളമാളുകൾ രംഗത്ത് വരുകയും ചെയ്തു.

അന്നവിടെ നടന്നത്

അന്നേ ദിവസം ഉച്ചയ്ക്ക് നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത വിനായകൻ തന്റെ വീട്ടിലുണ്ടായ ചില പ്രശ്‌നങ്ങളെപ്പറ്റി പരാതിപ്പെടുകയും പോലീസിന്റെ സഹായം തേടുകയും ചെയ്തതിനെ തുടർന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി. കൂട്ടത്തിലുണ്ടായിരുന്ന യൂണിഫോമില്ലാത്ത വനിതയോട്,  “നിങ്ങളാരാണ്?” എന്ന് വിനായകൻ ചോദിച്ചപ്പോൾ വനിതാ പോലീസാണെന്നറിഞ്ഞു.  “എന്നാൽ ഐ.ഡി കാണിക്കൂ ” എന്നാവശ്യപ്പെട്ടപ്പോൾ അവർ മിണ്ടാതെ മടങ്ങിപ്പോയി. വൈകിട്ട് സ്റ്റേഷനിലെത്തിയ വിനായകൻ സി.ഐ യോട് ചോദിച്ചു,  “ഇന്നുച്ചയ്ക്ക് എന്റെ വീട്ടിൽ വന്ന ആ പെൺകൊച്ച് ആരാ സാറെ? ” വനിതാ പോലീസാണെന്നു മറുപടി കിട്ടിയപ്പോൾ, “യൂണിഫോമിലല്ലാതെ വന്ന അവരോട് ഞാൻ ഐ.ഡി ചോദിച്ചിട്ട് കാണിച്ചില്ല സാറെ,” എന്നു വിനായകൻ പറഞ്ഞപ്പോൾ അതിഷ്ടപ്പെടാഞ്ഞ് തികഞ്ഞ ധാർഷ്ട്യത്തോടെ വിനായകന്റെ നെഞ്ചിൽ പിടിച്ചു തെള്ളികൊണ്ട് ആ ഓഫീസർ ചോദിച്ചു,  “ഐ.ഡി ചോദിയ്ക്കാൻ നീ ആരാടാ ? ” ഉറച്ച ശബ്ദത്തിൽ തലയുയർത്തിപ്പിടിച്ച് നിന്ന് വിനായകൻ പറഞ്ഞു,  “ഞാൻ ഒരു പൗരനാണു സാറേ”.

നോർത്ത് പോലീസ് സ്റ്റേഷനിൽ വിനായകനും സി.ഐ യും തമ്മിൽ നടന്ന സംഭാഷണം ഇത്ര മാത്രമാണ്. ഇതിലപ്പുറം ഒന്നും നടന്നതായി ആ വീഡിയോയില്ല. എന്തെങ്കിലുമുണ്ടെങ്കിൽ അവർക്ക് പിന്നീടെങ്കിലും പുറത്തു വിടാമായിരുന്നല്ലോ ? എന്തേ ചെയ്തില്ല ? വിനായകൻ അന്നുച്ചയ്ക്ക് മദ്യപിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ശരീരത്തിൽ മദ്യത്തിന്റെ മണമുണ്ടാകുമല്ലോ? മദ്യപിച്ച ഒരാളിന് ഒരു വിവരാന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പാടില്ല എന്ന നിയമമുണ്ടോ? മദ്യവിൽപ്പന സർക്കാർ തന്നെ വൻ ലാഭമുണ്ടാക്കുന്ന ബിസിനസ്സായി നടത്തുന്ന നാട്ടിൽ മദ്യപിക്കുന്നതു കുറ്റകരമാകുന്നതെങ്ങനെ? എന്നാൽ മദ്യപിച്ച് പൊതുസ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പെരുമാറുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. പോലീസ് സ്റ്റേഷനിൽ ചെന്ന സമയം മുതൽ വിനായകൻ സി.ഐ യെ സാറേ എന്നു മാത്രമാണ് സംബോധന ചെയ്തത്. അസഭ്യം നിറഞ്ഞ ഒരു വാക്കോ അതിക്രമമോ അദ്ദേഹത്തിൽ നിന്നുണ്ടാകുന്നില്ല. തന്റെ വീട്ടിൽ യൂണിഫോമിലല്ലാതെ വന്ന വനിതയോട് പോലീസാണെങ്കിൽ ഐ.ഡി കാണിക്കു എന്നാവശ്യപ്പെട്ടത് കുറ്റമാകുന്നതെങ്ങനെ? ഐ.ഡി ചോദിക്കാൻ നീയാരാടാ എന്ന സി.ഐ യുടെ ചോദ്യവും നെഞ്ചിൽ പിടിച്ചു തെള്ളലും നിയമവിരുദ്ധവും നിയമത്തിനു പുല്ലുവിലപോലും കല്പിയ്ക്കാത്ത ഒരു റൗഡിയുടെ നിലവാരത്തിലേക്കുള്ള തരം താഴലുമാണ്. അപ്പോഴും തികഞ്ഞ സംയമനത്തോടെ എന്നാൽ തലയുയർത്തിപ്പിടിച്ചു നിന്ന് ഉറച്ച ശബ്ദത്തിൽ വിനായകൻ പറഞ്ഞത് ഞാനൊരു പൗരനാണു സാറേ എന്നാണ്. ആ പറച്ചിലിൽ എന്തെങ്കിലും തെറ്റുണ്ടോ? ഇന്ത്യൻ ഭരണഘടനയും കേരളാ പോലീസ് മാന്വലുമടിസ്ഥാനമാക്കി നീതിപൂർവ്വം നിയമ പരിപാലനം നടത്തേണ്ട പൊതുജന സേവകനായ ഒരുദ്യോഗസ്ഥൻ ഒരു നാലാംകിട ഗുണ്ടയെപ്പോലെ പെരുമാറിയിട്ടും ഇന്ത്യൻ നീതിന്യായ സംവിധാനത്തോട് തികഞ്ഞ ആദരവ് പുലർത്തുന്ന ഒരു വ്യക്തിയായി നിന്നുകൊണ്ട് വിനായകൻ ആ ഉദ്യോഗസ്ഥനെ ഓർമിപ്പിച്ചത് താനൊരു ഇന്ത്യൻ പൗരന്റെ അറിയാനുള്ള അവകാശമാണ് വിനിയോഗിച്ചത്. രാജവാഴ്ച്ചക്കാലത്തെ സവർണ്ണ മാടമ്പിമാരുടെ മുമ്പിൽ ഭയഭക്തി ബഹുമാനത്തോടെ ഓഛാനിച്ചു നിന്നിരുന്ന പ്രജകളെപ്പോലെ നടുവു വളച്ചും തലകുനിച്ചും നിൽക്കേണ്ടവന്നല്ല, നിൽക്കുന്നവനല്ല ഈ പൗരൻ എന്നാണ്. ആ ഒറ്റ വാചകത്തിലൂടെ വിനായകൻ എന്ന ചലച്ചിത്രനടൻ 150 കോടി ഇന്ത്യാക്കാരുടെയും പ്രതിനിധിയായി മാറുകയായിരുന്നു.!

കാൽനൂറ്റാണ്ടിന് മുമ്പ് മലയാള സിനിമയിൽ തീരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ വിനായകൻ വില്ലൻ വേഷത്തിലും നായക വേഷത്തിലും പ്രതിഭ തെളിയിച്ചു കഴിഞ്ഞാണ്, തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം ജയിലർ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത് നായകനേക്കാൾ തിളങ്ങി തെന്നിന്ത്യയിലെമ്പാടും പ്രശസ്തനായി മാറി. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഫഹദ് ഫാസിൽ തുടങ്ങിയ മലയാളികളുടെ അഭിമാന താരങ്ങൾക്കൊപ്പം കേരളത്തിനു പുറത്ത് അറിയപ്പെടുന്ന നടനായി വളർന്നിട്ടു പോലും സ്വന്തം നാട്ടിലെ ഒരു പോലീസ് സ്റ്റേഷനിലെ വെറുമൊരു സർക്കിൾ ഇൻസ്‌പെക്ടർ എത്ര നിന്ദ്യവും നികൃഷ്ടവുമായ നിലയിലാണദ്ദേഹത്തോട് പെരുമാറിയത്! വിനായകന്റെ സ്ഥാനത്ത് മേൽചൊന്ന അഭിനമാനതാരങ്ങളാരെങ്കിലു മായിരുന്നെങ്കിൽ ഈ സി.ഐ ഇങ്ങനെ പെരുമാറുമായിരുന്നോ? തീർച്ചയായുമില്ല. സി.ഐ യും സഹപ്രവർത്തകരും താരത്തിനൊപ്പം സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടാൻ മത്സരിച്ചേനെ!

അമ്മയെ തല്ലുന്നവനെ ന്യായീകരിക്കാനും ആളുണ്ടാകും എന്നു പറഞ്ഞ പോലെ വിനായകനോട് അപമര്യാദയായി പെരുമാറിയ സി.ഐ യെ ന്യായീകരിച്ചു കൊണ്ട് സ്ഥലം എം.എൽ.എ യും മറ്റു ചില ദോഷൈകദൃക്കുകളും രംഗത്തുവന്നു. പക്ഷേ അവർക്കൊന്നും വിനായകൻ പോലീസ് സ്റ്റേഷനിൽ കാട്ടിയ അതിക്രമത്തിന് വിശ്വാസയോഗ്യമായ തെളിവ് നിരത്താൻ കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിലെമ്പാടും കേരളാ പോലീസിനെതിരെ നിശിതമായ വിമർശനമുയർന്നു വന്നപ്പോൾ സി.പി.എം ന്റെ സംസ്ഥാന കമ്മിറ്റി മെമ്പറും പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന സെക്രട്ടറിയും മുൻ രാജ്യസഭാ എം.പി യുമായ സോമപ്രസാദ് വിനായകനെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ നാളിതുവരെ ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിൽ ഒരു നടപടിയുമുണ്ടായില്ല എന്നറിയുന്നു.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഇടതുപക്ഷ സഹയാത്രികനായിരുന്നിട്ടുപോലും അഭിനയകലയുടെ മർമ്മം തൊട്ടറിഞ്ഞ നടൻ വിനായകൻ അപമാനിക്കപ്പെട്ടു. അതിന്റെ കാരണമെന്തെന്ന് ചോദിക്കുന്നവർക്ക് വിനായകൻ നൽകിയിട്ടില്ലാത്ത ഉത്തരം കലാഭവൻ മണിയുടെ അനിയൻ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ നേരത്തേ നൽകി കഴിഞ്ഞു, “ എന്റെ നിറവും ജാതിയും.!”

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജനം മാറി വോട്ടു ചെയ്തതിന് ഇതും ഒരു കാരണമാണ്.

മന്ത്രിക്കുപോലും അയിത്തമുണ്ടെങ്കിൽ........

മന്ത്രി കെ.രാധാകൃഷ്ണന് അയിത്തമനുഭവിക്കേണ്ടി വന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ 2023 ജനുവരി 26 നാണ് സംഭവം നടന്നത്. അന്ന് പയ്യന്നൂരിലെ എം.എൽ.എ മധുസൂദനനും കൂടെയുണ്ടായിരുന്നു.

കെ.രാധാകൃഷ്ണൻ പട്ടിക/പിന്നോക്ക/പാർലമെന്ററി കാര്യ വകുപ്പുകൾക്കൊപ്പം ദേവസ്വം വകുപ്പിന്റെയും മന്ത്രിയായിരുന്നു. ദേവസ്വം ബോർഡിനു കീഴിലുളള മേൽചൊന്ന ക്ഷേത്രത്തിൽ നടപ്പന്തൽ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായി അന്നെത്തിയതായിരുന്നു. നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഉദ്ഘാടകനായ മന്ത്രി അതിന് തയ്യാറായി നിൽക്കുമ്പോൾ ദീപവുമായി ക്ഷേത്രത്തിനുളളിൽ നിന്നിറങ്ങി വന്ന പൂജാരി ആദ്യം വിളക്ക് കൊളുത്തി. പിന്നീട് ഉദ്ഘാടകന് അത് കൈമാറാതെ നിലത്ത് വച്ചു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്കു നീട്ടിയെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. പിന്നീട് അവിടെ നടത്തിയ പ്രസംഗത്തിൽ പൂജാരി കാട്ടിയത് അയിത്താചാരമാണെന്നും ചെറുപ്പം തൊട്ടേ പലവട്ടം താനതനുഭവിച്ചിട്ടുളളതാണെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 18 ന് കോട്ടയത്ത് വേലൻ സർവ്വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ മാസങ്ങൾക്ക് മുമ്പുണ്ടായ അനുഭവം അദ്ദേഹം സദസ്യരുമായി പങ്കുവച്ചു.

വകുപ്പ് മന്ത്രിയോട് അയിത്തം കാട്ടിയ പൂജാരി അതേ വകുപ്പിലെ വെറുമൊരു ക്ലാസ് ഫോർ ജീവനക്കാരൻ മാത്രമാണെന്നറിയുക. അന്ന് അവിടെ നടത്തിയ പ്രസംഗം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പിന്നീട് കോട്ടയത്തു നടത്തിയ പ്രസംഗത്തിൽ പഴയ സംഭവം പങ്കു വെച്ചപ്പോഴാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും നാട്ടുകാരൊക്കെ അറിഞ്ഞതും.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട മന്ത്രി സി.പി.എം ന്റെ കേന്ദ്ര കമ്മിറ്റി മെമ്പറാണ്. മുമ്പ് മന്ത്രിയായും സ്പീക്കറായുമുളള പ്രവർത്തന പരിചയവുമുണ്ട്. ഉദ്ഘാടകനായി എത്തിയ അദ്ദേഹത്തിന്റെ കൺമുമ്പിൽ വെച്ച് ഉദ്ഘാടനത്തിന്റെ ഭാഗമായുളള  വിളക്കു കൊളുത്തൽ നിർവ്വഹിച്ച ആ പൂജാരി കാട്ടിയത് അനൗചിത്യമായ നടപടി മാത്രമല്ല തികഞ്ഞ അനാദരവുകൂടിയാണ്. ഇങ്ങനെ ചെയ്യാൻ അയാളെ പ്രേരിപ്പിച്ച ചേതോവികാരം, “ഉദ്ഘാടകനായി എത്തിയത് മന്ത്രിയല്ല, ഇനി രാജാവാണെന്ന് പറഞ്ഞാലും അയാൾ ബ്രാഹ്മണനായ എന്റെ സാമൂഹിക പദവിക്ക് കീഴെ മാത്രമെ വരൂ. പട്ടിക ജാതിക്കാരനാകുമ്പോൾ പിന്നെ പറയാനുണ്ടോ? അതു കൊണ്ട് ഞാനും എന്റെ കൂട്ടാളികളും വിളക്കു കൊളുത്തി ദീപം താഴെ വെച്ച് കഴിയുമ്പോൾ മന്ത്രിക്കു വേണമെങ്കിൽ അതെടുത്ത് കൊളുത്താവുന്നതാണ്” എന്ന് ബുദ്ധിഭ്രമം സംഭവിച്ചിട്ടില്ലാത്തവർക്കെല്ലാം മനസ്സിലായി. എന്നിട്ടും യാതൊരുളുപ്പുമില്ലാതെ ആ പൂജാരിയെ ന്യായീകരിക്കാൻ ഇവിടെ ആളുണ്ടായിരുന്നു.

നമ്മുടെ നാട്ടിലെ സാധാരണക്കാനായ ഒരു ദലിതൻ അയിത്തമനുഭവിക്കുമ്പോൾ ഒന്നുകിൽ അത് സഹിക്കും, അല്ലെങ്കിൽ അയിത്തം കാട്ടിയ വ്യക്തിക്കെതിരെ നിയമ നടപടിയ്ക്ക് തയ്യാറാകും. ആത്മാഭിമാനമുളള ഏതു വ്യക്തിയും രണ്ടാമത്തെ മാർഗമാണു സ്വീകരിക്കുക. എന്നിട്ടും നിഷ്പ്രയാസം കഴിയുമായിരുന്ന ആ മാർഗം സ്വീകരിക്കാൻ മന്ത്രി തയ്യാറായില്ല. അദ്ദേഹത്തിന്റെ പാർട്ടിയോ ഇന്നാട്ടിലെ സാംസ്‌കാരിക പ്രസ്ഥാനങ്ങളോ പ്രതികരിച്ചു കണ്ടില്ല. ഈ വിവരം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു, “വിവരങ്ങൾ വിശദമായി അറിയട്ടെ നടപടി എടുക്കാം”. ഒരു നടപടിയും എടുത്ത് കണ്ടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു ക്രൈം നടന്നിട്ട് ഇടതുപക്ഷ ഭരണകൂടം കാട്ടിയ നിസ്സംഗത കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ദലിത് സമൂഹത്തിന് നൽകിയ സന്ദേശമെന്താണ്? “അയിത്തത്തിനു വിധേയനായ മന്ത്രിക്ക് അതു സഹിക്കാമെങ്കിൽ നിങ്ങൾക്കെന്തു കൊണ്ട് അങ്ങനെ ആയി കൂടാ,” എന്നാണെന്ന് അവർക്ക് മനസ്സിലായി.

കേരളത്തിലെ ദലിത് സമൂഹം ആത്മാഭിമാനമുളളവരാണ്. ഇടത്തേക്ക് സിഗ്നൽ കാട്ടിയിട്ട് വലത്തേക്ക്- സവർണ്ണ പക്ഷത്തേക്ക് വണ്ടിയോടിക്കുന്ന ഡ്രൈവർ ആയിട്ടാണ് ഇന്ന് കേരളം ഭരിക്കുന്ന ഇന്ത്യയിലെ അവശേഷിച്ച ഏക ഇടതുപക്ഷ സർക്കാരിനെ അവർ കണ്ടത്. മന്ത്രിക്കു പോലും സാമൂഹിക നീതി കിട്ടാത്ത ഒരു നാട്ടിൽ തങ്ങൾക്ക് പ്രത്യേകമായി ഒരു നീതിയും നൽകാൻ ഈ ഭരണത്തിന് കഴിയില്ല എന്നവർ മനസ്സിലാക്കി. തൊട്ടടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർ ജനാധിപത്യപരമായി പ്രതിഷേധമറിയിച്ചു.

10. പാലക്കാട് മെഡിക്കൽ കോളേജ്

പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിൽ ഒരേ ഒരു സ്ഥലത്ത് മാത്രം- കേരളത്തിലെ പാലക്കാട് - ഒരു മെഡിക്കൽ കോളേജ് തുടങ്ങി. അതാണ് ഗവൺമെന്റ് മെഡിക്കൽ കോളേജ് പാലക്കാട്. എന്തുകൊണ്ട് ഇങ്ങനെ ഒന്ന്? 2010 ലാണ് ഇങ്ങനെ ഒന്ന് തുടങ്ങുന്നതിനെപ്പറ്റിയുള്ള ആലോചന തുടങ്ങിയത്. പി&റ്റി ഡിപ്പാർട്ട്‌മെന്റിന്റെ കയ്യിൽ 100 ഏക്കറോളം ഭൂമിയുണ്ടായിരുന്നു. സംസ്ഥാന സർക്കാർ നൽകിയ ഭൂമിയാണത്. ഉപയോഗിച്ചില്ല എങ്കിൽ അത് തിരികെ നൽകണം എന്ന വ്യവസ്ഥയുണ്ടായിരുന്നു.  പി&റ്റി ഡിപ്പാർട്ട്‌മെന്റ് ഉപയോഗിച്ചതിന്റെ ബാക്കി 72.8 ഏക്കറോളം വെറുതെ കിടക്കുകയായിരുന്നു. ആ സ്ഥലം തിരികെ എടുത്ത് എസ്.സി മെഡിക്കൽ കോളേജ് തുടങ്ങാം എന്ന് സർക്കാർ തലത്തിൽ ആലോചനയുണ്ടായി. അത് ഏറ്റെടുത്തത് എസ്.സി മെഡിക്കൽ കോളേജ് തുടങ്ങാൻ വേണ്ടി മാത്രമാണ്.

ഇങ്ങനെ ഒന്നു തുടങ്ങാനുള്ള സാഹചര്യം എന്താണെന്ന് നോക്കാം-

ഏതാനും ജനപ്രതിനിധികൾ ചേർന്ന് മുൻവർഷങ്ങളിലെ എം.ബി.ബി.എസ്സ് അഡ്മിഷനെപ്പറ്റി ഒരു പഠനം നടത്തി. കഴിഞ്ഞ 5 വർഷം 1651 എസ്.സി/എസ്.റ്റി കുട്ടികൾക്ക് എം.ബി.ബി.എസ് അഡ്മിഷൻ കിട്ടാനും പഠിക്കാനുമുള്ള അർഹതയുണ്ടായിരുന്നു. പണമുണ്ടായിരുന്നെങ്കിൽ അവർക്ക് എല്ലാവർക്കും സർക്കാർ മെഡിക്കൽ കോളേജിലും സ്വാശ്രയ മെഡിക്കൽ കോളേജിലുമായി പഠിക്കാൻ കഴിഞ്ഞനെ. അവരിൽ 552 പേർക്ക് മാത്രമേ എം.ബി.ബി.എസ് ന് പഠിക്കാൻ കഴിഞ്ഞുള്ളു. (ഏതാണ്ട് 1/3 പേർക്ക് മാത്രം) ഈ പ്രശ്‌നത്തെ എങ്ങനെ അഡ്രസ്സ് ചെയ്യണമെന്ന ആലോചനയിൽ എസ്.സി/എസ്.റ്റി കുട്ടികൾക്ക് കൂടുതൽ സീറ്റു നൽക്കത്തക്ക വിധം ഒരു മെഡിക്കൽ കോളേജ് തുടങ്ങണം എന്ന തീരുമാനത്തിലെത്തി. അങ്ങനെ 100 പേർക്ക് എം.ബി.ബി.എസ് അഡ്മിഷൻ കിട്ടത്തക്ക ഒരു എം.സി  തുടങ്ങണം, 100 ൽ 70 എസ്.സി, 10 എസ്.റ്റി എന്നായിരുന്നു ആദ്യ തീരുമാനം. ബാക്കിയുള്ളതിൽ 15 ഓൾ ഇന്ത്യ ക്വാട്ട, 5 സീറ്റുകൾ ജനറൽ ക്വാട്ട. പിന്നീടത് (70 എസ്.സി, 2 എസ്.റ്റി) എന്ന നിലയിലെത്തി. പാലക്കാടുള്ള ഒരു എസ്.സി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു ട്രസ്റ്റ് തുടങ്ങുന്നു. ആ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സർക്കാരിന് അപേക്ഷ കൊടുക്കുന്നു. അപേക്ഷയിന്മേൽ അനുകൂല തീരുമാനമായി. മേൽ ചൊന്ന ഭൂമി ട്രസ്റ്റിന് വിട്ടുകൊടുത്തു. പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കോളേജിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. 2012 ലാണ് ബിൽഡിംഗിന്റെ നിർമ്മാണം തുടങ്ങിയത്. 2014 മുതൽ അഡ്മിഷൻ തുടങ്ങി. 2015 ആയപ്പോൾ അട്ടിമറി തുടങ്ങുന്നു- സർക്കാർ നേരിട്ട്. ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പേരിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒരു ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കുകയും അതിലേക്ക് മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയും നിയന്ത്രാണാധികാരങ്ങളും കൈമാറ്റം ചെയ്യുകയും ഉണ്ടായി. അവിടെ ഇപ്പോഴും എസ്.സി / എസ്.റ്റി യിൽപ്പെട്ട 72 കുട്ടികൾക്കും മെറിറ്റ് ക്വാട്ടയിൽ നിന്ന് ഒരു സീറ്റ് കൂടി ചേർത്ത് 73 സീറ്റുകൾ നൽകുന്നുണ്ട്. ഈ കോളേജ് സ്ഥാപിച്ചത് ഏത് ഫണ്ട് ഉപയോഗിച്ചാണ് ? പട്ടികജാതി വികസനഫണ്ട്! അതായത് കേരളത്തിലെ പട്ടികജാതി സമൂഹത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനുള്ള ഫണ്ടാണത്. അത് ഉപയോഗിക്കുമ്പോൾ ഗുണഭോക്താക്കളിൽ മിനിമം 50% എങ്കിലും പട്ടികജാതിക്കാരുണ്ടായിരിക്കണം. അപ്പോൾ ആ ഫണ്ടിൽ നിന്നും ശമ്പളം ലഭിക്കുന്ന അധ്യാപക അനധ്യാപകരിൽ കുറഞ്ഞത് 50% പേരെങ്കിലും എസ്.സി/ എസ്.റ്റി വിഭാഗക്കാരായിരിക്കണം. എങ്കിലെ അത് നീതിയാകൂ. എന്നാൽ അവിടെ 1  കൊല്ലത്തേക്ക് എന്ന നിലയിൽ കരാർ അടിസ്ഥാനത്തിൽ സംവരണ തത്വം പാലിക്കാതെ അധ്യാപക അനധ്യാപകരെ നിയമിക്കുകയും കാലാവധി കഴിയും മുമ്പ് അവരെ സ്ഥീരപ്പെടുത്തുകയും ചെയ്യുന്നു. പട്ടികജാതിക്കാർക്ക് വിദ്യാഭ്യാസ/ തൊഴിൽ അവസരങ്ങൾ കൂടുതൽ നൽകാൻ ഉണ്ടാക്കിയ സ്ഥാപനത്തിൽ വിദ്യാഭ്യാസ സൗകര്യം മാത്രം കിട്ടുമ്പോൾ അത് പാതി നീതി മാത്രമേ ആകുന്നുള്ളൂ. ദലിതരുടെ അഭിവൃദ്ധിക്കുണ്ടാക്കിയ ആ സ്ഥാപനം വളരെ വേഗം സർക്കാരാഭിമുഖ്യത്തിൽ ഒരു ദലിത് വിരുദ്ധ സ്ഥാപനമായി മാറികൊണ്ടിരിക്കുന്നു! 

മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വർഷങ്ങൾ അനവധി കഴിഞ്ഞിട്ടും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള കെട്ടിടത്തിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. ജനങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോഴും കിടത്തി ചികിത്സയില്ല എന്നാകുമ്പോൾ അധികാരികളുടെ അനാസ്ഥ എത്ര ഭീകരമാണെന്ന് അറിയുക.

ഈ മെഡിക്കൽ കോളേജിന്റെ ഭാവി വികസനത്തിനുവേണ്ടി മാറ്റിവെച്ച ഭൂമിയിൽ നിന്നും കുറെ സ്ഥലം മെഡിക്കൽ കോളേജുമായി ഒരു ബന്ധവുമില്ലാത്ത മറ്റു വകുപ്പുകൾക്ക് നൽകിയ സർക്കാർ നടപടിയുടെ പൊരുൾ എന്താണ് ? എസ്.സി മെഡിക്കൽ കോളേജിന് ഇപ്പോഴത്തേതിൽ നിന്നും വികസനം ഒന്നും വേണ്ടാ എന്നാണോ ? കോളേജിൽ ആശുപത്രി പ്രവർത്തനം തുടങ്ങാത്തതിനാൽ ജനങ്ങൾക്ക് കിടത്തി ചികിത്സയ്ക്കും വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പഠനത്തിനും ഇപ്പോഴും ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നു. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ സംരവണതത്വം പാലിക്കാനായി പ്രത്യേക നിയമാവലി നിർമ്മിച്ച് അതിനനുസരിച്ച് മാത്രമേ നിയമനങ്ങൾ നടത്താവൂ എന്ന് ദേശീയ പട്ടികജാതി കമ്മിഷനും സംസ്ഥാന പട്ടികജാതി കമ്മീഷനും നിർദ്ദേശിച്ചിട്ടുള്ളതാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കാതെ സംവരണതത്വങ്ങളെ കാറ്റിൽ പറത്തികൊണ്ട് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുകയും നിയമിച്ചവരെ പിന്നീട് സ്ഥീരപ്പെടുത്തുകയും ചെയ്യുമ്പോഴും ഈ സ്ഥാപനത്തിന്റെ ഭരണ നിയന്ത്രണ ചുമതലയുള്ള ചെയർമാൻ സംസ്ഥാന മുഖ്യമന്ത്രിയാണെന്ന് അറിയുമ്പോൾ പട്ടികജാതി വികസനഫണ്ട് വിനിയോഗത്തിലെ ഈ അട്ടിമറി സംസ്ഥാന സർക്കാരിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നടക്കുന്നത് എന്നാണർത്ഥം.

പട്ടികജാതിക്കാരുടെ ഉന്നമനത്തിന് ഉപയോഗിക്കേണ്ട ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്ഥാപനത്തിന്റെ ഭരണസമിതിയിൽ പട്ടികജാതി പ്രാതിനിധ്യം ഒട്ടുമില്ലാതെ പോകുന്നത് ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയല്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം മണ്ടൻമാരല്ല ആ ജനത!

ഓരോ തെരഞ്ഞെടുപ്പു കാലത്തും പാലക്കാട് മെഡിക്കൽ കോളേജിൽ ഉടൻ കിടത്തി ചികിത്സ തുടങ്ങും എന്ന മോഹന വാഗ്ദാനം നാട്ടുകാർക്ക് കിട്ടുന്നുണ്ട്. ഈ വാഗ്ദാനം ആടിനു മുമ്പിൽ നീട്ടപ്പെടുന്ന പഴക്കുല പോലെ വെറുതെ മോഹിപ്പിക്കാൻ മാത്രമുള്ളതാണ് എന്ന് പട്ടികജാതി പട്ടികവർഗക്കാരുൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും മനസിലായപ്പോഴുണ്ടായ പ്രതികരണം കൂടിയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ തോൽവി!!

ഏറ്റവുമധികം പട്ടികജാതി വികസനഫണ്ട് ലാപ്‌സാക്കിയത് ഒന്നാം പിണറായി സർക്കാരാണ്.-

ഓരോ പഞ്ചവത്സര പദ്ധതിയുടെയും അടങ്കൽതുകയുടെ ഒരു നിശ്ചിതവിഹിതം- ജനസംഖ്യാനുപാതിക വിഹിതം, പട്ടികജാതി വികസന ഫണ്ട് എന്ന പേരിൽ അനുവദിയ്ക്കുന്നത് പട്ടികജാതി സമൂഹത്തിന്റെ സർവ്വോന്മുഖമായ വികസനത്തിനുള്ള പദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയാണ്. പദ്ധതികൾ നടപ്പിലാക്കുന്നത് പട്ടികജാതി വികസനവകുപ്പുവഴിയും തദ്ദേശസ്വയംഭരണ വകുപ്പുവഴിയുമാണ്. ഫണ്ടിന്റെ 1/3 ഭാഗം പട്ടികജാതി വികസനവകുപ്പിനും 2/3 ഭാഗം തദ്ദേശ വകുപ്പിനും നൽകുന്നു.

1997 മുതൽ 2016 വരെയുള്ള 19 വർഷകാലം ഇരുമുന്നണികളുടെയും സർക്കാരുകൾ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ചത് 6285.55 കോടി രൂപയും ചെലവഴിച്ചത് 5151.60 കോടി രൂപയുമാണ്. അപ്പോൾ ലാപ്‌സാക്കിയത്. 1133.95 കോടി.

ഒന്നാം പിണറായി സർക്കാരിന്റെ 5 വർഷത്തെ ഭരണകാലത്ത് (2016-2021) പട്ടികജാതി വികസന വകുപ്പിന് അനുവദിച്ച തുക 840184 ലക്ഷം രൂപയും ചെലവാക്കിയത് 664942 ലക്ഷം രൂപയുമാണ്. അപ്പോൾ ലാപ്‌സാക്കിയത് 175242 ലക്ഷം രൂപ.       = 1752.42 കോടി രൂപ

2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയായ 33406061 പേരിൽ പട്ടികജാതിക്കാർ 30 ലക്ഷത്തിനുമേലുണ്ട് (3039573) അതായത് 9.09%.  ഒരിഞ്ച് ഭൂമിയോ കേറിക്കിടക്കാനൊരു വീടോ സ്വന്തമായില്ലാത്ത 76308 പേരും ഭൂമിയുണ്ടെങ്കിലും വീടുവെയ്ക്കാൻ പണമില്ലാത്ത 57047 പേരും ഈ സമൂഹത്തിലുണ്ട്. ലൈഫ് പദ്ധതിപ്രകാരം ദരിദ്രകുടുംബങ്ങൾക്ക് വീടുവെയ്ക്കാൻ അനുവദിക്കുന്നത് 4 ലക്ഷം രൂപ വീതമാണ്. അപ്പോൾ ലാപ്‌സാക്കിയ തുക പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ 43800 പരമദരിദ്രരായ പട്ടികജാതി കുടുംബങ്ങൾക്ക് വീടുവെച്ചു നൽകാൻ കഴിഞ്ഞെനെ!

19 വർഷം കൊണ്ട് ഇരുമുന്നണികളുടെയും സർക്കാരുകൾ ലാപ്‌സാക്കിയതിനേക്കാൾ 618.47 കോടി രൂപ കൂടുതലായി ഒന്നാം പിണറായി സർക്കാർ വെറും 5 വർഷം കൊണ്ട് ലാപ്‌സാക്കി.

ബ്രൂട്ടസേ നീയും ?

വില്യം ഷേക്‌സ്പിയറുടെ ജൂലിയസ് സീസർ എന്ന വിഖ്യാതനാടകത്തിൽ സീസറുടെ ഇടനെഞ്ചിലേക്ക് തന്റെ ഉറ്റ ചങ്ങാതിയായ ബ്രൂട്ടസ് കത്തികുത്തിയിറക്കിയപ്പോൾ അവിശ്വസനീയമായ അമ്പരപ്പോടെ ചങ്ങാതിയുടെ മുഖത്തുനോക്കി അദ്ദേഹം ചോദിച്ച ഒരു ചോദ്യമുണ്ട്, “ഥീൗ ീേീ ആൃൗൗേ െ?” കേരളത്തിലെ ദലിതർ തങ്ങളുടെ ചോരയും ജീവനും നൽകി വളർത്തിയെടുത്ത ചുകപ്പൻ പ്രസ്ഥാനത്തിന്റെ ആധുനിക തലമുറയിലെ ചില നേതാക്കൾ ദലിതർക്കുനേരെ നടത്തിയ നിന്ദ്യമായ ജാത്യാധിക്ഷേപം അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റുന്നതല്ല. ഒരു സവർണ്ണ മാടമ്പിയുടെ നാവിൽ നിന്നു മാത്രം പുറത്തുചാടൻ ഇടയുള്ള, “പന്നപ്പെലയനെ കണ്ടാൽ വെള്ളം കുടിയ്ക്കാൻ തോന്നില്ല,” എന്ന അധിക്ഷേപ പരാമർശം ഏതാനും വർഷങ്ങൾക്കു മുമ്പ് നടത്തിയത് സി.പി.ഐ യുടെ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മനോജ് ചരളേലായിരുന്നു. അധിക്ഷേപത്തിന്റെ ഇരയാക്കെണ്ടി വന്ന ഹതഭാഗ്യൻ സ്വന്തം പാർട്ടിക്കാരനും അടൂർ എം.എൽ.എ യും ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറും! 2021 ഓക്‌ടോബറിൽ എം.ജി യൂണിവേഴ്‌സിറ്റിയിലെ തെരഞ്ഞെടുപ്പു നടക്കുമ്പോൾ പെട്ടെന്നുണ്ടായ ഒരു സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് ന്റെ സംസ്ഥാന കമ്മിറ്റി അംഗമായ നിമിഷാ രാജു എന്ന ദലിത് പെൺകുട്ടിയ്ക്കുനേരെ ജാത്യാധിക്ഷേപവും ശാരീരികാതിക്രമവും നടത്തിയത് എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയാണെന്ന് മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തിയതും നിയമനടപടിക്കു തയ്യാറായതും മറ്റാരുമല്ല, നിമിഷ തന്നെയാണ്. മേൽച്ചൊന്ന രണ്ടു സംഭവങ്ങളിലും അധിക്ഷേപം നടത്തിയ നേതാക്കളുടെ ദലിതരോടുള്ള മനോഭാവം നവോത്ഥാന കാലത്തിനു മുമ്പത്തെ സവർണ്ണരുടേതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. എന്നിട്ടും അവരിവരും ഒരു പോറൽ പോലുമേൽക്കാതെ സ്വന്തം സംഘടനാനേതൃത്വത്തിൽ പിന്നെയും തുടർന്നപ്പോൾ ദലിതർക്കു മനസ്സിലായി- ഒരു സമൂഹമെന്ന നിലയിൽ തങ്ങൾ ജാത്യാധിക്ഷേപങ്ങളർഹിക്കുന്ന വെറും കീഴാളർ മാത്രമാണെന്ന മനോഭാവമാണ് ചുകപ്പൻ പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴുള്ളത് എന്ന്. ചുകപ്പിനെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്ന വിദ്യാസമ്പന്നരായ ദലിതർ വില്യം ഷേക്‌സ്പിയറുടെ ജൂലിയസ് സീസറിനുണ്ടായ അനുഭവം ഓർത്തു പോയി.

തൊട്ടടുത്തു നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ

അവരാർക്കാവും വോട്ടുചെയ്തത് ?

ആദിവാസികൾ ചീഫ് എൻജിനീയറാകേണ്ട-

28.02.2024 ന് മാദ്ധ്യമം ദിനപത്രം റിപ്പോർട്ട് ചെയ്ത വാർത്ത നോക്കൂ.- ജലവിഭവവകുപ്പിൽ ചീഫ് എൻജീനിയറായി പ്രൊമോട്ട് ചെയ്യപ്പെടാൻ അർഹതയുള്ള പട്ടിക വർഗ്ഗക്കാരായ 3 പേർക്ക് അത് നൽകാതെ സിനീയോറിറ്റി ലിസ്റ്റിൽ അവരേക്കാൾ താഴെയുള്ളവരെ നിയമിക്കാനൊരുമ്പട്ട സർക്കാർ നടപടിക്കെതിരെ അവർ മൂവരും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനെ സമീപിച്ചപ്പോൾ അനുകൂല ഉത്തരവുണ്ടായി. എന്നാൽ സർക്കാർ ആ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഈ സർക്കാർ പാർശ്വവൽകൃതർക്കു നീതി നൽകില്ല എന്നു തിരിച്ചറിഞ്ഞ ആ ജനത തൊട്ടടുത്തു നടന്ന തെരഞ്ഞടുപ്പിൽ ആർക്കാവും വോട്ടു ചെയ്തത്?

നീതിബോധമോ ജാതി ബോധമോ?

കേരളാ പോലീസ് ബലം പ്രയോഗിച്ച് പൊതുസമൂഹത്തിനു മുമ്പിൽ വെച്ച് മുടിമുറിച്ചതിന്റെ വേദനയിൽ ആത്മഹത്യചെയ്ത വിനായകനും വരാപ്പുഴയിൽ കസ്റ്റഡിമരണത്തിനിരായായ ശ്രീജിത്തും ദലിത് യുവാക്കളായിരുന്നു. കുറ്റവാളി എന്നു സംശയിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ദലിതരോടുള്ള സമീപനത്തിൽ കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് - ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ സംഘി പോലീസിനെ പ്പോലെ - ജാതിബോധമാണ്, നീതിബോധമല്ല എന്ന് തിരിച്ചറിഞ്ഞ ദലിതർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർക്കാവും വോട്ടു ചെയ്തത്?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img