09:54am 09 November 2026
NEWS
മുസോളിനിയെ പേടിച്ചോടി, മാർപാപ്പയായി
21/04/2025  02:59 PM IST
nila
മുസോളിനിയെ പേടിച്ചോടി, മാർപാപ്പയായി

മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ ഭയന്ന് ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്ക് കുടിയേറിയവരാണ് ഫ്രാൻസിസ് മാർപാപ്പയുടെ പൂർവികർ. മാതാവ് റെജീന മരിയ സിവോറി. പിതാവ് മരിയോ ജോസ് ബെർഗോഗ്ലിയോ. മാതാവ് റെജീന മരിയ സിവോറി ജനിച്ചത് ബ്യൂണസ് ഐറിസിലാണ്. എന്നാൽ, അവരുടെ പൂർവികരും ഇറ്റലിക്കാരായിരുന്നു. മരിയോ ജോസ് ബെർഗോഗ്ലിയോ 1920ലാണ് അർജന്റീനയിലേക്ക് കുടിയേറിയത്. അവിടെ റയിൽവേയിൽ ജോലി ലഭിച്ച അദ്ദേഹം അവിടെതന്നെ കുടുംബജീവിതവും തുടർന്നു. 

റെജീന മരിയ സിവോറി-  മരിയോ ജോസ് ബെർഗോഗ്ലിയോ ദമ്പതികൾക്ക് അഞ്ചു മക്കളായിരുന്നു. അതിലൊരാളാണ് ജോർജ് മാരിയോ ബർഗോളിയോ. ഒരുപ​ക്ഷേ അങ്ങനെ പറഞ്ഞാൽ ഇന്ന് ലോകം അറിയില്ല. പോപ്പ് ഫ്രാൻസിസ് എന്ന് നാം ഇന്നറിയുന്ന മാർപാപ്പയുടെ ആദ്യകാല പേരാണ് ജോർജ് മാരിയോ ബർഗോളിയോ. 1936 ഡിസംബർ 17നാണ് ജോർജ് മാരിയോ ബർഗോളിയോയുടെ ജനനം. 

രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ജോർജ് മാരിയോ ബർഗോളിയോ ആത്മീയതയുടെ പാത തെരഞ്ഞെടുത്തു. 1969 ഡിസംബർ 13ന് അദ്ദേഹം ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.

2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നായിരുന്നു കത്തോലിക്ക സഭയുടെ പരമാധ്യക്ഷനാകാനുള്ള നിയോ​ഗം ഇദ്ദേഹത്തിന് ലഭിച്ചത്. 2013 മാർച്ച് 13ന് കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് അദ്ദേഹം പോപ്പ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. അപ്പോഴും ലളിതജീവിതം പിന്തുടർന്ന അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.

കത്തോലിക്കാ സഭയുടെ 266–ാമത്തെ പരമാധികാരിയാണ് ഫ്രാൻസിസ്. ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയും ജോർജ് മാരിയോ ബർഗോളിയോയാണ്. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്.

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു. ലോകരാഷ്ട്രീയത്തിൽ അദ്ദേഹം നിർണായകമായ ഇടപെടലുകൾ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു. അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img