03:55am 04 October 2026
NEWS
ശാസിച്ചാലും തിരുത്തിയാലും സി.പി.എമ്മിൽ ഗോവിന്ദ, ഗോവിന്ദ മാത്രം
03/10/2026  08:44 AM IST
അഡ്വ.എം. മനോഹരൻപിള്ള
ശാസിച്ചാലും തിരുത്തിയാലും സി.പി.എമ്മിൽ ഗോവിന്ദ,  ഗോവിന്ദ മാത്രം

വിശാലത്തിന്റെ മുതലക്കുളത്തെ പാലോളി മുഹമ്മദുകുട്ടിയുടെ പതാക ഉയർത്തലും, എളമരം കരീമിക്കായുടെയും മുഹമ്മദ് റിയാസിന്റേയും അവതരണഷോ കണ്ടപ്പോൾ മുസ്ലീംലീഗിനെ തിരിച്ചുപിടിച്ച് വി.ഡി. സതീശനെയും ഇ.ഡിയെയും മൂലയ്ക്കിരുത്താനുള്ള പുറപ്പാടാണ് എന്നാണ് കരുതിയത്.

പിന്നെയാണ് ശൈലജടീച്ചറുടെ സ്വാഗതപ്രസംഗത്തോടെ കണ്ണൂരിലെ പോളിറ്റ്ബ്യൂറോ വക കോലങ്ങൾ ചുമന്ന ടാഗുകൾ കഴുത്തിൽ കെട്ടിത്തൂക്കി പറശ്ശനിക്കടവ് മുത്തപ്പന്റെ തെയ്യങ്ങൾ എം.എ. ബേബിയുടെ നേതൃത്വത്തിൽ അണിയണിയായി തുള്ളിത്തുള്ളി വരവ് തുടങ്ങിയത്.
അക്കൂട്ടത്തിൽ പയ്യന്നൂർകാരൻ ടി.കെ. ഗോവിന്ദനെയും തളിപ്പറമ്പുകാരൻ കുഞ്ഞികൃഷ്ണനെയും തെയ്യങ്ങളുമായി തിരുത്തലിന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവരെ അഭിനന്ദിക്കാനും ക്ഷണിക്കാനും പിണറായി വിജയൻ അവിടേക്ക് പോയിരുന്നു. കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷം ഇറക്കുന്ന  നാടൻ മന്ത്രവാദികളുടെ രീതി മലബാറിലുണ്ട്. അങ്ങനെ പാർട്ടിയെ ബാധിച്ച ഗോവിന്ദവിഷം തിരുത്തലിലൂടെ ഇറക്കാൻ ടി.കെ. ഗോവിന്ദന്റെയും കുഞ്ഞികൃഷ്ണന്റേയും വരവ് വിഷഹാരിയായ പിണറായി പ്രതീക്ഷിച്ചെങ്കിലും അവർ വന്നില്ല.

ഗോവിന്ദന്റെ വീട്ടിൽ ചീത്തവിളി, പാർട്ടിയിൽ ശാസന

മൊറാഴയിൽ ജനിച്ചുവളർന്ന എം.വി. ഗോവിന്ദൻ സ്‌ക്കൂളിലെ എൻ.ഡി.എസ് അദ്ധ്യാപകനായിരുന്നു. കെ.എസ്.വൈ.എഫിൽ തുടങ്ങിയ രാഷ്ട്രീയം എം.വി.ആർ പ്രിയനാക്കി. അതവസാനം ആരാധനയായി. എം.വി.ആറിനെ രാഘവൻ എന്നുവിളിക്കാത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ല എന്ന് പിണറായി പ്രഖ്യാപിച്ചു.

രാഘവൻ എന്ന് എം.വി.ആറിനെ ആയിരം പ്രാവശ്യം വിളിപ്പിച്ചാണ് എം.വി. ഗോവിന്ദന് പിണറായി വീണ്ടും അംഗത്വം കൊടുത്തത്. ഇ.പി. ജയരാജനെയും പി.കെ. ശ്രീമതിയെയും പോലുള്ള നമ്പ്യാർ സമുദായക്കാരായ സി.പി.എം നേതാക്കളെക്കൊണ്ടും എംവി.ആറിനെ രാഘവാ എന്നുവിളിപ്പിച്ചു. പി.കെ. ശ്രീമതി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ പിണറായിക്കെതിരെ നമ്പ്യാരന്മാർ പ്രത്യേക സംഘടനയുണ്ടാക്കി പിന്തുണച്ചാണ് ശ്രീമതി ടീച്ചറെ ജയിപ്പിച്ചെടുത്തതെന്നും കഥകളുണ്ട്.

എന്റെ അറിവിൽ പി. ശശി മാത്രമാണ് നമ്പ്യാർ സമുദായക്കാരനല്ലാത്ത എം.വി.ആർ പക്ഷത്തുപോയ ആൾ.
എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.  ശ്യാമള നമ്പ്യാർ സമുദായക്കാരിയായിരുന്നു. ആന്തൂർ മുനിസിപ്പൽ ചെയർപേഴ്‌സണായിരിക്കുമ്പോൾ തന്നെ ശ്യാമളക്കെതിരെ ഒരു ഗുരുതരമായ ആരോപണമുയർന്നിരുന്നു.

ഏപ്രിൽ നാല് മുതൽ തന്നെ പി.കെ. ശ്യാമളയുടെ ശകാരം കേട്ടുതുടങ്ങിയതാണ്. എന്തായാലും ആ കാഠിന്യം വിശാലത്തിൽ എം.എ.  ബേബിയുടെ പരസ്യശാസനക്കില്ലെന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ പിന്നീടുള്ള പ്രസംഗ ഗോഷ്ടികളും അംഗചാപല്യങ്ങളും കണ്ട അണികൾക്ക് ബോധ്യമായത്.
എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന കാലം മുതൽ കൊല്ലത്തും, തിരുവനന്തപുരത്തും ആലപ്പുഴയിലുമെല്ലാം എം.എ. ബേബിയുടെ പ്രസംഗം കേട്ടിട്ടുണ്ട്. സഖാക്കളെ തറപ്പിക്കാനോ ഹൃദയത്തിൽ പിടിച്ചുലക്കാനോ ഉള്ള മാർക്‌സിയൻ കുന്തമുനകൾ ഇല്ലെന്നുമാത്രം. നരേന്ദ്രമോദിയെയും ശശി തരൂരിനെയും പോലെ അന്തരീക്ഷത്തിൽ വീശി അടിക്കാൻ ഒരു ഷാൾകൂടി കരുതൂ എന്റെ പ്രാക്കുളം സഖാവെ.

മുതലക്കുളം നിറച്ച ഗോവിന്ദകഥ

മുതലക്കുളത്തെ വിശാല സമ്മേളനത്തിൽ കോഴിക്കോട് ജില്ലക്കാർ മാത്രമേ പങ്കെടുത്തുള്ളൂ എന്നു എടുത്തുപറഞ്ഞത് എന്തിനാണ്? ഗോവിന്ദൻ മാസ്റ്ററുടെ വിശദീകരണം എന്തിനായിരുന്നു? പാർട്ടി ഇപ്പോൾ ശക്തിപ്രകടനം നടത്താറില്ല. റാലിയും സമ്മേളനവും ശീലമാക്കി കഴിഞ്ഞു. കസേരകൾ ഇട്ടുകൊടുക്കണം. പണ്ടൊക്കെ ലോറി മതിയായിരുന്നു. ഇപ്പോൾ എസി ബസ്സില്ലെങ്കിൽ ആളെ കിട്ടില്ല.
കോഴിക്കോട് ജില്ലയോട് ചേർന്നുള്ള മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നും സഖാക്കൾ വന്നാൽ കയറ്റത്തില്ലെന്നാണോ ഗോവിന്ദൻ മാസ്റ്റർ ഉദ്ദേശിച്ചത്?

റാലി നടത്തി മൈതാനങ്ങൾ നിറക്കാൻ കെൽപ്പുള്ള പാർട്ടി തന്നെയാണ് സി.പി.എം. പക്ഷേ ജനങ്ങളുടെ വോട്ടിന്റെ കണക്ക് റാലിയിലല്ല എടുക്കുന്നത്.
മാസ്റ്ററുടെ തമാശകൾ കേട്ട് മുതക്കുളത്തെ മണ്ണ് കോരിത്തരിച്ചില്ല. കാരണം കുതിരവട്ടം പപ്പുവും മാമുക്കോയയും ഹാസ്യലഹരി കൊണ്ട് മുതലക്കുളത്തെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. ഗോവിന്ദൻ മാസ്റ്റർ ശാസന കൊണ്ട് തന്റെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുന്ന പ്രഖ്യാപനമാണ് പി.ബി പ്രതീക്ഷിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് നടക്കുന്ന സംസ്ഥാന സമ്മേളനം വരെ പാർട്ടി നൽകുന്ന ഇളവാണ് ഇപ്പോഴത്തെ ഈ സൗജന്യസെക്രട്ടറി കാലം.

മാസ്റ്റർ അറവുകാടിന്റെ ചരിത്രം പഠിക്കണം

1969 ലെ ഇ.എം.എസ് സർക്കാരിന്റെ രാജിക്കുശേഷം ആലപ്പുഴയിലെ അറവുകാട് മൈതാനത്ത് നടന്ന കർഷകത്തൊഴിലാളികളുടെ ഐതിഹാസിക സമര പ്രഖ്യാപന സമ്മേളനം സി.പി.എംന്റെ ചരിത്രരേഖയാണ്. അത്തരമൊരു റാലി പിന്നെ കേരളത്തിൽ സി.പി.എം നടത്തിയിട്ടില്ല. ആളില്ലാത്തത് കൊണ്ടല്ല. മൈതാനങ്ങൾ ഇല്ലാതായി. ഒപ്പം ജനങ്ങളുടെ ആവേശവും. അന്നത്തെ ആലപ്പുഴയിലെ കർഷകത്തൊഴിലാളി യൂണിയന്റെ നായകനായ വി.എസ്. അച്യുതാനന്ദൻ സ്വാഗതം പറയുമ്പോൾ സ്റ്റേജിൽ നിന്ന് അഭിവാദ്യം ചെയ്തത് എ.കെ.ജി, ഇ.എം.എസ്, കെ.ആർ. ഗൗരിയമ്മ, സി.എച്ച്. കണാരൻ, അഴീക്കോടൻ രാഘവൻ എന്നീ നേതാക്കളായിരുന്നു. 1970 സെപ്റ്റംബറിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുനടന്നു. സി.പി.ഐ നേതാവ് സി. അച്യുതമേനോൻ നയിച്ച ഐക്യമുന്നണി അധികാരത്തിൽ വന്നു. 1977 ലും അതേ മുന്നണി വൻഭൂരിപക്ഷത്തിൽ ജയിച്ചു.

2026 ൽ മുതലക്കുളത്ത് റാലിയിൽ പങ്കെടുത്തവരിൽ വലിയൊരു വിഭാഗം വോട്ട് ചെയ്താണ് പാർട്ടി മന്ത്രിമാരെ അടക്കം തോൽപ്പിച്ചത്.
1969 ൽ അറവുകാട്ടെക്കാൾ ചെറിയ റാലിയായിരുന്നു കോഴിക്കോട്ടേത്. 1979 വരെ സി.പി.എമ്മിന് കേരളഭരണം കിട്ടിയില്ല. 1979 ൽ പി.കെ.വി മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം രാജിവച്ച് ഇടതുമുന്നണി രൂപീകരിച്ചശേഷമാണ് ഒരു നൂറ്റാണ്ട് കഴിഞ്ഞ് ഇ.കെ. നായനാർ സി.പി.എം മുഖ്യമന്ത്രിയാകുന്നത്. അതുകൊണ്ടാണ് കണ്ണൂർകാരൻ എം.വി. ഗോവിന്ദൻ ആലപ്പുഴയുടെയും അറവുകാടിന്റേയും ചരിത്രം പഠിക്കണം എന്നുപറഞ്ഞത്.

തിരുത്തിയപ്പോൾ ജനങ്ങൾ തോൽപ്പിച്ചവർ അകത്തായി

തിരുത്തൽ പ്രസംഗം തുടങ്ങിവച്ച എം.വി. ഗോവിന്ദനായിരുന്നു ഏറ്റവും അനുയോജ്യൻ. കാരണം പരസ്യശാസനയ്ക്ക് വിധേയൻ തന്നെ. മുൾക്കിരീടമേന്തി കുരിശിൽ കിടന്നപ്പോഴും യേശുക്രിസ്തു പിടച്ചില്ല. പക്ഷേ ഗോവിന്ദൻ മാസ്റ്റർ ശാസനയേറ്റതിന്റെ പിടച്ചിൽ കാണിച്ചു.
പക്ഷേ അവതരണം കണ്ടപ്പോൾ ഒരു പഴയ കാര്യം ഓർമ്മ വന്നു. ഒരു സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുമ്പോൾ ഒരു പ്രതിനിധിയുടെ ആവേശപ്രസംഗം. ഒൻപത് സെക്രട്ടറിയേറ്റംഗങ്ങളുള്ള കാലം. അവരെ പ്രതിനിധി നക്ഷത്രമണ്ഡലത്തിലെ തിളങ്ങുന്ന നക്ഷത്രഗ്രഹങ്ങളായി ചിത്രീകരിച്ചു. സെക്രട്ടറി വി.എസിൽ തുടങ്ങി എല്ലാവരെയും പ്രതിനിധികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. പുത്തലത്ത് നാരായണന്റെ പേര് പറഞ്ഞുകഴിഞ്ഞപ്പോൾ പ്രതിനിധി ബ്രേക്കിട്ടു നിർത്തി. അപ്പോൾ ഒരു കുസൃതിക്കാരൻ പ്രതിനിധി എഴുന്നേറ്റുനിന്ന് പി.വി. കുഞ്ഞിക്കണ്ണന്റെ പേര് നവഗ്രഹങ്ങളുടെ ലിസ്റ്റിൽ നിന്നും വിട്ട കാര്യം ഓർമ്മിപ്പിച്ചു. പ്രതിനിധികളുടെ ആകെയുള്ള കൂട്ടച്ചിരിയിൽ ഇ.എം.എസും ചിരിച്ചു എന്നു പഴയ നേതാക്കൾ ഓർത്തു കാണും.

ശൈലജ ടീച്ചർക്ക് സ്വാഗതം, പി. ജയരാജന് മോചനം, ഇ.പിയും ടി.പിയും ഐസക്കും പുറത്ത്

ശൈലജ ടീച്ചറെ പകരക്കാരിയായി കണ്ടത് മുതൽ പിണറായിയുടെ  കണ്ണിലെ കരടായി. ഒരിക്കൽ മന്ത്രിയായിരിക്കുമ്പോൾ വിജയേട്ടാ എന്നു സംബോധന ചെയ്തപ്പോൾ സി.എം എന്ന് ടീച്ചറെക്കൊണ്ട് വിളിപ്പിച്ചു എന്നും മുഖ്യമന്ത്രിയുടെ കുശുകുശുപ്പുകാർ പറഞ്ഞകഥ കണ്ണൂരൊക്കെ പരന്നിട്ടുണ്ട്. പിന്നെ വടകര നിർത്തി വണ്ടികയറാം എന്ന മോഹവും പൂവണിഞ്ഞില്ല. മട്ടന്നൂരിൽ സീറ്റ് നൽകിയതുമില്ല. പേരാവൂരിൽ നിർത്തി തോൽപ്പിക്കുകയും ചെയ്തു.  പി.ബി.ക്കുവേണ്ടി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞതും പ്രസീഡിയമായതും കരിംക്കായിക്ക് ക്ഷീണമായിപ്പോയി.
കണ്ണൂരിൽ ഒരു കല്യാണത്തിന് കണ്ടപ്പോൾ ഹാളിന്റെ മുൻനിരയിലിരുന്ന പിണറായിക്കും പി. ജയരാജനും രണ്ടറ്റങ്ങളിലായിരുന്നു. പരസ്പരം കാണാതെ രണ്ട് ധ്രുവങ്ങളിലേക്ക് ഇറങ്ങിപ്പോകുകയും ചെയ്തു. ഈ അടുത്ത കാലങ്ങളിൽ തിരുവിതാംകൂർ ഭാഗത്തുള്ള ഓച്ചിറ പരബ്രഹ്മക്ഷേത്രം, തട്ടാരമ്പലത്തിലെ പുലയർ മഹാസഭയുടെ മഹാദേവ ക്ഷേത്രം, അമൃതാനന്ദമയി മഠം എന്നിവിടങ്ങളിൽ പി. ജയരാജൻ സന്ദർശിച്ചിരുന്നു. ആ മാനസാന്തരം ആണോ ജയരാജന് തുണയായത് എന്ന് സംശയിക്കുന്നവരുണ്ട്.

ഇ.പി. ജയരാജനെയും പി.കെ. ശ്രീമതിയെയും ബന്ധുനിയമനത്തിൽ കുരുക്കിയത് പിണറായി തന്നെയാണ്. ഹൈക്കോടതിയിൽ കേസുകൊടുത്താണ് ഇ.പി. മന്ത്രിസ്ഥാനം തിരിച്ചുപിടിച്ചത്. ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദം ഇ.പിക്ക് വീണ്ടും വിലങ്ങായി.
വെള്ളാപ്പള്ളിയുമായുള്ള സൗഹൃദം വർദ്ധിച്ചതോടെ പിണറായിയുടെ മലബാറിലെ നമ്പ്യാർ വിരോധവും വർദ്ധിച്ചു. അതിലെ അവസാനത്തെ രക്തസാക്ഷിയായിരുന്നു പി.കെ ശ്രീമതി ടീച്ചർ.

ടി.പി. രാമകൃഷ്ണനും ഒരു നാക്കുപിഴ സംഭവിച്ചു. സി.പി.ഐ ഉന്നയിച്ച നിയമസഭാകക്ഷി ഉപനേതാവ് പ്രശ്‌നം സി.പി.എമ്മും സി.പി.ഐയും ചർച്ച ചെയ്യുമെന്ന് പ്രസ്താവിച്ച ടി.പി. രാമകൃഷ്ണന് പാർട്ടി സെക്രട്ടറിയേറ്റ് അംഗത്വവും ഇടതുപക്ഷ മുന്നണി കൺവീനർ സ്ഥാനവും ഒരുമിച്ചുപോയി. ഇത് സി.പി.ഐക്കാർക്കുള്ള താക്കീതുകൂടിയാണ് പിണറായി വക.

തോമസ് ഐസക്ക് ഒരു മുൻകൂർ തിരുത്തൽ പ്രഖ്യാപനം. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണ് പിണറായി ഭരണത്തെ തോൽപ്പിച്ചതെന്ന ധ്വനിയിലുള്ള തോമസ് ഐസക്കിന്റെ തിരുത്തൽ ആഹ്വാനം വിനയായി. 73 കാരനായ ഐസക്കിനെ 83 കാരനായ പിണറായി പുറത്താക്കി. ഇനിയും നിന്റെ മാർക്‌സിസം മാരാരിക്കുളത്ത് വച്ചാൽ മതിയെന്നൊരു പിണറായി വക താക്കീതും. ഇനി രക്ഷിക്കാൻ ബേബിവരണം.

ജനങ്ങൾ തോൽപ്പിച്ചവരെ പാർട്ടി സെക്രട്ടേറിയറ്റിൽപ്പെടുത്തി പകരം വീട്ടി

ജനങ്ങൾ തോൽപ്പിച്ച് കെട്ടുകെട്ടിച്ചവരെ പിൻവാതിലിലൂടെ പാർട്ടി സെക്രട്ടറിയേറ്റിൽ തിരുകിക്കയറ്റുന്നതാണോ തിരുത്തൽ? തിരുത്തൽരേഖയുമായി വന്ന പി.ബിയും സെൻട്രൽ കമ്മറ്റിയും പ്രതിപക്ഷ നേതാവിനെയാണ് ലക്ഷ്യമാക്കിയിരുന്നത്. സാങ്കേതികമായ എണ്ണത്തിന്റെ കണക്കിനപ്പുറം 140 പേരുള്ള നിയമസഭയിലെ 25 പേരുടെ മാത്രം നേതാവാണ് പ്രതിപക്ഷ നേതാവ്. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ ആഡംബരങ്ങൾ നേടാൻ പാർട്ടിക്കുള്ളിലെ ദുഃസ്വാധീനം ദുരുപയോഗപ്പെടുത്തി പദവി പിടിച്ചെടുക്കുകയാണ്. 1977 ൽ ഇതേ അനുഭവമുണ്ടായതാണ്. പ്രതിപക്ഷ നേതാവിന് ഇന്നത്തെ ആഡംബര സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലം. ഇ.എം.എസ് ആ സ്ഥാനം ഏറ്റെടുത്തില്ല. അദ്ദേഹം ഒഴിഞ്ഞുകൊടുത്തു. ടി.കെ. രാമകൃഷ്ണനെ സ്ഥാനം ഏൽപ്പിച്ചു.

എറണാകുളം ജില്ലയിലെ പ്രമുഖനായ പി. രാജീവൻ മുൻ എം.പിയാണ്. രാജ്യസഭ വഴി അയാൾക്ക് ഒരു ചാൻസുകൂടി കൊടുക്കണമെന്ന് സീതാറാം യെച്ചൂരി പിണറായിയോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും 26 ൽ ജനങ്ങൾ തോൽപ്പിച്ച രാജീവിനെ സെക്രട്ടേറിയറ്റിൽ തിരുത്തിക്കേറ്റി.
മുൻ മന്ത്രിമാരായ വി. ശിവൻകുട്ടിയെയും എം.ബി. രാജേഷിനെയും ജനങ്ങൾ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. അവരെ സെക്രട്ടേറിയറ്റിൽ എടുത്തു പിണറായി വെള്ളപൂശിയെടുത്തു.

ഏറ്റുമാനൂർകാർ തോൽപ്പിച്ച വി.എൻ. വാസവൻ സെക്രട്ടറിയേറ്റിൽ പമ്മിക്കഴിയുകയാണ്.
കഷ്ടിച്ചു ജയിച്ച കെ.എൻ. ബാലഗോപാലും സജി ചെറിയാനും തൽക്കാലം പരിക്കിലൂടെ കടന്നു. യു.ഡി.എഫിന്റെ എതിർസ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ കാലതാമസമാണ് വിധി മാറ്റിമറിച്ചത്.
ഇ.ഡിയുടെ കുറ്റപത്രം നിയമത്തിന്റെ ഊരാക്കുടുക്കുകളിലൂടെ നുഴഞ്ഞുകയറുകയാണ്. വിധിയും കാലചക്രവും ഒന്നിച്ചുപായുമ്പോൾ സംഭവാമി യുഗേ യുഗേ എന്നല്ലാതെ എന്തുപറയാൻ.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img