06:53pm 06 November 2026
NEWS
വയനാടൻ കാറ്റ് എങ്ങോട്ട് ?
29/03/2026  06:52 PM IST
കോയാമു കുന്നത്ത്
വയനാടൻ കാറ്റ് എങ്ങോട്ട് ?

വയനാട് ജില്ലയിൽ മുന്നണി സ്ഥാനാർത്ഥികളുടെ ചിത്രം പൂർണ്ണമായതോടെ പ്രചാരണരംഗവും പതിവിന് വിപരീതമായി ചൂടുപിടിച്ചിരിക്കുകയാണ്. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിൽ രണ്ടെണ്ണവും സംവരണ മണ്ഡലങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്. മാനന്തവാടി മണ്ഡലം സംവരണമണ്ഡലവും സുൽത്താൻ ബത്തേരി മണ്ഡലം പട്ടിക മണ്ഡലവും കൽപ്പറ്റ മണ്ഡലം ജനറൽ വിഭാഗം മണ്ഡലവുമാണ്. മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയതോടെ പ്രചരണരംഗം ശക്തമായിരിക്കുകയാണ്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമെന്നറിയപ്പെട്ടിരുന്ന വയനാട് ജില്ലയിൽ മത്സരം തീക്ഷ്ണമാണ്.

യു.ഡി.എഫും കോൺഗ്രസും വയനാട് ദുരന്തം മുൻനിർത്തി പിരിച്ചെടുത്ത പണം സംബന്ധിച്ചും, ദുരന്തബാധിതർക്ക് 100 വീടുകൾ നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം ജലരേഖയായി മാറിയത് മുൻനിർത്തി എൽ.ഡി.എഫ് ഉയർത്തിയ രാഷ്ട്രീയ വിവാദത്തിന് മുന്നിൽ കോൺഗ്രസ് തലകുനിക്കുകയാണ്. ദുരന്തത്തിന്റെ പേരിൽ എത്ര തുക പിരിഞ്ഞ് കിട്ടിയെന്നതിന്റെ കണക്കുപോലും വ്യക്തമാക്കാൻ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മൂന്നര ഏക്കർ സ്ഥലത്ത് 100 വീടിന് തറക്കല്ലിട്ട് കണ്ണിൽ പൊടി ഇട്ടിരിക്കുകയാണ്. ഇതേസമയം വയനാട് ടൗൺ ഷിപ്പ് നിർമ്മാണത്തിന്റെയും ദുരന്തബാധിതരെ ചേർത്തുപിടിക്കുന്നതിന്റെയും, നടപ്പിലാക്കിയ പദ്ധതികളുടെയും പേരിൽ എൽ.ഡി.എഫ് യു.ഡി.എഫിനെതിരെ കടുത്ത പ്രചാരണമാണ് നടത്തുന്നത്. ടൗൺഷിപ്പ് നിർമ്മാണത്തെയും, ദുരിതാശ്വാസനിധിയെയും എതിർത്ത സ്ഥലം എം.എൽ.എയായ സിദ്ധിക്കിന് പുനരധിവാസ പ്രവർത്തനങ്ങളിൽ തന്റെ പങ്കാളിത്തം വിശദീകരിച്ച് തെളിയിക്കുന്നതിനുവേണ്ടി സമയം മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്. സുൽത്താൻ ബത്തേരിയിൽ സി.പി.എം നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി സഹകരണ സൊസൈറ്റിയുടെ പ്രവർത്തനനഷ്ടം മുൻനിർത്തി നിക്ഷേപത്തട്ടിപ്പ് ആരോപണപുകമറ ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഐ.സി. ബാലകൃഷ്ണൻ പങ്കാളിയായി സഹകരണ ബാങ്ക് നിയമനങ്ങളുടെ പേരിൽ നടത്തിയ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പ് ആരോപണങ്ങൾ പ്രതിരോധിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ല. നിയമനങ്ങളുടെ മറവിൽ എം.എൽ.ഐ ഐ.സി ബാലകൃഷ്ണൻ ഡി.സി.സി പ്രസിഡന്റും മുൻ എം.എൽ.എയുമായ എൻ.ഡി.അപ്പച്ചൻ, കോൺഗ്രസ് നേതാവ് ഗോപിനാഥൻ മാസ്റ്റർ എന്നിവർ നടത്തിയ ഫണ്ട് തട്ടിപ്പിന് പരിഹാരം ഉണ്ടാക്കാൻ മദ്ധ്യസ്ഥനായി നിന്നതിന്റെ പേരിൽ ജില്ലാട്രഷറർ ആയിരുന്ന എൻ.എം. വിജയൻ സ്വന്തം മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവം കോൺഗ്രസിനെയും യു.ഡി.എഫിനെയും വേട്ടയാടുകയാണ്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഇവർ മൂന്നുപേരെയും പ്രതിചേർക്കപ്പെട്ടതും, ബഹുജനരോഷത്തെ തുടർന്ന് എൻ.എം. വിജയന്റെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്ന 60 ലക്ഷം രൂപ തിരിച്ചടച്ച് അഴിമതിക്കാരായ നേതാക്കളെ സംരക്ഷിച്ചത് സംബന്ധിച്ചും ഉള്ള ചോദ്യങ്ങൾക്ക് കോൺഗ്രസിന് മറുപടി ഇല്ല. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി കെ.കെ. അബ്രഹാം പ്രസിഡന്റായിരുന്ന പുൽപ്പള്ളി സർവ്വീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വായ്പ തട്ടിപ്പും ജപ്തി ഭീഷണിയെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവവും, കോൺഗ്രസ് പ്രാദേശികനേതാവിനെ വ്യാജമദ്യക്കേസിൽ കുടുക്കിലായ സംഭവവും, ആരോപണ വിധേയനായതിനെ തുടർന്ന് പഞ്ചായത്ത് അംഗം കൂടിയായ കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത സംഭവം തുടങ്ങി നിരവധി പരാതികളാണ് യു.ഡി.എഫിനെതിരെ ഉയരുന്നത്. ഇത്തരം നിരവധി പരാതികൾക്ക് വിശദീകരണം നൽകാൻ പോലും യു.ഡി.എഫ് നേതൃത്വത്തിന് കഴിയുന്നില്ല.

സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലത്തിലെ എം.എൽ.എമാർ മുൻകൈ എടുത്ത് ഏതെങ്കിലും വികസന പദ്ധതികൾ പ്രാവർത്തികമാക്കിയതിനും അവകാശവാദങ്ങളില്ല. ഇതേസമയം മാനന്തവാടി നിയോജകമണ്ഡലത്തിൽ നടത്തിയ നിരവധി വികസന പദ്ധതികളുടെ പിൻബലത്തോടെയാണ് ഒ.ആർ. കേളു ജനങ്ങളെ സമീപിക്കുന്നത്. ഗതാഗത സൗകര്യങ്ങൾ, പാലങ്ങൾ, മെഡിക്കൽ കോളേജ് വിപുലീകരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപുലീകരണം തുടങ്ങി മാനന്തവാടി മണ്ഡലത്തിൽ നാളിതുവരെ കാണാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. പ്രസ്തുത പ്രവർത്തനങ്ങളുടെ പിൻബലത്തിലാണ് പ്രധാനമായും കേളു മൂന്നാമതും ജനവിധി തേടുന്നത്. ബി.ജെ.പിയാവട്ടെ കേന്ദ്ര സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും ആദിവാസികോളനികളും കേന്ദ്രീകരിച്ച് നടത്തിവരുന്ന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് മത്സരിക്കുന്നത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും വിജയസാധ്യത പ്രതീക്ഷിക്കാത്ത ബി.ജെ.പി വോട്ടുകൾ വർദ്ധനവ് ലക്ഷ്യമാക്കിയാണ് മത്സരിക്കുന്നത്. വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കുന്നതിന് പകരം എല്ലാത്തരത്തിലും അവഗണിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് കൽപ്പറ്റ നിയോജകമണ്ഡലത്തിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത്. ഇതേസമയം നിരവധി വികസന പ്രവർത്തനങ്ങളുടെ വയനാട് തുരങ്കപാത നിർമ്മാണ പ്രവർത്തി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ജനങ്ങളുടെ മുന്നിലെത്തുന്നത്.

മാനന്തവാടി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ ഒ.ആർ. കേളുവെന്ന ജനങ്ങളുടെ കേളുവേട്ടൻ തന്നെയാണ് മൂന്നാം തവണയും ജനവിധി തേടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാവിജയനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നത് ആദ്യമായാണ്. എടവക ഗ്രാമപഞ്ചായത്ത് അംഗം- ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ പ്രവർത്തനപരിചയമുള്ള ഉഷാവിജയൻ മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി, ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട്ട് സ്വദേശിയുമായ പി. ശ്യാം രാജാണ് സ്ഥാനാർത്ഥി. വിദ്യാർത്ഥി സമരങ്ങളിലൂടെ വളർന്ന് സംസ്ഥാന സെക്രട്ടറിയായി മാറിയ ശ്യാംരാജ് മണ്ഡലത്തിൽ സുപരിചിതനല്ല. യുവമോർച്ച സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി തുടങ്ങിയ നിലകളിലും പട്ടിക വർഗ്ഗവിഭാഗങ്ങളുടെ ഇടയിൽ പ്രവർത്തിച്ച അനുഭവസമ്പത്താണ് മുതൽക്കൂട്ട്.

സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇത്തവണയും രംഗത്തുള്ളത് സിറ്റിംഗ് എം.എൽ.എ കൂടിയായ ഐ.സി. ബാലകൃഷ്ണനാണ്. മൂന്നാം തവണ ജനവിധി നേടുന്ന ഐ.സി. ബാലകൃഷ്ണൻ ഇത്തവണ അഴിമതി ആരോപണങ്ങളും, ഡി.സി.സി ജില്ലാട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യാപ്രേരണ കേസിൽ പ്രതിയെന്ന പ്രതിഛായ കൂടി വഹിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട എം.എസ്. വിശ്വനാഥൻ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. സുൽത്താൻബത്തേരിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തുള്ളത് സുൽത്താൻ ബത്തേരി ബി.ജെ.പി മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷയായിരുന്ന എ.എസ്. കവിതയാണ്. വനവാസി മേഖലയിൽ പ്രവർത്തന പരിചയമുള്ള കവിത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കന്നിമത്സരാർത്ഥിയാണ്.

ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയായ ടി. സിദ്ധിക്ക് തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി. രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) സംസ്ഥാന കമ്മിറ്റി അംഗവും, തോട്ടം തൊഴിലാളി യൂണിയൻ(എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറിയുമായ പി.കെ. അനിൽ കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന പി.കെ. അനിൽകുമാർ ഐ.എൻ.ടി.യു.സി നേതാവായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് പി.കെ. ഗോപാലൻ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും കോൺഗ്രസ്സിന്റെ ഉയർന്ന നേതാവും ആയിരുന്നു. തോട്ടം തൊഴിലാളി മേഖലയിൽ പ്രവർത്തനത്തിന്റെയും, തദ്ദേശ സ്ഥാപനങ്ങളിലെ ഭരണപരിചയമുൾപ്പെടെയുള്ള അനുഭവസമ്പത്തുമായാണ് പി.കെ. അനിൽകുമാർ മത്സരരംഗത്ത് ഇറങ്ങിയിട്ടുള്ളത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. വിവാദമായ സി.കെ. ജാനു തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനാണ്.

തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വോട്ട് വർദ്ധന ഉണ്ടായാൽ ആശ്വസിക്കാമെന്നല്ലാതെ വിജയസാധ്യത ബി.ജെ.പിക്ക് ഒട്ടും ഇല്ലാത്ത മണ്ഡലമാണ് കൽപ്പറ്റ നിയോജകമണ്ഡലം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img