04:53am 30 April 2026
NEWS
രന്യറാവു മുമ്പ് കടത്തിയ സ്വർണ്ണം മുഴുവൻ എങ്ങോട്ടാണ് പോയത്? മുനവെച്ച ചോദ്യവുമായി മുൻമന്ത്രി സുനിൽകുമാർ
12/03/2025  11:38 AM IST
വിഷ്ണുമംഗലം കുമാർ
രന്യറാവു മുമ്പ് കടത്തിയ സ്വർണ്ണം മുഴുവൻ എങ്ങോട്ടാണ് പോയത്? മുനവെച്ച ചോദ്യവുമായി മുൻമന്ത്രി സുനിൽകുമാർ

ബംഗളുരു: ചലച്ചിത്രനടി രന്യറാവു മുഖ്യപ്രതിയായ സ്വർണ്ണക്കടത്ത് കേസ് വേറെ തലങ്ങളിലേക്ക് നീങ്ങി സങ്കീർണ്ണമാവുകയാണ്. ഡി ആർ ഐ കസ്റ്റഡിയിലുള്ള തരുൺ രാജു രന്യറാവുവിന്റെ ദീർഘകാല സുഹൃത്താണെന്നും ഇരുവരും ഒന്നിച്ചാണ് വിദേശയാത്ര നടത്തിയതെന്നും അവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചതിൽ നിന്നും ഡി ആർ ഐ കണ്ടെത്തിയിരുന്നു. ബംഗളുരുവിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുടമയുടെ കൊച്ചുമകനാണ് മുപ്പതുകാരനായ തരുൺ രാജു. കഴിഞ്ഞ നവംബറിൽ രന്യറാവുവും പ്രമുഖ ആർക്കിടെക് ജതിൻ ഹുക്കേരിയും തമ്മിൽ വിവാഹിതരായശേഷം ഇവരുടെ സൗഹൃദത്തിന്റെ ആഴം കുറഞ്ഞെങ്കിലും ബിസിനസ്സ് പങ്കാളിത്തം തുടർന്നു. ഡിജിപിയായ പിതാവിന്റെ സ്വാധീനം രന്യറാവു ദുരുപയോഗപ്പെടുത്തിയോ എന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയുടെ നിർദ്ദേശപ്രകാരം സി ഐ ഡി അന്വേഷണവും നടക്കുന്നുണ്ട്.ദുബായിൽ നിന്ന് സ്വർണ്ണവുമായി പുറപ്പെടും മുമ്പ് രന്യ ബംഗളുരു കെംപെഗൗഡ എയർപോർട്ടിൽ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ വിളിച്ചിരുന്നു. രന്യയും തരുൺ രാജുവും ഒരു സിൻഡിക്കേറ്റിന്റെ കണ്ണികളാണെന്നും അധികാരത്തിന്റെ ഉന്നതങ്ങളിലുള്ള വൻമത്സ്യങ്ങളുമായി അവർക്ക് ബന്ധമുണ്ടെന്നും സൂചനകളുണ്ട്. സി ബി ഐ അന്വേഷണവും കർശനമാക്കിയിട്ടുണ്ട്. രന്യറാവുവിന്റെ വസതി ഇന്നലെ സി ബി ഐ റെയ്ഡ് ചെയ്തിരുന്നു. എന്നാൽ രന്യയുടെ ഭർത്താവിന് സ്വർണ്ണക്കടത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഇയാളെ ഡി ആർ ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ ആഭ്യന്തരമന്ത്രിയെ വിളിച്ചുവരുത്തി സ്വർണ്ണക്കടത്ത് കേസ് ചർച്ചചെയ്തിരുന്നു. അതേസമയം മുൻമന്ത്രിയും കാർക്കളയിൽ നിന്നുള്ള എം എൽ എയുമായ വി സുനിൽകുമാർ ആരോപണം ശക്തമാക്കി. " പതിനാല് കിലോ സ്വർണ്ണം രന്യറാവുവിൽ നിന്ന് പിടിച്ചെടുത്തു എന്നത് ശരി. അത് മാർച്ച്‌ മൂന്നിനാണ്. അതിന് മുമ്പ് കടത്തിയ സ്വർണ്ണം മുഴുവൻ എവിടേക്കാണ് പോയത്? അതൊക്കെ ചാമരാജ പേട്ടയിലോ സദാശിവനഗറിലാണോ എത്തിയത്? അത് അന്വേഷിക്കേണ്ടേ? അദ്ദേഹം ചോദിച്ചു. ആ ചോദ്യത്തിന് മുനയുണ്ട്. കാരണം അദ്ദേഹം പരാമർശിച്ച സ്ഥലങ്ങൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ രണ്ടു പ്രമുഖർ പ്രതിനിധീകരിക്കുന്ന  നിയമസഭാമണ്ഡലങ്ങളാണ്. നടിയുടെ സ്വർണ്ണക്കടത്ത് കേസ് ബിജെപി- കോൺഗ്രസ്സ് പോരാട്ടമായിപരിണമിച്ചുകഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും. രന്യറാവുവിന്റെ ജാമ്യഹരജി ബംഗളുരുവിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img