
പോയനാളുകളിൽ സാമൂഹ്യ, സാംസ്‌കാരിക, ഭരണകൂടരംഗത്തുനിന്നും നിരവധി പ്രമുഖർ ബി.ജെ.പി. പാളയത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ വന്നുകയറിയവരൊക്കെ പിന്നീട് എങ്ങോട്ട് പോയി എന്നതിന് കൃത്യമായ ഉത്തരം ആർക്കുമില്ല.
രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പാർട്ടി ബി.ജെ.പിയാണ്. കേരളത്തിലേക്ക് വന്നാലും സ്ഥിതി വിഭിന്നമല്ല. പാർലമെന്ററി നേട്ടങ്ങളുടെ പട്ടികയിൽ അവകാശവാദങ്ങൾക്ക് സാദ്ധ്യത തുലോംകുറവാണെങ്കിലും ക്രമാനുഗതമായ വോട്ടുവിഹിതത്തിലെ വർദ്ധന ബി.ജെ.പിക്ക് മാത്രം അവകാശപ്പെട്ടതാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ അന്തിമചിത്രം പരിശോധിച്ചാൽ കേരളത്തിൽ ഏതാണ്ട് 20 ശതമാനത്തോളം വോട്ടുവിഹിതമാണ് അവർക്കുണ്ടായിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി ചിന്തിച്ചാൽ വോട്ടുവിഹിതത്തിന്റെ കാര്യത്തിൽ 35-40 ശതമാനം വരെ എത്താൻ സാധിച്ചാൽ ഒരുപക്ഷേ അവർക്ക് അധികാരംതന്നെ പിടിക്കാൻ സാധിച്ചേക്കും.
ബി.ജെ.പി. കൈവരിച്ച ഈ നേട്ടം അവരെ സംബന്ധിച്ചിടത്തോളം ആവേശകരമാണ്. കാരണം ഒന്നോരണ്ടോ കൊല്ലത്തെ പരിശ്രമം കൊണ്ടല്ല ബി.ജെ.പിക്ക് ഇത് സാദ്ധ്യമായത്. ഒന്നര, രണ്ട് പതിറ്റാണ്ട് കാലത്തെ പ്രയത്‌നവും നരേന്ദ്രമോദി എന്ന ബ്രാന്റ് ഉയർത്തുന്ന താരമൂല്യവുമാണ് കേരളത്തിലുൾപ്പെടെയുള്ള ബി.ജെ.പിയുടെ വളർച്ചയ്ക്ക് നിദാനം. പൊളിറ്റിക്കൽതിയറി അനുസരിച്ച് ഒരു പാർട്ടി 20 ശതമാനം വോട്ടുവിഹിതം ഉറപ്പിച്ചാൽ പിന്നെ അത് 30-35 നിലവാരത്തിലേക്ക് ഉയരാൻ അധികനാൾ വേണ്ടിവരില്ല എന്നതാണ്. എന്നാൽ കേരളത്തിലെ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം 20 ൽ നിന്നും 30-35ലേക്ക് എത്തുക അത്ര എളുപ്പത്തിൽ സാധിക്കാവുന്ന ഒന്നല്ല. കേരളത്തിലെ സവിശേഷ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഇവിടെ പ്രധാന പ്രതിബന്ധങ്ങളിൽ ഒന്ന്. അതിനപ്പുറം പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളിയും വിഴുപ്പലക്കലും മറ്റൊരു തിരിച്ചടിയാണ്.
കാര്യങ്ങൾ പ്രതികൂലമായി ഭവിക്കുമ്പോഴും പോയനാളുകളിൽ സാമൂഹ്യ, സാംസ്‌കാരിക, ഭരണകൂട രംഗത്തുനിന്നും നിരവധി പ്രമുഖർ ബി.ജെ.പി. പാളയത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ വന്നുകയറിയവരൊക്കെ പിന്നീട് എങ്ങോട്ട് പോയി എന്നതിന് കൃത്യമായ ഉത്തരം ആർക്കുമില്ല. വാസ്തവത്തിൽ ബി.ജെ.പിക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ബി.ജെ.പി. കേരളഘടകത്തിലേക്ക് വന്നുകയറിയ പ്രമുഖർക്ക ് എന്താണ് സംഭവിച്ചത് എന്ന് ഒന്ന് പരിശോധിക്കാം.
ഇ. ശ്രീധരൻ
ലോകത്തിന്റെ അഭിമാനമാണ് മെട്രോമാൻ എന്ന ടെക്‌നോക്രാറ്റ് ഇ. ശ്രീധരൻ. അസാദ്ധ്യമെന്ന് കരുതിയ, പാമ്പൻപാലത്തിന്റെ പുനഃനിർമ്മിതിയും കൊങ്കൺ റെയിൽവേയും എല്ലാം യാഥാർത്ഥ്യമാക്കി രാജ്യത്തെ വികസനക്കുതിപ്പിലേക്ക് നയിച്ച പ്രതിഭയാണ് അദ്ദേഹം. അതിൽ ശത്രുക്കൾക്ക് പോലും എതിർസ്വരമുണ്ടാകില്ല. 2021 ൽ അദ്ദേഹം ബി.ജെ.പി. ടിക്കറ്റിൽ പാലക്കാട് നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ താൻ മികച്ചൊരു രാഷ്ട്രനിർമ്മിതിക്ക് വേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഷാഫി പറമ്പിൽ എന്ന സിറ്റിംഗ് എം.എൽ.എയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച ശ്രീധരൻ കേവലം 2000 ഓളം വോട്ടുകൾക്കാണ് അന്ന് പരാജയപ്പെട്ടത്. ഒരുപക്ഷേ, ആ തോൽവിയെ ജയത്തോളം പോന്ന തേൽവി എന്നുതന്നെ വിശേഷിപ്പിക്കാം.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പാലക്കാട്ടുകാർ ശ്രീധരനെ പിന്തുണച്ചു എന്ന് വ്യക്തം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ശ്രീധരൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നുപോലും വിലയിരുത്തപ്പെട്ടു. എന്നാൽ അതിനെ പാടേ നിഷേധിച്ചുകൊണ്ട് മുതിർന്ന നേതാവ് വി.മുരളീധരൻ അപ്പോൾത്തന്നെ രംഗത്തുവന്നു. മുഖ്യമന്ത്രിയെ നേരത്തേ തീരുമാനിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്കില്ലെന്ന വാദമാണ് അദ്ദേഹം ഉയർത്തിയത്. ഒരുപക്ഷേ, അന്ന് മുരളീധരൻ അങ്ങിനൊരു സ്റ്റേറ്റ്‌മെന്റ് ഇറക്കിയില്ലായിരുന്നു എങ്കിൽ പാലക്കാട്ടെ ഫലം മറ്റൊന്നായി മാറുമായിരുന്നു എന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എങ്കിൽ അതിന്റെ അനുരണനങ്ങൾ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഫലിക്കുകയും ബി.ജെ.പിയുടെ മുഖച്ഛായ തന്നെ മാറുകയും ചെയ്യുമായിരുന്നു. ഏതായാലും പാലക്കാട്ടെ തോൽവിയെക്കാളുപരി പാർട്ടിക്കുള്ളിലെ തമ്മിൽകുത്ത് ശ്രീധരന്റെ മനസ്സ് മടുപ്പിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്.
പ്രായത്തിന്റെ പേരുപറഞ്ഞ് അദ്ദേഹം രാഷ്ട്രീയജീവിതംതന്നെ അവസാനിപ്പിച്ചു. ഒരുപക്ഷേ, ശ്രീധരനെപ്പോലൊരു നേതാവ് ബി.ജെ.പിയുടെ മുഖമായി ഒരു അഞ്ചുകൊല്ലം പ്രവർത്തിച്ചിരുന്നു എങ്കിൽ ബി.ജെ.പിക്ക് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 25 ശതമാനത്തോളം അല്ലെങ്കിൽ അതിന് മുകളിൽ വോട്ടുവിഹിതം നേടാനും, രണ്ടോമൂന്നോ എം.പിമാരെ സൃഷ്ടിക്കാനും സാധിക്കുമായിരുന്നു. ഇവിടെ ബി.ജെ.പിയുടെ പുരോഗതിക്ക് തുരങ്കം വെച്ചത് ബി.ജെ.പിക്കാർ തന്നെയാണ്.
ഡോ. ജേക്കബ് തോമസ്
സംസ്ഥാനത്ത് അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തി അധികാരകേന്ദ്രങ്ങളുടെ കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡി.ജി.പി. ഡോ. ജേക്കബ് തോമസ്. ഡൽഹിയിലെ ആർ.എസ്.എസ്. ബുദ്ധികേന്ദ്രങ്ങളുടെ സമ്മർദ്ദഫലമായാണ് അദ്ദേഹം ബി.ജെ.പി. കേരളാഘടകത്തിൽ എത്തിയത്. തുടർന്ന് 2021 ൽ അദ്ദേഹം തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. എസ്.എൻ.ഡി.പിയുടെ നോമിനിയായി ഒരു പ്രമുഖൻ സ്ഥിരമായി എൻ.ഡി.എ ടിക്കറ്റിൽ മത്സരിച്ച ് തോറ്റുകൊണ്ടിരുന്ന മണ്ഡലത്തിൽ ജേക്കബ് തോമസിനെ ഇറക്കിയപ്പോൾ പാർട്ടി പ്രവർത്തകർ ആവേശത്തിലായി. ഇക്കുറി ഒരു മാറ്റം വരുമെന്ന് അവർ കണക്കുകൂട്ടി. പക്ഷേ, ഒന്നും സംഭവിച്ചില്ല. കൂടെ നിന്നവർതന്നെ കാലുവാരിയതോടെ ജേക്കബ് തോമസിന് ദനയീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കൊണ്ടുവന്ന പണം തന്നെ അപഹരിക്കപ്പെട്ടു. താഴെത്തട്ടിൽ എത്തേണ്ടിടത്ത് പണം എത്തിയില്ല. പലയിടങ്ങളിലും പാർട്ടിക്ക് പ്രവർത്തനം തന്നെ ഉണ്ടായില്ല. യു.ഡി.എഫ്.- എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ കാശ് വലിച്ചെറിഞ്ഞ് പ്രചാരണം കൊഴുപ്പിച്ചപ്പോൾ പലയിടങ്ങളിലും ബി.ജെ.പിക്ക് ബൂത്ത് കമ്മിറ്റികൾ പോലും സജീവമല്ലായിരുന്നു. കൊടകര കുഴൽപ്പണ കേസ് ഉണ്ടാകുന്നത് ഈ സമയത്താണ്. പ്രസ്തുത കേസും അതുമായി ബന്ധപ്പെട്ട് പിന്നീട് ഉയർന്ന വിവാദങ്ങളും ചേർത്തുവായിച്ചാൽ കാര്യങ്ങൾ എല്ലാവർക്കും ബോധ്യമാകും. ആര് ജയിച്ചാലും ജേക്കബ് തോമസ് ജയിക്കരുത് എന്ന വാശി മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു എന്നത് മറ്റൊരുസത്യം. അങ്ങിനെ വരുമ്പോൾ കൊടകര കുഴൽപ്പണകേസ് സംബന്ധിച്ച രാഷ്ട്രീയവിവാദങ്ങൾക്ക് വിശ്വാസ്യത ഏറും.
ഡോ. ടി.പി. ശ്രീനിവാസൻ
ഇന്ത്യയുടെ വിദേശ അംബാസിഡർ എന്ന നിലയിൽ സ്ത്യർഹസേവനം കാഴ്ചവെച്ചിട്ടുള്ള ഡോ. ടി.പി. ശ്രീനിവാസൻ ഒരു മികച്ച അക്കാദമിഷ്യൻ കൂടിയാണ്. അദ്ദേഹത്തിന്റെ അറിവും അവഗാഹവും രാജ്യപുരോഗതിക്ക് ഒരു മുതൽക്കൂട്ടാകും എന്നതിൽ ആർക്കും എതിർ അഭിപ്രായം ഉണ്ടാകില്ല. തന്റെ ആഭിമുഖ്യത്തിൽ ഒരു വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചു എന്ന തെറ്റിന്റെ പേരിൽ എസ്.എഫ്.ഐക്കാർ അദ്ദേഹത്തെ തെരുവിലിട്ട് തല്ലി. അപ്പന്റെ പ്രായമുള്ള, ലോകാദരണീയനായ ഒരു മനുഷ്യനെ മകന്റെ പ്രായമുള്ള ഒരാൾ തല്ലിയിത് നടുക്കത്തോടെയാണ് കേരളം കണ്ടത്. ഇതേത്തുടർന്നുണ്ടായ രാഷ്ട്രീയവിവാദങ്ങൾ ഇന്നും നമുക്ക് മുന്നിൽ ഓർമ്മയായി നിലനിൽക്കുന്നു.
അങ്ങിനൊരാൾ ബി.ജെ.പിയിലേക്ക് കടന്നുവരുമ്പോൾ അല്ലെങ്കിൽ ബി.ജെ.പിക്കൊപ്പം ചേർന്ന് സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിന് മാന്യമായ അക്കോമഡേഷൻ നൽകേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. തിരുവനന്തപുരം പോലെ ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള മണ്ണിൽ അദ്ദേഹത്തെ മത്സരിപ്പിച്ച് പാർലമെന്റിൽ എത്തിച്ചിരുന്നെങ്കിൽ ഉറപ്പായും ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി അദ്ദേഹത്തെ ഉയർത്തിക്കാട്ടാൻ സാധിക്കുമായിരുന്നു. പകരം ബി.ജെ.പി. പരീക്ഷിച്ചത് കേരളവുമായി കാര്യമായ ഒരു ബന്ധവുമില്ലാത്ത മുൻമന്ത്രി രാജീവ് ചന്ദ്രശേഖറിനെ. ഒടുവിൽ സംഭവിച്ചത് എന്തായിരുന്നു എന്ന് എല്ലാവർക്കും അറിവുള്ള കാര്യം. പാർലമെന്ററി രാഷ്ട്രീയത്തിന്റെ സമവായ ചർച്ചകളിൽത്തട്ടി ടി.പി. ശ്രീനിവാസനെ പോലുള്ളവർ തഴയപ്പെടുന്ന സാഹചര്യം മനസ്സിലാക്കാം. അങ്ങിനെങ്കിൽ അദ്ദേഹത്തെ മറ്റേതെങ്കിലും സംസ്ഥാനത്ത് നിർത്തി രാജ്യസഭയിലൂടെ പാർലമെന്റിൽ എത്തിക്കാനും കേരളത്തിൽ പ്രവർത്തിക്കാനും അവസരം നൽകാമല്ലോ. ഈ കളി ബി.ജെ.പി. ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നതെങ്കിൽ അങ്ങിനെയാണ് ചെയ്യേണ്ടിയിരുന്നത് എന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.
ഡോ. ടി.പി. സെൻകുമാർ
മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ തന്റെ ബി.ജെ.പി ആഭിമുഖ്യം പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ഏറെയായി. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്ത മുഖ്യമന്ത്രി പിണറായിവിജയനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയും, പിന്നീട് നിയമപോരാട്ടത്തിലൂടെ തൽസ്ഥാനത്ത് തിരികെ എത്തുകയും ചെയ്ത സെൻകുമാർ പിണറായിക്കെതിരായ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.ജെ.പി പാളയത്തിൽ എത്തുന്നത്. എന്നാൽ നാളിതുവരെ അദ്ദേഹം ബി.ജെ.പിയിൽ മെമ്പർഷിപ്പുപോലും എടുത്തിട്ടില്ല എന്നത് പലർക്കും അറിവുള്ള കാര്യമല്ല. എന്തുകൊണ്ട് സെൻകുമാർ ബി.ജെ.പി. അംഗമാകുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തം. തന്നെ അടുത്തറിയാവുന്നവരോട് സെൻകുമാർ അക്കാര്യം തുറന്നുപറയാറുണ്ട്. ആദ്യം ഇവൻമാരുടെ തമ്മിലടി തീരട്ടെ. എന്നിട്ട് പാർട്ടിയിൽ വരുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നാണത്രെ സെൻകുമാറിന്റെ നിലപാട്.
അതേസമയം, പാർട്ടിയോട് കൃത്യമായി അകലം പാലിക്കുമ്പോഴും സെൻകുമാർ സംഘപരിവാർ പ്രസ്ഥാനങ്ങളോട് അടുത്തുതന്നെയാണ് നിൽക്കുന്നത്. സനാതനധർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ അദ്ദേഹം സജീവമാണ്. ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവർത്തനങ്ങളിലും സെൻകുമാർ നിറസാന്നിധ്യമാണ്. എന്നാൽ സെൻകുമാറിനെപ്പോലുള്ള ഒരു വ്യക്തിയെ ക്ഷേത്രങ്ങളുടെ പരിപാലനത്തിന് വേണ്ടിയാണോ വിനിയോഗിക്കേണ്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
ഡോ.സി.വി. ആനന്ദബോസ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. അബ്ദുൾസലാം, റിട്ട. ഡി.ജി.പി. ആർ. ശ്രീലേഖ തുടങ്ങി ഒരുപിടി പ്രമുഖർ ബി.ജെ.പിയിലേക്ക് വന്നിട്ടുണ്ട് എന്നതും ഇവിടെ ചേർത്തുവായിക്കേണ്ട സംഗതിയാണ്. ഇതിൽ സി.വി. ആനന്ദബോസ് ഇപ്പോൾ പശ്ചിമബംഗാൾ ഗവർണറാണ്. കെ.എസ്. രാധാകൃഷ്ണനും അബ്ദുൾസലാമുമൊക്കെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ തിരഞ്ഞെടുപ്പുകൾക്കപ്പുറം അവരുടെ സേവനം പാർട്ടി എങ്ങിനെ വിനിയോഗിക്കുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. തിരഞ്ഞെടുപ്പ് വേളയിൽ ഉയർത്തിക്കാട്ടാൻ പൊതുസ്വീകാര്യരായ ചിലരുടെ മുഖങ്ങൾ പാർട്ടിക്ക് ആവശ്യമാണ്. ആ സാദ്ധ്യത പാർട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ അതിനപ്പുറം അവരുടെ കഴിവ് പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി വിനിയോഗിക്കാൻ തത്പരകക്ഷികൾ തയ്യാറാകുന്നില്ല. ചുരുക്കത്തിൽ പാർട്ടിയുടെ മുഖമായി ചില പ്രമുഖർ നിരന്നങ്ങ് നിൽക്കട്ടെ; പാർട്ടി ഭരണവും സംസ്ഥാന‘ഭരണവുമൊക്കെ ഞങ്ങൾ നോക്കിക്കോളാം എന്നാണ് ബി.ജെ.പി. സംസ്ഥാനഘടകത്തിലെ ചിലർ കരുതുന്നത്. ബി.ജെ.പിയുടെ വോട്ടുവിഹിതം 20 ൽ നിന്നും മുകളിലേക്ക് ഗണ്യമായി ഉയരാത്തതിന്റെ കാരണവും മറ്റൊന്നല്ല.