
1920 ഒക്ടോബർ 17 ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി. ആ കണക്കുവെച്ച് നോക്കിയാൽ 2020 ൽ സിപിഐയ്ക്ക് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്ഇന്ത്യ) നൂറു വർഷമായി. എന്നാൽ ഇന്ത്യയിൽ ആദ്യ യോഗം ചേർന്നത് 1925 ഡിസംബർ 20 മുതൽ 28 വരെയാണ്. അതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ 2025 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ എത്തിയിട്ട് 100 വർഷം. മറ്റൊരു സംഘടനയും ഇന്ത്യയിൽ രൂപീകൃതമായിട്ട് 2025 ൽ 100 വർഷമാകും. ആ പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) ആണ്.
സി പി ഐയുടേതും ആർ എസ് എസിന്റേതും ആശയങ്ങൾ തമ്മിൽ യോജിക്കുന്നതല്ല, വിരുദ്ധ ആശയങ്ങളാണ്. വർഗ്ഗാധിഷ്ഠിതമാണ് സി പി ഐയുടെതത്വം. എന്നാൽ ആർ എസ് എസ് ആ വഴിക്കല്ല. വർഗ്ഗീയാധിഷ്ഠിതമാണ് ആർഎസ്എസ് തത്വസംഹിത. ആർഷഭാരതമെന്നും അഖണ്ഡഭാരതമെന്നും പറഞ്ഞുവരുന്ന ആർ. എസ്.എസും, തൊഴിലാളി ഐക്യം എന്ന നിലപാടുള്ള സി പി ഐയും തമ്മിൽ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട് (അജഗജാന്തരം).
1952 ലെ പൊതു തെരഞ്ഞെടുപ്പിൽ സിപിഐ ക്ക് ഏകദേശം 25 എംപിമാർ. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനുള്ള എം പി മാർ ഇല്ലെങ്കിലും
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ താൽപ്പര്യപ്രകാരം, മൊത്തം അംഗസംഖ്യയ്ക്ക് ആനുപാതികമായി അംഗബലമില്ലെങ്കിലും എ.കെ ഗോപാലന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചു. 1957 ലെ കേരള നിയമസഭയിൽ സിപിഐ അധികാരത്തിൽ വന്നു . പശ്ചിമ ബംഗാൾ, ത്രിപുര, ആന്ധ്ര, ബീഹാർ തുടങ്ങിയിടങ്ങളിൽ ശക്തം. 1964 ൽ സി പി ഐ പിളർന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും എന്ന കേരളാകോൺഗ്രസ് നേതാവ് കെ.എം മാണിയുടെ രാഷ്ട്രീയ സൂക്തം ഇവിടെ ഉണ്ടായില്ല. സി പി ഐയുടെ വളർച്ച പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും താഴോട്ടു പതിച്ചു. എന്നാലും ചെറിയ കാലയളവിൽ കേരളത്തിൽ മുഖം രക്ഷിച്ചു.
1957 ൽ കേരളത്തിൽ സിപിഐ മന്ത്രിസഭയാണ് വന്നത്. ഏതാനും സ്വതന്ത്ര എംഎൽ എമാരുടെ പിന്തുണയോടെ. അന്ന് മുഖ്യമന്ത്രിയായത് ഇ.എം.എസ്. അദ്ദേഹം പാർട്ടി പിളർന്നതോടെ സി പി എം പക്ഷത്തു ചേർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നെങ്കിലും 1967 ൽ സപ്തകക്ഷി മുന്നണിയിൽ സി പിഐയും സി പി എമ്മും ഒന്നിച്ചു. ഇ എം എസ് മുഖ്യമന്ത്രിയായി. ആ മന്ത്രിസഭ അധികാരമേറ്റു കൊണ്ട് ഇഎംഎസ് പ്രഖ്യാപിച്ചത് സപ്തകക്ഷി മുന്നണി സർക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നാണ്. പരസ്പരം അഴിമതി ആരോപണം ഉന്നയിച്ച് സപ്തകക്ഷി ശിഥിലമായി.
1969 ൽ ആ മുന്നണി തകർന്നു. സി പി ഐ കോൺഗ്രസുമായി ചേർന്ന് ആ വർഷം തന്നെ സർക്കാരുണ്ടാക്കി. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി. നിയമസഭ പിരിച്ചു വിട്ട് 1970 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - സി പി ഐ - ആർഎസ് പി മുന്നണി സർക്കാരുണ്ടാക്കി. സിപിഐയിലെ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി. ഏഴു വർഷം അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. 1975 ലെ അടിയന്തിരാവസ്ഥയെ തുടർന്ന് 1977 ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. വീണ്ടും ഈ മുന്നണി അധികാരത്തിൽ വന്നു. ആദ്യം കെ. കരുണാകരനും പിന്നീട്അദ്ദേഹം രാജിവച്ചപ്പോൾ എ.കെ.ആന്റണിയും മുഖ്യമന്ത്രിമാരായി. ആന്റണി 78ൽ രാജിവച്ചു. അതോടെ സിപിഐയിലെ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണത്തോടെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സിപിഐയും ആർ എസ്
പിയും ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ഭാഗമായി. പിന്നീടൊരിക്കലും സിപിഐക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരാൻ കഴിഞ്ഞിട്ടില്ല. മറ്റു
സംസ്ഥാനങ്ങളിലും ആ അവസരം സി പി ഐക്ക് ലഭിച്ചില്ല. 1996 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന എച്ച്.ഡി ദേവഗൗഡ, ഐ.കെ ഗുജറാൾ
മന്ത്രിസഭകളിൽ സിപിഐയിലെ ഇന്ദ്രജിത്ഗുപ്ത ആഭ്യന്തര വകുപ്പ് മന്ത്രിയും ചതുരാനൻമിശ്ര കൃഷി വകുപ്പ് മന്ത്രിയുമായി. ദേശീയതലത്തിൽ പാർട്ടിക്ക് വളരാൻ കഴിയുമോ എന്നൊരു പരീക്ഷണമായിരുന്നു അത്. എന്നാൽ രാഷ്ട്രീയമായി യാതൊരു നേട്ടവുമുണ്ടാക്കാൻ അതുവഴി കഴിഞ്ഞില്ല.
ദേശീയതലത്തിൽ ഇപ്പോൾ പ്രാധാന്യം നഷ്ടപ്പെട്ടുവരികയാണ് സി പി ഐ ക്ക്. അത് എന്തുകൊണ്ടെന്ന് സി പി ഐയുടെ വരാൻ പോകുന്ന 25-ാം പാർട്ടി കോൺഗ്രസ് പരിശോധിക്കുമായിരിക്കും. എ.ബി. ബർദന് ശേഷം ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു നേതാവ് ഇന്ന് ആ പാർട്ടിയിൽ ഇല്ല. ജെ എൻ യുവിൽ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാർ സി പി ഐയിൽ ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല . പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ, എം. എൻ. ഗോവിന്ദൻ നായർ , എസ്. കുമാരൻ, എൻ. ഇ. ബാലറാം, പി.കെ. വാസുദേവൻ നായർ, വെളിയം ഭാർഗ്ഗവൻ, സി.കെ.ചന്ദ്രപ്പൻ, പന്ന്യൻ രവീന്ദ്രൻ കാനം രാജേന്ദ്രൻ എന്നിവർ പാർട്ടി സംസ്ഥാന
സെക്രട്ടറിമാരായി. ഇപ്പോൾ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി.
75 വയസ് കഴിഞ്ഞ മുതിർന്നവരെ സ്ഥാനമാനങ്ങളിൽ നിന്നൊഴിവാക്കി. ആയുർ ദൈർഘ്യവും പ്രവർത്തന പരിചയവും ഉള്ള നേതൃസമൂഹം കേരളത്തിൽ ഉള്ളപ്പോൾ അവരോട് വീട്ടിലിരി എന്നു പറയുന്ന രാഷ്ട്രീയം. പാർട്ടി ഒരു പ്രതിസന്ധിയിൽപ്പെട്ടാൽ അതു പരിഹരിക്കാൻ പ്രായോഗിക പരിജ്ഞാനമുള്ള മുതിർന്ന നേതാവ് പ്രസ്ഥാനത്തിന് ആവശ്യമാണ്. എന്നു മാത്രമല്ല തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 75 വയസ് കഴിഞ്ഞ പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കേണ്ടി വന്നു എന്നത് കാണാതെ പോകരുത്.
1937 ലാണ് കേരളത്തിൽ കോൺഗ്രസിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ഉണ്ടാവുകയും, 1939 ൽ പാറപ്പുറത്ത് ആദ്യ കമ്മ്യൂണിസ്റ്റ് ഘടകം രൂപീകൃതമാകുകയും ചെയ്തത്. എന്നിട്ട്എവിടെ നിൽക്കുന്നു എന്നതു ചിന്തനീയമാണ്. കേരളത്തിൽ നിന്ന് ഒരു പാർലമെന്റ് അംഗം പോലും ഇപ്പോൾ സിപിഐക്കില്ല. തമിഴ്‌നാട്ടിൽ നിന്നാണ് സിപിഐ ക്ക് 2 ലോക്‌സഭാംഗങ്ങളുള്ളത്. അതും കോൺഗ്രസ്, ഡിഎംകെ ഉൾപ്പെടുന്ന മുന്നണിയിൽ നിന്ന്. അവിടെ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടായാൽ സി പിഐ നില പരുങ്ങലിലാവും.
ഇവിടെ ആർ എസ് എസിന്റെ രാഷ്ട്രീയരൂപമായ ബിജെപി, വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരിക്കുന്നു. 2025 ൽ ആർ എസ് എസ് അതിന്റെ രൂപീകരണത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ സി പി ഐ 25-ാം പാർട്ടി കോൺഗ്രസിലാണ്. അതുമാത്രമല്ല സി പി ഐ ഇന്ത്യയിൽ പ്രവർത്തിച്ചുതുടങ്ങിയതിന്റെ 100-ാം വാർഷികവുമാണ്. എവിടെയാണ് സി പി ഐക്ക് രാഷ്ട്രീയ പിഴവുണ്ടായത് ? തുടക്കത്തിൽ പ്രധാന പ്രതിപക്ഷമായിരുന്ന സി പി ഐ ഭരണരംഗത്തേക്ക് വന്നില്ലെന്ന് മാത്രമല്ല, പ്രധാന പ്രതിപക്ഷ പാർട്ടി സ്ഥാനത്തും പിന്തള്ളപ്പെട്ടത് എന്തുകൊണ്ട് എന്ന് ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. 2014 ൽ അധികാരത്തിൽ നിന്ന് പിന്തള്ളപ്പെട്ട കോൺഗ്രസ് ഇന്ത്യയിൽ വീണ്ടും ശക്തമാകുന്നു. ദേശീയ തലത്തിൽ അതിന്കൂടുതൽ പ്രവർത്തകരും നേതാക്കളും ഉണ്ടാവുന്നു.
ഒരു കാലത്ത് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് നടത്തിയിട്ടുള്ള സമരങ്ങൾ, സി പി ഐയുടെ തൊഴിലാളി സംഘടനയായ
എഐടിയുസി നടത്തിയിട്ടുള്ള പോരാട്ടങ്ങൾ ഒക്കെ ഇപ്പോൾ നിശ്ചലമാണ്. സി പി ഐ പിളർന്ന് ഇന്ത്യയിൽ നിരവധി കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപം കൊണ്ടു. ഈ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമമെങ്കിലും ഈ മുത്തശ്ശിപ്പാർട്ടിയിൽ നിന്നുണ്ടാവുമോ ? 25-ാം പാർട്ടി കോൺഗ്രസ് അതിനു ഉത്തരം നൽകുമോ ?.











