10:01am 17 April 2026
NEWS
വനിതാസംവരണ ബിൽ വീണ്ടും ചർച്ചയാകുമ്പോൾ
16/04/2026  04:26 PM IST
ചവറ സുരേന്ദ്രൻപിള്ള
വനിതാസംവരണ ബിൽ വീണ്ടും ചർച്ചയാകുമ്പോൾ

വനിതാസംവരണം മുന്നോട്ടു കൊണ്ടുപോകുന്ന സുപ്രധാന ബിൽനടപ്പിക്കുന്നതോടെ ലോക് സഭയിലും നിയമസഭകളിലും 50 ശതമാനം സീറ്റുകൾ വർധിക്കും. വനിതകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ബില്ലുകളാണ് പാർലമെന്റ് ചർച്ച ചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിനു സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് വനിതാസംവരണ ബിൽ. ഇന്ത്യൻ ജനസംഖ്യയുടെ പകുതിയിലേറെ സ്ത്രീകളാണ്. രാജ്യത്തിന് അവർ നൽകുന്ന സംഭാവനകൾ വിശാലവും അമൂല്യവുമാണെന്നും സർവ മേഖലകളിലും സ്ത്രീകൾ കൈവരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. ശാസ്ത്ര സാങ്കേതികവിദ്യ മുതൽ സംരംഭകത്വം വരെയും കായികം മുതൽ സായുധ സേനകൾ വരെയും സംഗീതം മുതൽ കലകൾ വരെയും രാജ്യ പുരോഗതിയുടെ മുൻ നിരയിൽ സ്ത്രീകളുണ്ടെന്ന് പ്രധാനമന്ത്രി ഓർമിപ്പിക്കുന്നു. 

2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരുംകാലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും വനിതാസംവരണം നടപ്പിലാക്കിക്കൊണ്ട് നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടികാട്ടുന്നു. സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിലെ കാലതാമസം ഫലത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗുണനിലവാരവും എല്ലാവരെയും ഉൾക്കൊള്ളുന്ന ശേഷിയും ശക്തിപ്പെടുത്തുന്നത് വൈകിപ്പിക്കുന്നു. നിയമ നിർമാണ സ്ഥാപനങ്ങളിൽ ഉയർന്ന സ്ത്രീ പങ്കാളിത്തം അനിവാര്യമാണെന്ന് പതിറ്റാണ്ടുകളായി അംഗീകരിക്കുകയും പാർലമെന്റ് ചർച്ച ചെയ്യുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.                                                            
ലോക്‌സഭയിലെയും മറ്റ് സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലേക്കുമുള്ള സീറ്റുകളിൽ 33 ശതമാനം സ്ത്രീകൾക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബിൽ അഥവാ 'നാരിശക്തി വന്ദൻ അധിനിയം '. വനിതാസംവരണം ഉടനെ നടപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആഗ്രഹം.    
                                 
വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 1974 ൽ കേന്ദ്ര വിദ്യാഭ്യാസ - സാമൂഹിക ക്ഷേമ മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ടിലായിരുന്നു വനിതാപ്രാതിനിധ്യം സംബന്ധിച്ച് ആദ്യ പരാമർശമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു സമിതി ശുപാർശ ചെയ്തു. 1993 ൽ ഭരണഘടനയുടെ 73, 74 വകുപ്പുകൾ ഭേദഗതി ചെയ്ത് തദ്ദേശസ്ഥാപനങ്ങളിലെ മുന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തു. ഇതനുസരിച്ച് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ 50 ശതമാനം സ്ത്രീ സംവരണമുണ്ട്. 1200 തദ്ദേശസ്ഥാപനങ്ങളിൽ 602 ഇടത്തും വനിതകളാണ്. ലോകരാജ്യങ്ങളിലെ പാർലമെന്റിൽ ശരാശരി 26 ശതമാനം വനിതാ പ്രാതിനിധ്യനയം ഉള്ളപ്പോൾ ഇന്ത്യയിൽ അത് 15 ശതമാനം മാത്രമാണ്.    
                                                             
1996 സെപ്തംബർ 12 ന് എച്ച്.ഡി.ദേവഗൗഡ സർക്കാർ 81-ാീ ഭരണഘടന ഭേദഗതിയായി വനിതാസംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. തുടർന്ന് ഈ ബിൽ സി പി ഐ എം പി ഗീതാമുഖർജി അധ്യക്ഷയായുള്ള പാർലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബർ 9 ന് പാർലമെന്ററി സമിതി അവരുടെ റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു എങ്കിലും പാസ്സാക്കിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് 1998 ജൂൺ 4 ന് എൻ ഡി എ യുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണഘടനയുടെ 84 ാം ഭേദഗതിയായി വനിതാസംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും എൻ ഡി എ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായതോടെ പിരിച്ചുവിടപ്പെടുകയുമായിരുന്നു. തുടർന്ന് എൻ ഡി എ സർക്കാർ 1999, 2002, 2003 എന്നീ വർഷങ്ങളിലെല്ലാം ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടെങ്കിലും സമവായമുണ്ടാകാത്തതിനെ തുടർന്ന് പരാജയപ്പെടു കയായിരുന്നു. 

2004 മേയിൽ യുപിഎ സർക്കാരിന്റെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്തിയ വനിതാസംവരണ ബിൽ യാഥാർഥ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തി. 2008 മേയ് 6 ന് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് നിയമ -നീതി കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 2009 ഡിസംബർ 17 ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന്റെ രണ്ടു സഭകളിലും വച്ചു. സമാജ് വാദി പാർട്ടി, ജെ.ഡി (യു), ആർ.ജെ.ഡി. എന്നീ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നു. ബിൽ പാസ്സാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് 2010 ഫെബ്രുവരി 22 ന് രാഷ്ട്രപതി പ്രതിഭാ പാട്ടീൽ വ്യക്തമാക്കി. 2010 ഫെബ്രുവരി 25 ന് കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകി. 2010 മാർച്ച് 8 ന് അന്തർദേശീയ വനിതാ ദിനത്തിൽ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പ് നടന്നില്ല. 2010 മാർച്ച് 9 ന് നടന്ന വോട്ടെടുപ്പിൽ ഒന്നിനെതിരെ 186 വോട്ടുകൾക്ക് ബിൽ രാജ്യസഭ പാസ്സാക്കി.                                                                 

സംവരണ നിയമം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മഹിളാ ഫെഡറേഷൻ 2021 ൽ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിർദേശം വരുന്ന സ്ഥിതിയെത്തിയിരുന്നു. അതു തടഞ്ഞാണ് 2023 സെപ്തംബറിൽ സംവരണ ബില്ലുമായി  സർക്കാരെത്തിയത്. 2013 സെപ്തംബറിലാണ് ഈ വനിതാസംവരണത്തിനുള്ള 106 -ാം ഭരണഘടനാ ഭേദഗതി പാർലമെന്റ്പാസ്സാക്കിയത്. ഈ  ബില്ലനുസരിച്ച് ലോക്‌സഭയിലെ ആകെ സീറ്റുകൾ 543 ൽ നിന്ന് 816 ലേക്ക് വർധിപ്പിച്ച് അതിൽ 273 സീറ്റുകൾ വനിതകൾക്കായി മാറ്റിവയ്ക്കാൻ ലക്ഷ്യമിടുന്നു. ഈ ബിൽ അനുസരിച്ച് പുതിയ മണ്ഡല പുനർനിർണയത്തിന് ശേഷം സംവരണം പ്രാബല്യത്തിൽ വരും. 2029 ഓടെ ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. സംവരണം 15 വർഷത്തേക്ക് തുടരും. ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി/പട്ടികവർഗ വിഭാഗങൾക്കുള്ള സംവരണ സീറ്റുകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ലഭിക്കും. 

മണ്ഡല പുനർനിർണയത്തിനു ശേഷവും സംവരണം ചെയ്ത സീറ്റുകൾ റൊട്ടേഷൻ വഴി ക്രമീകരിക്കും. ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്താൽ മണ്ഡലങ്ങളുടെ അതിർത്തി നിർണയിച്ച ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നത്. 2027ലെ സെൻസസ് പൂർത്തിയാക്കിയ ശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഇത് 2034 വരെ നീണ്ടേക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2011 ലെ സെൻസസ് മാനദണ്ഡമാക്കുന്നത്. 2023 സെപ്തംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ ബില്ലിനാണ് ഇപ്പോൾ ഭേദഗതി വരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ 30 ലോക്‌സഭാ സീറ്റുകളാകും. കേരള നിയമസഭയിലെ 140 സീറ്റുകളിൽ 33 ശതമാനം (ഏകദേശം 46-47 സീറ്റുകൾ) വനിതകൾക്കായി മാറ്റിവയ്ക്കപ്പെടും.              

ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ സഹകരണമില്ലാതെ ഭരണഘടനാ ഭേദഗതികൾ പാസാവില്ല. നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ വന്നിട്ടാവാം ബില്ലുകൾ പരിഗണിക്കുന്നതെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. തമിഴ്‌നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടു മുമ്പായി ബില്ലുകൾ പരിഗണിക്കാനുള്ള കേന്ദ്രനീക്കം പെരുമാറ്റച്ചട്ട ലംഘനമാണെന്നും രാഷ്ട്രീയ മൈലേജ് ലക്ഷ്യമിട്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വനിതാസംവരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭേദഗതി ബില്ലിനെ മുഴുവൻ എം.പിമാരും പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചു. ഏതായാലും വനിതാസംവരണ ബിൽ പാസ്സാകാൻ കേന്ദ്ര സർക്കാർ ഏറെ ബുദ്ധിമുട്ടുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.                                  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img