
ഒരു രാജ്യത്തിന്റെ അഥവാ സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വിഘാതമാകുന്ന പ്രധാന ഘടകം എന്താണ്? രാഷ്ട്രീയമായി നാം എന്തെല്ലാം കാരണങ്ങൾ കണ്ടെത്തിയാലും അടിസ്ഥാനപരമായി ഒരു കാരണമേയുള്ളു. അഴിമതി. സമൂഹത്തിന്റെ സമസ്തമേഖലയിലും അഴിമതി പിടിമുറുക്കിയാൽ ആ സമൂഹം ഒരിഞ്ചുപോലും പുരോഗതിയിലേക്ക് നീങ്ങില്ല എന്നതാണ് വാസ്തവം. നയം രൂപീകരിക്കുന്ന സർക്കാർ ആയാലും അതു നടപ്പിലാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം ആയാലും അഴിമതിയിൽ മുങ്ങിക്കുളിച്ചാൽ ആ സമൂഹത്തിന്റെ ഗതി അധോഗതി ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇടിഞ്ഞുതാഴുന്ന റോഡുകളും പൊളിഞ്ഞുവീഴുന്ന പാലങ്ങളും ഒക്കെ നമുക്കിത് ബോധ്യപ്പെടുത്തിത്തരുന്നുമുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക- സാമൂഹിക- സാങ്കേതിക വളർച്ചയ്‌ക്കൊപ്പം അഴിമതിയും വളർന്നു തുടങ്ങി എന്ന് പറയാം. അതുകൊണ്ടാണ് 1964 ൽ അഴിമതി കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേന്ദ്രസർക്കാർ കേന്ദ്രവിജിലൻസ് കമ്മീഷനെ നിയമിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിജിലൻസ് വകുപ്പ് രൂപീകരിക്കുകയും ക്രിയാത്മകമായി പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു. ആദ്യഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയും കൈക്കൂലിയുമൊക്കെയാണ് വിജിലൻസ് അന്വേഷിച്ചുരുന്നെങ്കിൽ പിന്നീട് അത് വിപുലപ്പെടുത്തി പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തുകയുണ്ടായി.
അഴിമതിയും അതോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനുള്ള പ്രത്യേക ഏജൻസിയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ. 1964 ൽ ഇതു സ്ഥാപിക്കുമ്പോൾ ഒരു ഡയറക്ടറുടെ കീഴിൽ ഒരു പ്രത്യേക വകുപ്പായിട്ടാണ് രൂപീകരിച്ചത്. ഇപ്പോൾ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജിലൻസ് ഡയറക്ടറായി നിയമിതനാകുന്നത്. വിജിലൻസിലെ എല്ലാ വിഭാഗത്തിലേക്കുമുള്ള ഉദ്യോഗസ്ഥരെ പോലീസിൽനിന്നും ഡപ്യൂട്ടേഷൻ ആയി നിയമിക്കുകയാണ് ചെയ്യുന്നത്. അതായത് വിജിലൻസിലേക്ക് നേരിട്ടു നിയമനമില്ല. നേരത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി മാത്രമായിരുന്നു വിജിലൻസ് അന്വേഷണ പരിധിയിൽ വന്നിരുന്നതെങ്കിൽ പിന്നീടത് വിപുലീകരിക്കപ്പെട്ടു എന്നു പറഞ്ഞല്ലോ. കേരളത്തിലെ സർക്കാർ വകുപ്പുകളോടൊപ്പം മറ്റ് പൊതുമേഖലാസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിലെ അഴിമതിയും വിജിലൻസ് അന്വേഷണപരിധിയിൽ എത്തി. ചുരുക്കിപ്പറഞ്ഞാൽ ഭരണസിരാകേന്ദ്രത്തിന്റെ ഏറ്റവും തലപ്പത്തുള്ള മന്ത്രിമാർ തുടങ്ങി വില്ലേജ് ഓഫീസിലെ പ്യൂൺവരെയുള്ളവർ അന്വേഷണപരിധിയിൽ വന്നു എന്നുസാരം. വളരെ കാര്യക്ഷമമായി വിജിലൻസിനെ നയിച്ചിരുന്ന ധാരാളം ഉദ്യോഗസ്ഥരും നമുക്കുണ്ടായിരുന്നു. സാധാരണ ജനങ്ങൾക്ക് കോടതിയിൽ പോകാതെ നേരിട്ടു വിജിലൻസിനെ സമീപിക്കാം എന്നതായിരുന്നു ഏറ്റവും ആകർഷകമായ ഘടകം. കോടതിയുടെ പ്രവർത്തനങ്ങളുടെ സങ്കീർണ്ണത ഇതിനില്ലാത്തതുകൊണ്ട് കാലവിളംബം കൂടാതെ നീതി ഉറപ്പാക്കാനും കഴിഞ്ഞിരുന്നു. അന്വേഷണത്തിനെന്നപോലെ വിചാരണയ്ക്കും ശിക്ഷ വിധിക്കാനുമൊക്കെ വിജിലൻസിനുമാത്രമായി കോടതികളും ഉണ്ടായിരുന്നതുകൊണ്ട് ഏറ്റവും ഗൗരവമേറിയ ഒരു വകുപ്പായിട്ടാണ് വിജിലൻസ് വകുപ്പിനെ കണ്ടിരുന്നത്.
ഇങ്ങനെ സമൂഹത്തിലെ അഴിമതിക്കാരും കൈക്കൂലിക്കാരും സ്വജനപക്ഷപാതക്കാരുമെല്ലാം ഭീതിയോടെ വീക്ഷിച്ചിരുന്ന ഈ വകുപ്പിനെ ഒരു സുപ്രഭാതത്തിൽ നിഷ്പ്രഭമാക്കിയാലോ? അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. പല്ലും നഖവും നഷ്ടപ്പെട്ട ഒരു വ്യാഘ്രത്തിന്റെ അവസ്ഥയിലാണ് വിജിലൻസ് വകുപ്പ് ഇപ്പോൾ. രൂപഘടനയൊക്കെ പഴയതുതന്നെ.പക്ഷേ പ്രവർത്തിക്കാനുള്ള കഴിവ് ചോർത്തിക്കളഞ്ഞു എന്നുമാത്രം. ആദ്യകാലഭരണകർത്താക്കൾ ഏറെ സദുദ്ദേശത്തോടെ കൊണ്ടുവന്ന വിജിലൻസ് വകുപ്പിനെ തന്ത്രപരമായി നിഷ്പ്രയോജനമാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. 2018 ൽ ആണ് ഇതുസംബന്ധിച്ച ഭേദഗതി ഉണ്ടായത്. ഭരണവർഗ്ഗവും പ്രതിപക്ഷവും ഉദ്യോസ്ഥ വൃന്ദവും ഒരുപോലെ കൂട്ടുനിന്നാണ് ഇതു സാധിച്ചെടുത്തത് എന്നതും ശ്രദ്ധേയം.
വിജിലൻസ് വകുപ്പിനു സംഭവിച്ചിരിക്കുന്ന ഈ അപചയത്തെക്കുറിച്ച് നേരത്തെതന്നെ മനസ്സിലാക്കുകയും അതിനെതിരെ ക്രിയാത്മകമായി പ്രവർത്തിക്കുകയും ചെയ്തയാളാണ് റിട്ട. പോലീസ് സൂപ്രണ്ട് പി.എം. ജോസഫ് സാജു. കേന്ദ്രസർക്കാർ അതിവിദഗ്ധമായി ഈ ബില്ല് പാർലമെന്റിൽ പാസാക്കിയെടുത്തപ്പോൾ അതിനെതിരെ രംഗത്തുവന്ന ഏക വ്യക്തിയാണ് അഡ്വ. പ്രശാന്ത് ഭൂഷൺ. അദ്ദേഹം ഈ ഭേദഗതിബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിനാവശ്യമായ ചില രേഖകൾ അയച്ചുകൊടുക്കുകയും ഈ നിയമപോരാട്ടത്തിന് ഒപ്പം നിൽക്കുകയും ചെയ്തയാളാണ്. ജോസഫ് സാജു 'ലീഗൽ മൊസൈക്ക്' എന്ന പേരിൽ അദ്ദേഹമെഴുതിയ നിയമപുസ്തകം ഏറെ പ്രയോജനകരവും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമാണ്. വിജിലൻസ് സംവിധാനത്തിന്റെ അനിവാര്യതയെക്കുറിച്ചും ഇന്ന് ആ വകുപ്പിനെ നിർജ്ജീവമാക്കിയതിനെക്കറിച്ചും 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾവർഗ്ഗീസ് ചെങ്ങാടക്കരിയുമായി ജോസഫ് സാജു സംസാരിക്കുന്നു.
? ഇന്ത്യയിൽ ഇനിയും അധികം ചർച്ച ചെയ്യപ്പെടാത്തവിഷയമാണല്ലോ വിജിലൻസ് വകുപ്പിനെ നിർവീര്യമാക്കിയത്. ഈ രാജ്യത്ത് അഴിമതി വളരാൻ സഹായകമാകില്ലേ?
ഏറ്റവും പ്രസക്തമായ ഈ ചോദ്യത്തിന് ഉത്തരം പറയുംമുമ്പ് വിജിലൻസ് വകുപ്പിനെക്കുറിച്ചും അതു രൂപീകരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അറിയണം. നിങ്ങൾക്കറിയാമല്ലോ സ്വാതന്ത്ര്യത്തിനുമുമ്പ് അഞ്ഞൂറ്റി അറുപതിലേറെ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യയിൽ ഏകീകൃതമായ ഒരു നിയമവ്യവസ്ഥ കൊണ്ടുവന്നത് വൈസ്രോയിയായിരുന്ന മെക്കാളെപ്രഭു ആയിരുന്നു. പിന്നീട് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു. സ്വന്തം നിലയിൽ ഇന്ത്യ പ്രവർത്തിച്ചുതുടങ്ങി. വികസനവും വളർച്ചയുമൊക്കെ ഉണ്ടായതോടുകൂടി അഴിമതിയും രൂപപ്പെട്ടുതുടങ്ങി. ക്രമസമാധാനപാലനത്തിനിടയിൽ ഇതു സംബന്ധിച്ച പോലീസ് അന്വേഷണങ്ങൾക്ക് സ്വാഭാവികമായും കാലവിളംബം നേരിട്ടു. ഈ പ്രശ്‌നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അന്നത്തെ പ്രഗത്ഭ പാർലമെന്റേറിയനായിരുന്ന കെ. സന്താനത്തിന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ലാൽബഹദൂർ ശാസ്ത്രിയുടെ താൽപ്പര്യപ്രകാരമാണ് ഈ കമ്മിറ്റി നിയമിക്കപ്പെട്ടത്. 1962 ൽ നിയമിച്ച കമ്മിറ്റി ഒരു വർഷക്കാലത്തെ സമഗ്ര പഠനത്തിനുശേഷം 1963-ൽ ഇതുസംബന്ധിച്ച റിപ്പോർട്ടു സമർപ്പിച്ചു. അഴിമതി കേസുകൾ അന്വേഷിക്കാൻ മാത്രമായി ഒരു സംവിധാനം ഉണ്ടാകണമെന്നും അതിന്റെ രൂപരേഖയുമാണ് ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അതിൻപ്രകാരം രൂപീകരിക്കപ്പെട്ടതാണ് കേന്ദ്രവിജിലൻസ് കമ്മീഷൻ. അതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളിലും വിജിലൻസ് വകുപ്പ് രൂപികരിക്കപ്പെട്ടു. 1964-ൽ രൂപീകരിക്കപ്പെട്ടെങ്കിലും പിന്നീട് പല പരിഷ്‌കരണത്തിലൂടെ അത് കുറ്റമറ്റതാകുകയായിരുന്നു.
? 1988-ലെ ഭേദഗതിയോടെയാണ് കുറ്റമറ്റ രീതിയിൽ വിജിലൻസിന്റെ ഘടന രൂപാന്തരപ്പെട്ടത് എന്നതു ശരിയാണോ?
= അതെ. വിജിലൻസിനു വിപുലമായ അധികാരങ്ങൾ നൽകിയതോടൊപ്പം കൃത്യമായ നിർവചനങ്ങളും ആ ഭേദഗതിയിൽ ഉണ്ടായിരുന്നു. മെക്കാളെ പ്രഭു ആണ് ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങൾ ഏകീകരിച്ചത് എന്നറിയാമല്ലോ. അതിനുശേഷം ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ പീനൽകോഡ് (ഐപിസി) ആയി നമ്മുടെ നിയമപരിപാലനത്തിന്റെ മാനദണ്ഡം. സ്വാഭാവികമായും പോലീസ് തന്നെയാണ് അത്തരം കേസുകളും കൈകാര്യം ചെയ്തിരുന്നത്. പിന്നീട് 1962 ൽ അഴിമതി നിയമത്തിൽ പരിഷ്‌കരണങ്ങൾ വരുത്തി. 1964-ൽ സന്താനം കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് വിജിലൻസ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അത് സമാന്തരമായ ഒരു അന്വേഷണ-ശിക്ഷാ സംവിധാനം തന്നെയായിരുന്നു. വിജിലൻസിന് സ്വന്തമായി അന്വേഷണസംവിധാനവും കോടതിയും എല്ലാം ഉണ്ടല്ലോ.
വിജിലൻസ് നിയമത്തിൽ എല്ലാ അർത്ഥത്തിലും സമൂലമായ മാറ്റം വരുത്തുന്നത് 1988-ൽ ആയിരുന്നു. കറപ്ഷൻ അഥവാ അഴിമതി എന്നതിന്റെ നിർവചനം വിശാലമാക്കുകയും പൊതുപ്രവർത്തകർ ഉൾപ്പെടെ അതിന്റെ ഭാഗമാകുകയും ചെയ്തു. ഭരണരംഗം കൈയാളുന്നവർ മാത്രമല്ലാതെ അഴിമതി സാധ്യതയുള്ള മറ്റുള്ളവരെക്കൂടി ഇതിന്റെ പരിധിയിൽ കൊണ്ടുവന്നു. സൂക്ഷ്മവും കൃത്യവുമായ വകുപ്പുകൾ രേഖപ്പെടുത്തി. ആ വകുപ്പുകൾ എല്ലാം പറയുന്നത് അക്കാദമിക് ആയി ലേഖനത്തിനു ഗുണകരമാണെങ്കിലും സാധാരണ വായനക്കാർക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നതുകൊണ്ട് അത്തരം വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. പക്ഷെ ഇവിടെ എടുത്തുപറയേണ്ട കാര്യം സൂക്ഷ്മമായ നിയമങ്ങളോടൊപ്പം അതിന്റെ ശരിയായ നിർവചനവും കൊടുത്തു എന്നതാണ്. അത് കേസെടുക്കുന്ന ഉദ്യോഗസ്ഥർ ഈ കാര്യങ്ങൾ എളുപ്പമാക്കും എന്നുമാത്രമല്ല കേസിൽ ശിക്ഷിക്കാൻ ഉള്ള സാധ്യത കൂടുതലുമാണ്.
? ഭരണ രംഗത്തില്ലാത്തവരെക്കൂടി അഴിമതി നിരോധനനിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു എന്നുപറയുന്നു. അതെന്തിനാണ്? അധികാരം കൈയിൽ ഉള്ളവർക്കല്ലേ അഴിമതി നടത്താൻ കഴിയൂ.
അങ്ങനെയല്ല. അഴിമതിയുടെ വഴികൾ വളരെ വിശാലവും വിപുലവുമാണ്. അതു നടത്തണമെന്നുള്ളവർക്ക് ഒരുപാടു മാർഗ്ഗങ്ങളുമുണ്ട്. നേരിട്ടു പണം വാങ്ങുന്നതു മാത്രമല്ലല്ലോ അഴിമതി. ഒരുദാഹരണം പറഞ്ഞാൽ ഇലക്ഷനു നിൽക്കുന്ന ഒരു സ്ഥാനാർത്ഥി നിലവിൽ അയാൾക്ക് ഒരു അധികാരവുമില്ല. പക്ഷെ അയാൾക്ക് പല ഉറപ്പുകളും നൽകി ആളുകളെ സ്വാധീനിക്കാൻ കഴിയും. താൻ ജയിച്ചു വന്നാൽ ചെയ്തുകൊടുക്കാവുന്ന സേവനങ്ങൾ പറഞ്ഞു മറ്റുള്ളവരിൽ നിന്നും പണമോ സാധനങ്ങളോ കൈപ്പറ്റാം. ഇതും തീർച്ചയായും അഴിമതി തന്നെയാണ്. ഓരോ കുറ്റകൃത്യത്തെയും കൃത്യമായി നിർവചിക്കുകയും അതിന്റെ ശിക്ഷ സംബന്ധിച്ച് വ്യക്തത വരുത്തുകയും ചെയ്തിരുന്നു എന്നതാണ് പൊതുവായി പറഞ്ഞാൽ 1988-ലെ നിയമപരിഷ്‌കരണത്തിന്റെ സവിശേഷത. മാത്രമല്ല നടപടിക്രമങ്ങൾ വളരെ ലളിതവും ആയിരുന്നു. നിയമങ്ങളിൽ സങ്കീർണ്ണത വർദ്ധിക്കും തോറും അതു നടപ്പിലാക്കാനുള്ള പ്രയാസം കൂടും. ഇവിടെ പ്രത്യേകം ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്. കുറ്റവാളികൾ തീർച്ചയായും ശരിയായ തയ്യാറെടുപ്പുകളോടെയാണു വരിക. കിട്ടാവുന്നതിലെ ഏറ്റവും മികച്ച അഡ്വക്കേറ്റ്‌സ് ആയിരിക്കും അവർക്കായി ഹാജരാകുന്നത്. സ്വാഭാവികമായും അവരുടെ പ്രതിരോധവും ഈ സാങ്കേതിക പ്രശ്‌നങ്ങളിൽ ആയിരിക്കും. കോടതിക്കു പോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥവരാം. ഇവിടെ നമ്മൾ കോടതിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
? വളരെ സജീവവും കാര്യക്ഷമവുമായിരുന്ന വിജിലൻസ് സംവിധാനം തന്നെ താറുമാറായിരിക്കുന്നു എന്നതാണല്ലോ ഇന്നത്തെ അവസ്ഥ. എങ്ങനെയാണിതു സംഭവിച്ചത്. എന്നുമുതലാണ് വിജിലൻസിനു പല്ലും നഖവും നഷ്ടപ്പെട്ടത്.
കൃത്യമായി പറഞ്ഞാൽ 2018 ലെ അമൻമെന്റോടെയാണ് ഇതുസംഭവിച്ചത്.
? പാർലമെന്റിൽ ഒരു നിയമപരിഷ്‌ക്കരണബിൽ വരുമ്പോൾ അതെക്കുറിച്ചു വിശദമായ ചർച്ചകളും മറ്റും ഉണ്ടാകേണ്ടതല്ലേ? ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയത്തെ പോലും ബാധിക്കുന്ന ഒരു നിയമപരിഷ്‌ക്കരണമാകുമ്പോൾ പ്രതിപക്ഷ കക്ഷികൾ ഒക്കെ ജാഗ്രതയോടെ നിരീക്ഷിക്കുകയും ചെയ്യുകയല്ലേ വേണ്ടത്.
= അതെ. ഭരണപക്ഷം ചെയ്യുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും ഒക്കെയാണ് പ്രതിപക്ഷത്തിന്റെ കടമ. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ അതു സംഭവിച്ചിട്ടില്ല. അതിന്റെ കാരണം അവരെല്ലാം ഇതിന്റെ ഗുണഭോക്താക്കളാണ് എന്നതാണ്. ഞാൻ ഔദ്യോഗിക രംഗത്ത് പതിറ്റാണ്ടുകൾ പ്രവർത്തിച്ചയാളാണ്. സർക്കാരിന്റെ ഭാഗമായിരുന്ന ആൾ എന്ന നിലയിൽ പലതും തുറന്നുപറയാൻ എനിക്കും പരിമിതികളുണ്ട്. സർവീസ് നിയമങ്ങൾ ഇപ്പോൾ എന്നെ ബാധിക്കുന്നില്ലെങ്കിലും ഔചിത്യവും ധാർമ്മികതയും പുലർത്തണമല്ലോ. എങ്കിലും ഒരു കാര്യം വ്യക്തമായി പറയാം. പൊതുപ്രവർത്തകരും എക്‌സിക്യൂട്ടീവുമായി ഒരു കൃത്യമായ അന്തർധാര നമ്മുടെ നാട്ടിലുണ്ട്. പല ഭരണകർത്താക്കൾക്കും പൊതുപ്രവർത്തകർക്കും പ്രായോഗിക-കക്ഷി രാഷ്ട്രീയമൊഴികെ മറ്റു കാര്യങ്ങളൊന്നും വലിയ പിടിയില്ല. അതുകൊണ്ടുതന്നെ ഇത്തരം പൊതുപ്രവർത്തകർ അധികാരസ്ഥാനങ്ങളിലെത്തിയാൽ അവരെ നിയന്ത്രിക്കുന്നത് എക്‌സിക്യൂട്ടീവാണ്. അതായത് ബ്യൂറോക്രസി. നമ്മൾ ജനാധിപത്യത്തിനു മൂന്നു തൂണുകൾ ഉണ്ടെന്നു പറഞ്ഞാലും നെടുംതൂൺ ഈ ബ്യൂറോക്രസി തന്നെയാണ്. വെള്ളം ചേർക്കാനും ലളിതവൽക്കരിക്കാനും ഉപദേശിക്കുന്നതും ഇവരൊക്കെ തന്നെ. ഭരണവർഗ്ഗത്തിനും പ്രതിപക്ഷത്തിനുമൊക്കെ അത് ഗുണകരമാണെന്നു വരുമ്പോൾ അത് എതിർക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഇല്ല. അഴിമതി നിരോധന ബില്ലിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്.
? ഇത്രയും പ്രധാന പ്രശ്‌നമായിട്ടും ഗൗരവമായ മാധ്യമ ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടായില്ലല്ലോ.
ഇന്നത്തെ മാധ്യമസംസ്‌കാരം അങ്ങനെയാണല്ലോ? ദൈനംദിന വിഷയങ്ങളിലും കക്ഷിരാഷ്ട്രീയത്തിലും മാത്രമല്ല അവർ അഭിരമിക്കുന്നുള്ളൂ. എന്നാൽ പണ്ടുകാലങ്ങളിലൊക്കെ ഇത്തരം കാര്യങ്ങളിൽ ദേശീയ മാധ്യമങ്ങൾ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്.
? 2018-ലെ പരിഷ്‌കരണത്തിൽ പ്രധാനമായും എന്തുമാറ്റങ്ങൾ ആണു വരുത്തിയത്? വിജിലൻസ് സംവിധാനത്തിൽ ഘടനാപരമായി എന്തുമാറ്റമാണു സംഭവിച്ചത്.
ഇവിടെയാണു കൃത്യമായ ബുദ്ധികേന്ദ്രം ഇതിനു പിന്നിൽ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നത്. കാരണം ഘടനാപരമായോ ദൈനംദിന പ്രവർത്തനങ്ങളിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിജിലൻസ് സംവിധാനം പുറമെ നോക്കിയാൽ കുറ്റമറ്റ രീതിയിൽ ഇന്നും നിലനില്ക്കുന്നുണ്ട്. പക്ഷെ തന്ത്രപരമായ നീക്കത്തിലൂടെ വിജിലൻസിന്റെ സേവനങ്ങൾ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. അതായത് സുതാര്യവും ലളിതവുമായ നടപടിക്രമങ്ങൾ ഇല്ലാതെയാക്കി. അതിലൊക്കെ സാങ്കേതികതയുടെ കാണാച്ചരടുകൾ കൂട്ടിക്കെട്ടി. ചുരുക്കിപ്പറഞ്ഞാൽ മുൻകാലങ്ങളിലെപ്പോലെ ഏതൊരു പൗരനും വിജിലൻസിനെ നേരിട്ടു സമീപിച്ചുകേസുകൊടുക്കുക എന്ന അവസ്ഥ ഇപ്പോൾ ഇല്ല.
? അതിനായി എന്തൊക്കെ പരിഷ്‌കരണങ്ങളാണു പ്രധാനമായും വരുത്തിയത്.
കൃത്യവും സുതാര്യവുമായിരുന്ന വകുപ്പുകൾ ചിലത് എടുത്തുകളയുകയും ചിലത് പല ഉപവകുപ്പുകളായി തിരിച്ച് സങ്കീർണ്ണമാക്കുകയും ചെയ്തു. ഓരോ വകുപ്പും എടുത്തുപറയുന്നത് വായിക്കുന്നവരിലും സങ്കീർണ്ണത ഉണ്ടാക്കും എന്നതുകൊണ്ട് ലളിതമായി ചുരുക്കിപ്പറയാം.
1988-ലെ ഭേദഗതിലെ ഏറ്റവും ശക്തമായ വകുപ്പായിരുന്നു ഗ്രാന്റ് കറപ്ഷൻ സംബന്ധിച്ച് ഉണ്ടായിരുന്നത്. അതായത് പൊതുജന സേവകർ അധികാരദുർവിനിയോഗം ചെയ്യുന്ന വകുപ്പ്-13(1)ഡി ഇല്ലാതാക്കി. മറ്റൊന്ന് ഉദ്യോഗസ്ഥ അഴിമതി നിയന്ത്രിക്കുന്ന സുതാര്യമായ വകുപ്പായിരുന്നു അത്. അതിനെ മൂന്നായിതിരിച്ച് അവ്യക്തത ഉണ്ടാക്കി. കൈക്കൂലി ആവശ്യപ്പെട്ടു എന്നൊരാൾ പരാതി ഉന്നയിച്ചാൽ അയാളെ സംരക്ഷിച്ചിരുന്ന വകുപ്പ് 24 മാറ്റിമറിച്ചു.
അതുപോലെ തന്നെ സ്വകാര്യ അന്യായങ്ങളായിരുന്നു വിജിലൻസിന്റെ അന്വേഷണത്തിനു കൂടുതലും വന്നിരുന്നത്. അത് പൂർണ്ണമായും തകിടം മറിക്കപ്പെട്ടു. ഇപ്പോൾ അങ്ങനെ നേരിട്ടുപരാതി കൊടുത്ത് കേസു നടത്താൻ പറ്റില്ല. ബന്ധപ്പെട്ട വകുപ്പിൽ നിന്നും അനുമതി വാങ്ങിയിരിക്കണം. ഒന്നോർത്തു നോക്കുക. ഒരു പൗരൻ ഒരു അഴിമതിക്കെതിരെ പരാതി നൽകണമെന്നുണ്ടെങ്കിൽ ആദ്യം തിരുവനന്തപുരത്തെ ഭരണ സിരാകേന്ദ്രത്തിൽ പോയി ബന്ധപ്പെട്ട വകുപ്പിൽ നിന്നും അനുമതി വാങ്ങണമെന്നു വന്നാൽ എത്ര പേർ അതിനു തയ്യാറാകും? അധികമാരും തയ്യാറാകില്ല. ഇപ്പോൾ അതാണു സംഭവിച്ചിരിക്കുന്നത്. ഈ അനുമതിക്കുള്ള അപേക്ഷ നാലുമാസം വരെ വച്ചു താമസിപ്പിക്കാനും കഴിയും. അനുമതി നിഷേധിച്ചാലോ കേസ് അവിടെ തീർന്നു. ഈ കടമ്പകൾ ഒക്കെ കടന്ന് ഒരു പരാതി സമർപ്പിക്കാൻ ഒരു സാധാരണ പൗരനു കഴിയുമോ? സമയവും പണവും എത്ര ചെലവഴിക്കണം? പരാതികൾ ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ തന്നെയാണ് ഇങ്ങനെയുള്ള പരിഷ്‌കരണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഫലത്തിൽ ഉദ്യോഗസ്ഥർക്കെതിരെയോ പൊതുപ്രവർത്തകർക്കെതിരെയോ നേരിട്ടു ഒരു പരാതി കൊടുക്കാൻ ആർക്കും കഴിയില്ല. അവരുടെ വകുപ്പിൽ നിന്നുള്ള അനുവാദം വാങ്ങണം എന്നു പറയുമ്പോൾ തന്നെ കേസിന്റെ പരിസമാപ്തി ഊഹിക്കാമല്ലോ നേരത്തെ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച ഉത്തരവുകൾ നൽകാൻ കഴിഞ്ഞിരുന്നു. അതായത് പോലീസ് കൃത്യമായി കേസ് അന്വേഷിച്ചില്ലെങ്കിൽ അന്വേഷിക്കണം എന്നാവശ്യപ്പെടാമായിരുന്നു. എന്നാൽ ഈ ചുരുക്കിയ നിയമം വന്നതോടെ അതും സാധ്യമല്ലാതായി.
? ഉദ്യോഗസ്ഥരെയും പൊതുപ്രവർത്തകരെയും ഒരുപോലെ സംരക്ഷിക്കുന്ന, ജനങ്ങൾക്കു നീതി നിഷേധിക്കുന്ന ഈ നിയമ പരിഷ്‌ക്കരണത്തിനെതിരെ ആരും പ്രതികരിച്ചില്ലേ?
നേരത്തെ പറഞ്ഞല്ലോ. രാഷ്ട്രീയ-ഭരണരംഗത്തുനിന്നോ ഉദ്യോഗസ്ഥരംഗത്തുനിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഉണ്ടാകുകയുമില്ല. ആകെ ഉണ്ടായത് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഡ്വ. പ്രശാന്ത് ഭൂഷനിൽ നിന്നാണ്. അദ്ദേഹം ഈ നിയമപരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. എനിക്കു നൽകാവുന്നത്ര രേഖകൾ അയച്ചുകൊടുത്ത് ഞാനും അദ്ദേഹത്തെ സഹായിച്ചു. പക്ഷെ വിധി വന്നപ്പോൾ സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാരും രണ്ട് അഭിപ്രായക്കാർ. സുപ്രീം കോടതിയിലെ എല്ലാ ബഞ്ചും ഡിവിഷൻ ബഞ്ച് ആണല്ലോ? ഒടുവിൽ അത് അന്തിമ വിധിക്കായി വിശാല ബഞ്ചിനു വിട്ടു. വിശാല ബഞ്ചിന്റെ അവസ്ഥ അറിയാമല്ലോ? ആയിരക്കണക്കിനു കേസുകൾ സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഒരുകേസ് സംബന്ധിച്ച് വിശാല ബഞ്ച് രൂപീകരിക്കണമെങ്കിൽത്തന്നെ വർഷങ്ങൾ എടുത്തേക്കും. അതുകൊണ്ട് ഇപ്പോൾ അതെക്കുറിച്ചൊന്നും പറയാനാവില്ല. പക്ഷെ മറ്റൊന്നു പറയാം. കോടതിയിൽ എത്തും മുമ്പ് ഒരു ജനകീയമുന്നേറ്റം ഉണ്ടായിയിരുന്നെങ്കിൽ വിജിലൻസ് വകുപ്പ് ഇത്രയും നിർജ്ജീവമാകുമായിരുന്നില്ല.
? ഇനി ഈ സംവിധാനത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കാമോ? അങ്ങനെ ഉണ്ടായില്ലെങ്കിൽ വിജിലൻസ് വകുപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടില്ലേ?
അതെ-തീർച്ചയായും. വിജിലൻസ് വകുപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടാൽ അതു സമൂഹത്തിന്റെ സമസ്തമേഖലയെയും ബാധിക്കും എന്നതു വാസ്തവമാണ്. ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ചു പറയുമ്പോൾ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഒരു വിജിലൻസ് കേസിൽപ്പെടുക എന്നതുതന്നെ ഔദ്യോഗികമായി കറുത്തപാടാണ്. അതുകൊണ്ടുതന്നെ അത് ഒഴിവാക്കാൻ പരമാവധി നോക്കും. അതുപോലെ തന്നെ അഴിമതി കേസിൽ മന്ത്രിമാർ വരെ ശിക്ഷിക്കപ്പെട്ടിട്ടുള്ള നാടാണ് നമ്മുടേത്. ഇത്രയും നിർജ്ജീവമായ ഒരു വിജിലൻസ് സംവിധാനത്തിൽ ഭാവിയിൽ അങ്ങനെയുള്ള കർശന നീക്കങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ഭരണരംഗത്തെ അവിശുദ്ധ കൂട്ടുകെട്ട് കൂടുതൽ ദൃഢമാകാൻ വിജിലസിന്റെ അവസ്ഥ കാരണമാകുകയും ചെയ്‌തേക്കാം. ഇതിൽ കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല. ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനു ഒരു പരിധിവരെയെങ്കിലും തടയിടാൻ വിജിലൻസിനു കഴിഞ്ഞിരുന്നു. ഇനി അതു പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ. ഇനി ആകെയുള്ള പ്രതീക്ഷ കോടതിയാണ്. കോടതിയിൽ നിന്നും കൃത്യമായ ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ വിജിലൻസിനു നഷ്ടപ്പെട്ട വീര്യം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ.










