
അധികാരവെല്ലുവിളി നേരിടുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ് ക്ക് മറ്റൊരു തലവേദന
ബിജെപിയെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിക്കുന്നതിൽ ആർ എസ് എസ്സിന് ഗണ്യമായ പങ്കുണ്ട്. ആർ എസ് എസ്സിന്റെ വിവിധ ഘടകങ്ങളിൽ പരിശീലനവും പ്രവർത്തന പരിചയവും നേടിയവരിൽ പലരും ബിജെപിയുടെ നേതൃത്വത്തിലെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദാഹരണം. നൂറുവർഷം വർഷം മുമ്പ് രൂപംകൊണ്ട ആർ എസ് എസ്സ് ദേശീയതലത്തിൽ ആഴത്തിൽ വേരുറപ്പിച്ചിട്ടുള്ള സാമൂഹ്യസംഘടനയാണ്. ഹൈന്ദവ വിശ്വാസത്തിൽ അധിഷ്ഠിതമായ ചിന്താപദ്ധതിയാണ് ആർ എസ് എസ്സിനെ നയിക്കുന്നത്. ദേശഭക്തിയാണ് ആർ എസ് എസ്സിന്റെ മുഖമുദ്ര. വർഗ്ഗീയശക്തിയാണ് ആർ എസ് എസ്സെന്ന വിമർശനം കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ മറ്റുചില കക്ഷികളും കാലാകാലമായി ഉയർത്തുന്നുണ്ടെങ്കിലും ഹിന്ദുത്വം ഒരു മതമല്ല മഹത്തായ സംസ്‌കാരമാണെന്ന കാഴ്ചപ്പാടോടെ ആ സംസ്‌കാരത്തിന്റെയും രാഷ്ട്രത്തിന്റെയും സംരക്ഷണം ലക്ഷ്യമാക്കിയുള്ള ആർ എസ് എസ്സിന്റെ പ്രവർത്തനങ്ങളിൽനിന്ന് അങ്ങനെ വായിച്ചെടുക്കാനാവില്ല.
ഒരു സാധാരണ ആർ എസ് എസ്സുകാരനെ അടുത്തുപരിചയപ്പെടുമ്പോൾ അയാളുടെ ലളിതജീവിതവും വിട്ടുവീഴ്ചയില്ലാത്ത ദേശസ്‌നേഹാഭിമുഖ്യവും നമ്മെ അത്ഭുതപ്പെടുത്തും. നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ചും രാഷ്ട്രീയക്കാരിൽ അഴിമതിയുടെ, കള്ളത്തരത്തിന്റെ, വഞ്ചനാ മനോഭാവത്തിന്റെ സ്വാധീനം വ്യാപകമായി അനുഭവപ്പെടുന്ന കാലമാണിത്. കള്ളനാണയങ്ങൾ ഉണ്ടാകാമെങ്കിലും ആ ജീർണ്ണതയെ ഒരളവുവരെ പ്രതിരോധിക്കാൻ ആർ എസ് എസ്സിന് സാധിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. തെളിച്ചുപറഞ്ഞാൽ കള്ളന്മാർ വളരെ കുറവുള്ള വിപുലമായ ജനകീയ പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയം സേവക് എന്നുപറയാം. സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിനുവേണ്ടി സകലതും ത്യജിക്കുമെന്ന് ശപഥമെടുത്ത് സേവനത്തിന് ഇറങ്ങിയ കമ്യൂണിസ്റ്റുകാർ എവിടെ എത്തിനിൽക്കുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് ആർ എസ് എസ്സിന്റെ തിളക്കം വർധിക്കുന്നത്.
ആർ എസ് എസ്സും കർണാടകയും
ആർ എസ് എസ്സിന് ആഴത്തിൽ വേരോട്ടമുള്ള സംസ്ഥാനമാണ് കർണാടകം. ആർ എസ് എസ്സിന്റെ ചിട്ടയായ പ്രവർത്തനമാണ് 2008 ൽ തെക്കെ ഇന്ത്യയിൽ ആദ്യമായി കർണാടകത്തിൽ താമര വിരിയിക്കാൻ ബിജെപിയെ സഹായിച്ചത്. ബിജെപിയുടെ ആ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത യഡിയൂരപ്പ ആർ എസ് എസ്സുകാരനാണ്. പിന്നീട് മുഖ്യമന്ത്രിമാരായ സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മായ് എന്നിവരും ആർ എസ് എസ്സ് പശ്ചാത്തലമുള്ളവരാണ്. സോഷ്യലിസ്റ്റ് പാരമ്പര്യത്തിൽ നിന്നുവരുന്ന ബസവരാജ് ബൊമ്മായ് അല്പം വൈകിയാണ് സംഘപരിവാറിലേക്ക് ആകർഷിക്കപ്പെട്ടതെന്നുമാത്രം. സംസ്ഥാനത്തും ദേശീയതലത്തിലും ദീർഘകാലം ആർ എസ് എസ്സിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള കർണാടകക്കാരനാണ് ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്. അദ്ദേഹത്തിന് നേരിട്ട് ബന്ധമുള്ള നിരവധി പ്രമുഖർ കർണാടകത്തിലെ ആർ എസ് എസ്സിന്റെയും ബി.ജെ.പിയുടെയും തലപ്പത്തുണ്ട്. ബി എൽ സന്തോഷിന്റെ നേതൃത്വം അംഗീകരിക്കുന്ന അനുയായികളാകട്ടെ കർണാടകത്തിൽ തന്നെ പതിനായിരക്കണക്കിനുണ്ട്. കേരളത്തിലെ ആർ എസ് എസ്സ്- ബി.ജെ.പി പ്രവർത്തകർക്കിടയിലും വിപുലമായ സ്വാധീനമുള്ള നേതാവാണ് സന്തോഷ്.
സിദ്ധരാമയ്യയുടെ നിലപാട്
ആർ എസ് എസ്സിനോടും അതിന്റെ നേതാക്കളോടും ആശയപരമായും പ്രവർത്തന രീതിയിലും ശക്തമായ എതിർപ്പുള്ള നേതാവാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അംബേദ്കർ ചിന്തകളെ ഇറുകെ പുൽകുന്ന സിദ്ധരാമയ്യയ്ക്ക് ദളിതരോടും ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരോടുമാണ് ഏറെ അടുപ്പം. ഭാരതീയ ലോക്ദൾ എന്ന പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി ജനതാ കുടുംബത്തിൽ ദീർഘകാലം പ്രവർത്തിച്ച് പിന്നീട് കോൺഗ്രസ്സിൽ ചേർന്ന ആളാണ് സിദ്ധരാമയ്യ. ആർ എസ് എസ്സ് വർഗീയവാദികളാണെന്നും അവരെ അധികാരത്തിൽനിന്ന് അകറ്റിനിർത്തണമെന്നുമുള്ള കാഴ്ചപ്പാട് ആദ്യം മുതലേ അദ്ദേഹത്തിനുണ്ട്. എന്നാൽ സംസ്ഥാനത്ത് ആർ എസ് എസ്സിനും അതുവഴി ബിജെപിക്കുമുള്ള നിർണ്ണായക സ്വാധീനം അദ്ദേഹം മനസ്സിലാക്കുന്നുമുണ്ട്.
അതേ സമയം ആർ എസ് എസ്സിനോട് കുറെയൊക്കെ അഭിമുഖ്യമുള്ള ആളാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ചെറുപ്പത്തിൽ കുറച്ചുകാലം ശാഖയിൽ പോയിട്ടുള്ള അദ്ദേഹം ഏതാനും ദിവസംമുമ്പ് നിയമസഭയിൽ ആർ എസ് എസ്സിന്റെ പ്രാർത്ഥനാഗീതം ആലപിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. മതപരമായ പല ചടങ്ങുകളിലും ശിവകുമാർ ഭക്തിപാരവശ്യത്തോടെ പങ്കെടുക്കാറുണ്ട്. പതിവായി ക്ഷേത്രങ്ങൾ സന്ദർശിച്ച് ദർശനം നടത്താറുണ്ട്. നിരീശ്വരവാദിയായി അറിയപ്പെട്ടിരുന്ന സിദ്ധരാമയ്യയിൽ ചെറിയ മാറ്റം കണ്ടത് മുഖ്യമന്ത്രിയായതിന് ശേഷമാണ്. എന്നാൽ ദൈവവിശ്വാസിയാണോ അല്ലയോ എന്ന് അദ്ദേഹം ഇതുവരെ തീർത്തുപറഞ്ഞിട്ടില്ല. താനൊരിക്കലും ബിജെപിയിൽ ചേരില്ലെന്ന് ശിവകുമാർ ഇടയ്ക്കിടെ പ്രഖ്യാപിക്കാറുണ്ടെങ്കിലും സിദ്ധരാമയ്യയും അദ്ദേഹവും തമ്മിലുള്ള ശീതസമരത്തിന് പിന്നിൽ ആർ എസ് എസ്സിനെ കുറിച്ചുള്ള നിലപാടും ഉണ്ടെന്ന് കാണാൻ കഴിയും.
നീക്കങ്ങൾക്ക് തിരിച്ചടി
സിദ്ധരാമയ്യയുടെ മനസ്സിൽ കടുത്ത ആർ എസ് എസ്സ് വിരോധമുണ്ടെന്ന് സൂചിപ്പിച്ചല്ലോ. 2013 ൽ ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാനത്ത് ആർ എസ് എസ്സിന്റെ പ്രവർത്തനം നിയമംമൂലം നിയന്ത്രിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. നിയമസഭയിൽ ഒരു ബിൽ അവതരിപ്പിക്കാൻ പോലും പദ്ധതിയിട്ടതാണ്. എന്നാൽ അതിനായുള്ള നീക്കം നടക്കവേ 2014 ൽ ബിജെപി കേന്ദ്രത്തിൽ അധികാരം പിടിക്കുകയും ആർ എസ് എസ്സുകാരനായ നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഐ ടി ബി ടി മന്ത്രി പ്രിയങ്ക് ഖാർഗെയെ (എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകൻ)പോലെ കടുത്ത ആർ എസ് എസ്സ് വിരോധികളായ ചില മന്ത്രിമാർ ഇത്തവണ സിദ്ധരാമയ്യയുടെ മന്ത്രിസഭയിലുണ്ട്. ആർ എസ് എസ്സിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്. ആർ എസ് എസ്സ് അപകടകാരിയാണെന്നും അവരുടെ പ്രവർത്തനം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചത് ബിജെപിയെയും ആർ എസ് എസ്സിനെയും ചൊടിപ്പിച്ചു. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആർ എസ് എസ്സിനെതിരെ സിദ്ധരാമയ്യ ഗവണ്മെന്റിന് ഒന്നും ചെയ്യാനാകില്ലെന്ന് ബിജെപി നേതാക്കൾ തുറന്നടിച്ചു.
മുൻ അനുമതിയില്ലാതെ പൊതുസ്ഥലത്തോ ഗവണ്മെന്റ് സ്ഥാപനങ്ങളിലോ ആർ എസ് എസ് പരിശീലനമോ ബൈട്ടക്കോ നടത്താൻ പാടില്ലെന്ന് ഗവണ്മെന്റ് ഉത്തരവിട്ടു. റെയ്ചൂരിലെ പഞ്ചായത്ത് ഡവലപ്പ്‌മെന്റ് ഓഫീസറെ ആർ എസ് എസ്സ് ബന്ധം ആരോപിച്ച് സസ്‌പെന്റ് ചെയ്തതും പ്രിയങ്ക് ഖാർഗെയുടെ സ്വാധീനമേഖലയായ ചിറ്റപ്പൂരിൽ ആർ എസ് എസ്സ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതും വൻ പ്രതിഷേധത്തിന് വഴിതെളിച്ചു. ആർ എസ് എസ്സ് പ്രവർത്തകർ പരാതി സമർപ്പിച്ചതിനെ തുടർന്ന് അനുമതി നിഷേധിച്ച തീരുമാനം പുനഃപരിശോധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. അതിനിടയിൽ അനുമതിയൊന്നും കൂടാതെ ആർ എസ് എസ്സ് പലേടത്തും ബൈട്ടക്കും റൂട്ട്മാർച്ചും നടത്തുന്നുണ്ട്. പ്രമുഖ ബിജെപി നേതാക്കളും സാംസ്‌കാരിക നായകരും അതിൽ പങ്കെടുക്കുന്നതുമൂലം നടപടി എടുക്കാനാവാതെ കുഴങ്ങുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. ശിവകുമാറിൽനിന്ന് അധികാരവെല്ലുവിളി നേരിടുന്ന സിദ്ധരാമയ്യയ്ക്ക് ആർ എസ് എസ്സിനെതിരായി നടത്തിയ നീക്കം മറ്റൊരു തലവേദനയായി മാറിയിരിക്കയാണ്.











