
2024 ലെ സംസ്ഥാന ചലച്ചിത്ര നിർണയത്തിന് ശേഷവും അവാർഡിൻറെ തിളക്കത്തിൽ പോലും ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്ത ഹിരൺ ദാസ് മുരളിയാണ്. തമിഴനും തെലുങ്കനും തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര ഗാനങ്ങൾ കാലത്തിനനുസരിച്ചു ഭാഷയ്ക്കതീതമായി മാറ്റങ്ങൾക്ക് വിധേയമായി പുതുമയോടെ അവതരിപ്പിക്കുമ്പോൾ നമ്മളിന്നും വരികൾക്കോ അർത്ഥങ്ങൾക്കോ ഈണങ്ങൾക്കോ ജനഹിതത്തിനോ എന്തിനേറെ പറയുന്നു മികച്ചതായി നിർണയിക്കപ്പെട്ടതിന് പോലും മാനിക്കാതെ അയിത്തം കൽപ്പിച്ചുനിൽക്കുകയാണ്. അവാർഡുകൾക്ക് ശുദ്ധസംഗീതമാത്രം മതി എന്ന കാഴ്ചപ്പാടിലാണ് സമൂഹത്തിലെ ഒരു വിഭാഗം ആളുകളും.
ചലച്ചിത്ര ഗാനങ്ങളിൽ ശുദ്ധവും അശുദ്ധവുമുണ്ടോ..?
ജാതിയും മതവുമുണ്ടോ..? അങ്ങനെയൊരു സംശയം ഊട്ടിഉറപ്പിക്കുന്നത് കാരണവുമുണ്ട്. മുൻപ് നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയപ്പോഴും ഒരുപറ്റം ആളുകൾ കൂട്ടം ചേർന്ന് കളിയാക്കുകയും അവരെ ആക്ഷേപിക്കുകയുമുണ്ടായി. സമീപകാലങ്ങളിലുള്ള വേടന്റെ കുറ്റാരോപണങ്ങളാണ് ഇതിനൊക്കെ കാരണമെങ്കിൽ ഇതൊന്നുമില്ലാത്ത നഞ്ചിയമ്മയെങ്ങനെ പരിഹാസങ്ങൾക്ക് പാത്രമായി..?
വേടന്റെ നിലപാടും രാഷ്‌ടീയ താൽപ്പര്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ വേട്ടയാടപ്പെടാൻ കാരണമെങ്കിൽ ഇതൊന്നുമില്ലാതെ നഞ്ചിയമ്മയ്ക്ക് എങ്ങനെയാണ് അത്തരത്തിൽ മോശമായി ബാധിക്കപ്പെട്ടത്…?
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരതമ്യ പോസ്റ്റുകളാണ് വൈക്കം വിജയലക്ഷ്മി പാടിയ എആർഎം ലെ പാട്ടും മഞ്ഞുമ്മൽ ബോയ്‌സിലെ ഹിരൺ ദാസ് മുരളി “എഴുതിയ” അവാർഡിന് അർഹമായ പാട്ടും.
'അങ്ങ് വാന കോണില് മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില് ചോര കൺ മുയൽ
ഇങ്ങ് നീല തുരുത്തില് നീർ പരപ്പിൻ നിഴലിടും
അമ്പിളിക്കലയ്ക്കുള്ളില് ആമ കുഞ്ഞനോ..'
ജനപ്രീതി നേടിയ ഗായികയ്ക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് വൈക്കം വിജയലക്ഷ്മിയ്ക്ക് തന്നെ കിട്ടണമെന്നാണ് ആഗ്രഹം. കാരണം അത്രയ്ക്ക് ശബ്ദമാധുര്യവും ഉണ്ട്, ഹൃദയത്തിൽ തുളഞ്ഞു കേറിയ ശബ്ദവും ഈണവും.. ആ വരികൾ ചെറിയ കുട്ടികൾക്ക് പാടി കൊടുക്കുന്ന കഥയോ താരാട്ട് പാട്ട് പോലെയോ തന്നെയാണ് സിനിമയിലും..
അതുപോലെ..,,
'വിയർപ്പു തുന്നിയിട്ട കുപ്പായം
അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം
കിനാവുകൊണ്ടു കെട്ടും കൊട്ടാരം
അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും..'
രണ്ടും ഗാനങ്ങളും തമ്മിൽ രാവും പകലും പോലെ അന്തരമുണ്ട്. വേടന്റെ അർത്ഥവക്തായ വരികൾ അത്രയ്ക്ക് ശക്തമാണ്. വിമർശനങ്ങൾ സർവ്വസാധാരണവുമാണ്.
''വയലാർ എഴുതുമോ ഇതുപോലെ.. ദേവരാജൻ മാഷ് സംഗീതം
കൊടുക്കുമോ ഇതുപോലെ..'' അങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ ഏറെ കളിയാക്കപ്പെട്ടത്.
ഈ രണ്ട് മഹത് വ്യക്തികളും മൺമറഞ്ഞുപോയിട്ട് കാലങ്ങളായി.. അവർ സമ്മാനിച്ച ഗാനങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്നു.
ഇനി സോഷ്യൽ മീഡിയയിലൂടെ ഏറെ കളിയാക്കപ്പെട്ട മറ്റൊരു വരിയാണ്
'കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ.'
അതിന്റെ അർത്ഥവും വ്യാപ്തിയും അറിഞ്ഞിട്ടു പോലും ഈ അവാർഡ് തിളക്കത്തിലും ഹിരൺ ദാസ് മുരളി ആക്ഷേപങ്ങൾക്ക് ഇരയാകുന്നത് .
''വിയർപ്പ് തുന്നിയിട്ട കുപ്പായം
അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം...''
ജീവിതത്തിലെ നല്ലൊരു പങ്കും കഷ്ടപ്പാടുകൾക്ക് ഇടയിൽ വളർന്ന് വിയർപ്പിന്റെ വിലയറിഞ്ഞവനേ കായ്പ്പാർന്ന അനുഭവങ്ങളിലൂടെ ഇത്രയും ശക്തമായ വരികൾ എഴുതാനാവൂ











