
'ഉലയേണ്ട സാമ്രാജ്യങ്ങളെ ഞങ്ങൾ തകർത്തു'. യുഎസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസേർച്ച് അടച്ചുപൂട്ടിക്കൊണ്ട് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സൺ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. അദാനിയടക്കം ലോകത്തിലെ നൂറിലേറെ കമ്പനികളെ റിസേർച്ച് റിപ്പോർട്ടുകളിലൂടെ മുട്ടുകുത്തിച്ച ഹിൻഡൻബർഗിന്റെ നീക്കങ്ങൾ ആഗോളശ്രദ്ധയാകർഷിച്ചിരുന്നു. ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായതിനാൽ അവസാനിപ്പിക്കുന്നുവെന്നാണ് കോർപ്പറേറ്റ് ലോകത്തെ കിടുകിടെ വിറപ്പിച്ച ആക്ടിവിസ്റ്റായിരുന്ന ആൻഡേഴ്‌സന്റെ വിശദീകരണം.
'കഴിഞ്ഞ വർഷം അവസാനം മുതൽ എന്റെ കുടുംബവുമായും സുഹൃത്തുക്കളുമായും ഞങ്ങളുടെ ടീമുമായും ചർച്ചചെയ്തതുപോലെ ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടാൻ തീരുമാനിച്ചു., ഒരു നിശ്ചിത ഘട്ടം എത്തുമ്പോൾ ഈ വിജയകരമായ കരിയർ ഒരു സ്വാർത്ഥ പ്രവർത്തിയായി മാറുമെന്ന് ഒരിക്കൽ ആരോ എന്നോട് പറഞ്ഞു. തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ സ്വയം തെളിയിക്കണമെന്ന് എനിക്ക് തോന്നി. ഒടുവിൽ ഇപ്പോൾ സമാധാനമുണ്ട്. ഒരുപക്ഷേ ഇത്തരത്തിൽ സമാധാനം അനുഭവിക്കുന്നത് ജീവിതത്തിൽ ആദ്യമായിരിക്കാം. ആൻഡേഴ്‌സൺ കുറിച്ചു.
രണ്ടായിരത്തി പതിനേഴിൽ പ്രവർത്തനം ആരംഭിച്ച ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗിന്റെ പ്രഖ്യാപിത ലക്ഷ്യം കോർപ്പറേറ്റ് തലത്തിലെ സാമ്പത്തിക ക്രമക്കേടുകൾ, വഞ്ചന, പണദുർവിനിയോഗം എന്നിവ അന്വേഷിച്ച് പുറത്തുവിടുക എന്നതായിരുന്നു. കഴിഞ്ഞ എട്ട് വർഷങ്ങളിലെ പ്രവർത്തനത്തിലൂടെ നൂറിലേറെ കമ്പനികളിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന് കേസെടുപ്പിക്കുന്നതിന് കാരണമായി.ആരോപണമുയർന്ന കമ്പനികളുടെ ഓഹരിവിലകൾ എട്ടുനിലയിൽ തകരുകയും ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ലക്ഷക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്തു. ക്രമക്കേടുകൾ നടക്കുന്നതായി സംശയിക്കപ്പെന്ന കമ്പനികളുടെ രേഖകൾ പ്രൊഫഷണലുകളെ ഉപയോഗിച്ച് ചോർത്തിയ ശേഷം പുറത്തുവിട്ട് ഓഹരിവിലകൾ ഇടിച്ച് ലാഭമുണ്ടാക്കുക എന്നതായിരുന്നു ഹിൻഡൻബർഗിന്റെ കച്ചവടതന്ത്രം.
റിസേർച്ച് റിപ്പോർട്ടുകളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയർവിലകൾ കൂപ്പുകുത്തിച്ചതു കൂടാതെ യുഎസ് ആസ്ഥാനമായ സൂപ്പർ മൈക്രോ കമ്പ്യൂട്ടർ, ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാതാക്കളായ നിക്കോള കോർപ്പറേഷൻ, ക്‌ളോവർ ഹെൽത്ത് കോർപ്പറേഷൻ, ടെക്‌നോളജി കമ്പനിയായ ബ്ലോക്ക് ഇൻക്, ചൈനീസ് ബാറ്ററി നിർമ്മാണക്കമ്പനിയായ കാൻഡീസ് ടെക്‌നോളജി, അമേരിക്കൻ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ന്യൂ റൈഡ് ഇൻക് അടക്കം നൂറിലേറെ കമ്പനികളുടെ കള്ളത്തരങ്ങളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന് കുത്തുപാളയെടുപ്പിച്ചിരുന്നു.
അദാനി കമ്പനികളുടെ മൂല്യം പതിനെട്ട് ലക്ഷം കോടിയിൽ നിന്നും കണ്ണ് ചിമ്മുന്ന സമയംകൊണ്ട് എട്ട് ലക്ഷം കോടിയിലേയ്ക്ക് ഇടിഞ്ഞപ്പോഴാണ് ഷോർട്ട് സെല്ലിഗും ഹിൻഡൻബർഗുമൊക്കെ ഇന്ത്യയിലും വാർത്തയായത്. എന്നാൽ ഊതിപ്പെരുപ്പിച്ച കള്ളക്കണക്കുകളുമായി കൊട്ടിഘോഷിക്കപ്പെട്ട പല വമ്പൻ കമ്പനികളും ഹിൻഡൻബർഗിനു മുമ്പിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞതിന് കാലം സാക്ഷി. ഇലക്ട്രിക്ക് വാഹന നിർമ്മാണ രംഗത്ത് യുഎസ് കമ്പനികളായ ടെയ്‌ലയും നിക്കോളയും തമ്മിൽ വൻ മത്സരം നടക്കുന്ന കാലം. 2020 സെപ്റ്റംബർ 8 ന് വാഹനവിപണിയിലെ വമ്പന്മാരായ ജനറൽ മോട്ടേഴ്‌സ് നിക്കോളയുമായി പാർട്ട്ണർഷിപ്പ് പ്രഖ്യാപിച്ചു. ഇതോടെ യുഎസ് സ്റ്റോക്ക് മാർക്കറ്റിൽ നിക്കോളയുടെ ഷെയർവില ഒരുലക്ഷത്തി ഇരുപതിനായിരം രൂപയിലേയ്ക്ക് കുതിച്ചുയർന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ പത്തിന് ഹിൻഡൻബർഗ് റിസേർച്ച് നിക്കോള കമ്പനി ഉടമകളുടെ അക്കൗണ്ടിംഗ് തട്ടിപ്പുകൾ വിശദീകരിച്ച്് ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി. ഇതോടെ നിക്കോളയുടെ ഷെയർവില തകർന്നടിഞ്ഞു. എതിരാളികളായ ടെസ്ലയും ഹിൻഡൻബർഗും ചേർന്നുള്ള ഗൂഡാലോചനയെന്ന കാർഡിറക്കി രക്ഷപെടാൻ ഉടമ ട്രവർ മിൽട്ടൺ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. നിക്ഷേപകരുടെ സമ്മർദ്ദത്തെത്തുടർന്ന് നിക്കോളയിൽ നിന്നും ഒരാഴ്ച്ചക്കകം രാജിവച്ചൊഴിയേണ്ടിവന്ന ഉടമ നിയമക്കുരുക്കിൽപ്പെട്ട് ഇപ്പോഴും കോടതി കയറുകയാണ്. വെറും നൂറ് രൂപ മാത്രമാണ് യുഎസ് മാർക്കറ്റിൽ നിലവിൽ നിക്കോള ഷെയറിന്റെ വില. നിക്കോള സമർപ്പിച്ച കണക്കുകൾ കണ്ണും പൂട്ടി വിശ്വസിച്ച് പാർട്ട്ണർഷിപ്പിന് തുനിഞ്ഞ ജനറൽ മോട്ടേഴ്‌സിനും വിവാദങ്ങളെത്തുടർന്ന് വൻ തിരിച്ചടിയുണ്ടായി. ഹിൻഡൻബർഗിന്റെ പ്രവർത്തനം മൂലം ആഗോളതലത്തിൽ നൂറിലേറെ കമ്പനികൾക്കെതിരെ വിവിധ രാജ്യങ്ങളിലെ റഗുലേറ്റർമാർ നടപടിയെടുത്തിട്ടുണ്ട് എന്നതും മറ്റൊരു കാര്യം.
ഹിൻഡൻബർഗ് റിസർച്ച് പൊടുന്നനെ പൂട്ടിക്കെട്ടാനുണ്ടായ സാഹചര്യം എന്തെന്ന ചർച്ചയും സജീവമാണ്. യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ റിപ്പബ്‌ളിക്കൻ കോൺഗ്രസ് അംഗം അദാനിയുടേയും അദ്ദേഹത്തിന്റെ കമ്പനികളുടേയും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സംരക്ഷിക്കാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഹിൻഡൻബർഗ് പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്.
ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ വിറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ. പാർലമെന്റിന്റെ ഇരുസഭകളും പല തവണ സ്തംഭിക്കുന്നതിനും കോൺഗ്രസും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങളുടെ പരമ്പരകൾ സൃഷ്ടിക്കുന്നതിനും ഹിൻഡൻബർഗ് കാരണമായി. സെബി ചെയർപേഴ്‌സൺ മാധബി പൂരിക്കെതിരെയും ഗുരുതരമായ ആരോപണമുയർന്നു.
വിവാദത്തെത്തുടർന്ന് തകർന്നടിഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികളുടെ, ഷെയർ വിലകൾ ഇനിയും തിരിച്ചുകയറിയിട്ടില്ല. നിക്കോളയുടെ വില ഇടിഞ്ഞതുപോലെ അദാനി വിലകൾ കുത്തനെ ഇടിഞ്ഞപ്പോൾ വിദേശ നിക്ഷേപക സ്ഥാപനമായ ജിക്യുജി പാർട്ടണേഴ്‌സ് ഇരുപത്തി അയ്യായിരം കോടി രൂപ അദാനി കമ്പനികളിൽ നിക്ഷേപിച്ചെങ്കിലും അവസരം മുതലാക്കി മറ്റ് ഫണ്ടുകൾ വിറ്റൊഴിഞ്ഞതാണ് തിരിച്ചുകയറാത്തതിന് കാരണം. ഗൗതം അദാനിക്കെതിരെ യുഎസിൽ കേസെടുത്തെന്ന വാർത്ത പുറത്തു വന്നപ്പോൾ ആസ്‌ട്രേലിയൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ജിക്യുജി പാർട്ട്‌ണേഴ്‌സിന്റെ ഷെയർവില മുപ്പത് ശതമാനം ഇടിഞ്ഞിരുന്നു. ആരോപണമുയർന്നപ്പോൾ നാലായിരം രൂപയായിരുന്ന അദാനി എന്റർപ്രൈസസിന്റെ വില ഇപ്പോഴും 2400 രൂപ മാത്രമാണ്. അദാനി ഗ്രീൻ എനർജി 3500 രൂപയിൽ നിന്നും പൊട്ടി ആയിരം രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി ടോട്ടൽ ഗ്യാസിന്റെ വില രണ്ടായിരം രൂപയുണ്ടായിരുന്നത് എണ്ണൂറ് രൂപയിലാണ് ഇപ്പോൾ കച്ചവടം. അദാനി ഗ്രൂപ്പിലെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പത്ത് കമ്പനികളും ഉയർന്ന നിലയിൽ നിന്നും മുപ്പതു മുതൽ അൻപത് ശതമാനം വരെ ഇടിവിലാണ് നിലവിൽ ട്രേഡ് ചെയ്യപ്പെടുന്നത്.
ഹിൻഡൻബർഗ് റിസേർച്ചിന് പൂട്ടുവീണെങ്കിലും അദാനി ഗ്രൂപ്പിനെതിരെ ഉയർത്തിയ ആരോപണങ്ങൾ നിലനിൽക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഗൗതം അദാനിയും സഹോദരന്മാരും തട്ടിപ്പ് നടത്തി നേടിയ പണം ഷെൽ സ്ഥാപനങ്ങളിലൂടെ അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളിലെത്തിച്ച് ഷെയറുകളുടെ വില കൃത്രിമമായി ഉയർത്തി എന്നതാണ് രേഖകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്ഗ് ഉയർത്തിയ ആരോപണം. വിശ്വസനീയമായ ആരോപണങ്ങൾ ഉയർന്നിട്ടും രാഷ്ട്രീയ കാരണങ്ങളാൽ അന്വേഷണം നടന്നില്ല എന്നതാണ് അദാനിക്ക് രക്ഷയായത്. ആഗോള വ്യവസായ രംഗത്തെ വിറപ്പിച്ച ഹിൻഡൻബർഗ് റിസേർച്ച് ഷട്ടർ താഴ്ത്തിയെങ്കിലും അതുയർത്തിയ കോലാഹലങ്ങൾ അവസാനിക്കുന്നില്ല.











