
ഇത്തവണ പൂജവയ്പ്പ് ഒരു ദിവസം മുന്നേയാണ്. ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് മുൻപായി അഷ്ടമി തിഥി അവസാനിക്കും. അന്ന് വൈകുന്നേരം നവമി തിഥി ആയതിനാലാണ് ഗ്രന്ഥങ്ങൾ 18ന് വൈകിട്ട് തന്നെ പൂജയ്ക്ക് വയ്ക്കേണ്ടത്. ഈ വർഷം ഒക്ടോബർ 11 മുതൽ 21 വരെയാണ് നവരാത്രി ആചരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേരളത്തിൽ പൂജവയ്പ്പ് നടക്കുക. വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും അന്ന് പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിൽ ഉപകരണങ്ങളും പൂജയ്ക്ക് വയ്ക്കും.
ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ദുർഗാഷ്ടമി വരുന്നത്. നവരാത്രി ആഘോഷങ്ങളിലെ അതിപ്രധാനമായ ഒരു ദിവസമാണിത്. ഒൻപത് രാത്രികളിലുമായി ദുർഗാദേവിയുടെ വിവിധ ഭാവങ്ങളെ ഭക്തജനങ്ങൾ ആരാധിക്കുമ്പോൾ എട്ടാം ദിനമായ ദുർഗാഷ്ടമിക്ക് കേരളത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. ദേവിയുടെ എട്ടാമത്തെ രൂപമായ ശ്രീ മഹാഗൗരിയെയാണ് ഈ ദിവസം പ്രധാനമായും ആരാധിക്കുന്നത്. ശുദ്ധിയെയും ശാന്തതയെയും ഐശ്വര്യത്തെയുമാണ് ഈ ദേവീഭാവം പ്രതിനിധീകരിക്കുന്നത്.
വിദ്യാരംഭവും പൂജവയ്പ്പും
നവരാത്രി ആഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ചടങ്ങാണ് പൂജവയ്പ്പ്. അറിവിനോടും വിദ്യയോടുമുള്ള ആദരവിൻ്റെ ഭാഗമായാണ് വിദ്യാർഥികൾ പുസ്തകങ്ങൾ പൂജയ്ക്ക് സമർപ്പിക്കുന്നത്. ദുർഗാഷ്ടമി, മഹാനവമി ദിനങ്ങളിലെ ആയുധപൂജ, വിജയദശമി ദിനത്തിലെ വിദ്യാരംഭം എന്നിവയാണ് നവരാത്രിയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ. 10-ാമത്തെയും അവസാനത്തെയും ദിവസം ദീപാവലിക്ക് മുന്നോടിയായുള്ള വിജയദശമിയായി ആഘോഷിക്കുന്നു. ദുർഗാദേവി മഹിഷാസുരനുമായി യുദ്ധം ചെയ്ത് വിജയം വരിച്ചതിൻ്റെ പാരമ്യത്തെയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ ഈ ദിനം സരസ്വതി പൂജയുടെ ആരംഭമായിട്ടാണ് ആഘോഷിക്കുന്നത്. അജ്ഞാനത്തിൻ്റെ അന്ധകാരത്തെ അകറ്റി അറിവിൻ്റെ വെളിച്ചം പകരുന്ന ദേവതയായ സരസ്വതിയെയാണ് ഈ ദിവസം പൂജിക്കുന്നത്.
ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ പൂജ തുടരുകയും വിജയദശമി ദിനത്തിൽ പൂജയെടുക്കുകയും ചെയ്യും. ഒക്ടോബർ 21 ബുധനാഴ്ചയാണ് വിജയദശമി. ഈ ദിവസമാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാരംഭത്തിനുള്ള ക്രമീകരണങ്ങൾ നടത്താറുണ്ട്. കുട്ടികളെ എഴുത്തിൻ്റെയും പഠനത്തിൻ്റെയും ലോകത്തേക്ക് ഔദ്യോഗികമായി പ്രവേശിപ്പിക്കുന്ന ചടങ്ങായാണ് ഇത് കണക്കാക്കുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബികാ ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് ഓരോ വർഷവും ഈ പുണ്യദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്.










